ഇടുക്കിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എംഎം മണി; എംഎല്‍എ ഇഎസ് ബിജിമോളും നിരീക്ഷണത്തില്‍

തൊടുപുഴ: ഇടുക്കി ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എംഎം മണി. ജില്ലയില്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി വ്യക്തമാക്കിയത്. ജില്ലയിലെ സ്ഥിതി വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കിയത്.

അതേസമയം, തൊടുപുഴ നഗരസഭാ കൗണ്‍സിലറും ജില്ലാ ആശുപത്രിയിലെ നഴ്‌സും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കളക്ടറാണ് യോഗത്തില്‍ വ്യക്തമാക്കിയത്. ഇതിനു പുറമെ പീരുമേട് എംഎല്‍എ ഇഎസ് ബിജിമോളും നിരീക്ഷണത്തിലാണ്.

വണ്ടന്‍മേടില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി എംഎല്‍എ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതാണ് നിരീക്ഷണത്തിലാക്കാന്‍ കാരണമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയ്ക്ക് പുറത്ത് നിന്നെത്തിയവരിലാണ് കൂടുതലും വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 17 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ അതീവ ജാഗ്രത തുടരാന്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. മൂന്ന് ദിവസത്തേക്ക് കൂടുതല്‍ കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് അവലോകന യോഗത്തിന് ശേഷം ജില്ലാകളക്ടര്‍ വ്യക്തമാക്കി.

SHARE