ഹഗിയ സോഫിയയിലെ ബാങ്കുവിളിയില്‍ ആര്‍ക്കാണ് അരിശം

തുര്‍ക്കിയിലെ ഹഗിയ സോഫിയ (അയ സോഫിയ) മസ്ജിദ് വീണ്ടും ആരാധനക്ക് തുറന്നുകൊടുക്കുന്ന വാര്‍ത്ത അന്താരാഷ്ട്രതലത്തില്‍ സജീവ ചര്‍ച്ചയായിരിക്കുന്നു. 85 വര്‍ഷത്തിന് ശേഷം മസ്ജിദില്‍നിന്ന് ആദ്യ ബാങ്ക് വിളി ഉയര്‍ന്നുകേട്ടപ്പോള്‍ ആഹ്ലാദിക്കാനും നീരസത്തോടെ മുഖം തിരിക്കാനും ലോകമെങ്ങും ആളുണ്ടായി. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്ന ഭരണാധികാരിക്കു കീഴില്‍ തുര്‍ക്കിയുടെ സാംസ്‌കാരിക, മതേതര രംഗം അട്ടിമറിക്കപ്പെട്ടുവെന്ന് ചിലര്‍ മുറവിളി കൂട്ടിയപ്പോള്‍ മുസ്്‌ലിം ലോകം ആശ്വാസത്തോടെയാണ് ഹഗിയ സോഫിയയുടെ കവാടത്തിലേക്ക് ഉറ്റുനോക്കിയത്.

ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ ഊതിവീര്‍പ്പിച്ച് വാര്‍ത്ത കൊഴുപ്പിക്കാന്‍ പാശ്ചാത്യ മാധ്യമലോകം തിടുക്കം കൂട്ടുന്നതും കണ്ടു. 1500 വര്‍ഷം പഴക്കമുള്ള ചരിത്ര നിര്‍മിതിക്ക് അരുതാത്തെന്തോ സംഭവിച്ചിരിക്കുന്നുവെന്നു തോന്നും മതേതരത്വത്തിന്റെ മുഖംമൂടി അണിഞ്ഞിരിക്കുന്ന ചിലരുടെ വെപ്രാളം കണ്ടാല്‍. നൂറ്റാണ്ടുകളോളം മുസ്്‌ലിംകള്‍ ആരാധന നിര്‍വഹിച്ചിരുന്ന മസ്ജിദ് മ്യൂസിയമാക്കിയപ്പോള്‍ കയ്യടിച്ചവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ വിവാദങ്ങള്‍ ആളിക്കത്തിക്കാന്‍ നോക്കുന്നത്. തുര്‍ക്കിയുടെ ചരിത്രവും വര്‍ത്തമാനവും വിലയിരുത്തുന്നവര്‍ ഒരിക്കലും ഹഗിയ സോഫിയയുടെ പുതിയ ഭാവമാറ്റത്തെ തര്‍ക്ക വിഷയമാക്കില്ല. 537ല്‍ ബൈസാന്റിയന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ ഒന്നാമന്‍ പണികഴിപ്പിച്ച ഹഗിയ സോഫിയ ക്രിസ്ത്യന്‍ ആരാധനാലയമായിരുന്നു. 1453ല്‍ ഉസ്മാനിയ ഭരണാധികാരി മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ ഹഗിയ സോഫിയ മുസ്്‌ലിംകളുടെ അധീനതയിലായി. ഇസ്്‌ലാമിന്റെ ആഗമനത്തോടെ രൂപപ്പെട്ട സാമൂഹിക മാറ്റങ്ങള്‍ മസ്ജിദ് അനിവാര്യമാക്കിയിരുന്നു. അക്കാലത്ത് അതിനെതിരെ ക്രൈസ്തവ ലോകത്തുനിന്ന് വലിയ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല.

1935ല്‍ മുസ്തഫ കമാല്‍ അതാതുര്‍ക്ക് മ്യൂസിയമാക്കി മാറ്റുന്നതുവരെ ഹഗിയ സോഫിയ മുസ്്‌ലിംകളുടെ ആരാധനാലയമായിരുന്നു. ആദ്യ കാലത്ത് ക്രൈസ്തവ ആരാധനാലയമായിരുന്നതുകൊണ്ടല്ല അതാതുര്‍ക്ക് അതിനെ മ്യൂസിയക്കിയത്. കടുത്ത മുസ്‌ലിം വിരോധിയായിരുന്ന അദ്ദേഹം ഇസ്‌ലാമിക ചിഹ്നങ്ങള്‍ മായ്ച്ചുകളഞ്ഞ് പാശ്ചാത്യ സംസ്‌കാരം അടിച്ചേല്‍പ്പിക്കുന്നതിന്റ ഭാഗമായാണ്് അത്തരമൊരു നീക്കം നടത്തിയതെന്നതിന് ചരിത്രം സാക്ഷിയാണ്. ഇസ്‌ലാമിനെ ശത്രുതയോടെ മാത്രമാണ് അതാതുര്‍ക്ക് വീക്ഷിച്ചിരുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസരിച്ചുള്ള തുര്‍ക്കി ഭരണവ്യവസ്ഥയെ അദ്ദേഹം ഉടച്ചുവാര്‍ക്കുകയായിരുന്നു.

മതസംവിധാനങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ ഭാഗമായി പള്ളികള്‍ അടച്ചുപൂട്ടി. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും നിഷ്‌കാസനം ചെയ്യുന്ന പദ്ധതികള്‍ക്കാണ് അതാതുര്‍ക്ക് തുടക്കമിട്ടത്. മതപാഠശാലകള്‍ നിര്‍ത്തലാക്കി. ഇസ്‌ലാമിക വേഷങ്ങള്‍ നിരോധിച്ചു. തുര്‍ക്കി തൊപ്പിക്ക് പകരം ഇംഗ്ലീഷ് തൊപ്പി നടപ്പാക്കി. ഔദ്യോഗിക മതമെന്ന പദവിയില്‍നിന്ന് ഇസ്്‌ലാമിനെ നീക്കം ചെയ്തു. പൊതു അവധി ദിവസം വെള്ളിയാഴ്ചക്കു പകരം ഞായറാഴ്ചയാക്കി. മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് അല്ലാഹുവിന്റെ പേരിലായിരിക്കരുതെന്ന് ഉത്തരവിറക്കി. തീവ്രമതേതരത്വത്തോടൊപ്പം പാശ്ചാത്യവത്കരണവും അദ്ദേഹത്തെ ഭ്രാന്തുപിടിപ്പിച്ചിരുന്നു.

പള്ളികളുടെ നിയന്ത്രണം പൂര്‍ണമായും ഭരണകൂടത്തിന് കീഴിലാക്കി. മതസ്ഥാപനങ്ങളില്‍നിന്നുള്ള വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടി. ഇസ്തംബൂള്‍ സര്‍വകലാശാലയില്‍ ഇസ്‌ലാമിക വകുപ്പ് നിര്‍ത്തലാക്കുകയും ചെയ്തു. ഹിജ്‌റ കലണ്ടര്‍ വലിച്ചെറിഞ്ഞ് യൂറോപ്യന്‍ കലണ്ടര്‍ ചുമരില്‍ തൂക്കി. മതപ്രചാരകരായ സൂഫികളെ നാടുകടത്തുകയും പര്‍ണശാലകള്‍ അടച്ചുപൂട്ടുകയും ചെയ്തു. പുരുഷന്മാരെ ഹാറ്റ് ധരിക്കാന്‍ നിര്‍ബന്ധിച്ചു. തലപ്പാവ് നിരോധിച്ചു. സ്ത്രീകളുടെ ശിരോവസ്ത്രത്തെ അദ്ദേഹം മ്ലേച്ഛമായ വാക്കുകളുപയോഗിച്ച് പരിഹസിച്ചു. പരിഷ്‌കരണത്തെ എതിര്‍ത്ത മുസ്‌ലിം പണ്ഡിതന്മാരെയും സൂഫികളേയും വധിച്ചു. അനേകം പേരെ നാടുകടത്തി. തുര്‍കീഭാഷയില്‍ പ്രചാരണത്തിലുണ്ടായിരുന്ന അറബി ലിപിക്ക് പകരം ലത്തീന്‍ ലിപി കൊണ്ടുവന്നു. ബാങ്കുവിളിയും ഖുര്‍ആന്‍ പാരായണവും തുര്‍ക്കി ഭാഷയിലാക്കാന്‍ ഉത്തരവിട്ടു. വര്‍ഗഭ്രാന്തനായിരുന്ന മുസ്തഫ കമാല്‍ ആദിമമനുഷ്യനായ ആദം തുര്‍കുമാനിയാണെന്ന് അവകാശപ്പെട്ടു. തുര്‍ക്കിയിലുള്ളവരെല്ലാം തുര്‍ക്കി നാമം സ്വീകരിക്കണമെന്ന് അദ്ദേഹം വാശിപിടിച്ചു. തുര്‍ക്കി പേരുകള്‍ പടച്ചുണ്ടാക്കി ഓരോ പ്രദേശത്തേയും പൊലീസ് സ്റ്റേഷന് മുന്നില്‍ തൂക്കിയിട്ടു. അവയില്‍ ഏതെങ്കിലുമൊന്ന് സ്വീകരിക്കാന്‍ കുടുംബനാഥന്മാര്‍ക്ക് നിര്‍ദേശം നല്‍കി. സ്ത്രീകളോട് പര്‍ദ മാറ്റി പാശ്ചാത്യവസ്ത്രങ്ങള്‍ ധരിക്കാന്‍ കല്‍പിച്ചു. പ്രധാന പട്ടണങ്ങളില്‍ നിശാക്ലബ്ബുകളും മദ്യശാലകളും തുടങ്ങി. വ്യഭിചാരം പാപമല്ലെന്ന് ദേശീയ അസംബ്ലിയില്‍ പ്രഖ്യാപിച്ചു.

