ട്രംപിന്റെ സന്ദര്‍ശനവും യു.എസ് റിപ്പോര്‍ട്ടും


ഈ മാസം 24, 25 തീയതികളിലായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്താനിരിക്കുന്ന ഇന്ത്യാസന്ദര്‍ശനം വലിയതോതിലുള്ള വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപിനെ സ്വീകരിക്കുന്നതിന് ഇന്ത്യാഭരണകൂടം കാണിക്കുന്ന അമിത താല്‍പര്യമാണ് ഏറ്റവും പ്രകടമെങ്കിലും രാജ്യത്തെ ദാരിദ്ര്യവും പൗരന്മാരുടെ അപരവത്കരണവും ലോക സമൂഹത്തിനുമുന്നില്‍നിന്ന് മറച്ചുപിടിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളാണ് ഇതിലേറെ കൗതുകകരവും ഉദ്വേഗജനകവുമായിട്ടുള്ളത്. ഇരുരാജ്യങ്ങളിലെയും തലവന്മാരുടെ പരസ്പര കൂടിക്കാഴ്ചയും കരാറുകളും ലോകത്തെ രണ്ട് പ്രബല ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള കൊടുക്കല്‍-വാങ്ങലുകളെന്നതിലുപരി ഇരുരാജ്യങ്ങളിലെയും മനുഷ്യര്‍ തമ്മില്‍ ഉണ്ടായേക്കാവുന്ന പാരസ്പര്യത്തെയും സാമ്പത്തിക സഹകരണത്തെയുമാണ് ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇതിന് ഉതകുന്നതാണോ ഈ സന്ദര്‍ശനമെന്നത് ചോദ്യശരങ്ങളായി സാധാരണക്കാരുടെയും വിദേശകാര്യ വിദഗ്ധരുടെയും മുന്നില്‍ നിലകൊള്ളുകയാ

അമേരിക്കക്ക് ദക്ഷിണേഷ്യയുമായും വിശിഷ്യാ ഇന്ത്യയുമായും ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ഊഷ്മള ബന്ധത്തിന് അതിന്റേതായ കാരണങ്ങളുണ്ട്. അതില്‍ പ്രധാനം ചൈന പോലെ ഒരു കമ്യൂണിസ്റ്റ് ഏകാധിപത്യരാഷ്ട്രം വളര്‍ന്നുവരുന്നുവെന്നതും ചൈനയെ വെല്ലാന്‍ ഇന്ത്യയെ പോലുള്ളൊരു അയല്‍ ശക്തിയെ അമേരിക്കക്ക് അനിവാര്യമാണെന്നുള്ളതുമാണ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ട്രംപിനെപോലുള്ളൊരു രാഷ്ട്രീയക്കാരന്‍ നടത്തുന്ന ഇന്ത്യാസന്ദര്‍ശനം ഏറെ കൗതുകകരമാകുന്നത് ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ കാലാവസ്ഥകൊണ്ടുകൂടിയാണ്. ഏതാണ്ട് സമാനമായ മത സങ്കുചിത വീക്ഷണഗതികളാണ് ഇരുരാഷ്ട്രത്തലവന്മാരും പുലര്‍ത്തുന്നതെന്നതാണിതില്‍ പ്രധാനം. 2017ല്‍ അധികാരമേറ്റശേഷം ഇതാദ്യമായാണ് ട്രംപ് ഇന്ത്യയിലേക്ക് വരുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഇന്ത്യക്ക് സാമ്പത്തികമായി എന്തുമെച്ചമാണ് ഉണ്ടാക്കുക എന്നതിനേക്കാളുപരി രാഷ്ട്രീയമായ നേട്ടങ്ങളിലാണ് ഇരു നേതാക്കളുടെയും ശ്രദ്ധ എന്നാണ് വിദഗ്ധരെല്ലാം ഒരേഅഭിപ്രായത്തോടെ ശരിവെക്കുന്നത്.

