ജമ്മു-കശ്മീരെന്താ വെള്ളരിക്കാപട്ടണമോ

‘രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയില്‍ ഉന്നതമായ പ്രതീക്ഷയാണ് ഇന്നുമുള്ളത്. രാജ്യത്തെ മറ്റു പ്രദേശങ്ങളിലുള്ളവരെപോലെ തന്നെയുള്ള അവകാശങ്ങള്‍ കശ്മീര്‍ ജനതക്കും ലഭിക്കണം. ആ ദിവസത്തിനായി കാത്തിരിക്കുകയാണ്.’ ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഉമര്‍അബ്ദുല്ലയുടെ സഹോദരിയുടെ വാക്കുകളാണിവ. ഇന്നലെ സുപ്രീംകോടതി പരിസരത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടാണ് സാറ അബ്ദുല്ല പൈലറ്റ് ഈ വാക്കുകള്‍ ഉരുവിട്ടത്. ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ മുസ്്‌ലിംകള്‍ അധിവസിക്കുന്നതും പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്നതുമായ ജമ്മുകശ്മീര്‍ സംസ്ഥാനം ആറു മാസത്തിലധികമായി കേന്ദ്ര ഭരണ പ്രദേശമായിട്ട്.

ഭരണഘടനാശില്‍പികള്‍ അനുവദിച്ചുനല്‍കിയ സംസ്ഥാനത്തിന്റെ പ്രത്യേകാവകാശങ്ങളെല്ലാം ഒറ്റയടിക്ക് എടുത്തുകളഞ്ഞും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വെട്ടിമുറിച്ചും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ കിരാത നടപടി സുപ്രീംകോടതിയില്‍ പരിഗണനക്കിരിക്കവെയാണ് സാറ പ്രിയസഹോദരനുവേണ്ടി കോടതിയെ സമീപിച്ചത്. മാര്‍ച്ച് രണ്ടിന് കേസ് വീണ്ടും കേള്‍ക്കാമെന്ന ഉത്തരവിലൂടെ ജമ്മുകശ്മീര്‍ ഭരണകൂടത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രീംകോടതി.

ഉമര്‍അബ്ദുല്ല മാത്രമല്ല അദ്ദേഹത്തിന്റെ പിതാവും നിലവിലെ ലോക്‌സഭാംഗവും മുന്‍മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ലയും പി.ഡി.പി നേതാവും മറ്റൊരു മുന്‍മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും അടക്കം നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരുമാണ് ഇന്ന് കശ്മീരിലെ വിവിധ തടവറകളില്‍ തങ്ങളുടെ തെറ്റെന്തെന്നറിയാതെ കഴിയുന്നത്. കരുതല്‍ തടങ്കലാണ് ഇവര്‍ക്കെതിരെയുള്ളത്. ജമ്മുകശ്മീരിന്റെ പ്രത്യേകാവകാശ നിയമമായ 370-ാം വകുപ്പ് പിന്‍വലിച്ചുകൊണ്ട് ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞത് എത്രയുംപെട്ടെന്ന് സാധാരണനിലയിലേക്ക് കശ്മീരിനെ കൊണ്ടുവരുമെന്നായിരുന്നു. എന്നാല്‍ ആറുമാസത്തിനുശേഷവും ഈ കേന്ദ്രഭരണപ്രദേശത്ത് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ പോലും തുടര്‍ച്ചയായും വ്യാപകമായും നിരസിക്കപ്പെടുകയാണ്. കടകള്‍ പോയിട്ട് വിദ്യാലയങ്ങള്‍പോലും തുറക്കുന്നില്ല. വിനോദസഞ്ചാരത്തിന്റെ പ്രസന്നനാടായ കശ്മീര്‍ ഇന്ന് ശവപ്പറമ്പിന് സമാനമാണ്.

അമിത്ഷാ പ്രഖ്യാപിച്ചതുപോലെ കശ്മീരിനെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഇതുവരെയും കഴിയാത്തതാണോ അതോ നേതാക്കളെയും ഒരു പ്രദേശത്തെതന്നെയും കരുതല്‍തടങ്കലില്‍ വെക്കാന്‍ ഉദ്ദേശിക്കുകയാണോ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഫറൂഖ് അബ്ദുല്ലക്ക് ലോക്‌സഭയിലെ എം.പി പദവി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നത് പോകട്ടെ, പുറത്തിറങ്ങി നടക്കാനോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനോ പോലും കഴിയാത്ത അവസ്ഥയുണ്ടായിട്ട് മാസങ്ങള്‍ പിന്നിടുന്നു. ഉമര്‍ അബ്ദുല്ലക്കും മെഹബൂബക്കും എതിരെയും കഴിഞ്ഞയാഴ്ചയാണ് കശ്മീരിലെ പൊതുസുരക്ഷാനിയമം (പി.എസ്.എ) ചുമത്തിയത്. നേരത്തെ മറ്റ് ഏതാനും പേര്‍ക്കെതിരെയും ഈ കരിനിയമം പ്രയോഗിച്ചിരുന്നു.

