ജാതി രേഖപ്പെടുത്താതെ ഒന്നേകാല്‍ലക്ഷം കുട്ടികള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്നു എന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം കള്ളം

തിരുവന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതി രേഖപ്പെടുത്താത്ത ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ പഠിക്കുന്നുനണ്ടെന്ന വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ നിയനസഭയിലെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് കണക്കുകള്‍.

സര്‍ക്കാര്‍ കണക്കു പ്രകാരം കരിപ്പോള്‍ ഗവണ്‍മെന്റ് മാപ്പിള യു.പി സ്‌കൂളില്‍ മതം രേഖപ്പെടുത്താത്ത 209 കുട്ടികള്‍ പഠിക്കുന്നുണ്ട് എന്നാണ്. ഇവിടെ മതം രേഖപ്പെടുത്താത്ത ഒരു കുട്ടിപോലും പഠിക്കുന്നില്ല എന്നാണ് അധികൃതര്‍ പറയുന്നത്. മൊത്തം 1050 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ എല്ലാ വിദ്യാര്‍ത്ഥികളും വ്യക്തമായി മതം രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് സ്‌കൂളിന്റെ പ്രധാനാധ്യാപകന്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ മതമില്ലാത്ത 209 കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്ന കണക്ക് വിദ്യാഭ്യാസ മന്ത്രിക്ക് എവിടെ നിന്നുകിട്ടിയെന്ന് ആര്‍ക്കും അറിയില്ല.

മതപഠനത്തിന് ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും സര്‍ക്കാര്‍ കണക്കില്‍ നൂറുകണക്കിന് മതം രേഖപ്പെടുത്താത്ത കുട്ടികള്‍ പഠിക്കുന്നുണ്ട് എന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതില്‍ മലപ്പുറത്തെ മഅദീന്‍ സ്‌കൂളില്‍ 1071 കുട്ടികള്‍ക്കും കോഴിക്കോട്ടെ മര്‍ക്കസ് സ്‌കൂളില്‍ 371 കുട്ടികള്‍ക്കും മതമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് മാനേജ്‌മെന്റിന്റെ വാദം. പല സ്‌കൂളുകളിലേയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നിയമസഭയില്‍ മന്ത്രി അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണ്.