ട്രംപിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചൂടേറിയ നാളുകളാണ്. ഇന്ത്യക്കാര്‍ സ്വാധീനശക്തിയായ പല യു.എസ് പ്രവിശ്യകളിലും ട്രംപിന് വോട്ട് നേടണമെങ്കില്‍ അവരുടെകൂടി പിന്തുണ നിര്‍ണായകമാണ്. ഇതാണ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തിന്റെ മുഖ്യോദ്ദേശ്യം. അതിനായി അദ്ദേഹം തെരഞ്ഞെടുത്തത് നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്താണ് എന്നതും ജിജ്ഞാസ വര്‍ധിപ്പിക്കുന്നു. ‘നമസ്‌തേ ട്രംപ്’ പരിപാടി ഇത് ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ്. ലോക്‌സഭാതെരഞ്ഞെടുപ്പിനുമുമ്പ് മോദി നടത്തിയ ‘ഹൗഡി മോദി’ പരിപാടി പോലെയാണിത്. പരിപാടിയില്‍ അഹമ്മദാബാദ് ജനസംഖ്യയിലെ 80 ശതമാനത്തോളം (80 ലക്ഷത്തിലധികം) ആളുകളെത്തുമെന്ന ട്രംപിന്റെ അവകാശത്തിലെല്ലാം കിടപ്പുണ്ട്. അഹമ്മദാബാദിനുപുറമെ താജ്മഹലും ട്രംപിന്റെയും പത്‌നിയുടെയും സന്ദര്‍ശനപ്പട്ടികയിലുണ്ട്. ലോകത്തെ ഒന്നാമത്തെ പാലുത്പാദന രാജ്യമായ നമ്മുടെ ക്ഷീരമേഖലയെ തകര്‍ക്കുന്നതടക്കമുള്ള കരാറുകള്‍ക്കുകൂടിയാണ് ട്രംപും മോദിയും കോപ്പുകൂട്ടുന്നതെന്നത് ഇന്നാട്ടിലെ കര്‍ഷകരെയും പാപ്പരാക്കലാണ്.

ഇതിനിടെ ട്രംപിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായി കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് ഇന്ത്യക്കാരെയും മതവിശ്വാസികളെയും സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമര്‍ഹിക്കുന്നു. അമേരിക്കയുടെ അന്താരാഷ്ട്ര മതകാര്യവിഭാഗമായ യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നടപ്പാക്കാനിരിക്കുന്ന പൗരത്വഭേദഗതി നിയമം ഇന്ത്യന്‍ മുസ്്‌ലിംകളെ സംബന്ധിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങളുളവാക്കുമെന്നാണ് പറയുന്നത്. സി.എ.എ കാരണം മുസ്‌ലിംകള്‍ക്ക് ദേശീയ പൗരത്വപട്ടികയില്‍നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് പറയുന്ന റിപ്പോര്‍ട്ട്, മുസ്്‌ലിംകളുടെ പൗരത്വ നിഷേധത്തിനും പുറത്താക്കലിനും നീണ്ട തടങ്കല്‍വാസത്തിനും കാരണമാകുമെന്നാണ് വ്യക്തമാക്കുന്നത്.

മുസ്്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കുന്നതിനും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് ബി.ജെ.പിയുടെ സര്‍ക്കാരിലേതടക്കമുള്ള നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. സത്യത്തില്‍ അമേരിക്കയുടെ ഒരു ഉന്നത ഭരണാധികാരി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കവെ പുറത്തുവന്ന അതേ രാജ്യത്തിന്റെതന്നെ ഔദ്യോഗിക റിപ്പോര്‍ട്ട് എന്താണ് ട്രംപിനെപോലൊരാളില്‍ ഉണ്ടാക്കുന്ന സ്വാധീനമെന്ന് കണ്ടറിയണം. ട്രംപ് റിപ്പോര്‍ട്ടിനെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ലെങ്കിലും റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്തിന്റെ പ്രാധാന്യം തള്ളിക്കളഞ്ഞുകൂടാ. ട്രംപിനെ സംബന്ധിച്ചിടത്തോളം മുസ്‌ലിം വിരുദ്ധത തന്റെ കൂടെപ്പിറപ്പാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇന്ത്യാസന്ദര്‍ശനവേളയില്‍ വരുന്ന റിപ്പോര്‍ട്ടിനെപ്പറ്റി മൗനം പാലിക്കാന്‍ സന്ദര്‍ശനവേളയിലെങ്കിലും അദ്ദേഹത്തിന് കഴിയില്ലെന്നത് തീര്‍ച്ചയാണ്.

