എട്ട് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് ട്രെയിന്‍

തിരുവനന്തപുരം: എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ വിടാന്‍ റെയില്‍വെ സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവിടെ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിന് അഞ്ച് സംസ്ഥാനങ്ങള്‍ അനുമതി നല്‍കി. ബംഗളൂരു-ട്രിവാന്‍ഡ്രം ഐലന്റ് എക്‌സ്പ്രസ് എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നതായും റെയില്‍വെ അറിയിച്ചിട്ടുണ്ട്. അത് നോണ്‍ എസി ട്രെയിനാക്കാന്‍ ശ്രമിക്കുന്നുണ്ട്. മെയ് 18 മുതല്‍ ജൂണ്‍ 14 വരെ അതിഥിതൊഴിലാളികളെ അയക്കാന്‍ 28 ട്രെയിനുകള്‍ പശ്ചിമ ബംഗാളിലേക്കുണ്ടാകും എന്ന അറിയിപ്പും വന്നിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ ഇതുവരെ ലഭ്യമാകാത്തത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. മറ്റ് യാത്രക്കാര്‍ക്കൊപ്പം ഐആര്‍സിറ്റി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുക വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗികമല്ല. എസി ട്രെയിനിന്റെ ഫെയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനും കഴിയില്ല.

ഈ സാഹചര്യത്തില്‍ നോണ്‍ എസി വണ്ടിയില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാനുള്ള മാര്‍ഗം തേടിയിട്ടുണ്ട്. ടിക്കറ്റ് അവര്‍ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഡല്‍ഹിയിലെ ഹെല്‍പ്പ്‌ഡെസ്‌ക്ക് ഇത് ഏകോപിപ്പിക്കും. ഇതിനു പുറമെ ഡല്‍ഹിയില്‍ നിന്നടക്കം പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വെ തയ്യാറാകുന്നുണ്ട്.

SHARE