മോദിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തിലെ പെരുമാറ്റച്ചട്ടത്തെ സംബന്ധിച്ച് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ ഏതെങ്കിലും തരത്തിലുള്ള പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയിട്ടുണ്ടോയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തി. മോദി നടത്തിയ പ്രസംഗത്തില്‍ ചട്ടലംഘനമുണ്ടായോ എന്ന് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചതായാണ് വിവരം. വിദഗ്ധ പരിശോധനക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഇതേ സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്. സാധാരണഗതിയില്‍ ഡി.ആര്‍.ഡി.ഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി ഏറ്റെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.