വിഷ്ണു തനിച്ചല്ല ഞങ്ങളെല്ലാമുണ്ട്

കണ്ണൂരില്‍ ചൊവ്വാഴ്ചസമാപിച്ച പതിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഡസന്‍കണക്കിന് മിന്നുംതാരങ്ങള്‍ കായിക കേരളത്തിന്റെ വിഹായസ്സിലേക്ക് ഉദിച്ചുയര്‍ന്നെങ്കിലും ആ സ്വര്‍ണമെഡലുകളേക്കാള്‍ തിളങ്ങുന്നത് വിഷ്ണു എന്ന ആദിവാസിബാലന്റെ പുഞ്ചിരി വിടരാത്ത മുഖമാണ്. കേരളത്തിന്റെ കൗമാര കായികരംഗം എത്രകണ്ട് പരിതാപാര്‍ഹമാണെന്ന് വ്യക്തമാക്കുന്നതാണ് മുണ്ടംകൊല്ലി പണിയ ആദിവാസി കോളനിയിലെ ചെറ്റക്കൂരയില്‍നിന്നുള്ള ഈ കായിക താരോദയം. മതിയായ പ്രോല്‍സാഹനവും പരിശീലനവും നല്‍കിയാല്‍ നമ്മുടെകുരുന്നുകള്‍ ഏതറ്റംവരെയും എത്തിപ്പിടിക്കാനുള്ള ആര്‍ജവം സമ്പാദിക്കുമെന്നും വിഷ്ണു നമുക്ക് കാട്ടിത്തന്നിരിക്കുന്നു. സ്വന്തമായൊരു വീട് പോയിട്ട് അച്ഛനും അമ്മയുംപോലും നഷ്ടപ്പെട്ട വിഷ്ണു മൂന്നുസഹോദരങ്ങളുടെയും തന്റെയും ജീവന്‍ നിലനിര്‍ത്തുന്നത് ബന്ധുക്കളുടെ വീടുകളില്‍ മാറിമാറിത്താമസിച്ചാണ്. കായികകേരളത്തെക്കുറിച്ച് അഭിമാനിക്കുകയും ഭാവിയെക്കുറിച്ച് വിലയിരുത്തുകയും ചെയ്യുമ്പോള്‍ ഉത്തരവാദപ്പെട്ടവരെല്ലാം വിഷ്ണുവിന്റെ ഈ ജീവിതകഥ തിരിച്ചറിഞ്ഞേ മതിയാകൂ. വിശപ്പിനിടയിലും വിഷ്ണു ഓലക്കൂരയിലേക്ക് എത്തിയത് രണ്ടുസ്വര്‍ണവും ഒരു വെള്ളിമെഡലുമായാണ്. അലക്‌സ്‌ജോസഫ്, ആന്‍സി സോജന്‍ തുടങ്ങിയ മിന്നുംതാരങ്ങളെ മറന്നുകൊണ്ടല്ല വിഷ്ണുവിന്റെ അനുഭവകഥയും അഭിമാനനേട്ടവും ആദ്യംതന്നെ ഇവിടെ വിവരിച്ചത്. ഓരോകായികമേള കഴിയുമ്പോഴും പൊതുസമൂഹവും ഭരണാധികാരികളും മേളയിലെ താരങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും പ്രശംസിക്കുകയും ചെയ്യുകയും അടുത്തമേളവരെ അവരെ മറന്നുകളയുകയുംചെയ്യുന്ന ദുരവസ്ഥ ഇനിയും ഉണ്ടാകാതിരിക്കട്ടെ എന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്താലാണ്. ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച വിഷ്ണുവിന്റെ റിപ്പോര്‍ട്ട് വഴി അബുദാബി കെ.എം.സി.സി വിഷ്ണുവിന് വീട് നിര്‍മിക്കാന്‍ രംഗത്ത് വന്നത് ചന്ദ്രികക്കും അഭിമാന നിമിഷമാണ്.

