ശബരിമലയും സുപ്രീം കോടതി വിധിയും

ശബരിമലയിലെ യുവതി പ്രവേശന വിധി വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയോട് സംസ്ഥാന സര്‍ക്കാര്‍ സംയമനത്തോടെ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. കഴിഞ്ഞ മണ്ഡല മഹോത്സവ കാലത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കപ്പെടില്ലെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. വനിതാ ആക്ടിവിസ്റ്റുകളെ അധികാരം ഉപയോഗിച്ച് മല ചവിട്ടിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ അമിതാധികാര പ്രയോഗം സൃഷ്ടിച്ച മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ഭരണനേതൃത്വം പോലും ഇപ്പോള്‍ ആ അനിതര സാധാരണ സംഭവങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാകില്ല. വിശ്വാസികള്‍ ഒരുപക്ഷത്തും മറുവശത്ത് സര്‍ക്കാരും അതിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയും അണിനിരന്ന് നടത്തിയ വാഗ്വാദങ്ങള്‍ കേരളീയ പ്രബുദ്ധതയെ ഒരു നിലക്കും മെച്ചപ്പെടുത്തിയിട്ടില്ല. പിന്നീട് ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് തെറ്റായിപ്പോയെന്ന് സി.പി.എം വിലപിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ ഇന്നലെയുണ്ടായ സുപ്രീം കോടതി വിധി അവധാനതയോടെ കാര്യങ്ങളെ സമീപിക്കാന്‍ സര്‍ക്കാരിന് ഗുണപാഠമാകേണ്ടതാണ്. മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ സമരസപ്പെടലിന്റെ സാന്ത്വനശബ്ദമുണ്ട്. സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ പുതിയ വിധിയില്‍ വ്യക്തത വരാനുണ്ടെന്ന പ്രസ്താവന, എടുത്തു ചാടി രംഗം വഷളാക്കാന്‍ ഇനിയില്ലെന്ന നിലപാടായാണ് വായിക്കപ്പെടുന്നത്.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ ശരിവെക്കുന്നതാണ് ഇന്നലെയുണ്ടായ സുപ്രീം കോടതി വിധി. മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശവുമായി ശബരിമല വിധിയെ ബന്ധപ്പെടുത്തി ഉയര്‍ത്തിക്കൊണ്ടുവന്ന സംവാദങ്ങള്‍ ഇന്നലെയുണ്ടായ സുപ്രീംകോടതി വിധിയോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ആരുടെയൊക്കെയോ ഗൂഢപദ്ധതികളാണ് പല ഹരജികളുടെയും പ്രഭവകേന്ദ്രങ്ങളെന്ന് സംശയിക്കേണ്ടി വരുന്നുണ്ട്. ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും നൂറ്റാണ്ടുകളുടെ പാരമ്പര്യത്തെ ഒരു നാള്‍ കൊണ്ട് തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന അഭിനവ നവോത്ഥാന നായകര്‍ ലക്ഷ്യം വെച്ച ഉന്നങ്ങളിലേക്ക് അമ്പുകള്‍ തറച്ചുവോ എന്ന് ബലമായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

