ആ ജാതിക്കോമരങ്ങള്‍ മണ്ണടിഞ്ഞില്ലേ

കേരളത്തിന്റെ അറുപത്തിമൂന്നാം ജന്മ വാര്‍ഷികദിനത്തില്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, നാടിനെയാകെ ലജ്ജിപ്പിക്കുന്ന ഒരു സാമൂഹിക വിഷയമാണ് സംസ്ഥാനം ഇന്നലെ ചര്‍ച്ചക്കെടുത്തത്. പാലക്കാട്ടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ കോളജ് ദിനാഘോഷവുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ നടന്മാരിലൊരാളായ ബിനീഷ് ബാസ്റ്റിന്‍ പരസ്യമായി അവമതിക്കപ്പെട്ടതാണ് കേരളത്തിന്റെ പ്രബുദ്ധതയെ നടുക്കിയ പുതിയ സംഭവം. ഇതേ ജില്ലയില്‍തന്നെ കഴിഞ്ഞ ഏതാനും ദിവസമായി പുറത്തുവന്ന മറ്റ് രണ്ടു വാര്‍ത്തകളും സംസ്ഥാനത്തിന്റെ വികൃതമായ സാമൂഹിക മനസ്സിനെയും ഭരണകൂട ഭീകരതയെയുമാണ്് തുറന്നുകാട്ടിയത്. വാളയാറിലെ അതിര്‍ത്തി ഗ്രാമത്തില്‍ രണ്ട് ദലിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്താല്‍ കൊലചെയ്യപ്പെട്ടതും പ്രതികള്‍ക്ക് ഭരണകൂടത്തിന്റെ ഒത്താശയോടെ പുഷ്പംപോലെ പുറത്തിറങ്ങി നടക്കാനിടവന്നതുമാണ് അതിലൊന്ന്്. മറ്റൊന്ന്, അട്ടപ്പാടി മഞ്ചക്കണ്ടി ആദിവാസി ഊരില്‍ നാല്പൗരന്മാരെ പൊലീസ് വെടിവെച്ചുകൊന്നതും. പ്രബുദ്ധതയുടെ പെരുമ്പറ മുഴക്കുന്ന കേരളം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അത്യാധുനികതയിലും എവിടേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് മൂന്നു സംഭവങ്ങളും ലോകത്തോട് വിളിച്ചുപറയുന്നത്. അതും ഇടതുപക്ഷമെന്ന് കൊട്ടിഗ്‌ഘോഷിക്കുന്നവര്‍ സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ.

കേരളീയ സമൂഹം നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള അവസ്ഥയില്‍ തന്നെയാണ് ഇന്നും ചരിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന സംഭവം അരങ്ങേറിയത് കേരളപ്പിറവിയുടെ തലേന്ന് ഒക്ടോബര്‍ 31 നാണ്. എണ്‍പതു ശതമാനം സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്ക് നീക്കിവെച്ചിരിക്കുന്ന, കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജില്‍ അതിന്റെ പ്രിന്‍സിപ്പലും ഇടതുപക്ഷക്കാരായ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന ്മുഖ്യാതിഥിയായി ക്ഷണിച്ച വ്യക്തിയെ തീര്‍ത്തും അധിക്ഷേപിക്കുന്ന സംഭവമാണ് ഉണ്ടായത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി അമ്പതോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുപ്പത്തഞ്ചുകാരനായ യുവാവാണ് ബിനീഷ് ബാസ്റ്റിന്‍. ഇയാളെ മുഖ്യാതിഥിയായി ക്ഷണിച്ചത് എസ്.എഫ്.ഐക്കാരായ യൂണിയന്‍ ഭാരവാഹികളാണ്. താനിതറിഞ്ഞില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ ചടങ്ങില്‍ മാഗസിന്‍ പ്രകാശനത്തിന് ക്ഷണിക്കപ്പെട്ട ചലച്ചിത്രകാരനായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ബിനീഷിനെ ചടങ്ങിലേക്ക് ക്ഷണിച്ചതിനാല്‍ അയാളോടൊപ്പം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നുവത്രെ. ഇക്കാര്യം പ്രിന്‍സിപ്പലും യൂണിയന്‍ഭാരവാഹികളും ചേര്‍ന്ന് സ്ഥലത്തെ ഹോട്ടലിലെത്തിയ ബിനീഷിനോട് പറയുകയും ബിനീഷിനെ വേദിയിലേക്ക് വരുന്നതില്‍നിന്ന് പ്രിന്‍സിപ്പല്‍ ഉള്‍പെടെയുള്ളവര്‍ ശാരീരികമായി തടയുകയും ചെയ്തു. ഇതിന്റെ ചലനദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് പ്രശ്‌നം കേരളീയ സമൂഹം ഏറ്റെടുക്കുകയും സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ ‘ട്രോള്‍മഴ’ പെയ്യാനിടയായതും.