ഇത്തവണത്തെ കായികമേളയിലെ മറ്റൊരുശ്രദ്ധേയനേട്ടം പിന്നാക്കജില്ലയായ പാലക്കാടിന്റെ കിരീടധാരണമാണ്. കഴിഞ്ഞരണ്ടുതവണയും രണ്ടാംസ്ഥാനത്തായിരുന്ന പാലക്കാട് ഇത്തവണ കിരീടംസ്വന്തമാക്കിയതിനുപിന്നില്‍ മേല്‍പറഞ്ഞ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും വീരകഥകളുണ്ട്. 18 സ്വര്‍ണവും 26 വെള്ളിയും 16 വെങ്കലവുമാണ് പാലക്കാട്ടെ കുരുന്നുപ്രതിഭകള്‍ വാരിക്കൂട്ടിയതെങ്കില്‍ തൊട്ടടുത്തസ്ഥാനത്ത് നിരവധിതവണ കേരളസ്‌കൂള്‍കായികകിരീടം ചൂടിയ എറണാകുളമാണ്. സ്വര്‍ണത്തിന്റെ എണ്ണത്തില്‍ അവര്‍ക്ക് പാലക്കാടിനേക്കാള്‍ മൂന്നു മെഡലുകള്‍ നേടാനായെങ്കിലും 14 വെള്ളിയും 11 വെങ്കലവുമേ കരസ്ഥമാക്കാനായുള്ളൂ എന്നതിനാലാണ് കിരീടംനഷ്ടമായത്. എങ്കിലും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ കൗമാരപ്രതിഭകളുടെ മിന്നുന്ന പ്രകടനം അവരെ വിദ്യാലയതലകിരീടം നേടാന്‍ പ്രാപ്തമാക്കി. പാലക്കാട് കല്ലടിഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ് സ്‌കൂള്‍കിരീടത്തിലെ രണ്ടാമന്മാര്‍. ഈകുട്ടികളാണ് പാലക്കാട്ടേക്ക് ചാമ്പ്യന്‍പട്ടം കൊണ്ടുവന്നതെന്നതില്‍ കല്ലടിക്കും പാലക്കാടിനും അഭിമാനിക്കാം. 2016നുശേഷം പാലക്കാട് നേടുന്ന ആദ്യകിരീടമാണിത്; മേളയിലെ മൂന്നാമത്തേതും. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ആണ് മൂന്നാമത്. ഇതില്‍നിന്ന് വ്യക്തമാകുന്നത് പൊതുപ്രകടനത്തേക്കാള്‍ ചില നിശ്ചിതവിദ്യാലയങ്ങളിലെ കുട്ടികളുടെ പ്രകടനമാണ് ഏതുജില്ലക്കാണ്് കിരീടമെന്ന് തീരുമാനിക്കുന്നതെന്നതാണ്. ഇത്തരം അപൂര്‍വംസ്‌കൂളുകളിലെ കായികാധ്യാപകരും അവരെ നിയന്ത്രിക്കുന്ന സ്‌കൂള്‍അധികൃതരും ജില്ലയിലെ ബന്ധപ്പെട്ടവരുമെല്ലാമാണ് ഈനേട്ടങ്ങളുടെയെല്ലാം അണിയറയിലുള്ളത്; പലപ്പോഴും പൊതുസമൂഹം മറന്നുപോകുന്നതും. എന്തുകൊണ്ട് സംസ്ഥാനത്തെ എല്ലാസ്‌കൂളുകളെയും ഇത്തരം സ്‌കൂളുകളുടെ നിലവാരത്തിലേക്ക് എത്തിക്കാനാകുന്നില്ല. അല്ലെങ്കില്‍, മാര്‍ബേസിലിനും കല്ലടിക്കും സെന്റ്‌ജോസഫ്‌സിനുമുള്ള എന്തെല്ലാം സംവിധാന-സൗകര്യങ്ങളാണ് ഇതരവിദ്യാലയങ്ങള്‍ക്കും അവിടുത്തെ കായികക്ഷമതയുള്ള കുട്ടികള്‍ക്കും ലഭ്യമാകാതെ പോകുന്നത്? ഇതേക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുകയുംചെയ്താല്‍ കേരളത്തിലെ കുരുന്നുകള്‍ ലോകനിലവാരത്തിലേക്ക് ഉയരുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.

