തിന്മയുടെ വിഷസര്‍പ്പങ്ങള്‍ പടിയിറങ്ങട്ടെ

ഭാര്യയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന ഭര്‍ത്താവിന്റെ ഭീകരമനസ്സിനെക്കുറിച്ചാണ് കേരളത്തിന്റെ ചര്‍ച്ച ഇപ്പോള്‍. അസാധാരണമായ കുറ്റകൃത്യത്തിന്റെ പിന്നാമ്പുറ കഥകള്‍ മലയാളി ഭീതിയോടെയാണ് വായിക്കുന്നത്. ഉത്രയെന്ന പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ദുര്‍ഗതിക്കുമുമ്പില്‍ നാം കണ്ണീര്‍തൂവാത്ത ദിവസങ്ങളില്ല. കൊലയാളിയായ സൂരജിനെ പലവട്ടം ശപിക്കുകയും ചെയ്യുന്നു. പക്ഷെ, മാധ്യമങ്ങളില്‍ നിറയുന്ന പലതരം ക്രൈംസ്റ്റോറികളെപ്പോലെ നെടുവീര്‍പ്പുകളിലും രോഷപ്രകടനങ്ങളിലുമായി ഈ സംഭവവും മാഞ്ഞുപോകാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. ഇതിനെക്കാള്‍ വലിയൊരു കുറ്റകൃത്യം തലക്കെട്ടായി വരുമ്പോള്‍ പഴയതൊക്കെയും നിഷ്പ്രഭമാകുകയാണ് പതിവ്. മാസങ്ങള്‍ക്കുമുമ്പ് കൂടത്തായിയിലെ ജോളിയായിരുന്നു കേന്ദ്രകഥാപാത്രമെങ്കില്‍ ഇന്ന് വില്ലനായിരിക്കുന്നത് സൂരജാണ്. വര്‍ഷങ്ങളോളം നിയമവഴികള്‍ താണ്ടി ശിക്ഷാ വിധിയില്‍ എത്തുമ്പോള്‍ ഇത്തരം കേസുകള്‍ ഒറ്റദിവസത്തെ വാര്‍ത്തയായി വീണ്ടും മാധ്യമങ്ങളില്‍ തലകാട്ടിയെന്നവരും. ശേഷം വീണ്ടും വിസ്മൃതിയിലേക്ക് പോകും. കുറ്റകൃത്യങ്ങള്‍ക്ക് മാത്രം അറുതിയുണ്ടാകുന്നില്ല. കൊലപാതകങ്ങളുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഉയരുക തന്നെയാണ്.

മനുഷ്യരുടെ സ്വാഭാവിക പെരുമാറ്റവൈകൃതമായി കൊലപാതകങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുകയാണ് പതിവ്. അങ്ങനയൊക്കെ നാട്ടില്‍ നടക്കുമെന്ന ഭാവത്തിലാണ് സമൂഹം അവയെ കാണുന്നത്. മന:സാക്ഷിയെ ഞെട്ടിക്കുന്ന ക്രൈമുകള്‍ ആവര്‍ത്തിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബോധപൂര്‍വ്വ നീക്കങ്ങള്‍ ഒരിക്കലും ഉണ്ടാകാറില്ല. കുറ്റവാളിയെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുന്നതില്‍ മാത്രമായി സമൂഹത്തിന്റെ കടമ ചുരുങ്ങിപ്പോകുന്നു. ഇക്കാര്യത്തില്‍ ഭരണകൂടവും പൊതുസമൂഹവും സാംസ്‌കാരിക സംഘടനകളുമെല്ലാം നിസ്സംഗരാണ്. നിയമത്തിലൂടെ ശിക്ഷ കടുപ്പിച്ച് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ ശക്തമാണ്. പ്രതിയെ ശിക്ഷിച്ചതുകൊണ്ട് മാത്രമായില്ലെന്ന തിരിച്ചറിവ് അനിവാര്യമായിരിക്കുന്നു. ജനങ്ങള്‍ക്ക് ഒന്നടങ്കം പാഠമാകാന്‍ ശിക്ഷ ഉപകരിക്കുമെന്നത് ശരിയാണ്. പക്ഷെ, ഒരാളെ നല്ലവനാക്കുന്നതിലും കുറ്റവാളിയാക്കുന്നതിലും സമൂഹത്തിന് വലിയ പങ്കുണ്ട്. സഹജീവികളുമായുള്ള സമ്പര്‍ക്കങ്ങളാണ് വ്യക്തിത്വം രൂപപ്പെടുത്തുന്നത്. ചീഞ്ഞളിഞ്ഞ സാമൂഹിക വ്യവസ്ഥതിയില്‍ മഹാമാരി പോലെ മനുഷ്യനിലേക്ക് മോശം ചിന്തകളും കാഴ്ചപ്പാടുകളും അതിവേഗം നുഴഞ്ഞുകയറും. തെറ്റും ശരിയും തിരിച്ചറിയാന്‍ സാധിക്കാതെ വ്യക്തിയെ സാംസ്‌കാരിക അന്ധത ബാധിക്കുകയായിരുക്കും തുടര്‍ ഫലം. അമ്മയേയും ഭാര്യയെയും കൊലപ്പെടുത്തുന്നതില്‍ തെറ്റുകാണാന്‍ അത്തരമൊരു മനുഷ്യന് സാധിക്കില്ല. നിന്ദ്യമായ രൂപത്തില്‍ അവനില്‍ കാമാസക്തി വളരും. വളഞ്ഞ വഴികളിലൂടെ അനായാസം ലക്ഷ്യപ്രാപ്തി സാധ്യമാകുമെന്ന് തോന്നും. അതിന്റെ തിക്തഫലം വന്‍ ദുരന്തമായിരിക്കും.

