മകളുടെ വിവാഹത്തിനുള്ള പണം കണ്ടെത്താനായില്ല; പിതാവ് ജീവനൊടുക്കി

ഉപ്പുതറ: മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാത്തതിന്റെ വിഷമത്തില്‍ പിതാവ് ജീവനൊടുക്കി. ഇടുക്കി എരുമേലി സ്വദേശി മാത്യു സക്കറിയ(58) ആണ് ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച്ച മുതല്‍ കാണാതായ മാത്യുവിന്റെ മൃതദേഹം വീട്ടില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയുള്ള അലടിയില്‍ പെരിയാറ്റിലെ കയത്തില്‍ കണ്ടെത്തുകയായിരുന്നു.

ബാങ്ക് വായ്പ ഉള്‍പ്പടെ വലിയ കടബാധ്യതയിലായിരുന്നു മാത്യു. മൂത്ത മകള്‍ ആന്‍ മരിയയുടെ വിവാഹം ഓഗസ്റ്റ് 27ന് നടത്താന്‍ തീരുമാനിച്ചുവെങ്കിലും പണം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ജീവനൊടുക്കുകയായിരുന്നു.

വെള്ളിയാഴ്ച മുതല്‍ മാത്യുവിനെ കാണാതായിരുന്നു. സാധാരണ എവിടെ പോയാലും വീട്ടില്‍ പറഞ്ഞിട്ടാണ് പോകുന്നത്. എന്നാല്‍ ഇത്തവണ ഫോണ്‍ പോലും വീട്ടില്‍ വെച്ചാണ് പോയത്. രാത്രി വൈകിയും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പ്രദേശത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ പെരിയാറില്‍ അജ്ഞാത മൃതദേഹം കണ്ടെന്ന വിവരം അറിഞ്ഞതോടെ ബന്ധുക്കള്‍ പോയി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ആത്മഹത്യയാണെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു.

SHARE