വിചാരണ കൂടാതെ മൂന്നുമാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവില്‍വെക്കാന്‍ ഭരണകൂടത്തിന് കഴിയുന്ന നിയമമാണ് പി.എസ്.എ. തീവ്രവാദികളെ കുരുക്കാന്‍ ഉപയോഗിക്കുന്ന കരിനിയമം ജനാധിപത്യത്തിനും പൗരാവകാശത്തിനും മനുഷ്യാവകാശത്തിനുമെതിരെയെല്ലാമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ കേന്ദ്ര ഭരണപ്രദേശ ഭരണകൂടം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെയും പുറംലോകം കാണാന്‍ കഴിയാത്തവിധത്തിലാണ് രാഷ്ട്രീയ നേതാക്കളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

എണ്‍പതുകഴിഞ്ഞ ഫറൂഖ് അബ്ദുല്ലയുടെ വീടുതന്നെ ജയിലായി മാറ്റിയിരിക്കുന്നതുമൂലം ഒരൊറ്റയാള്‍ക്കും അവിടേക്ക് കടന്നുചെല്ലാന്‍ പറ്റുന്നില്ല. ഉമറിനും മെഹബൂബക്കും രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ ചികില്‍സ നടക്കുന്നുണ്ടോ എന്നും വ്യക്തമല്ല. ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യയെപോലെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്താണെന്ന് വരുമ്പോള്‍ അതേക്കുറിച്ച് ലോകം ആശങ്കപ്പെടുന്നതില്‍ അത്ഭുതത്തിന് അവകാശമില്ലല്ലോ.

2019 ആഗസ്ത് അഞ്ചിനാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ലോക്‌സഭയില്‍ പൊടുന്നനെ ജമ്മുകശ്മീരിന്റെ പ്രത്യേകാവകാശവകുപ്പ് (370) റദ്ദാക്കുന്നതായി അമിത്ഷാ പ്രഖ്യാപിച്ചതും നിയമഭേദഗതി പാസാക്കുന്നതും. രാജ്യത്ത് ഒരേ നിയമം മതിയെന്നതായിരുന്നു ഇതിന് അമിത്ഷാദികള്‍ പറഞ്ഞ ന്യായം. ഒരുരാജ്യം, ഒരുനിയമം എന്ന് ബി.ജെ.പി രാജ്യത്താകെ പാടി നടക്കുമ്പോഴാണ് പ്രത്യേകാധികാരങ്ങള്‍ അനുവദിക്കുന്ന നിയമങ്ങള്‍ മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലിരിക്കുന്നത്. ഇന്ത്യാരാജ്യത്തെ പൗരന്മാര്‍ക്ക് ഈ സംസ്ഥാനങ്ങളിലേക്ക് കടക്കണമെങ്കില്‍കൂടി ‘ഇന്‍ലാന്‍ഡ് പെര്‍മിറ്റ’് വാങ്ങിയിരിക്കണം. പൗരത്വഭേദഗതി നിയമം പാസാക്കിയപ്പോഴും കേന്ദ്ര സര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയുണ്ടായി.

അതേസമയം ജമ്മുകശ്മീരിനോട് മാത്രം എന്തിനാണ് ഇത്തരം വകുപ്പുകളും കരിനിയമങ്ങളും എന്ന ചോദ്യത്തിന് മറുപടി പറയാന്‍ വിയര്‍ക്കുകയാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കശ്മീര്‍ സന്ദര്‍ശിക്കാനായി ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയിട്ടും അവിടെനിന്ന് തിരിച്ചോടിച്ചവരാണ് രണ്ടുതവണ യൂറോപ്യന്‍ ജനപ്രതിനിധി സംഘത്തെ അവിടേക്ക് അയച്ചതെന്നത് ആരോടാണ് മോദി സര്‍ക്കാരിന്റെ ബാധ്യത എന്നതിനെക്കുറിച്ച് സംശയം ജനിക്കുന്നു.

ലോകത്താകമാനം, പ്രത്യേകിച്ചും നോം ചോംസ്‌കിയെപോലുള്ളവര്‍ പോലും കശ്മീരിലെ മുസ്‌ലിംകളോട് കാണിക്കുന്ന മനുഷ്യാവകാശ വിരുദ്ധതക്ക് മോദി സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് പറയുമ്പോള്‍ അതിനോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന നിലപാട് തീര്‍ച്ചയായും ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. മുസ്്‌ലിംകളോട് പ്രത്യേകിച്ചും കശ്മീരി ജനതയോട് കാട്ടുന്ന അനിതീക്ക് അവര്‍ പകരം വീട്ടിയാലോ എന്നതായിരിക്കാം ഈ വേലിക്കെട്ടുകളുടെയും വിലക്കുകളുടെയും പിന്നിലെ ഉന്നം. കറകളഞ്ഞ ഫാസിസമാണ് കശ്മീര്‍ ജനതയോടും ലോക മനുഷ്യാവകാശങ്ങളോടും കേന്ദ്ര ബി.ജെ.പി നേതൃത്വം പ്രകടിപ്പിക്കുന്നത്.

അടച്ചുവെക്കപ്പെടുന്ന ഏതൊന്നിനും ശക്തി വര്‍ധിക്കുകയേ ഉള്ളൂ എന്ന സാമാന്യ ഊര്‍ജതന്ത്ര സിദ്ധാന്തമെങ്കിലും മോദിയും ഷായും ഭഗവത്തുമാരും ഓര്‍ത്താല്‍ കോടിക്കണക്കിന് വരുന്ന ജനതക്കും അവര്‍ക്കും നല്ലത്. ‘തെരഞ്ഞെടുപ്പുകള്‍ പ്രത്യയശാസ്ത്രത്തിന്റെ ഉരകല്ലല്ല’ എന്ന ഡല്‍ഹി വോട്ടെടുപ്പിന് ശേഷമുള്ള അമിത്ഷായുടെ പ്രസ്താവനയില്‍ അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും ഹിറ്റ്‌ലറിയന്‍ നാസിസ്റ്റ് പ്രത്യയശാസ്ത്രം തന്നെയല്ലേ തികട്ടിവരുന്നത് ?

SHARE