രാഹുല്‍ഗാന്ധിയുമായി ഏറെസാമ്യമുള്ളയാളാണ് രാജസ്ഥാന്‍കാരനായ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍പൈലറ്റ്. യുവാവ്, സുമുഖന്‍, മുന്‍കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും വ്യോമസേനാപൈലറ്റുമൊക്കെയായിരുന്ന പിതാവിന്റെ പുത്രന്. പേരിലെപോലെതന്നെ രാഷ്ട്രീയത്തിലും ‘പൈലറ്റാ’കണമെന്ന മോഹവുമായാണ് സച്ചിനും പിതാവിന്റെ വഴി തിരഞ്ഞെടുത്തത്. എന്തുചെയ്യാന്‍, നാല്പത്തിരണ്ടാംവയസ്സില് രാഷ്ട്രീയത്തിലെ കുതിരക്കച്ചവടങ്ങള്‍ക്ക് വിധേയനായി പേരുകെട്ടിരിക്കുകയാണ് ടിയാന്. റഡാര്‍ നിയന്ത്രണം നഷ്ടപ്പെട്ട രാഷ്ട്രീയവിമാനത്തെ എവിടെയിറക്കണമെന്നറിയാതെ കുഴയുകയാണ് ഈ പൈലറ്റ്. ഉള്ളംകയ്യിലിരുന്ന ഉപമുഖ്യമന്ത്രിക്കസേരയും പി.സി.സി അധ്യക്ഷ പദവിയും തെറിച്ചു. ബി.ജെ.പി എന്ന അമ്മാത്തൊട്ടെത്തിയതുമില്ല.
കോണ്‍ഗ്രസിന്റെ മാത്രമല്ല, രാജ്യത്തെതന്നെ ഏറ്റവുംപ്രായംകുറഞ്ഞ എം.പിയായാണ് 2004ല്‍ സച്ചിന് ലോക്സഭയിലേക്കെത്തുന്നത്. മാധ്യമപ്രവര്ത്തകനൊക്കെയായി കഴിയവെ പിതാവ് രാജേഷ് പൈലറ്റിന്റെ 2000ലെ അകാലവിയോഗമായിരുന്നു സച്ചിനെ സജീവരാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് അധികാരലബ്ധിക്ക് തന്റേതായപങ്ക് നിര്‍വഹിച്ചെങ്കിലും അര്‍ഹതപ്പെട്ട മുഖ്യമന്ത്രിക്കസേര ലഭിച്ചില്ലെന്നാണ് സച്ചിന്റെ പരിഭവം. മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ മൈന്‍ഡ് ചെയ്യുന്നില്ലെന്നുപറയുന്ന സച്ചിന് കൂടെയുള്ള 18 എം.എല്‍.എമാരുമായി വിലപേശുകയാണിപ്പോള്.
ബി.ജെ.പിയാകട്ടെ സച്ചിനെപോലൊരാളെ കിട്ടിയാല്‍ സ്വന്തമായി സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് മാത്രമല്ല, രാജ്യത്തെ ഒരു കോണ്‍ഗ്രസ് ഭരണകൂടത്തെ മറിച്ചിടാന്കഴിയുമെന്ന ആശയിലുമാണ്. 200അംഗ രാജസ്ഥാന് നിയമസഭയില്‍ 101പേരുടെ പിന്തുണയാണ് ഭരിക്കാന്‍ വേണ്ടതെങ്കിലും 2018ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 124 പേരുടെ പിന്തുണയുണ്ട്. അതില്‍ നിന്നാണ് 18പേരെയും കൊണ്ട് സച്ചിന് പോകുന്നത്. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയുമായി രഹസ്യമായി കുതിരക്കച്ചവടത്തിന് ശ്രമിച്ചുവെന്ന കുറ്റമാണ് സച്ചിനും കൂട്ടര്‍ക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയത്. 17പേരെ ഹരിയാനയിലെ രഹസ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. സച്ചിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടേ ഉള്ളൂവെന്ന് പറഞ്ഞൊഴിയുകയാണ് ബി.ജെ.പി ഇപ്പോള്‍. സച്ചിന് പാര്‍ട്ടിയിലേക്ക് വരുന്നതിനെ മുന്‍മുഖ്യമന്ത്രികൂടിയായ ബി.ജെ.പി നേതാവ് വസുന്ധരെ രാജെ സിന്ധ്യ പിന്തുണക്കുന്നില്ലെന്നതാണ് ബി.ജെ.പിയുടെ വഴിയിലെ പ്രധാനതടസ്സം.