കേട്ടുകേള്‍വിയില്ലാത്ത കുറ്റകൃത്യങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉറ്റവരെ ഉന്മൂലനം ചെയ്യാന്‍ പുതിയ വഴികളും തന്ത്രങ്ങളും പ്രയോഗിക്കുന്നു. മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന രൂപത്തില്‍ മനുഷ്യന്‍ തരംതാഴുന്നു. മാലാഖമാരെപ്പോലെ ഔന്നത്യം പ്രാപിക്കേണ്ട മനുഷ്യന്‍ അധമനാകുന്നത് ദു:ഖത്തോടെയല്ലാതെ കാണാനാവില്ല. ഒരു കുറ്റകൃത്യം നടക്കുമ്പോള്‍ ഒരാള്‍ മാത്രമല്ല നശിക്കുന്നത്. അയാളുമായി സമ്പര്‍ക്കമുള്ളവരെല്ലാം അതിന് ഇരകളാവുകയാണ്. കുറ്റകൃത്യ രീതികള്‍ വായിച്ച് സമൂഹ മനസ്സ് കൂടുതല്‍ മലിനമാകുന്നു. അങ്ങനെ സമൂഹം തകര്‍ച്ചയിലേക്ക് നീങ്ങുന്നു. മനുഷ്യന്‍ പരസ്പരം ചോരചിന്തുകയും അന്യന്റെ ജീവനെടുക്കുകയും ചെയ്യുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കാനാണ് പൊതുസമൂഹത്തിന് താല്‍പര്യം. എത്രകാലം ഇതിങ്ങനെ തുടരുമെന്ന ചോദ്യം പ്രസക്തമാണ്.

അക്രമങ്ങളും കൊലപാതകങ്ങളും തുടരുമ്പോള്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ആര്‍ക്കുമാവില്ല. കുറ്റവാളിയെ പഴിച്ച് നേരംകളഞ്ഞതുകൊണ്ട് കാര്യമില്ല. ക്രിയാത്മകമായ ഇടപെടലാണ് ആവശ്യം. കുറ്റകൃത്യങ്ങള്‍ സാര്‍വ്വത്രികമാണെന്ന് കരുതി നിഷ്‌ക്രിയരാകരുത്. അക്രമങ്ങളും കൊലപാതകങ്ങളും കുറഞ്ഞ രാജ്യങ്ങളും സമൂഹങ്ങളും ലോകത്തുണ്ടെന്ന് ഓര്‍ക്കണം. അവിടെയയുള്ളതും മനുഷ്യരാണ്. കുറ്റകൃത്യങ്ങള്‍ തടയാന്‍ പരിഹാരങ്ങള്‍ ആലോചിക്കുന്നതിന് പകരം സംഭവങ്ങളുടെ ഗൗരവം കുറച്ചുകാണുകയാണ് നാം. സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകളും ട്രോളുകളും പ്രശ്‌നപരിഹാര സാധ്യതകളെ ഇല്ലാതാക്കുന്നു. ദുരന്തക്കാഴ്ചകളെ പരിഹാസ്യമായി ചിത്രീകരിക്കുകയാണ് സോഷ്യല്‍ മീഡിയ ചെയ്യുന്നത്.

സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന വ്യവസ്ഥിതി രൂപപ്പെടേതുണ്ട്. അക്കാര്യത്തില്‍ ഭരണകൂടങ്ങളും മത, സാമൂഹിക സംഘടനകളും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ പാലിക്കുന്ന ജാഗ്രത ഇവിടെയും ആവശ്യമാണ്. സര്‍ക്കാര്‍ തലത്തില്‍ സംഘടിതമായ നീക്കങ്ങളാണ് വേണ്ടത്. അര്‍ബുദം പോലെ സമൂഹത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്ന കുറ്റകൃത്യവാസന തുടച്ചുനീക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക തകര്‍ച്ചകളെക്കാള്‍ ദുരന്തപൂര്‍ണമായിരിക്കും സമൂഹത്തിന്റെ സാംസ്‌കാരിക തകര്‍ച്ച. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ വേണം. സ്‌കൂള്‍ പാഠ്യക്രമത്തില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ ശ്രദ്ധ പുലര്‍ത്തണം. വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാകണമെന്ന് പറയുന്ന ആവേശം ധാര്‍മികതയുടെ കാര്യത്തില്‍ ഉണ്ടാകാറില്ല. കാമ്പസുകളില്‍ വിവര കൈമാറ്റം മാത്രമാണ് നടക്കുന്നത്. ക്ലാസ് മുറികളില്‍ മനുഷ്യപറ്റുള്ള ചിന്തകള്‍ വിനിമയം ചെയ്യപ്പെടുന്നില്ല. നല്ല തൊഴില്‍ നേടുന്നതിലും പണമുണ്ടാക്കുന്നതിലും മാത്രമായി വിദ്യാഭ്യാസം ചുരുങ്ങുകയാണ്.

