കേരളം ഭാവി തലമുറക്കും അവകാശപ്പെട്ടതാണ്

ഐക്യകേരള പിറവിക്ക് 63 വയസ് ആകുന്നു. നേട്ടങ്ങളും കോട്ടങ്ങളും സമ്മിശ്രമായ ഭൂതകാലം മലയാളിയുടെ അഭിമാനബോധത്തെ വളരെയേറെ വളര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷയുടെ ഭാവിയിലേക്കല്ല കേരളം സഞ്ചരിക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണ് കേരളപിറവി ദിനം ആഘോഷിക്കുമ്പോള്‍ മുന്നിലുള്ളത്. കനല്‍ വഴികളിലൂടെ മലയാളി താണ്ടിയ ദൂരങ്ങളിലേക്കുള്ള പിന്‍നടത്തമാണോ വര്‍ത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നതെന്ന സന്ദേഹം എല്ലാവരിലുമുണ്ട്. നിരവധി മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍-കേരള മോഡലുകള്‍- കൈകളില്‍ നിന്ന് ഊര്‍ന്നുപോകുന്ന വിധമുള്ള മാറ്റങ്ങളാണ് സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
63 വര്‍ഷങ്ങള്‍ക്കിപ്പുറവും ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തയുടെ അടുത്തെങ്ങുമെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, ഭക്ഷ്യോത്പാദനം പ്രതിവര്‍ഷം കുറഞ്ഞുവരുന്നത് ഭാവിയെ സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്ന കാര്യം തന്നെയാണ്. കാര്‍ഷിക ജനതയെന്ന പൈതൃക ബോധം നഷ്ടപ്പെട്ട് ഉപഭോക്തൃ ജനതയായി മലയാളി മാറിയിട്ട് പതിറ്റാണ്ടുകളായി. അരിയും പച്ചക്കറിയും മാത്രമല്ല, കറിവേപ്പില പോലും അയല്‍ സംസ്ഥാനങ്ങളില്‍നിന്നാണ് നമ്മുടെ അടുക്കളകളിലേക്കെത്തുന്നത്. കേരളത്തിന് മാത്രമായി, കൂടിയ അളവില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്ന കൃഷിത്തോട്ടങ്ങള്‍ തമിഴ്‌നാട്ടിലുണ്ടെന്ന വാര്‍ത്ത പോലും മലയാളിയുടെ മനോഭാവത്തില്‍ മാറ്റം വരുത്തുന്നില്ല. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ മേഖലയിലെ മുന്നേറ്റം ഇപ്പോള്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് മുന്നില്‍ അവസാനിച്ച മട്ടാണ്.
കേരള മോഡലെന്ന അവകാശവാദത്തിന്റെ മുനയൊടിക്കുംവിധമുള്ള സാമ്പത്തിക തകര്‍ച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പ്രതിധ്വനി കൂടിയായതോടെ ഏറ്റവും മോശപ്പെട്ട കാലമാണ് ഇപ്പോഴുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികനയം കേരളത്തിന് ശുഭപ്രതീക്ഷ നല്‍കുന്നതുമല്ല. ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കാന്‍ റവന്യൂ വരുമാനംകൊണ്ട് കഴിയുന്നില്ല. കടമെടുത്താണ് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും നടക്കുന്നത്. കടമെടുക്കാന്‍ കഴിയാത്തവിധം കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ് സംസ്ഥാനം. പദ്ധതി പ്രവര്‍ത്തനങ്ങളാകെ ഇപ്പോള്‍ ബജറ്റിന് പുറത്ത് കിഫ്ബി വഴിയാണ്. കിഫ്ബിയുണ്ടാക്കുന്ന കടക്കെണിയുടെ പ്രത്യാഘാതത്തില്‍നിന്ന് ദീര്‍ഘകാലത്തേക്ക് കേരളത്തിന് കരകയറാനാകില്ല. കേരള മോഡലെന്ന് വിശേഷിപ്പിക്കപ്പെട്ട പൊതുമേഖലാ സ്ഥാനപങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടുകയോ, തൊഴില്‍ സമയം കുറക്കുകയോ ചെയ്യുന്നു. വ്യവസായ മേഖല തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്കാണ്. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റനുകൂല സാമ്പത്തിക നയങ്ങള്‍ രൂക്ഷമായ പ്രതിസന്ധിയാണ് വ്യവസായ മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടപ്പെടുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. വ്യവസായ പാര്‍ക്കുകള്‍ ആളും ആരവവും ഒഴിഞ്ഞ ഉത്സവപറമ്പിന്റെ പ്രതീതിയിലാണ്.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും റബര്‍ വിപണിയിലെ മാന്ദ്യവും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന വിധമാണ് മുന്നോട്ടുപോകുന്നത്. ഗള്‍ഫ് ബൂം സൃഷ്ടിച്ച സാമ്പത്തിക കുതിപ്പ് ഇപ്പോള്‍ റിവേഴ്‌സ് ഗിയറിലാണ്. നാളെയെക്കുറിച്ചുള്ള ആശങ്ക എങ്ങും പടര്‍ന്നുകഴിഞ്ഞു. റബര്‍ കര്‍ഷകര്‍ ദുരിതക്കയത്തിലായിട്ട് വര്‍ഷങ്ങളായി. പ്രകൃതി ദുരന്തങ്ങളും പ്രതികൂല കാലാവസ്ഥയും കാര്‍ഷിക, നിര്‍മാണ മേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി സാധാരണക്കാരെ പട്ടിണിയിലേക്ക് നയിക്കുംവിധം രൂക്ഷമാണ്. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ ഇതിനൊപ്പമുണ്ട്. നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ഒരാണ്ട് കഴിഞ്ഞിട്ടും പരിഹാരമുണ്ടാക്കാനായിട്ടില്ല. ഇപ്പോഴത്തെ അതിമഴയും കൊടും വേനലും ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ പുതുമയുള്ളതാണ്. കുന്നുകളിടിച്ചും പാടങ്ങള്‍ നികത്തിയും കേരളം പടുത്തുയര്‍ത്തിയ വികസന സങ്കല്‍പങ്ങള്‍ പ്രകൃതി ദുരന്തങ്ങളായി തകര്‍ന്നുവീഴുമ്പോള്‍ നോക്കിനില്‍ക്കാനേ മലയാളിക്ക് കഴിയുന്നുള്ളൂ.
