ചില സ്ഥാനലബ്ധികള്‍ അപകീര്‍ത്തികരമായി തീരുന്ന സാഹചര്യങ്ങളുണ്ട്. അത്തരം സ്ഥാനങ്ങള്‍ വേണ്ടെന്ന് വെക്കുകയാണ് സാധാരണഗതിയില്‍ മഹത്വമുള്ളവര്‍ ചെയ്യുന്നത്. സ്ഥാനം സ്വീകരിക്കണമോ വേണ്ടയോ എന്നത് വൈയക്തിക വിഷയമാണെന്ന് വാദത്തിന് വേണ്ടി പറയാമെങ്കിലും. എന്നാല്‍ അത് ഒരു സംവിധാനത്തിന്റെയും തന്റെ തന്നെ മുന്‍ തീരുമാനങ്ങളുടേയും വിശ്വാസ്യതയെ റദ്ദ് ചെയ്യുന്നതാണെങ്കില്‍ സ്ഥാനലബ്ധികൊണ്ട് സ്വയം കളങ്കപ്പെടുന്നതിനാകും ഇടയാക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സാഹചര്യം അസാധാരണമാണെന്ന് വിവക്ഷിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ തലവനായിരുന്ന ഒരാളെ വിരമിച്ച് ഏറെ നാളുകള്‍ കഴിയുന്നതിന് മുമ്പ് തികച്ചും വിഭിന്നമായ മറ്റൊരു മേഖലയിലേക്ക് ഭരണകൂടം നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍, പൊതുജനങ്ങള്‍ സംശയങ്ങള്‍ ഉന്നയിച്ചാല്‍ തെറ്റുപറയാനാകില്ല. ഭരണകൂടം വെച്ചുനീട്ടുന്ന അധികാരത്തിന്റെ അപ്പകഷ്ണങ്ങള്‍ക്ക് വേണ്ടി ന്യായാധിപന്മാര് കാത്തു നില്‍ക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തകര്‍ക്കും. ഒന്നും രണ്ടും മോദി സര്‍ക്കാരുകളുടെ കാലത്ത് നിരവധി രാഷ്ട്രീയ കേസുകളില്‍ വിധി പറഞ്ഞ ന്യായാധിപന് ആ ഭരണകൂടം കനിഞ്ഞു നല്കിയ അധികാരക്കസേരയില്‍ ആത്മാഭിമാനത്തോടെ അമര്ന്നിരിക്കാനാകുമോ.
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി നേതാവായിരുന്ന അരുണ്‍ ജെയ്റ്റ്ലി നടത്തിയ ഒരു പരാമര്‍ശം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വിരമിക്കുന്നതിന് മുമ്പ് പറയുന്ന വിധികളെ വിരമിക്കലിന് ശേഷം കിട്ടാവുന്ന ജോലികള്‍ സ്വാധീനിക്കുമെന്നായിരുന്നു ജെയ്റ്റ്ലിയുടെ വാക്കുകള്‍. നിയമം അറിയുന്നവരും നിയമമന്ത്രിയെ അറിയുന്നവരും എന്ന നിലയില്‍ രണ്ട് തരക്കാരായ ജഡ്ജിമാരാണുള്ളതെന്ന് കൂടി അദ്ദേഹം പറഞ്ഞു. രഞ്ജന്‍ ഗോഗോയ് ഇതില്‍ ഏത് വിഭാഗത്തില്‍ പെടുമെന്ന് കാലമാണ് തെളിയിക്കേണ്ടത്.
ജനാധിപത്യത്തിന് കരുത്ത് നല്കിയ പാരമ്പര്യമാണ് ഇന്ത്യന്‍ ജുഡീഷ്യറിക്കുള്ളത്. നീതിപീഠത്തിലുള്ള ഉറച്ച വിശ്വാസം ജനങ്ങളില്‍ അചഞ്ചലമാക്കുന്നതില് വിജയം നേടിയിട്ടുണ്ട് ഇന്ത്യന്‍ ജുഡീഷ്യറി. അത് തകരുമ്പോള്‍ തകര്‍ന്നു പോകുക ആത്യന്തികമായി ജനാധിപത്യം തന്നെയാകും. ജനാധിപത്യത്തെ വകവരുത്താന്‍ പല നിലയ്ക്ക് ഗുഢാലോചനകള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കേ, അവസാന അത്താണിയാണ് ജുഡീഷ്യറി. അതിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന നിലപാടെടുക്കുന്നവര്‍ ഗൂഢാലോചനക്ക് കൂട്ടുനില്ക്കുന്നുവെന്നേ പറയാനാകൂ.
