ജയ ഹനുമാന്‍

‘ഭിക്ഷയെടുക്കുന്ന കുട്ടികള്‍, അവരെ വളര്‍ത്താനായി ശരീരം വില്‍ക്കുന്ന അമ്മമാര്‍, എന്നിട്ടും ദാരിദ്ര്യം സഹിക്കാതെ ആത്മഹത്യ ചെയ്യുന്ന അച്ഛന്മാര്‍.. നമ്മുടെ രാജ്യത്തിന്റെ ഈഅവസ്ഥയാണ് ഏറ്റവും വലിയ നാണക്കേട് എന്ന് ഞാന്‍ വിശ്വസിച്ചു. ഇതിനൊരു അറുതിവരുത്തണമെന്ന് ഞാന്‍ ചിന്തിച്ചു. അതിനായി ഞാനെന്റെ ജോലി ഉപേക്ഷിച്ചു. ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. അതിന്റെ ഫലം കണ്ടു തുടങ്ങി’. തന്റെ കാലിലെ നിറംമങ്ങിയ ചെരുപ്പ് കണ്ട് ഷൂ വാങ്ങാനായി 364 രൂപ തനിക്ക് അയച്ചുതന്ന യുവാവിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അയച്ച കത്തിലെ ഏതാനും വരികളാണ് മേലുദ്ധരിച്ചത്. ഡല്‍ഹി നിയമസഭയിലേക്ക് ഫെബ്രുവരി എട്ടിന് നടന്ന വോട്ടെടുപ്പിന്റെ പ്രചാരണത്തിനിടെ അരവിന്ദ് ഉപയോഗിച്ചിരുന്ന ചെരുപ്പാണ് കത്തിനാധാരം. ഐ.ഐ.ടിയിലെ എഞ്ചിനിയര്‍ ബിരുദവും ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ സിവില്‍ സര്‍വീസ് ജോലിയും ഉപേക്ഷിച്ച് അരവിന്ദ് കെജ്‌രിവാള്‍ രാഷ്രീയത്തില്‍ ഇറങ്ങിയത് എന്തിനാണെന്ന് ഇപ്പോഴാണ് തുറന്നുപറയുന്നത്. കത്ത് പുറത്തുവിട്ടത് ആരായാലും കെജ്‌രിവാളെന്ന ഇന്ത്യ കണ്ട പുതുയുഗ രാഷ്ട്രീയക്കാരനെ സംബന്ധിച്ച് രാഷ്ട്രീയം മറ്റു പലരെയും പോലെ വയര്‍ വീര്‍പ്പിക്കാനുള്ളതല്ല; ഒന്നാംതരം ജനസേവനത്തിനുള്ളതാണ്.

കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെയും ബാബരി മസ്ജിദ് മാറ്റിപ്പണിയണമെന്ന കോടതിവിധിയും അനുകൂലിച്ച് മൃദുഹിന്ദുത്വ വാദിയാണെന്ന ആക്ഷേപം പേറുമ്പോഴും താന്‍ ഹനുമാന്‍ ഭക്തനാണെന്ന് തുറന്നുപറയുകയാണ് കെജ്‌രിവാള്‍. രാഷ്ട്രീയ രാസപ്രക്രിയയില്‍ മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികളെ കിട്ടാവുന്ന ആയുധമെല്ലാം പ്രയോഗിക്കുകയാണ് കെജ്‌രിവാള്‍. അതാണ് ഡല്‍ഹി മുഖ്യമന്ത്രിക്കസേരയില്‍ മൂന്നാം വട്ടവും തുടര്‍ച്ചയായി ഇരിക്കാന്‍ ഈ അമ്പത്തൊന്നുകാരനെ പ്രാപ്തമാക്കിയത്. നരേന്ദ്രമോദിയെയും അമിത്ഷായെയും പോലുള്ള ഗജകേസരികള്‍ വാഴുകയും തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് നിറഞ്ഞാടുകയും ചെയ്തിട്ടും അവരുടെ ചാണക്യതന്ത്രങ്ങളെയെല്ലാം മൗനമോ മൃദുമന്ദഹാസമോകൊണ്ട് പരാജയപ്പെടുത്തുകയായിരുന്നു കെജ്‌രിവാള്‍. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ശിവാനിയില്‍ മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ച കെജ്‌രിവാളിലെ ബ്രാഹ്മണന് ഇഷ്ടം സസ്യാഹാരത്തോടാണ്.

ഇഷ്ടദേവന്‍ രാമന്റെ സന്തതസഹചാരിയായ ഹനുമാനും. സഞ്ജീവനി മരുന്ന് ആവശ്യപ്പെട്ടാല്‍ മലതന്നെ മൊത്തമായി കൊണ്ടുവരുന്ന ഹനുമാനെപോലെയാണ് പൊതുജനത്തിന് വേണ്ടി കെജ്‌രിവാള്‍ അഹോരാത്രം പണിയെടുക്കുന്നത്. പിതാവ് ഗോവിന്ദ്‌റാം എഞ്ചിനീയറിങ് ബിരുദധാരിയായിരുന്നു. മൂന്നു മക്കളില്‍ മൂത്തവനായ അരവിന്ദിനെയും അതേ രംഗത്ത് വിടാനായിരുന്നു മോഹം. അത് നടന്നു. പ്രശസ്തമായ ഖരഗ്പൂര്‍ ഐ. ഐ.ടിയില്‍നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയശേഷം 1989ല്‍ ജംഷഡ്പൂരിലെ ടാറ്റാസ്റ്റീല്‍ കമ്പനിയില്‍ നിയമനം. എന്നാല്‍ മൂന്നു കൊല്ലത്തിനുശേഷം അവിടംവിട്ട് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐ.ആര്‍.എസ് നേടി. അവിടെയും പക്ഷേ തലയിലെഴുത്ത് കാരണം പിടിച്ചുനിന്നില്ല. കൊല്‍ക്കത്തയില്‍ മദര്‍തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിലും രാമകൃഷ്ണമിഷനിലും നെഹ്‌റു യുവകേന്ദ്രയിലും പ്രവര്‍ത്തിച്ചു.