ഇതിനൊപ്പം നാം കരുതിവെച്ച മികച്ച നേട്ടങ്ങള്‍ പോലും തച്ചുതകര്‍ക്കപ്പെടുകയാണ്. വിദ്യാഭ്യാസ മേഖലയിലെയും ഭരണഘടനാസ്ഥാപനമായ പി.എസ്.സിയിയേലും വിവാദങ്ങള്‍ കേരളത്തിന്റെ അഭിമാന ചിഹ്നങ്ങള്‍ക്കേറ്റ ക്ഷതങ്ങളാണ്. ഐക്യകേരളത്തിന്റെ ശില്‍പികള്‍ സ്വപ്‌നം കണ്ട നവകേരള സങ്കല്‍പങ്ങളില്‍നിന്നും ബഹുദൂരം പിന്നിലാണിപ്പോള്‍. ലക്ഷ്യത്തിലേക്കുള്ള ദൂരം കൂടിക്കൂടി വരുന്നു.
ലോട്ടറിയും മദ്യവുമാണ് മലയാളിയെ ഇന്ന് നയിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ സുലഭമായി ലഭ്യമാകുന്നത് ഇത് രണ്ടും മാത്രം. ബാറുകളും ബിവറേജസ് ഔട്‌ലെറ്റുകളും നാടെങ്ങുമുണ്ട്. ചോദിക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ നല്‍കുന്ന ഏക കാര്യം ബാര്‍ ലൈസന്‍സ് ആയി മാറിക്കഴിഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത് 29 ബാറുകളാണെങ്കില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 565 ബാറുകളാണ്. ഇതിന്പുറമെ 277 ബിവറേജ് ഔട്്‌ലെറ്റുകളുമുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തേക്കാളും, 2018-19 സാമ്പത്തിക വര്‍ഷം 1,571 കോടി രൂപയുടെ അധിക വില്‍പനയാണ് സംസ്ഥാനത്തുണ്ടായത്. 2018-19 സാമ്പത്തിക വര്‍ഷം 14,508.21 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചുതീര്‍ത്തത്. അതായത് 12 ശതമാനം വര്‍ധനവ്.
മദ്യ, ലഹരി ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവന്ന് പൂര്‍ണമായും വര്‍ജ്ജിക്കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന പ്രഖ്യാപിച്ച ഒരു സര്‍ക്കാര്‍ മദ്യം വിറ്റ് ഖജനാവ് നിറക്കാന്‍ ശ്രമിക്കുകയാണ്. ഇത് സാമൂഹ്യ, കുടുംബ ബന്ധങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം സര്‍ക്കാര്‍ നേടുന്ന കൊള്ളലാഭം കൊണ്ട് പരിഹരിക്കാവുന്നതല്ല.
കേരളം നടന്ന വഴികളില്‍ നിന്ന് ഇപ്പോള്‍ മാറി സഞ്ചരിക്കുകയാണ്. മാറ്റം ശുഭപ്രതീക്ഷ നല്‍കുന്നതല്ലെന്ന് വര്‍ത്തമാനകാലം സാക്ഷ്യം പറയുന്നു. വികനസ സങ്കല്‍പങ്ങള്‍ പ്രകൃതിയോട് ചേര്‍ന്നുനിന്നില്ലെങ്കില്‍ ഭാവിതലമുറയുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാകുന്നത്. ചിന്തയിലും പ്രവര്‍ത്തനത്തിലും വികസന കാഴ്ചപാടുകളിലും സമഗ്രമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഭാവി ഇരുളടഞ്ഞതാകുമെന്ന ഉത്തമബോധ്യം സര്‍ക്കാരിന് മാത്രമല്ല, ഓരോ മലയാളിയുടേയും ഹൃദയത്തില്‍ കൊത്തിവെക്കേണ്ടതുണ്ട്. കേരളം വളരേണ്ടത് കേരളത്തനിമയിലൂന്നിയാകണം.

SHARE