മതമുള്ളവരെ ഇല്ലാത്തവരെന്ന് മുദ്രകുത്തുന്നത് ഗൗരവതരം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: രാജ്യത്ത് ഇഷ്ടമുള്ള മതം സ്വീകരിക്കാനും നിരാകരിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ നല്ലതല്ലെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മതരഹിതനായി നില്‍ക്കുന്നതും മതംഉള്‍ക്കൊള്ളുന്നതും ഓരോരുത്തരുടെയും ഇഷ്ടമാണ്. എന്നാല്‍, മതം തെരഞ്ഞെടുത്തവരെ ജാതിയും മതവും ഇല്ലാത്തവരെന്ന് മുദ്രകുത്തുന്നത് ഗൗരവമുള്ള കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ ലേഖരോട് പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ അധ്യയന വര്‍ഷം ജാതി മത കോളം പൂരിപ്പിക്കാതെ സ്‌കൂള്‍ പ്രവേശനം നേടിയതായി നിയമസഭയില്‍ മന്ത്രി പ്രഖ്യാപിച്ച കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. സ്‌കൂളുകളിലെ ഔദ്യോഗിക കണക്കിന് വിരുദ്ധമായി നിയമ സഭയില്‍ നടത്തിയ പ്രസ്താവനക്കെതിരെ അതിന്റേതായ രീതിയില്‍ മുന്നോട്ടു പോകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.