ഡിസംബര്‍ ആറ് ‘ കേരളത്തിലേക്കുമോ

1992 ഡിസംബര്‍ ആറിനെ അനുസ്മരിപ്പിക്കുന്ന ചില ചിത്രങ്ങളുമായാണ് ഇന്നലെ കോവിഡ്കാലകേരളം പുലര്‍ന്നത്. എറണാകുളംജില്ലയിലെ ചരിത്രമുറങ്ങുന്ന കാലടിമണപ്പുറത്ത് സിനിമാചിത്രീകരണത്തിന്റെ ഭാഗമായി കെട്ടിയുണ്ടാക്കിയ ക്രിസ്ത്യന്‍പള്ളിയുടെ രൂപം ഏതാനുംപേര്‍ചേര്‍ന്ന് തകര്‍ക്കുന്ന ദൃശ്യങ്ങളായിരുന്നു അവ. ചുറ്റികഉപയോഗിച്ച് തകര്‍ക്കുന്ന ചര്‍ച്ചിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഞായറാഴ്ച വൈകീട്ട് 5.30നാണ് ഹരിപാലോട് എന്നയാള്‍ കേരളീയസമൂഹത്തിന്റെ മനസ്സാക്ഷിക്ക് മുന്നിലേക്കിട്ടുതന്നത്. ‘കാലടി മണപ്പുറത്ത് ഇത്തരത്തിലൊന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലമില്ല. പൊളിച്ചുകളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുകതന്നെവേണം’ എന്നാണ് ചിത്രങ്ങള്‍സഹിതമുള്ള ഫെയ്‌സ്ബുക് കുറിപ്പില്‍ എഴുതിവെച്ചിരിക്കുന്നത്. വികൃതമനസ്സിനുടമകളാണ് ഇത് ചെയ്തതെങ്കിലും സംഭവിച്ചത് കേരളത്തിലാണ്, പട്ടാപ്പകലാണ്.

അറിഞ്ഞവിവരങ്ങള്‍വെച്ച് അന്താരാഷ്ട്രഹിന്ദുപരിഷത്തിന് കീഴിലെ രാഷ്ട്രീയബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമികള്‍. ഞെട്ടിപ്പിക്കുന്നതെന്തെന്നാല്‍, ഫിലിംപ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മഹാശിവരാത്രി ആഘോഷസമിതിയും പരാതിനല്‍കി മണിക്കൂറുകള്‍ക്കുശേഷംമാത്രം ഇതില്‍ പൊലീസ്‌നടപടിയുണ്ടായി എന്നുള്ളതാണ്. സ്വച്ഛന്ദമായി ഒഴുകുന്ന കേരളത്തിന്റെ സര്‍വമതസാഹോദര്യത്തെ തകര്‍ക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ട് നടത്തിയ ഈ തറവേലക്ക് ബാബരി മസ്ജിദ് തകര്‍ച്ചയുമായി സമാനതകളുണ്ടായിട്ടും സംസ്ഥാനത്തെ ഇടതുപക്ഷസര്‍ക്കാരിന്റെ പൊലീസിന് കേസെടുക്കാന്‍പോലും 24 മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു എന്നറിയുമ്പോള്‍ ലജ്ജിക്കുകയേ നിവൃത്തിയുള്ളൂ.

ബേസില്‍ജോസഫ് സംവിധാനംചെയ്ത് ടൊവിനോ തോമസ് നായകനായി ചിത്രീകരിക്കുന്ന ‘മിന്നല്‍ മുരളി’ എന്നസിനിമയുടെ ഭാഗമായാണ് പ്രസ്തുത താല്‍കാലികകെട്ടിടം പണിതീര്‍ത്തിരുന്നത്. പള്ളിയുടെ രൂപം നില്‍ക്കുന്ന സ്ഥലം പെരിയാര്‍തീരത്തെ കാലടി മഹാദേവക്ഷേത്രത്തിന്റേതാണ്. ക്ഷേത്രക്കമ്മിറ്റി ഇതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. കോവിഡ്-19 സംബന്ധിച്ച് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ മാര്‍ച്ച്24ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചതോടെ ആ കലാരൂപം അവി െടതന്നെ നില്‍ക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ കഴിഞ്ഞശേഷം പള്ളിയുമായി ബന്ധപ്പെട്ട സിനിമാചിത്രീകരണത്തിന്റെ ബാക്കിഭാഗം ചിത്രീകരിക്കാമെന്നാണ് തീരുമാനിച്ചിരുന്നതത്രെ. ഇതിനിടെയാണ് ചെറിയപെരുന്നാള്‍ ദിവസംകൂടിയായ ഞായറാഴ്ചത്തെ ലോക്ക്ഡൗണ്‍ദിനത്തില്‍ പള്ളിയുടെ രൂപം അക്രമികള്‍ തകര്‍ത്തുകളഞ്ഞത്. അത് നിര്‍മിച്ചത് പ്ലൈവുഡും പ്ലാസ്റ്റര്‍ഓഫ് പാരീസും ചേര്‍ന്നായിരുന്നുവെന്നും ഏറിയാല്‍ നാലഞ്ചുമാസത്തെ ആയുസ്സേ അതിനുണ്ടാകുമായിരുന്നുള്ളൂവെന്നുമാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ചിത്രീകരണം കഴിഞ്ഞയുടന്‍ പൊളിച്ചുനീക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അതിനുപോലും ഇട നല്‍കാതെ ചിലരുടെ ഉള്ളിലുറഞ്ഞുകൂടിയിരിക്കുന്ന തീവ്രവര്‍ഗീയതയുടെ ദുര്‍ഭൂതം ചില സാമൂഹ്യദ്രോഹികളിലൂടെ പുറത്തേക്ക് വമിക്കുകയായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. സിനിമയുമായി ബന്ധപ്പെട്ട പലരും ക്രിസ്തീയമതവിശ്വാസികളാണെന്നതും അക്രമികളുടെ വര്‍ഗീയ അജണ്ടക്ക് കാരണമായിരിക്കണം.

