ഒറ്റുകാരെ വെടിവെച്ചുകൊല്ലണമെന്ന അനുരാഗ് താക്കൂറിന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഒറ്റുകാരെ വെടിവെച്ചുകൊല്ലണമെന്ന കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. പൊതുവേദിയില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരണാധികാരിയോട് ആവശ്യപ്പെട്ടു.

വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ റിതാലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മന്ത്രിയുടെ പരാമര്‍ശം. ഒറ്റുകാരെ വെടിവെച്ച് കൊല്ലണമെന്ന മുദ്രാവാക്യം പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എഎപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുമെന്നും ആവശ്യമായ നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.