1995ല്‍ ആദായ നികുതി വകുപ്പ് അസി. കമ്മീഷണറായി നിയമനം സ്വീകരിച്ചെങ്കിലും 2000ല്‍ ഉന്നത പഠനത്തിനെന്ന് പറഞ്ഞ് അവധിയെടുത്തു. തിരിച്ചുവന്നാല്‍ മൂന്നു വര്‍ഷത്തേക്ക് രാജിവെക്കരുതെന്ന നിബന്ധന വെച്ചതിനാല്‍ 2006ല്‍ ജോലി രാജിവെച്ചു. ഇതുസംബന്ധിച്ച തര്‍ക്കം 2011വരെ തുടര്‍ന്നു. 2013ല്‍ പണം സമ്പാദിക്കുന്നതിനേക്കാള്‍ ഭേദം പൊതുസേവനത്തിനിറങ്ങുകയാണെന്ന് പറഞ്ഞ് ‘ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍’ പ്രസ്ഥാനംതുടങ്ങി. കൂടെ റിട്ട. ഐ.പി. എസ്സുകാരി കിരണ്‍ബേദി, അഭിഭാഷകന്‍പ്രശാന്ത് ഭൂഷന്‍, യോഗേന്ദ്രയാദവ് ഒക്കെയുണ്ടായിരുന്നു. ഗാന്ധിയന്‍ അന്നാഹസാരെയായിരുന്നു സമരനായകന്‍. 2012ലാണ് നിര്‍ഭയ സംഭവം ഉണ്ടാകുന്നത്. ഇതിനെതിരായ പ്രക്ഷോഭത്തിലും സജീവമായി പങ്കുവഹിച്ചു.

തുടര്‍ന്ന് സ്വന്തമായി ആംആദ്മി പാര്‍ട്ടിയുണ്ടാക്കിയ കെജ്‌രിവാളിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. മൂന്നാം സ്ഥാനത്തോടെ കോണ്‍ഗ്രസുമായി 49 ദിവസം മാത്രം ഭരിച്ച് ലോക്പാലിനെച്ചൊല്ലി രാജിവെച്ചപ്പോള്‍ ജനം അദ്ദേഹത്തെ കൂവി. പക്ഷേ പലതും ഉറപ്പിച്ചാണ് രാഷ്ട്രപതി ഭരണത്തിനുശേഷം 2015ല്‍ കെജ്‌രിവാള്‍ വീണ്ടും ഗോദയിലിറങ്ങിയത്. ഫലം ഇന്ത്യാ ചരിത്രത്തിലാദ്യമായി ഒരുകക്ഷിക്ക് 70ല്‍ 67 സീറ്റ്. ഇപ്പോള്‍ അഞ്ചു വര്‍ഷത്തിനുശേഷവും അതില്‍ അഞ്ചു സീറ്റിന്റെ കുറവേ ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് സംഭവിച്ചുള്ളൂ. ഡല്‍ഹിയിലെ ചേരികളിലും മറ്റും ഇറങ്ങി പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന; ജലം, വൈദ്യുതി, വിദ്യാഭ്യാസം, സ്ത്രീയാത്ര എന്നിവ സൗജന്യമാക്കുന്ന കോട്ടും സ്യൂട്ടുമില്ലാത്ത ഒരു മുഖ്യമന്ത്രിയെ ആദ്യമായാണ് ഡല്‍ഹി ജനത കാണുന്നത്.

ചിട്ടയായ സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ കേന്ദ്ര സര്‍ക്കാരിന്റെയും ലഫ്.ഗവര്‍ണറുടെയും ഭീഷണികളെ നേരിടാനായി. ഇതിനൊക്കെ താങ്ങായി നിന്നത് ഉപമുഖ്യമന്ത്രിയും മാധ്യമ പ്രവര്‍ത്തകനും ‘പരിവര്‍ത്തന്‍’ പ്രസ്ഥാനത്തിലെ സഹയാത്രികനുമായിരുന്ന മനീഷ് സിസോദിയയടക്കം ഏതാനും പേര്‍ മാത്രം. ഇന്ന് മൂന്നാം വട്ടം കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിക്കസേരയില്‍ കയറുമ്പോള്‍ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയക്കാരെയും സാമ്പ്രദായിക രാഷ്ട്രീയക്കാരെയും വെല്ലുവിളിക്കുന്ന ഈ അഭിനവ സാമൂഹിക എഞ്ചിനീയറുടെ നോട്ടം പ്രധാനമന്ത്രിക്കസേരയിലേക്കാണെന്ന് പലരും കരുതുന്നതില്‍ തെറ്റില്ല. ആ കഠിന യാത്രയില്‍ ജോലി രാജിവെച്ച് ആദായനികുതിവകുപ്പിലെ മുന്‍സഹപ്രവര്‍ത്തക ഭാര്യ സുനിതയുമുണ്ട്. മക്കള്‍ ഹര്‍ഷിതയും പുല്‍കിത്തും.

SHARE