ജഡ്ജിമാരില്‍ ഒരു വിഭാഗം പക്ഷപാതപരമായും ഭാവിയിലേക്ക് നോക്കിയുമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന ജസ്റ്റീസ് കുര്യന് ജോസഫിന്റെ വാക്കുകള്‍ ഉറക്കെ മുഴങ്ങേണ്ടതുണ്ട്. 2018ല്‍ രാജ്യത്തെ ഞെട്ടിച്ച് കോടതിയില്‍ നിന്ന് ഇറങ്ങിവന്ന് പത്രസമ്മേളനം നടത്തിയ ആളാണ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്. അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്കെതിരെയായിരുന്നു പത്രസമ്മേളനം. അന്ന് ഒപ്പമുണ്ടായിരുന്നവരായിരുന്നു ജസ്റ്റീസുമാരായ കുര്യന് ജോസഫും മദന്‍ ബി ലോകൂറും. രണ്ട് പേരും ഇപ്പോള്‍ ജസ്റ്റീസ് ഗൊഗോയെ വിമര്‍ശിക്കുകയാണ്. ഉപകാര സ്മരണക്കായി എന്തെങ്കിലും പദവി ലഭിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്ര വേഗം പ്രതീക്ഷിച്ചില്ലെന്നുമാണ് ജസ്റ്റീസ് മദന്‍ ബി ലോകൂര്‍ പ്രതികരിച്ചത്. പത്രസമ്മേളനത്തിന് ശേഷം രാജ്യത്തോടുള്ള കടമ നിറവേറ്റിയെന്ന് പ്രസ്താവന ഇറക്കിയ അദ്ദേഹത്തിന് എങ്ങനെ അതെല്ലാം മറക്കാന്‍ സാധിക്കുന്നുവെന്ന് ജസ്റ്റീസ് കുര്യന് ജോസഫും ആശ്ചര്യപ്പെടുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിമര്‍ശനമുന്നയിക്കുമ്പോഴും സ്ഥാനം ഏറ്റെടുത്ത ശേഷം മറുപടി നല്‍കുമെന്ന് ഒഴുക്കന്‍ വാദത്തില്‍ തൂങ്ങിനില്ക്കുകയാണ് ജസ്റ്റീസ് ഗൊഗോയ്.
വിരമിക്കുന്നതിന് തൊട്ടുമുമ്പ് രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കേസുകളില്‍ വിധി പറഞ്ഞത് ജസ്റ്റീസ് ഗൊഗോയ് ആണ്. അസ്സമിലെ എന്‍.പി.ആര് കേസിലും കശ്മീര്‍ വിഷയത്തിലും അദ്ദേഹമടങ്ങിയ ബെഞ്ചിന്റെ വിധി വിമര്ശനമുണ്ടായിക്കിയിരുന്നു. ശബരിമല കേസ് വിശാല ബഞ്ചിന് വിട്ടതും ബാബ്റി മസ്ജിദ് കേസില്‍ വിധി പറഞ്ഞതും ജസ്റ്റീസ് ഗൊഗോയ് ഉള്‍പ്പെട്ട ബഞ്ചാണ്. റഫേല്‍, സി.ബി.ഐ ഡയറക്ടര്‍, ഇലക്ടറല്‍ ബോണ്ട്് തുടങ്ങി സര്‍ക്കാര്‍ പ്രതികൂട്ടിലായ കേസുകളും കൈകാര്യം ചെയ്തത് ജസ്റ്റീസ് ഗൊഗോയ് അടങ്ങിയ ബഞ്ചാണ്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ കേസുകളില്‍ വിവരങ്ങള്‍ മുദ്ര വെച്ച കവറില്‍ നല്കാന് ആവശ്യപ്പെട്ട ജസ്റ്റീസ് ഗൊഗോയിയുടെ നിലപാട് കോടതി നടപടികളെ ഗുപ്തമാക്കിയെന്ന ആക്ഷേപത്തിന് ഇടവരുത്തിയിരുന്നു. രാഷ്ട്രീയമായി ഏറെ കോളിളക്കമുണ്ടാക്കിയ റഫേല്‍ കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാണ് കേസ് അവസാനിച്ചത്. കാവല്ക്കാരന് കള്ളനാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന റഫേല്‍ കേസിനെ മുന്‍നിര്‍ത്തിയായിരുന്നു. കേസിലെ അനുകൂല വിധി ബി.ജെ.പിക്ക് നല്കിയ ആശ്വാസം ചെറുതായിരുന്നില്ല.
ഇപ്പോള്‍ ഈ കേസുകളിലെ നിക്ഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നുവെങ്കില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. ട്രിബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട റോജര്‍ മാത്യു കേസില്‍ ജസ്റ്റീസ് ഗൊഗോയിയുടെ ബഞ്ചിന്റെ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. പുനര്‍നിയമനത്തിന് സാധ്യതയുണ്ടെങ്കില്‍ ട്രിബ്യൂണല്‍ അംഗങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നായിരുന്നു വിധിയിലെ നിരീക്ഷണം.
കോടതികളെ കേന്ദ്ര ഭരണകൂടം പല നിലയ്ക്ക് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണം കൂടുതല്‍ കൂടുതല്‍ ബലപ്പെടുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ നടന്ന രണ്ട് നിയമനങ്ങള്‍- മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സുനില്‍ ഗൗര്‍ വിരമിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍മാനായത്. റഫേല്‍, അയോധ്യ കേസുകളില്‍ വിധി പറഞ്ഞ ജസ്റ്റീസ് ഗൊഗോയ്ക്ക് വിരമിച്ച് നാല് മാസങ്ങള്‍ക്കുള്ളില്‍ രാജ്യസഭാംഗത്വം.
ജുഡീഷ്യറിയുടെ ഖ്യാതിക്ക് മങ്ങലേല്‍പ്പിക്കുന്നത് ആരാണെന്ന ചോദ്യം ഇപ്പോള്‍ ശേഷിക്കുന്നില്ല. വ്യക്തികളല്ല, നിലപാടുകളാണ് ഒരു രാഷ്ട്രത്തെ അതിന്റെ മൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്. ജനാധിപത്യത്തിന്റെ അവസാന ആണിക്കല്ലുകള്ക്കാണ് ഇളക്കം തട്ടുന്നത്. ഒരു ഭരണകൂടം ജനാധിപത്യത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ പ്രതീക്ഷകള്‍ക്ക് ഇനിയും ആയുസ്സുണ്ടോയെന്ന ചോദ്യത്തിനാണ് ഉത്തരമുണ്ടാകേണ്ടത്.