പീഡിത

പാതിവ്രത്യത്തില്‍ സംശയം തോന്നി രാജരാമപത്‌നി സീതയെ കാട്ടിലേക്കയച്ച കഥയുണ്ട് പുരാണത്തില്‍. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിക്കേണ്ട രാജ്യത്തെ ഒരു സ്ത്രീക്ക് ആധുനികഭാരതത്തില്‍ സഹിക്കേണ്ടിവരുന്നത് മഹാമാരികാലത്തും അതേ കല്‍തുറുങ്ക്. അതും അതേമതത്തിന്റെ പേരില്‍ അധികാരത്തിലേറിയവര്‍ ചാര്‍ത്തിയകേസില്‍. ഡല്‍ഹി ജാമിഅമില്ലിയ സര്‍വകലാശാലാ എം.എഫില്‍ ഗവേഷകവിദ്യാര്‍ത്ഥിയും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാവുമായ 27കാരി സഫൂറസര്‍ഗാറാണ് കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന രാജ്യതലസ്ഥാനത്തെ തിഹാര്‍ജയിലില്‍ ഈ പുണ്യറമസാന്‍നാളുകളില്‍ തീതിന്നുകഴിയുന്നത്. തനിച്ചല്ല, ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്ന മൂന്നുമാസംമാത്രം പ്രായമായ ജീവനുമൊത്ത്. സഫൂറയുടെയും നാടിന്റെയും മതേതരത്വത്തിന്റെയും ശത്രുക്കള്‍ എന്നിട്ടും അടങ്ങുന്നില്ല. പാതിവ്രതത്തിന്റെ കൂര്‍ത്തകുന്തമുനകള്‍കൂടി അവള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വലിച്ചെറിയുകയാണ് രാജ്യത്തെ വര്‍ഗീയക്കശ്മലന്മാരിപ്പോള്‍.

ഏപ്രില്‍പത്തിനാണ് സഫൂറസര്‍ഗാറിനെ ഡല്‍ഹിയിലെ കേന്ദ്രസര്‍ക്കാരിന്റെ പൊലീസ് അറസ്റ്റുചെയ്തുകൊണ്ടുപോയത്. ഡല്‍ഹി ജാഫറാബാദില്‍ പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വംനല്‍കിയെന്നാണ് കുറ്റം. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ഭരണഘടനാപ്രകാരം അവകാശമുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് പ്രതിഷേധക്കാരിലൊരാളെ ജയിലിടക്കുന്നതെന്ന ചോദ്യത്തിന് കേന്ദ്രഭരണക്കാരുടെ കയ്യിലുള്ള മറുപടി ഡല്‍ഹികലാപത്തിന് അത് വഴിവെച്ചുവെന്ന നുണക്കഥയാണ്. ജാഫറാബാദ് മെട്രോസ്‌റ്റേഷനില്‍ ഫെബ്രുവരി22ന് നടന്ന പൗരത്വപ്രക്ഷോഭത്തിലേക്ക് ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും അക്രമികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്നതാണ് സത്യം. സഫൂറയെയും അവരുടെ സഹപാഠികളെയും ഡല്‍ഹി ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ഇസ്‌ലാം ഖാനെയും പിടിച്ചുകൊണ്ടുപോകുന്നതിന് പറയുന്നകാരണം അമ്പതിലധികം മുസ്‌ലിംകള്‍ അരുംകൊലചെയ്യപ്പെട്ട ഡല്‍ഹി വംശീയാക്രമാണെന്നതാണ് കേസിലെ വൈരുദ്ധ്യം. അറസ്റ്റുചെയ്യപ്പെടുന്ന സമയത്തുതന്നെ സഫൂറ ഗര്‍ഭിണിയാണെന്ന് പൊലീസിന് അറിയാമായിരുന്നു. പക്ഷേ രേഖകളില്‍ അതുള്‍പ്പെടുത്തിയില്ല. ഗര്‍ഭിണിയെ അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ലെന്നതായിരുന്നു കാരണം. തെളിവുകള്‍ പൊലീസിന് സഫൂറ നല്‍കിയതാണ്.

