കോവിഡ് പ്രതിരോധമുഖത്തെ കറുപ്പും വെളുപ്പും

2015ല്‍ ലോകപ്രശസ്ത ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ഡാനിയല്‍ ബെറെഹുലകിന് പുലിസ്റ്റര്‍ സമ്മാനം നേടിക്കൊടുത്തത് പശ്ചിമാഫ്രിക്കയില്‍നിന്നുള്ള എബോള ദൃശ്യങ്ങളായിരുന്നു. സിയാറ ലിയോണ്‍, ലൈബീരിയ, ഗിനിയ എന്നീ രാജ്യങ്ങളില്‍ 11,300ലേറെ പേരുടെ മരണത്തിന് കാരണമായ മാഹാമാരിയുടെ ദയനീയ ദൃശ്യങ്ങളാണ് അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയത്. എബോള മരണങ്ങള്‍ സംഭവിച്ച വീടുകളില്‍ ചെന്നും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരോടൊപ്പം സഞ്ചരിച്ചും ബെറെഹുലക് എടുത്ത ഫോട്ടോകള്‍ എബോളയുടെ ഭീകരതയിലേക്ക് വിരല്‍ചൂണ്ടുന്നവയായിരുന്നു.

2014ല്‍ ആഫ്രിക്കയിലെ ചുരുക്കം രാജ്യങ്ങളില്‍ മാത്രമായി ഒതുങ്ങിയ എബോളയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പാശ്ചാത്യ മാധ്യമങ്ങള്‍ കൊഴുപ്പുകൂട്ടിയത് ബെറെഹുലകിനെ പോലുള്ളവരുടെ ഫോട്ടോകള്‍ ഉപയോഗിച്ചാണ്. ദാരിദ്ര്യം ചോര്‍ന്നൊലിക്കുന്ന വീടുകളിലും തെരുവുകളിലും അനാഥമായി ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങളുടെയും ഹസ്മറ്റ് സ്യൂട്ടുകള്‍ ധരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെയും ഫോട്ടോകളാണ് എബോളയുടെ പ്രതീകങ്ങളായി അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്താകമാനം പടര്‍ന്നുപിടിച്ച കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പക്ഷെ, ഒരിടത്തുപോലും എബോള മോഡല്‍ ഫോട്ടോകള്‍ കാണില്ല. പകരം ആംബുലന്‍സുകളുടെയും സ്‌ട്രെച്ചറുകളുടെയും ഫോട്ടോകളാണ് കോവിഡ് ഭീകരത ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്നത്. മരണനിരക്കിന്റെ ഗ്രാഫിക്‌സുകളിലും ഔദ്യോഗിക കണക്കുകളിലും മാത്രമായി വാര്‍ത്തകള്‍ ഒതുങ്ങുകയും ചെയ്യുന്നു.

ദുരിതങ്ങളെയും മരണങ്ങളെയും രണ്ട് കണ്ണോടെ കാണുന്ന വംശീയതയുടെ വികൃതമുഖമാണ് ഇവിടെ മറനീക്കുന്നത്. പാശ്ചാത്യ ലോകത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയിലുമെല്ലാം തൊലിവെളുപ്പിന്റെയും വംശീയതയുടെയും നിറഭേദങ്ങള്‍ പ്രകടമാണ്. സാമ്പത്തിക, സാമൂഹിക, ശാസ്ത്രീയ മുന്നേറ്റങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള ശക്തികളുടെ പൊയ്മുഖങ്ങളാണ് കോവിഡിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്. വെള്ളക്കാരന്റെ ബുദ്ധിയും ശക്തിയുമാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്ന് മേനിനടിക്കുന്ന വര്‍ണവെറിയന്‍ മന:സ്ഥിതിയുടെ മുനയൊടിയുകയും ചെയ്തു. വികസ്വര രാജ്യങ്ങള്‍ക്ക് രോഗവ്യാപനത്തെ ഏറെക്കുറെ ഫലപ്രദമായി തടയാന്‍ സാധിച്ചപ്പോള്‍ വികസിത രാഷ്ട്രങ്ങള്‍ പകച്ചുനില്‍ക്കുകയായിരുന്നു.