വിദ്യാഭ്യാസം പണത്തിനുവേണ്ടിയാകുമ്പോള്‍ ജീവിതലക്ഷ്യം സമ്പത്ത് കുന്നുകൂട്ടുന്നതില്‍ മാത്രമായി പരിമിതപ്പെടുന്നു. പണത്തിനപ്പുറം മറ്റൊന്നുമില്ലെന്ന ചിന്ത ശക്തമാകുമ്പോള്‍ ഭാര്യയെ പണം കായ്ക്കുന്ന മരമായി മാത്രമേ സൂരജുമാര്‍ക്ക് കാണാന്‍ സാധിക്കൂ. ധാര്‍മികതക്ക് വിലകല്‍പ്പിക്കാത്ത വിദ്യാഭ്യാസക്രമത്തിന്റെ ഉല്‍പന്നങ്ങളായ മക്കള്‍ മാതാപിതാക്കളെ പാഴ്‌വസ്തുക്കളായി കാണുന്നതില്‍ അത്ഭുതപ്പെടാനില്ല. സമ്പത്ത് കൊണ്ട് എല്ലാം വാങ്ങിക്കൂട്ടാമെന്ന തോന്നലാണ് സമൂഹത്തെ ബാധിച്ചിരിക്കുന്ന മറ്റൊരു മാറാരോഗം. പണമുണ്ടെങ്കില്‍ നല്ല ഭാര്യയെയും സ്വാഭാവ ഗുണമുള്ള ഭര്‍ത്താവിനെയും സ്വന്തമാക്കാമെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നു. സമ്പത്തിലൂടെ എല്ലാം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് വിലപ്പെട്ട മൂല്യങ്ങളും ജീവിത സ്വസ്ഥതയുമാണ്. സുഖഭോഗങ്ങളല്ല ജീവിതമെന്ന് ഇളംതലമുറ മനസ്സിലാക്കേണ്ടതുണ്ട്.
കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതില്‍ മതങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. കേവലം ആരാധനാ കര്‍മങ്ങള്‍ക്ക് മാത്രമുള്ളതാണ് മതമെന്ന് വിശ്വാസികള്‍ പോലും തെറ്റിദ്ധരിച്ച പോലെ തോന്നുന്നു. ജീവിതം ചിട്ടപ്പെടുത്താനും നന്മകള്‍ നട്ടുവളര്‍ത്താനും മതങ്ങള്‍ക്കല്ലാതെ സാധിക്കുകയില്ല. സമൂഹത്തെ കുറ്റകൃത്യങ്ങളില്‍നിന്ന് മുക്തമാക്കാന്‍ മതാചാര്യര്‍ ഉള്‍പ്പടെയുള്ളവരുമായി ആലോചിച്ച് സമഗ്ര സോഷ്യല്‍ പ്ലാനിങ് വേണം. ഭരണകൂടങ്ങള്‍ തന്നെയാണ് അതിന് മുന്നിട്ടിറങ്ങേണ്ടത്. ധാര്‍മിക മൂല്യങ്ങളുടെ പ്രചാരവും സംസ്‌കരണ പ്രവര്‍ത്തനങ്ങളും മതസംഘടനകള്‍ക്ക് മാത്രമായി വിട്ടുകൊടുത്ത് പൊതുസമൂഹം മാറിനില്‍ക്കരുത്. സന്താനശിക്ഷണത്തിന്റെ പ്രായോഗിക പാഠങ്ങള്‍ കുടുംബങ്ങളെ പരിശീലിപ്പിക്കണം. വീടും വിദ്യാലയവും ഒരുപോലെ ധാര്‍മികതയുടെ വിളഭൂമി ആകുമ്പോള്‍ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കൂ. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കുറ്റപ്പെടുത്തല്‍ മാത്രമാണ് നടക്കുന്നത്. എല്ലാവരും പരസ്പരം പഴിചാരുന്നു. കടമകളില്‍നിന്നും ചുമതലകളില്‍നിന്നും അകലുന്നു. ആത്മവിചിന്തനത്തിന് ഓരോരുത്തരും തയാറാകേണ്ടതുണ്ട്.

SHARE