ശബരിമല യുവതീ പ്രവേശന വിധി പുനപ്പരിശോധിക്കണമെന്നുള്ള ഹര്‍ജികള്‍ ഏഴ് ജഡ്ജിമാര്‍ ഉള്‍പ്പെട്ട വിശാലബെഞ്ചില്‍ നിന്ന് ഉത്തരങ്ങള്‍ കിട്ടുന്നതു വരെ മാറ്റിവെക്കാനാണ് ഇന്നലെയുണ്ടായ അഞ്ചംഗ ബെഞ്ചിന്റെ വിധി. ആജ്ഞേയവാദിയാണെങ്കിലും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് പറഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തിലുണ്ടായ വിധി മതേതര ഇന്ത്യയെ സംബന്ധിച്ച് അതിപ്രധാനപ്പെട്ടതാണ്. ഏഴ് ചോദ്യങ്ങള്‍ക്കാണ് സുപ്രീംകോടതി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങള്‍ ഏതെല്ലാമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണോ, മതാചാര്യന്മാരാണോ?, മതവിശ്വാസത്തിനുള്ള അവകാശവും തുല്യതയ്ക്കുള്ള അവകാശവും എങ്ങനെ പൊരുത്തപ്പെടണം, ഒഴിവാക്കാനാകാത്തതെന്ന് അവകാശപ്പെടുന്ന മതാചാരങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ടോ, ഒരു മതത്തിന്റെ ആചാരങ്ങള്‍ ചോദ്യം ചെയ്ത് പൊതുതാല്‍പര്യ ഹര്‍ജി നല്‍കാന്‍ മറ്റു മതസ്ഥര്‍ക്ക് എത്രത്തോളം അവകാശം ഉണ്ട് തുടങ്ങി ഏഴ് ചോദ്യങ്ങളാണ് കോടതി പരിഗണിക്കുന്നത്.

പൗരന്മാരുടെ മതവിശ്വാസവും രാഷ്ട്രത്തിന്റെ മതേതര പാരമ്പര്യവും തമ്മില്‍ വിളക്കിച്ചേര്‍ക്കുന്ന അതിപ്രധാനമായ ഈ ചോദ്യങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നുണ്ടാകുന്ന ഉത്തരങ്ങള്‍ ഭാവി ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് മാത്രമല്ല ഈ ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്. സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ശബരിമല വിധി മാത്രമായല്ല പുനപ്പരിശോധിക്കാന്‍ പോകുന്നതും. മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, ദാവൂദ് ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം, പാഴ്‌സി ആരാധനാലയത്തില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് തുടങ്ങിയ വിഷയങ്ങള്‍ കൂടി വിശാല ബെഞ്ച് പരിഗണിക്കണമെന്നാണ് ഇന്നലെയുണ്ടായിട്ടുള്ള വിധി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കല്‍ എന്നീ മൂന്ന് ജഡ്ജിമാര്‍ മതപരമായ വിഷയങ്ങളില്‍ സുപ്രീം കോടതിക്ക് എത്രത്തോളം ഇടപെടാമെന്ന സംശയം പ്രകടിപ്പിച്ചാണ് ഇക്കാര്യം വിശാലബെഞ്ച് ചര്‍ച്ച ചെയ്യണമെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്. അഞ്ചംഗ ബെഞ്ചില്‍ രണ്ട് പേര്‍ ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢും ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാനും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ തവണ ശബരിമല വിധിയെ അനുകൂലിച്ച ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കല്‍ ഇക്കുറി നിലപാട് മാറ്റിയതോടെയാണ് വിശാല ബെഞ്ചിലേക്ക് പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കപ്പെടുന്നത്. 77 പേജുള്ള വിധിയില്‍ ഒമ്പത് പേജ് മാത്രമാണ് ചീഫ് ജസ്റ്റിസടക്കം മൂന്ന് പേരുടേതായുള്ള ഭൂരിപക്ഷ വിധി. ഒമ്പത് പേജുള്ള അനുകൂല വിധിയിലെ ആ ഏഴ് ചോദ്യങ്ങള്‍ മാറ്റിമറിക്കുക എന്തൊക്കെയാണെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.

ശബരിമല കേസിലെ യുവതീപ്രവേശനം അനുവദിക്കുന്നതും മുസ്‌ലിംപള്ളികളിലും പാഴ്‌സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും അടക്കം കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് വിട്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാമോ എന്ന കാര്യത്തില്‍ ഒരൊറ്റ വിധിയാണ് ഇനി വരാന്‍ പോകുന്നത്. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ട് വന്ന സംവാദങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന പ്രതലം ശബരിമല യുവതീ പ്രവേശനത്തെ ആയുധമാക്കി ഒത്തുകളിച്ചവര്‍ ആഗ്രഹിച്ചത് തന്നെയാണ്.

SHARE