അമേരിക്കയിലും ബ്രിട്ടനിലും കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ ഏറെയും കറുത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശജരുമാണെന്ന പ്രചാരണം ശക്തമാണ്. വെള്ളക്കാരെക്കാള്‍ കറുത്തവര്‍ഗക്കാരില്‍ മരണസാധ്യത കൂടുതലാണെന്ന്് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്(ഒ.എന്‍.എസ്്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തുകൊണ്ടാണ് കറുത്തവര്‍ഗക്കാര്‍ ഇത്രയേറെ കോവിഡിന് ഇരകളാകുന്നതെന്ന ചോദ്യം ബ്രിട്ടീഷ് രാഷ്ട്രീയ സമൂഹത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ലോകത്തെ മരണശയ്യയിലേക്ക് തള്ളിയ രോഗത്തെ പിടിച്ചുകെട്ടുന്നതിന് പകരം എന്തിനാണിത്ര ധൃതിപ്പെട്ട് മരിക്കുന്നവരുടെയും വൈറസ് ബാധിതരുടെയും വംശവും തൊലിനിറവും ലിംഗവും തരംതിരിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്.

നൂറ്റാണ്ടുകളായി പാശ്ചാത്യ ലോകത്ത് വേട്ടയാടപ്പെടുന്ന ആഫ്രിക്കന്‍ വംശജരായ കറുത്ത വര്‍ഗക്കാര്‍ക്ക് ആശുപത്രികളില്‍ മതിയായ ചികിത്സയും പരിഗണനയും കിട്ടുന്നില്ല. പക്ഷെ, അക്കാര്യത്തെക്കുറിച്ച് ഒ.എന്‍.എസ് റിപ്പോര്‍ട്ട് മൗനം പാലിക്കുകയാണ്. പകരം ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ഘടകങ്ങളാണ് കറുത്തവര്‍ഗക്കാരെ അതിവേഗം കോവിഡ് ബാധിതരാക്കിയതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ദോശകരമായ ഈ ന്യായീകരണങ്ങള്‍ക്കപ്പുറം വംശീയതയുടെ ചില ഒളിയമ്പുകള്‍ കൂടി ഈ റിപ്പോര്‍ട്ടിലുണ്ട്. വെള്ളക്കാര്‍ക്ക് കറുത്തവര്‍ഗക്കാരെക്കാള്‍ രോഗപ്രതിരോധ ശേഷിയുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമം കൂടിയായി വേണം അതിനെ കാണാന്‍. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഏഷ്യന്‍ വംശജരെയും പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങളുടെ കൂട്ടത്തില്‍ ബ്രിട്ടീഷ് ഏജന്‍സി എണ്ണിയിട്ടുണ്ട്.

അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വളരെ കുറവാണ്. അമേരിക്കയില്‍ 85,000 പേരും ബ്രിട്ടനില്‍ 33,000ത്തിലേറെ പേരും കോവിഡ് ബാധിച്ച് മരിച്ചപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മൊത്തം 2500 പേരാണ് മരണപ്പെട്ടത്. ആഫ്രിക്കക്ക് വിപുലമായ ആരോഗ്യസംവിധാനങ്ങളില്ലെങ്കിലും വൈറസ് വ്യാപനം കൈവിട്ടുപോകാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

പക്ഷെ, ആഫ്രിക്കയില്‍ കോവിഡ് വൈറസ് സുനാമിയെപ്പോലെ ആഞ്ഞടിക്കാനിരിക്കുന്നുവെന്നാണ് പാശ്ചാത്യ പ്രചാരണം. ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ)യുടെ മുന്നറിയിപ്പും ആ വഴിക്കാണ്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കോവിഡിനെ പോലൊരു മഹാമാരിയെ നേരിടുള്ള ശേഷിയില്ലെന്നത് ശരിയാണ്. എന്നാല്‍ സമ്പത്തിനപ്പുറം മറ്റു പലതുമാണ് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നതെന്ന യാഥാര്‍ത്ഥ്യം കാണാതിരിക്കാനാവില്ല. എബോളയുടെ കാര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പുലര്‍ത്തിയ ജാഗ്രത തന്നെ ഉദാഹരണം.