മോദിയെയും ബി.ജെ.പിയെയും സംബന്ധിച്ചിടത്തോളം ട്രംപിനെ രാജ്യത്തേക്ക് കൊണ്ടുവന്നത് അഭിമാനമായി കൊട്ടിഗ്‌ഘോഷിക്കാമെങ്കിലും അതിന്റെ ന്യായാന്യായതകളെക്കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്കും പാര്‍ട്ടിക്കും വിയര്‍ക്കേണ്ടിവരുമെന്ന് തീര്‍ച്ച. ഇതിനകംതന്നെ പൗരത്വ വിഷയത്തില്‍ സ്വന്തം മുന്നണിയിലെ അടക്കം പല കക്ഷികളും ബഹുഭൂരിപക്ഷം പൗരന്മാരും പ്രക്ഷോഭരംഗത്താണ്. സംസ്ഥാന സര്‍ക്കാരുകളും പലതും ഇടഞ്ഞുനില്‍ക്കുന്നു. ട്രംപിന്റെ കണ്ണുവെട്ടിക്കാനായി അഹമ്മദാബാദിലെ തെരുവുകളിലെയും ചേരികളിലെയും പട്ടിണിപ്പാവങ്ങളെ മതില്‍കെട്ടി തിരിച്ചതുപോലെ മറയ്ക്കാനാവാത്തതാണ് മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയത്രയും. ഇതില്‍നിന്നെല്ലാം ജനശ്രദ്ധതിരിക്കാനുള്ള തന്ത്രം എത്രകണ്ട് വിലപ്പോവും. പ്രത്യേകിച്ചും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന മാധ്യമ ലോകം ലോകത്തുള്ളപ്പോള്‍. ട്രംപിന്റെ നടപടികളും വിദേശനയവുമെല്ലാം മുസ്്‌ലിംകള്‍ക്കും ഇസ്്‌ലാമിക രാജ്യങ്ങള്‍ക്കും പൊതുവില്‍ എതിരായുള്ളതാണ്.

ഇസ്രാഈല്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ പ്രശ്‌നങ്ങളിലെല്ലാം ജനാധിപത്യവാദികളും മുസ്്‌ലിം ലോകവും അദ്ദേഹത്തിനെതിരാണ്. മോദിയുടെ കാര്യത്തിലും ഇതേ നിലപാടുതന്നെയാണ് ഐക്യരാഷ്ട്രസംഘടനയും തുര്‍ക്കിയടക്കമുള്ള രാഷ്ട്രത്തലവന്മാരും പ്രകടിപ്പിച്ചിട്ടുള്ളത്. ജമ്മുകശ്മീരിന്റെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ എടുത്ത നിലപാട് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തള്ളിയത് അടുത്തിടെയാണ്. അവിടുത്തെ പാര്‍ലമെന്റംഗങ്ങളെ കശ്മീരില്‍കൊണ്ടുവന്ന് ഷോ നടത്തുമ്പോഴാണിത്. ബാബരി മസ്ജിദിന്റെ കാര്യത്തിലും പൗരത്വപ്രക്ഷോഭങ്ങളായ ഷാഹിന്‍ബാഗും യു.പി, മംഗലൂരു തുടങ്ങിയയിടങ്ങളിലെ പൊലീസ് നായാട്ടയുമെല്ലാം യു.എസ് മതകാര്യവകുപ്പിന്റെ നിരീക്ഷണത്തെ ശരിവെക്കുന്നുണ്ട്. ട്രംപിനെ വിശ്വാസമില്ലെങ്കിലും ലോകത്തെ ഏറ്റവും പാരമ്പര്യമുള്ള ജനാധിപത്യത്തെയെങ്കിലും തല്‍കാലത്തേക്ക് വിശ്വാസത്തിലെടുക്കാം.

SHARE