കനക്കുന്ന വേനല്‍ പ്രചരണ സമയം ക്രമീകരിച്ച് മുന്നണികള്‍

ഫൈസല്‍ മാടായി
കണ്ണൂര്‍

പ്രചാരണ തുടക്കത്തില്‍ ചുട്ടുപൊള്ളുന്ന ചൂടാണ് സ്ഥാനാര്‍ത്ഥികളേയും മുന്നണിയേയും പ്രതിരോധത്തിലാക്കുന്നത്. എന്നാല്‍ കത്തുന്ന വേനല്‍ചൂടിനേയും തോല്‍പ്പിക്കണം ഗോദയില്‍ പോര് മുറുകുമ്പോള്‍.
തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചാണ് ചൂട് കനക്കുന്നത്. കൊല്ലുന്ന ചൂടാണ് ഇത്തവണ. ഈ അവസ്ഥയില്‍ ചൂടിനെയും പിടിച്ച് കെട്ടണം. ചൂടിനെ അതിജീവിക്കാനുള്ള തന്ത്രങ്ങളും കൂടി ആവിഷ്‌ക്കരിക്കണം തെരഞ്ഞെടുപ്പ് ഗോദയില്‍. ഇപ്പോള്‍ തന്നെ കടുത്ത ചൂടാണെങ്കില്‍ ഏപ്രില്‍ പിറക്കുമ്പോഴേക്കും കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. സ്ഥാനാര്‍ത്ഥികളും പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നവരും വെന്തു പരുവമാകുന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളിലെ ചൂട്.
മെയ് ആദ്യവാരത്തോടെ തുടങ്ങുന്ന വേനല്‍ മഴയാണ് മുന്‍ വര്‍ഷങ്ങളില്‍ ചൂടിന് അല്‍പം ആശ്വാസമേകിയത്. ആ ദിവസമെത്തുമ്പോഴേക്കും കേരളത്തില്‍ വോട്ടെടുപ്പ് കഴിയും. വോട്ടെണ്ണുന്നത് വരെ ഉരുകുന്നതാകും ടെന്‍ഷന്‍. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുറത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നിയന്ത്രണം വെച്ചാല്‍ വീട്ടില്‍ കുത്തിയിരിക്കാനുമാകില്ല. സൂര്യാഘാത ഭീഷണിയും സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ആശങ്കയിലാക്കുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ചില്‍ അനുഭവപ്പെട്ടതിനേക്കാള്‍ കടുത്ത ചൂടാണ് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍. പാലക്കാട്ട് 39 ഡിഗ്രിവരെ ചൂട് അനുഭവപ്പെടുന്നുണ്ട്. ഇത്തവണ 0.5 മുതല്‍ ഒരു ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് കണക്ക് കൂട്ടല്‍. ചൂട് ശക്തി പ്രാപിക്കുന്ന ഏപ്രില്‍ രണ്ടാം വാരം മുതലാകും ഇത്. സൂര്യതാപത്തിന് ഉള്‍പ്പെടെ സാധ്യതയുള്ള സമയമാണിത്. പാലക്കാട്, തൃശൂര്‍, പുനലൂര്‍ മേഖലകളിലാവും ഏറ്റവും ഉയര്‍ന്ന വേനല്‍ച്ചൂട്. ഇന്നലെ പാലക്കാട്ട് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 36.5 ഡിഗ്രി സെല്‍ഷ്യസാണ്. പുനലൂരില്‍ 37 ഡിഗ്രി. കണ്ണൂരില്‍ 36 ഉം കോഴിക്കോട്ട് 31 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ താപനില 35 ഡിഗ്രിക്കു മുകളിലാണ്. തിരുവനന്തപുരം,കോട്ടയം ജില്ലകളിലും ചൂട് ശരാശരി താപനിലയേക്കാള്‍ മൂന്ന് ഡിഗ്രിവരെ ഉയര്‍ന്നിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ചൂടും കൂടി.
ചൂട് കൂടുന്നതിനനുസരിച്ച് പ്രചാരണ സമയം ക്രമീകരിക്കുന്നതിനെ കുറിച്ചും മുന്നണി നേതാക്കള്‍ ആലോചിക്കുന്നുണ്ട്. രാവിലെ നേരത്തേ പ്രചാരണത്തിന് ഇറങ്ങുക. ഉച്ചയ്ക്ക് 12 മണിയോടെ ഇടവേള നല്‍കി മൂന്ന് മണിയോടെ വീണ്ടും തുടങ്ങുക. ഇത്തരത്തിലാണ് ആലോചന.

SHARE