വിശാലമനസ്‌കനെന്ന് സ്വയം അവകാശപ്പെട്ടപ്പോള്‍ തന്നെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അദ്ദേഹം ജനങ്ങളെ അനുവദിച്ചില്ല. പത്രസ്വാതന്ത്ര്യം നിര്‍ത്തലാക്കി. ഹഗിയ സോഫിയ അടച്ചുപൂട്ടിയതും ഇത്തരം തല തിരിഞ്ഞ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ്. ഇസ്്‌ലാമിക ലോകത്ത് ഇത്തരം ഭ്രാന്തന്മാര്‍ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്. അവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്. അതാതുര്‍ക്കിന് ശേഷവും പാശ്ചാത്യ ലൈനിലായിരുന്നു തുര്‍ക്കുയുടെ സഞ്ചാരം. ജനാധിപത്യത്തെ അടിച്ചമര്‍ത്തി പട്ടാള ജനറല്‍മാരായിരുന്നു സമീപ കാലം വരെ രാജ്യം ഭരിച്ചിരുന്നത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഭരണകൂടങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. മതേതരത്വ സംരക്ഷണത്തിന്റെ പേരിലായിരുന്നു അതെല്ലാം നടന്നിരുന്നത്.

റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ എ.കെ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ തുര്‍ക്കിയില്‍ ജനാധിപത്യം വേരൂന്നി തുടങ്ങി. അതാതുര്‍ക്കിന്റെ തുര്‍ക്കിയെ പരിഷ്‌കരിക്കുകയെന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. ഇസ്്‌ലാമിനോടുള്ള വിരോധത്തില്‍ ഊട്ടിയെടുത്ത അതാതുര്‍ക്കിന്റെ തീവ്രമതേതരത്വത്തെ പാശ്ചാത്യ ശക്തികള്‍ വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്. ജനവിരുദ്ധ നയങ്ങളില്‍നിന്ന് തുര്‍ക്കിയെ രക്ഷപ്പെടുത്തി ജനാധിപത്യ പാതയിലൂടെ രാജ്യത്തെ വഴിനടത്തുന്നതില്‍ ഉര്‍ദുഗാന്‍ ഏറെക്കുറെ വിജയിച്ചുവെന്ന് പറയാം. അദ്ദേഹം അധികാരത്തിലെത്തിയ ശേഷം അന്താരാഷ്ട്രതലത്തിന്റെ മുസ്‌ലിംകളുടെ പ്രശ്‌നത്തില്‍ തുര്‍ക്കി സജീവമായി ഇടപെടുകയും ശബ്ദമുയര്‍ത്തുകയും ചെയ്തു.

നാറ്റോ അംഗമെന്ന നിലയില്‍ ഉര്‍ദുഗാനു കീഴിലുള്ള തുര്‍ക്കിയുടെ വാക്കുകള്‍ക്ക് ലോകം ചെവി കൊടുക്കുന്നുണ്ട്. ഉറച്ച നിലപാടുകളിലൂടെ അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. 2016ല്‍ നടന്ന പട്ടാള അട്ടിമറിയെ ജനങ്ങള്‍ തെരുവിലിറങ്ങി പരാജയപ്പെടുത്തിയത് ഉര്‍ദുഗാനുള്ള ജനപിന്തുണക്ക് തെളിവാണ്. ഹഗിയ സോഫിയയെ വീണ്ടും മസ്ജിദാക്കി ആരാധനക്ക് തുറന്നുകൊടുക്കുമ്പോഴും രാജ്യത്തിന്റെ വിശാല താല്‍പര്യം അദ്ദേഹം കണക്കിലെടുത്തിട്ടുണ്ട്. ഏകാധിപത്യ നീക്കമെന്ന് ഒരിക്കലും അതിനെ വിശേഷിപ്പിച്ചുകൂടാ. പരമോന്നത കോടതിയുടെ അനുമതിയോടെയാണ് അത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

മസ്ജിദിന് വിനോദ സഞ്ചാര ഭൂപടത്തിലുള്ള പ്രാധാന്യം ഉര്‍ദുഗാന്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ചരിത്ര സ്മാരകത്തിന്റെ ഒരു കല്ലുപോലും ആരാധന തുടങ്ങുന്നതിന്റെ പേരില്‍ ഇളക്കി മാറ്റില്ലെന്ന് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും പഴയതുപോലെ തന്നെ സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുമെന്നും ഉര്‍ദുഗാന്‍ ഉറപ്പുനല്‍കിയിരിക്കുന്നു. എന്നിരിക്കെ മുസ്്‌ലിംകള്‍ നമസ്‌കാരം നിര്‍വഹിക്കുമ്പോഴേക്ക് ഹഗിയ സോഫിയയുടെ സാംസ്‌കാരിക തനിമ ഇടിഞ്ഞുവീഴുന്നത് എങ്ങനെയെന്ന് വിമര്‍ശകര്‍ വ്യക്തമാക്കേണ്ടതുണ്ട്.

SHARE