അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം; എട്ടു പേര്‍ മരിച്ചു

അഹമ്മദാബാദ്: നഗരത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ എട്ടു രോഗികള്‍ മരിച്ചു. നവരംഗ്പുരയിലെ ശ്രേയ് ഹോസ്പിറ്റലിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

നാല്‍പ്പത് കോവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ സംഗീത സിങ്, മുകേഷ് പുരി എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് തീപിടിത്തമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരില്‍ അഞ്ചു പേര്‍ പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്ത്രീകളുമാണ്. നിരവധി അഗ്നി ശമനസേനാ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി അഹമ്മദാബാദ് ബി സി്റ്റി പൊലീസ് അസി. കമ്മിഷണര്‍ എല്‍ബി സാല പറഞ്ഞു.