രൂപം നിര്‍മിച്ചപ്പോള്‍ തന്നെ തങ്ങള്‍ പരാതി നല്‍കിയതാണെന്നും എന്നാല്‍ എതിര്‍പ്പ് വകവെക്കാതെ ക്ഷേത്രകമ്മിറ്റി അനുമതി നല്‍കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പറയുന്നത്. യാചിച്ച് ശീലമില്ലാത്തതിനാലാണ് താന്‍ ഉള്‍പെടെയുള്ളവര്‍ രൂപംപൊളിച്ചതെന്നും അക്രമി സംഘത്തിലൊരാള്‍ പറയുമ്പോള്‍ പിണറായിയുടെ കേരള ഭരണത്തിന്‍കീഴില്‍ തങ്ങള്‍ക്ക് എന്തുംനടത്താന്‍ കഴിയുമെന്ന തുറന്ന വെല്ലുവിളിയാണ് വര്‍ഗീയവാദികള്‍ നടത്തിയിരിക്കുന്നത്. ഏതാനുംചിലരുടെ വിക്രിയയാണ് ഇതെങ്കിലും സംഭവത്തിനുപിന്നില്‍ അടങ്ങിയിരിക്കുന്ന സന്ദേശവും സൂചനയും അത്യന്തം അപകടംനിറഞ്ഞതാണെന്ന് മതേതരവിശ്വാസികളാകെ സമ്മതിക്കും. കേരളത്തില്‍ ഉത്തരേന്ത്യയിലേതിന് വിപരീതമായ സാമൂഹിക അന്തരീക്ഷമാണ് കാലങ്ങളായി നിലനില്‍ക്കുന്നത്. ഇവിടുത്തെ സകലമതനേതൃത്വങ്ങള്‍ക്കും സാമൂഹികരാഷ്ട്രീയനേതാക്കള്‍ക്കും ഇതില്‍പങ്കുണ്ട്. അതേസമയം ഇവിടെ എങ്ങനെയെങ്കിലും ഹിന്ദുത്വവര്‍ഗീയതയുടെ വിഷംകലക്കി അധികാരംപിടിച്ചെടുക്കാമെന്ന ഗൂഢാലോചനയിലാണ് കേന്ദ്രത്തിലെ ഇപ്പോഴുള്ള രാഷ്ടീയാധികാരനേതൃത്വം.