ചൈനയിലെ വുഹാനില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന രോഗം ലോകത്താകമാനം വ്യാപിച്ചതിന് ആരാണ് ഉത്തരവാദി? രാജ്യാതിര്‍ത്തികളും ഭൂഖണ്ഡങ്ങളും കടന്നുപോകാതെ എബോളയെ പിടിച്ചുനിര്‍ത്തിയതിന് കറുത്തവന്റെ പ്രാഗത്ഭ്യത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ഇതൊന്നും അംഗീകരിക്കാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ തയാറല്ല. എബോളയുടെ പടം പിടിക്കാന്‍ ആഫ്രിക്കയിലേക്ക് അയച്ച ഫോട്ടോഗ്രാഫര്‍മാരെ സ്വന്തം രാജ്യത്ത് ക്യാമറയെടുക്കാന്‍ അവര്‍ അനുവദിക്കില്ല. കാരണം അമേരിക്കക്കാരന്റെയും യൂറോപ്യന്റെയും കണ്ണീര് പകര്‍ത്തിയെടുത്ത് വിളമ്പാന്‍ അവര്‍ക്ക് ആവേശം കുറവാണ്. പാശ്ചാത്യ ലോകത്ത് കോവിഡ് ബാധിതനായ വെള്ളക്കാരനോടും കറുത്തവര്‍ഗക്കാരനോടുള്ള സമീപനത്തിലും വ്യത്യാസമുണ്ട്.

ബ്രിട്ടനിലെന്ന പോലെ അമേരിക്കയിലും വെള്ളക്കാരെക്കാള്‍ കൂടുതല്‍ കോവിഡ് ബാധിക്കുന്നതും മരിക്കുന്നതും കറുത്തവര്‍ഗക്കാരാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷിയിലുള്ള ഏറ്റക്കുറച്ചിലല്ല അതിന് കാരണം. ആഫ്രിക്കന്‍ വംശജര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെയും അവഗണനയുടെയും മുള്ളുകളാണ് ഇവിടെ പ്രധാന വില്ലന്‍. അമേരിക്കയിലെ കുറത്തവര്‍ഗക്കാരില്‍ ഭൂരിഭാഗവും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരാണ്. അത്തരമൊരു സാഹചര്യത്തില്‍ അവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും ലഭിക്കുന്നില്ല. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കും നില്‍ക്കുന്ന അവര്‍ അര്‍ഹിക്കുന്ന ശ്രദ്ധയും പരിഗണനയും കിട്ടാതെ ഒറ്റപ്പെട്ടുപോകുകയാണ്.

മരണമുഖത്തും വിദ്വേഷത്തിന്റെ അഴുക്കുഭാണ്ഡം മാറ്റിവെക്കാന്‍ ചിലര്‍ ഇനിയും തയാറായിട്ടില്ലെന്ന് തോന്നുന്നു. ഈസ്റ്റര്‍ കാലത്ത് ക്രിസ്ത്യാനികള്‍ക്ക് ബാധകമായ സാമൂഹിക അകലം റമസാനില്‍ മുസ്്‌ലിംകള്‍ക്കും നിര്‍ബന്ധമാക്കണമെന്ന് ശാഠ്യം പിടിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മനസ്സില്‍ വിദ്വേഷത്തിന്റെ വ്രണം പൊട്ടിയൊലിക്കുന്നുണ്ടെന്ന് വ്യക്തം. കോവിഡിനെ തോല്‍പ്പിക്കാന്‍ ക്രിസ്ത്യാനിയും മുസ്്‌ലിമും കൈകോര്‍ത്തിരിക്കുമ്പോഴാണ് മതവിദ്വേഷം ഊതിക്കത്തിക്കാന്‍ ലോകത്തെ ഒരു പ്രമുഖ രാജ്യത്തിന്റെ ഭരണാധികാരി ശ്രമിക്കുന്നത്. രോഗവ്യാപനത്തിന്റെ ഉത്തരവാദിത്തം ചില വിഭാഗങ്ങളുടെ തലയില്‍ മാത്രം കെട്ടിവെക്കാനും ഇടക്കാലത്ത് ചില ഭരണാധികാരികള്‍ വിഫലശ്രമം നടത്തി. വിഭാഗീയമായ ഇത്തരം നീക്കങ്ങള്‍ കോവിഡിനെക്കാള്‍ ഭീകരമാണ്. മഹാമാരികളെ തോല്‍പ്പിക്കണമെങ്കില്‍ മതത്തിനും ജാതിക്കും വംശീയതക്കുമപ്പുറം മനുഷ്യസമൂഹത്തെ വിശാലമായി ഉള്‍ക്കൊള്ളുന്ന നിശ്ചയദാര്‍ഢ്യമാണ് ആവശ്യം. ലോകത്തെ അതുകൂടി പഠിപ്പിച്ചായിരിക്കും കോവിഡ് തിരോഭവിക്കുക.

SHARE