2004ല്‍ ഡൗസയില് നിന്നാണ് ആദ്യമായി സച്ചിന് ലോക്സഭ കാണുന്നത്. പാര്‍ലമെന്റിലെ ബേബിയായി 26-ാംവയസ്സില്‍. 2009ല്‍ അജ്മീറില്‍നിന്നും വിജയിച്ചതോടെ 2012ല്‍ ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ കമ്പനികാര്യ മന്ത്രിയാക്കി. 2014ല്‍ അജ്മീറില്‍ ബി.ജെ.പിയുടെ സന്വാര്ലാലുമായി മല്‍സരിച്ചെങ്കിലും തോറ്റത് 1.71 ലക്ഷത്തിലധികം വോട്ടിന്. 2018ല്‍ ടോങ്ക് നിയമസഭാസീറ്റില്നിന്നാണ് നിയമസഭാംഗമാകുന്നത്. 2014 മുതല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന സച്ചിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും മുതിര്‍ന്ന നേതാന് അശോക് ഗെഹ്ലോട്ടിനാണ് മുഖ്യമന്ത്രിക്കസേരക്ക് പാര്‍ട്ടി പിന്തുണച്ചത്.
ഇപ്പോഴും മൃഗീയപിന്തുണ ഗെഹ്ലോട്ടിനുതന്നെ. ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അപഖ്യാതി പരത്തുന്നത് തന്റെ ശത്രുക്കളാണെന്ന് പറയുന്ന സച്ചിന് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി ആന്ധ്ര ജഗ്മോഹന്റെഡ്ഡി മോഡലില്‍ സ്വന്തമായി ഭരണംപിടിക്കാമെന്ന മോഹവുമുണ്ട്. എന്നാല്‍ ചെറുപ്രായത്തില്‍ മുഖ്യമന്ത്രിക്കസേരയൊഴികെ എല്ലാംനല്കിയിട്ടും സച്ചിന് പാലുകൊടുത്തകൈക്ക് കടിച്ചെന്നാണ് കോണ്ഗ്രസ്കേന്ദ്രനേതൃത്വത്തിന്റെ പരിഭവം. സോണിയയും പ്രിയങ്കയുംവരെ പത്തോളം തവണ സച്ചിനുമായി ബന്ധപ്പെട്ടിട്ടും വഴങ്ങിയില്ല.
കുതിരക്കച്ചവടത്തിന് ഗെഹ്ലോട്ട് സര്‍ക്കാര്‍ സച്ചിനടക്കമുള്ളവര്ക്കെതിരെ സ്പീക്കറെക്കൊണ്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്. കേസുമെടുത്തിട്ടുണ്ട്. അയോഗ്യരാക്കാതിരിക്കാന്‍ ഹൈക്കോടതി ചൊവ്വാഴ്ചവരെ കാത്തിരിക്കാനാണ് സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും താനിപ്പോഴും കോണ്‍ഗ്രസ്സാണെന്നാണ് കോടതിക്കുവേണ്ടിയാണെങ്കിലും സച്ചിന് പറയുന്നത്. യു.പി-ഡല്‍ഹി അതിര്‍ത്തിയിലെ നോയ്ഡയാണ് സച്ചിന്റെ പാരമ്പര്യഗ്രാമം. ബി.എ, എം.ബി.എധാരി. ബി.ബി.സിയിലും ജനറല്മോട്ടോഴ്സിലും പ്രവര്‍ത്തിച്ചു. ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകള്‍ സാറയുമായി 2004 ജനുവരിയിലായിരുന്നു വിവാഹം. രണ്ടുമക്കളുണ്ട്. മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ട് ബി.ജെ.പിയിലേക്ക് ചേക്കറിയ ജ്യോതിരാദിത്യസിന്ധ്യയുടെ വഴിയേയാണോ സച്ചിനുമെന്നറിയാന് ഇനി മണിക്കൂറുകളേ ഉള്ളൂ. അതിനുമുമ്പ് കോണ്‍ഗ്രസ് വെന്റിലേറ്ററിലാണെന്ന് സച്ചിന് ആരോപിച്ചുകഴിഞ്ഞു. പോക്ക് എങ്ങോട്ടെന്ന് ഏതാണ്ട് വ്യക്തം.