മറ്റാരെങ്കിലും പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ വരില്ലെന്ന് അറിയിച്ചിട്ടും എന്തുകൊണ്ട് സംവിധായകനെ നിര്‍ബന്ധിച്ചുവെന്നതിന് പ്രിന്‍സിപ്പലും കോളജ് മാനേജ്‌മെന്റായ സര്‍ക്കാരിന്റെ ആരോഗ്യ, പട്ടികജാതി വകുപ്പുകളും മറുപടി പറയണം. വേദിയില്‍ വരരുതെന്ന് പറഞ്ഞിട്ടും ബിനീഷ് വാശിയോടെ എത്തുകയും തറയില്‍ ഇരിക്കുകയുംചെയ്തത് അദ്ദേഹത്തിന്റെതന്നെ രംഗത്തുപ്രവര്‍ത്തിക്കുന്ന വ്യക്തിയോട് മാത്രമല്ല, കോളജിനോടും സംഘാടകരോടും സര്‍ക്കാരിനോടും കാട്ടിയ പ്രതിഷേധത്തിന്റെ പ്രകടനമാണ്. അത് ചെന്നുകൊള്ളുന്നതാകട്ടെ കേരളത്തിന്റെ മന:സാക്ഷിക്കുമാണ്. തന്നെ ആവശ്യമല്ലെങ്കില്‍ എന്തിന് ക്ഷണിച്ചുവെന്ന് ചോദിക്കുന്ന ബിനീഷിന്റേത് ന്യായമായ പ്രതിഷേധമാണ്. മൂന്നാംകിട സിനിമാക്കാരനോടൊപ്പം വേദി പങ്കിടാനാവില്ലെന്ന് സംവിധായകനെതിരായ ആരോപണം നിഷേധിക്കുമ്പോള്‍ തന്നെയാണ് മാപ്പു ചോദിക്കാന്‍ സംവിധായകന്‍ തയ്യാറായിരിക്കുന്നതെന്ന് വൈരുധ്യമാണ്. പക്ഷേ നാടിനെ നടുക്കുന്നത്, കോളജ് പ്രിന്‍സിപ്പലിന്റെയും എസ്.എഫ്.ഐയുടെയും സര്‍ക്കാരിന്റെയും നിലപാടാണ്. സംവിധായകന്‍ ഉയര്‍ന്ന ജാതിക്കാരനും നടന്‍ താഴ്ന്ന ജാതിക്കാരനുമായതിനാലാണ് അധിക്ഷേപം വരുന്നത്. അങ്ങനെയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കോളജ്അധികൃതര്‍ക്കാണ്.

