രാജസ്ഥാനില്‍ മോദിക്ക് കരിങ്കൊടി; എട്ട് പേര്‍ അറസ്റ്റില്‍

ജയപൂര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തു. ഈമാസം എട്ടിന് ജുന്‍ജുനുവില്‍ നടന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. സദസിലുണ്ടായിരുന്ന ചില യുവാക്കളാണ് വേദിയിലുണ്ടായിരുന്ന മോദിക്കും മുഖ്യമന്ത്രി വസുന്ധര രാജെക്കും നേരെ കരിങ്കൊടി കാട്ടിയത്. വസുന്ധര പ്രസംഗിക്കുന്നതിനിടെ ഇവര്‍ കൂക്കിവിളിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്ന യുവാക്കളായിരുന്നു പ്രതിഷേധക്കാര്‍. സ്ഥിര നിയമനം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഇവരെ പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്.