വ്യക്തിഗത ഇനത്തിലാണ് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്‍സി സോജന്‍ ട്രിപ്പിള്‍ റെക്കോഡോടെ സ്വര്‍ണംനേടിയത്. 100, 200, ട്രിപ്പിള്‍ജംപ് ഇനങ്ങളില്‍ ആന്‍സിയുടെ പ്രകടനം മികവുറ്റതായിരുന്നു. ആന്‍സി മേളയിലെ താരമായതിന് കാരണം നൂറുമീറ്ററിലെ റോക്കോഡ് വേഗത കൊണ്ടുകൂടിയാണ്. തൃശൂര്‍ നാട്ടിക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പരിമിതമായ സൗകര്യങ്ങളില്‍നിന്ന് സ്വന്തംകഴിവിലൂടെ മികവ് തെളിയിച്ചിരിക്കുകയാണ് ആന്‍സി. സീനിയര്‍ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗതനേട്ടം എറണാകുളം മണീട് ഗവ. സ്‌കൂളിലെ അലക്‌സ് ജോസഫിനാണ്. ഇവരിരുവരുമാണ് മേളയിലെ മുഖ്യതാരങ്ങളെങ്കിലും മണിപ്പൂര്‍ സ്വദേശിയായ ഇരിഞ്ഞാലക്കുട നാഷണല്‍ എച്ച്.എസ്.എസ്സിലെ വാങ്മയൂം മുക്രത്തിന്റെ മൂന്ന് സ്വര്‍ണമടക്കം വ്യക്തിഗതാരങ്ങള്‍ നേടിയ മറ്റുമെഡലുകളും വിയര്‍പ്പുതുള്ളികള്‍ നീന്തിക്കയറിത്തന്നെയാണ്. കണ്ണൂര്‍ മങ്ങാട്ടുപറമ്പ് സര്‍വകലാശാലാ സിന്തറ്റിക്ട്രാക്കിലെ പൊരിവെയിലും മണ്ണും പൊടിയുമൊന്നും ആര്‍ജവത്തിനും ആവേശത്തിനും കുരുന്നുകളെ ഒട്ടും തളര്‍ത്താനായില്ലെന്നതിന് തെളിവാണ് മേളയിലെ റെക്കോര്‍ഡ് പെരുമഴ. വേണ്ടിവന്നാല്‍ ഇനിയുംകൂടുതല്‍ ട്രാക്കിലും ഫീല്‍ഡിലും കുതിപ്പും ഉയരവും താണ്ടാന്‍ നമ്മുടെ കുരുന്നുകള്‍ക്ക് കഴിയുമെന്ന് തന്നെയാണ് കണ്ണൂര്‍കായികമാമാങ്കം കാട്ടിത്തന്നിരിക്കുന്നത്.

പുതുതലമുറയുടെ കായിക’ഭാവിയെക്കുറിച്ച് സ്വപ്‌നം കാണുമ്പോള്‍തന്നെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും അവര്‍ക്കുവേണ്ട സാങ്കേതികസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ ജനപ്രതിനിധികളും ‘ഭരണാധികാരികളും ശ്രദ്ധിച്ചേ മതിയാകൂ. പാലക്കാട് മെഡി.കോളജുമായി ബന്ധപ്പെട്ട് സിന്തറ്റിക്ട്രാക്ക് നിര്‍മിക്കാന്‍ ഷാഫിപറമ്പില്‍ എം.എല്‍.എ കാണിച്ച താല്‍പര്യം കേരളത്തിനാകെ മാതൃകയാവണം. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിരുന്ന് പഠിച്ച് സിവില്‍സര്‍വീസ്‌നേടിയ ആദിവാസിയുടെ കഥ കൊച്ചുകേരളത്തിന് പറയാനുണ്ടെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ കുട്ടികളിലേക്ക് എത്തിച്ചുകൊടുത്ത് പ്രോല്‍സാഹിപ്പിച്ചാല്‍ മാത്രമേ പ്രതീക്ഷിക്കുന്ന ഫലം കായികരംഗത്തും കൈവരിക്കാനാകൂ. മേളയിലെ താരങ്ങളെ കണ്ടുപിടിച്ച് പ്രത്യേകപരിശീലനം നല്‍കുന്നതിനായി നിരീക്ഷകരെ നിയോഗിച്ചിരുന്നുവെന്ന വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെ വെളിപ്പെടുത്തല്‍ സ്വാഗതാര്‍ഹമാണെങ്കിലും തുടര്‍വഴിയില്‍ നൂലാമാലകളുണ്ടാകാതിരിക്കാന്‍കൂടി അധികൃതരുടെ കണ്ണുംകാതുമുണ്ടാകണം. അതിസാങ്കേതികയുഗത്തില്‍ ചൈനയിലെയും യൂറോപ്പിലെയും പ്രതിഭകളോടാണ് ഇന്ത്യയിലെ കായികപ്രതിഭകള്‍ക്ക് ഏറ്റുമുട്ടേണ്ടതെന്ന ഓര്‍മവേണം. മുണ്ടംകൊല്ലി വിഷ്ണുവിലൂടെ അത് തുടങ്ങട്ടെ.

SHARE