ക്ഷണിക്കപ്പെട്ട മുഖ്യാതിഥി വന്നപ്പോള്‍ മാന്യമായി സ്വീകരിക്കുന്നതിനുപകരം പ്രിന്‍സിപ്പല്‍ എന്തിന് തടയാന്‍ചെന്നു? അതും പട്ടികജാതി വകുപ്പിന് കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ കുട്ടികളെല്ലാം നോക്കിയിരിക്കവെ. പൊലീസിനെ വിളിക്കുമെന്ന പ്രിന്‍സിപ്പലിന്റെ ഭീഷണി അദ്ദേഹത്തിന് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നതിന്റെ തെളിവാണ്.
പ്രശ്‌നം വഷളാക്കിയത് കോളജധികൃതരും എസ്.എഫ്.ഐയുമാണെന്ന് അറിഞ്ഞിട്ടും പട്ടിക ജാതി വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറയുന്നത് വിഷയത്തില്‍ ജാതീയത കാണേണ്ടെന്നാണ്. ആരുടെ പക്ഷത്താണ് സര്‍ക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ഇരക്കുവേണ്ടിയല്ല, വേട്ടക്കാരനോടൊപ്പമാണ് താനെന്നാണ് മന്ത്രിയുടെ സ്വരം വ്യക്തമാക്കുന്നത്. മുമ്പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങിലേക്ക് മലയാള സിനിമാപ്രവര്‍ത്തകരുടെ പ്രതിഷേധം വകവെക്കാതെ നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതും ഇതേ മന്ത്രി യാണ്. ആദിവാസിക്കുഞ്ഞുങ്ങള്‍ പട്ടിണികിടന്ന് മരിച്ചതിനെ നിങ്ങളുടെ കാലത്താണ് ‘രണ്ടെണ്ണം പോയതെ’ന്ന് നിയമസഭയില്‍പറഞ്ഞതും മറ്റാരുമല്ല. ഇദ്ദേഹത്തിന്റെ വകുപ്പിനുകീഴില്‍ പട്ടികജാത-പട്ടിക വര്‍ഗക്കാര്‍ക്ക് എന്തുമാത്രം രക്ഷയുണ്ടെന്നതിന് തെളിവാണ് നടേപറഞ്ഞ വാളയാറിലെ പെണ്‍കുട്ടികളുടെ മരണവും സര്‍ക്കാര്‍ അഭിഭാഷകരും പൊലീസും ചേര്‍ന്ന് പ്രതികളെ രക്ഷിച്ചതും.

സി.പി.എം എന്നും വരേണ്യര്‍ക്കും സവര്‍ണ ചിന്താഗതിക്കുമൊപ്പമാണെന്നതിന് നിരവധി സംഭവങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെട്ടുകിടപ്പുണ്ട്. ഇന്നും ആ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ ഒരൊറ്റ പട്ടിക ജാതിക്കാരനെയും ഉള്‍പെടുത്താത്തതും പാര്‍ട്ടിനേതാക്കളുടെ പേരുകളില്‍ ജാതിവാല്‍ തൂക്കിക്കൊണ്ടുനടക്കുന്നതും സവര്‍ണാസനത്തെ മറച്ചുപിടിക്കാനാണ്!
സമൂഹത്തിന്റെ പ്രതിഫലനമാണ് കല. മലയാളചലച്ചിത്രരംഗത്തെ വരേണ്യപ്രവണത കേരളത്തിന്റെ ജീര്‍ണതയെയാണ് പ്രകടമാക്കുന്നത്. തിലകനെയും കലാഭവന്‍മണിയെയും വിനയനെയും സലിംകുമാറിനെയും ഇന്ദ്രന്‍സിനെയും തുടങ്ങി എത്രയെത്ര പ്രതിഭാശാലികളായ കലാകാരന്മാരെയാണ് ഇത്തരത്തില്‍ ഒതുക്കിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ ഭരണകക്ഷി എം.എല്‍.എമാരുള്‍പ്പെടെ പ്രതിക്കുവേണ്ടി പരസ്യമായി സംസാരിക്കുന്നു. അവസര പ്രതികരണവാദികള്‍ ഇതൊക്കെ കാണാതെപോകുന്നു. ഇതിന്റെ അവസാനത്തെ കണ്ണിയാവട്ടെ ബിനീഷ് എന്ന വെറും പത്താം ക്ലാസ് മാത്രമുള്ള കൂലിപ്പണിക്കാരനായ നടന്‍.

SHARE