എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചതിനെ ചോദ്യം ചെയ്ത് മര്‍ദിച്ചതില്‍ മനംനൊന്ത് ഓട്ടോ െ്രെഡവര്‍ നാലൊന്ന് കണ്ടി രാജേഷ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എലത്തൂര്‍ ഏരോത്ത് താഴത്ത് മുരളി(50), സി.ഐ.ടി.യു നേതാവ് വെള്ളയില്‍ ഖദ്ദാസി എന്നിവരെയാണ് എലത്തൂര്‍ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഒറ്റക്കണ്ടത്തില്‍ ശ്രീലേഷ്(42), കളങ്കോളി താഴം ഷൈജു(44)എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ ആയിരുന്നു കേസെടുത്തിരുന്നത്.

കഴിഞ്ഞ പതിനഞ്ചാം തീയതിയായിരുന്നു അനധികൃതമായി ഓട്ടോ ഓടിക്കുന്നുവെന്ന് ആരോപിച്ച് പ്രതികള്‍ രാജേഷിനെ മര്‍ദിച്ചത്. കക്ക വാരല്‍ തൊഴിലാളിയായ രാജേഷ് അത് നഷ്ടമായതോടെയായിരുന്നു എലത്തൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോയുമായി എത്തിയത്. എന്നാല്‍ ഇത് പ്രതികള്‍ ചോദ്യം ചെയ്യുകയും വാക്ക് തര്‍ക്കത്തിനിടെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ മനം നൊന്ത് വണ്ടിയില്‍ സൂക്ഷിച്ച പെട്രോള്‍ ഓഴിച്ച് തീകൊളുത്തിയ രാജേഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.

സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പ്രദേശവാസികള്‍ പൊലീസിനെതിരെ രംഗത്ത് വന്നിരുന്നു. മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പോലീസിന് ലഭിച്ചിട്ടും അത് കോടതിയില്‍ ഹാജരാക്കിയില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇത് കേസ് അട്ടിമറിക്കാനാണെന്നും ആരോപിച്ചിരുന്നു.തുടര്‍ന്നാണ് കേസില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്തത്. റീ പോസ്റ്റ് മോര്‍ട്ടത്തിന്റെ സാധ്യത തേടി മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിന് പകരം വീട്ടുവളപ്പിലായിരിക്കും സംസ്‌കരിക്കുക എന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.

SHARE