പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മൂന്നു സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം. പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് സ്വന്തമാക്കാനായത്. 117 സീറ്റുകളില്‍ ഫലം അറിഞ്ഞ 86 സീറ്റുകളില്‍ 51 ഇടത്താണ് കോണ്‍ഗ്രസിന് മുന്‍തൂക്കം. ആംആദ്മിക്ക് 22 സീറ്റുകളിലും ബിജെപിക്ക് 13 സീറ്റുകളിലുമാണ് ലീഡ്. ഗോവയില്‍ ഫലം അറിവായ 17 സീറ്റുകളില്‍ എട്ടിടത്ത് കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് ലഭിച്ചു. ബിജെപിക്ക് ആറു സീറ്റിലും മറ്റുള്ളവര്‍ക്ക് മൂന്നു സീറ്റുകളിലുമാണ് ലീഡ്. മണിപ്പൂരിലും മറിച്ചല്ല സ്ഥിതി. മണിപ്പൂര്‍ ജനതയും കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നതിന്റെ തെളിവാണ് ഫലം സൂചിപ്പിക്കുന്നത്. പത്തിടത്ത് കോണ്‍ഗ്രസ് ലീഡ് നേടിയപ്പോള്‍ ആറു സീറ്റുകളില്‍ മാത്രമാണ് ബിജെപി മുന്നിട്ടു നില്‍്ക്കുന്നത്. മറ്റു രണ്ടു സംസ്ഥാനങ്ങളില്‍ ബിജെപിക്കാണ് മേല്‍ക്കൈ. ഉത്തര്‍പ്രദേശില്‍ കേവല ഭൂരിപക്ഷം നേടാനായ ആശ്വാസത്തിലാണ് ബിജെപി. 232 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുമ്പോള്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം 67 സീറ്റുകളിലും ബിഎസ്പി 37 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡിലും പകുതിയോളം സീറ്റുകളില്‍ ബിജെപിയാണ് മുന്നേറുന്നത്.