ഇടുക്കിയില്‍ കളക്ടര്‍ പോസിറ്റീവെന്ന് പ്രഖ്യാപിച്ചവര്‍ക്ക് കൊവിഡ് നെഗറ്റീവ്

തൊടുപുഴ: കൊവിഡ് പോസിറ്റീവാണെന്ന് കളക്ടര്‍ പ്രഖ്യാപിച്ച തൊടുപുഴയിലെ ആളുകള്‍ നെഗറ്റീവ്. ഇതേ തുടര്‍ന്ന് ആശുപത്രിയിലാക്കിയ രണ്ട് പേരെ വീട്ടിലേക്ക് വിട്ടു. തൊടുപുഴ നഗരസഭാംഗത്തെയും ജില്ല ആശുപത്രിയിലെ നഴ്‌സിനെയുമാണ് വിട്ടയച്ചത്. ഇവര്‍ക്കൊപ്പം ആശുപത്രിയിലാക്കിയ നാരകക്കാനം സ്വദേശിയെ വിട്ടയക്കുന്നതില്‍ മെഡിക്കല്‍ ബോ!ര്‍ഡ് ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇവരും ബംഗളൂരുവില്‍ നിന്നെത്തിയ നാരകക്കാനം സ്വദേശിയും കൊവിഡ് പോസിറ്റീവാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി ജില്ല കളക്ടര്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തൊടുപുഴ ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഗരസഭാംഗത്തെയും നഴ്‌സിനെയും വീട്ടിലേക്ക് വിട്ടത്. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യപ്രവ!ര്‍ത്തകരും കൗണ്‍സിലര്‍മാരും അടക്കമുള്ളവരെ നീരീക്ഷണത്തില്‍ നിന്ന് മാറ്റി.

തിങ്കളാഴ്ച രാത്രി തന്നെ മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകീട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ മൂവര്‍ക്കും കൊവിഡ് ബാധിച്ചോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് പേരുടെയും സ്രവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി. ഈ പരിശോധനയിലും തുടര്‍ പരിശോധനയിലും മൂവരുടെയും ഫലങ്ങള്‍ നെഗറ്റീവായി. ഇതോടെ തൊടുപുഴ നഗരസഭയെ ഹോട്ട്‌സ്‌പോട് മുക്തമാക്കുകയും രണ്ട് പേരെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്കൊപ്പം ആശുപത്രിയിലാക്കിയ നാരകക്കാനം സ്വദേശിയെയും വൈകാതെ വിട്ടയക്കുമെന്നാണ് സൂചന. നിലവില്‍ 14 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ളത്.

SHARE