ആനക്കൊല സംഭവം: സ്‌ഫോടക വസ്തു നിറച്ച പഴം ആന അബദ്ധവശാല്‍ കഴിച്ചതായിരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം


ന്യൂഡല്‍ഹി: പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തു നിറച്ച തേങ്ങ കഴിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ആന അബദ്ധവശാല്‍ കഴിച്ചതായിരിക്കുമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയത്.

തോട്ടങ്ങളിലും മറ്റും കാട്ടു പന്നികളെ തുരത്തുന്നതിനായി പ്രദേശവാസികള്‍ നിയമവിരുദ്ധമായി സ്ഫോടക വസ്തു നിറച്ച പഴങ്ങള്‍ വെക്കാറുണ്ടെന്നും ഇത് ആന അബദ്ധവശാല്‍ എടുത്ത് കഴിച്ചതായിരിക്കുമെന്നും മന്ത്രാലയം പറയുന്നു.

‘പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതനുസരിച്ച് ആന പഴം അബദ്ധവശാല്‍ കഴിച്ചതായിരിക്കുമെന്നാണ് കരുതുന്നത്. പരിസ്ഥിതി മന്ത്രാലയം കേരള സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്. പ്രതികളെ ഉടന്‍ പിടിക്കണമെന്നാവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ മന്ത്രാലയം പറഞ്ഞു.

ഇതുവരെ ഒരാളാണ് കേസില്‍ അറസ്റ്റിലായതെന്നും മന്ത്രാലയം പറയുന്നു.

തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാറിലായിരുന്നു 20 വയസിനടുത്ത് പ്രായമുള്ള പിടിയാന പടക്കങ്ങള്‍ നിറച്ച തേങ്ങ കഴിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാനാവാതെ മരണത്തിന് കീഴടങ്ങിയത്.

പൊള്ളലേറ്റതിനെ തുടര്‍ന്ന് വെള്ളത്തില്‍ ഇറങ്ങി നിന്നിരുന്ന ആന ഒരാഴ്ചക്ക് ശേഷമാണ് മരിച്ചത്. ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

SHARE