ഏപ്രില്‍13ന് ജാമ്യം കിട്ടുമെന്നുറപ്പായതോടെ പക്ഷേ രാജ്യത്തെ ഭീകരനിയമമായ യു.എ.പി.എ ചുമത്തുകയായിരുന്നു . എന്നുവിട്ടുകിട്ടുമെന്ന് ആര്‍ക്കും പറയാനാകാത്ത അവസ്ഥയാണ്. യു.എ.പി.എ കേസുകളില്‍ മഹാഭൂരിപക്ഷവും മുസ്്‌ലിംകളാണെന്നതും വിചാരണകൂടാതെ വര്‍ഷങ്ങളായി തടവില്‍കഴിയുകയാണെന്നതും ഓര്‍ക്കുമ്പോള്‍ സഫൂറയുടെയും കുഞ്ഞിന്റെയും ഭാവിയെക്കുറിച്ചും ജനാധിപത്യസമാധാനവാദികളില്‍ വലിയആശങ്ക ഉയരുന്നു. മുസ്്‌ലിംകളൊഴികെയുള്ള മതക്കാര്‍മാത്രം പൗരത്വത്തിനായി ഇന്ത്യയിലേക്ക് വന്നാല്‍മതിയെന്ന് നിയമമുണ്ടാക്കിയ (സി.എ.എ)അതേ മന:സ്ഥിതിതന്നെയാണിതിന് പിന്നില്‍. ഇപ്പോഴുംബി.ജെ.പി നേതാവ് കപില്‍മിശ്രയുടേതടക്കം പുറത്തുവന്ന സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ നിറഞ്ഞുതുളുമ്പുന്നത് അവരുടെ കെട്ടമനസ്സുകളാണ്. സഫൂറ അവിവാഹിതയാണെന്നായിരുന്നു ഒരു ബി.ജെ.പിക്കാരന്റെ പോസ്റ്റ്. ഗര്‍ഭനിരോധന ഉറ എത്തിച്ചുകൊടുക്കണമെന്ന് മറ്റൊരു വികൃതജീവി. ഇതിനെതിരെ ഗവേഷകരും അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കമുള്ള വലിയൊരുസമൂഹം ജാതിമതഭേദമെന്യേ രംഗത്തുവന്നിട്ടും കമാന്നനങ്ങാന്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പൊലീസിനും വനിതാകമ്മീഷനും ആവുന്നില്ല.

ഇതേക്കുറിച്ചൊന്നും പ്രതികരിക്കാനുളള നിലവാരത്തിലുള്ളവരല്ല സഫൂറയും കുടുംബവും. അവര്‍ പറയുന്നത് ഇപ്പോഴും തങ്ങള്‍ക്ക് നീതിപീഠത്തില്‍ വിശ്വാസമുണ്ടെന്നാണ്. മൂന്നാഴ്ചത്തേക്കാണ് മെയ്ഏഴിന് വീണ്ടും സഫൂറയെ ജാമ്യംനിഷേധിച്ച് ജയിലിലാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച സഫൂറയുമായി നാലുസെക്കന്റ് സംസാരിച്ചതായും മാതാപിതാക്കളെക്കുറിച്ച് അന്വേഷിച്ചതായും ഭര്‍ത്താവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ‘ഇതിനൊക്കെ മറുപടി പറഞ്ഞ് മാന്യത കളയാനില്ല’ എന്നാണ് പേരുവെളിപ്പെടുത്താതെ സഫൂറയടെ ഭര്‍ത്താവ് പറഞ്ഞത്. കോവിഡ്-19കാരണം യാതൊന്നും ജയിലിനകത്തേക്ക് അനുവദിക്കുന്നില്ല. ഗര്‍ഭാവസ്ഥയുടെ ആദ്യമാസങ്ങളില്‍ അനുഭവപ്പെടാറുള്ള ഛര്‍ദിയാണ് അലട്ടുന്നതെന്ന് യുവാവ് പറയുന്നു. നീതിനിഷേധിക്കപ്പെട്ട ഭാരതസ്ത്രീയുടെ രോദനം ഭരണകൂടത്തെ അട്ടിമറിച്ചിട്ടുള്ള പുരാണകഥ ഇവരാരും വായിച്ചുകാണില്ലേ! ജമ്മുകശ്മീരിലെ കിസ്ത്വാറിലാണ് സഫൂറയുടെ ജനനം.സൂഫിഉറഹ്്മാനാണ് പിതാവ്. കമ്യൂണിക്കേഷന്‍, മാര്‍ക്കറ്റിംഗ്‌രംഗമാണ് ഇഷ്ടമെന്ന് പറയുന്ന സഫൂറ വെല്ലുവിളികളും ഇഷ്ടമാണെന്നാണ് പ്രൊഫൈലില്‍ കുറിച്ചിരിക്കുന്നത്. തത്കാലം അതിനവര്‍ക്ക് കഴിയട്ടെ എന്നാശംസിക്കാം!

SHARE