പഠിച്ചതുപതിനെട്ടും ഇതിനായി അവര്‍ പയറ്റുന്നുണ്ടെന്ന് ആര്‍ക്കും അറിയാവുന്ന സത്യം മാത്രമാണ്. കാസര്‍കോട്ട് നിരപരാധിയായ മദ്രസാധ്യാപകനെ കൊലപ്പെടുത്തിയതും മലപ്പുറത്ത് ക്ഷേത്രത്തിലേക്ക് വിസര്‍ജാവശിഷ്ടം എറിഞ്ഞതും പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ വാതില്‍ തീവെച്ച് നശിപ്പിച്ചതും മുതല്‍ അടുത്തകാലത്തായി ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകളുമെല്ലാം കേരളം തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞിട്ടുള്ളതാണ്. തങ്ങളുടെ ഇംഗിതം ഫലിക്കാതായതോടെ പുതുവഴികള്‍ തേടുകയാണെന്നാണ് കാലടി സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. കര്‍സേവകരെന്ന ഓമനപ്പേരില്‍ ബാബരിമസ്ജിദിന്റെ പൗരാണികമകുടങ്ങളെ തല്ലിത്താഴെയിട്ടവരുടെ അതേമനസ്സുതന്നെയാണ് കാലടിയിലെ പ്രതികള്‍ക്കും. ഇവരെ ഇങ്ങനെ കയറൂരിവിട്ടവര്‍ ആരാണെന്നതിനെക്കുറിച്ച് വാഗ്വാദങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പിന്നില്‍ രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയകക്ഷിയാകുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. സംഘപരിവാരം എന്ന പേരില്‍ നിരവധി വര്‍ഗീയവേതാളസംഘടനകളുടെ സ്വന്തം കുടക്കീഴില്‍ കൊണ്ടുനടക്കുന്ന ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ നിരപരാധിത്വം നടിക്കാന്‍ യാതൊരവകാശവുമില്ല. പശുവിന്റെ പേരില്‍ മുസ്്‌ലിംകളെയും ദലിതുകളെയും തെരുവോരങ്ങളിലിട്ട് കൊന്നൊടുക്കുമ്പോള്‍ രാജ്യം ഭരിക്കുന്നത് ആ വര്‍ഗീയക്കശ്മലന്മാര്‍ക്ക് ഓശാനപാടുന്നവരാണെന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. പക്ഷേ കേരളത്തിന്റെ കാര്യത്തില്‍ ഇവിടം കൊണ്ടൊന്നും ഈ വിഷയം അവസാനിക്കുന്നില്ല. കാലടിസംഭവത്തിന്റെ ഉത്തരവാദിത്വം സാമൂഹ്യദ്രോഹികളുടെ പിടലിക്കിട്ട് രക്ഷപ്പെടാമെന്ന് ബി.ജെ.പിയെ പോലെതന്നെ ഇടതുമുന്നണി സര്‍ക്കാരും വ്യാമോഹിക്കേണ്ടതില്ല.

ഇന്നലെ രാവിലെ 11മണിക്ക്് നാലാം മന്ത്രിസഭാവാര്‍ഷികത്തോടനുബന്ധിച്ച് വാര്‍ത്താസമ്മേളനം വിളിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വന്ന വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പ്. ഇത്തരത്തിലൊരു നീചസംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാന്‍ നിര്‍ദേശിക്കുന്നതിനുപകരം മുഖ്യമന്ത്രി ചെയ്തത് കേരളത്തിന്റെ മതസൗഹാര്‍ദത്തെക്കുറിച്ച് വാചാലനാകുകയായിരുന്നു. ഇതപ്പര്യന്തമായി കേരളത്തിലെ ഇടതുമുന്നണിയും അവരുടെ സര്‍ക്കാരുകളും ഹിന്ദുത്വവര്‍ഗീയശക്തികളുടെ കാര്യത്തില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഇരട്ടത്താപ്പാണ് ഇതിലൂടെ ഒരിക്കല്‍കൂടി അനാവൃതമായിരിക്കുന്നത്. ശശികലടീച്ചറും ഗോപാല-രാധാകൃഷ്ണന്മാരുമെല്ലാം കേരളത്തില്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയമസ്തിഷ്‌കപ്രക്ഷാളനത്തിന് അടിയറവെക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് കേരളത്തിലെ പ്രബുദ്ധജനത ആവര്‍ത്തിക്കുമ്പോഴും നാലുവോട്ടിനുവേണ്ടി തരാതരംനോക്കി വര്‍ഗീയതയുടെ മെയ്‌വഴക്കം കാട്ടുന്ന ഇടതുമുന്നണിയുടെയും വിശിഷ്യാ സി.പി.എമ്മിന്റെയും നയത്തിന്റെ ഭാഗമാണ് മുസ്്‌ലിംകള്‍ക്കെതിരെ നേരിയൊരാരോപണം വരുമ്പോഴേക്കും പൊലീസിനെക്കൊണ്ട് ചാടിവീഴുന്നഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രിയും പൊലീസും. ഇതിലൊക്കെ ഭീതിതമായത് മലയാളസാംസ്‌കാരിക ലോകത്തിന്റെ ഇന്നലത്തെ അര്‍ത്ഥഗര്‍ഭമായ മൗനംകൂടിയാണ്. കാലടിയിലെ തകര്‍ന്ന സിനിമാസെറ്റ് കലയ്‌ക്കെതിരെയുള്ള വെറുമൊരുപ്രതീകമല്ലെന്നും കേരളത്തിലെ മതാരാധനാലയങ്ങള്‍ക്കെതിരെയുള്ള റിഹേഴ്‌സലാണെന്നും ഇനിയും തിരിച്ചറിയാത്തവരുണ്ടെങ്കില്‍ കേഴുക മലനാടേ എന്നേ പറയാനുള്ളൂ .

SHARE