പാളിച്ചകള്‍ ആവര്‍ത്തിക്കരുത്


കൊറോണ കേരളീയ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. നഗരങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല. ഗ്രാമങ്ങളിലെ അങ്ങാടികള്‍പോലും വിജനമായി തുടങ്ങിയിരിക്കുന്നു. ബസ്സുകളിലും ട്രെയിനുകളിലും യാത്രക്കാര്‍ നന്നെ കുറവ്. വിപണികള്‍ നിര്‍ജീവമാണ്. കര്‍ഫ്യൂ പ്രഖ്യാപിച്ച മട്ടിലേക്ക് കേരളം നടന്നുനീങ്ങുകയാണ്. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള എളുപ്പവഴി സാമൂഹ്യ ഇടപെടല്‍ കുറയ്ക്കുക എന്നതാണെന്ന തിരിച്ചറിവില്‍നിന്നാണ് കേരളം ഇങ്ങനെ ഒറ്റത്തുരുത്തായി മാറുന്നത്. എന്നിട്ടും കൊറോണ ബാധിതരുടെ എണ്ണത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ്. ചില പാളിച്ചകള്‍ തുടക്കത്തില്‍ ഉണ്ടായി എന്ന് സമ്മതിക്കാത്തതുകൊണ്ടുമാത്രം കാര്യമില്ല. ഇപ്പോഴും ഈ പാളിച്ചകള്‍ തിരുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയവുമുണ്ട്. ആരോഗ്യ രംഗത്ത് പ്രചുര പ്രചാരമുള്ള ചൊല്ല് ആരോഗ്യ വകുപ്പ് തന്നെ മറന്നുവെന്ന സംശയം ഉദിക്കുന്നത് ഇതുകൊണ്ടാണ്. ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണെന്ന മന്ത്രം ആവര്‍ത്തിച്ച് ഉരുവിട്ട് പഠിക്കേണ്ട ഗതികേടിലാണ് കേരളം. ഇക്കാര്യം ലളിതമായി പറയുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്തത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ വാക്കുകളെ വല്ലാതെ വളച്ചൊടിച്ചു സ്വയം പരിഹാസ്യരായിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചില ഫാന്‍സുകാര്‍.
ലോകമാകെ കൊറോണ വൈറസിനെചൊല്ലി അരക്ഷിതമാണ്. ചൈനയും ഇറ്റലിയും ഉത്തരകൊറിയയും മാത്രമല്ല, അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളും മധ്യേഷ്യയും ഉള്‍പ്പെടെ ലോകം മുഴുവന്‍ ഭീതിയുടെ മുനമ്പില്‍ നില്‍ക്കുകയാണ്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നത് ആശ്വാസകരമാണ്. എന്നാല്‍ ഇന്ത്യയില്‍ വെറും 113 കൊറോണ കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്തുവെന്നത് അവിശ്വസനീയമാണെന്ന നിരീക്ഷണമാണ് പ്രമുഖ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ പ്രൊഫ. സ്റ്റീവ് ഹാന്‍കെ പങ്കുവെക്കുന്നത്. ടെസ്റ്റിങ് വ്യാപകമാക്കാത്തതുകൊണ്ടാകാം എണ്ണം പരിമിതപ്പെട്ടതെന്ന ആശങ്കയാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. സംഘ്പരിവാര്‍ നേതാക്കള്‍ ഹോമിയോപതിയും ഗോമൂത്രവും പോലുള്ള വ്യാജ ചികിത്സകള്‍ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തത്തിലേക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. കേരളം ഇതില്‍ നിന്നൊക്കെ വിഭിന്നമാണ്. ശാസ്ത്രീയാടിത്തറയുള്ള പരിശോധനകളും ചികിത്സകളും അവലംബിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും നാം ഒരുക്കമല്ല. എന്നാല്‍ കാട്ടുതീ പോലെ പടരുന്ന രോഗത്തെ നിയന്ത്രണവിധേയമാക്കാനും പ്രതിരോധിക്കാനും ഇതൊക്കെ പോരാതെ വന്നിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് മുന്നിലുള്ളത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന കൊറോണ കേസുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം മാരകമായിരിക്കും. കേരളമിപ്പോള്‍ ചെറിയ തോതിലെങ്കിലും അതിന്റെ വിപത്ത് നേരിട്ടുകൊണ്ടിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരുകള്‍ കൊറോണയെ നിയന്ത്രിക്കുന്നതിന് കണിശമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കേരളം മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളും ഈ രീതിയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. കേരളത്തില്‍ വലിയ ജാഗ്രതയുണ്ടായിട്ടും പിശകുകള്‍ ആവര്‍ത്തിക്കുന്നു. രാജാവിനേക്കാള്‍ രാജഭക്തിയുള്ളവര്‍ ആടിനെ പട്ടിയാക്കി പ്രചാര വേല നടത്തുമ്പോള്‍, രാജാവിന് തെറ്റുതിരുത്താനുള്ള അവസരമാണ് കൈമോശം വരുന്നത്. ഒരു മഹാവിപത്ത് നാടിനെ ബാധിക്കുമ്പോള്‍, അതിനെ ചെറുക്കുന്ന കാര്യത്തില്‍ ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ വേര്‍തിരിവ് ആവശ്യമില്ല. അങ്ങനെ ഉണ്ടാവുകയാണെങ്കില്‍ എന്തോ തകരാറ് സംഭവിച്ചുകഴിഞ്ഞുവെന്നേ കരുതാനാകൂ. പ്രതിപക്ഷ നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ചെവികൊടുക്കേണ്ടെന്ന ധാര്‍ഷ്ട്യം ജനാധിപത്യ ഭരണകൂടത്തിന് അലങ്കാരമല്ല. നമ്മുടെ സംസ്ഥാനത്തെ ആരോഗ്യ രംഗം തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇന്ന് കാണുന്ന നേട്ടങ്ങളിലെത്തിച്ചേര്‍ന്നത്. ഏതെങ്കിലും സുപ്രഭാതത്തില്‍ വളര്‍ന്ന് വികസിച്ച്, സംശുദ്ധീകരിക്കപ്പെട്ട ഒന്നല്ല അത്. ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനകരമായ കാര്യമാണ്. നമുക്ക് കേട്ട് പരിചിതമല്ലാത്ത നിരവധി രോഗങ്ങളെ പ്രതിരോധിക്കുന്നതിലും അതിജീവിക്കുന്നതിലും വലിയ തോതില്‍ വിജയിക്കാന്‍ നമുക്കായിട്ടുണ്ട്. 2001 ല്‍ ‘ആന്ത്രാക്സ്’, 2003ല്‍ ‘സാര്‍സ്, 2005ല്‍ ‘പക്ഷിപ്പനി’, 2009ല്‍ ‘പന്നിപ്പനി’ തുടങ്ങിയവയൊക്കെ വന്നു. പിന്നീട് നിപയും ഇപ്പോള്‍ കൊറോണയും എത്തി. ഇതിനെയും നാം അതിജീവിക്കുകതന്നെ ചെയ്യും. അതിന് കഴിയുന്നവിധം മികവുണ്ട് നമ്മുടെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും. എന്നാല്‍ ഇതെല്ലാം ഏതെങ്കിലും ഒരു വ്യക്തിയുടെ നേട്ടമായി എണ്ണിത്തിടപ്പെടുത്തുന്നത് ചരിത്രത്തോടുള്ള അനീതിയായിരിക്കും.
പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ അവഗണിക്കപ്പെടുന്നത് വിപത്തുകളെ നേരിടുന്നതില്‍ കേരളം പുലര്‍ത്തിയിട്ടുള്ള ഐക്യബോധത്തിനെതിരെയുള്ള വെല്ലുവിളിയാണ്. രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കുന്നതിന് ആവശ്യമെങ്കില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ പിന്തുണ നല്‍കുകയാണ് പ്രതിപക്ഷം ചെയ്തത്. സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് ബാധിച്ചവരെയോ ബാധിക്കാന്‍ സാധ്യതയുള്ളവരെയോ കണ്ടെത്തുന്ന രീതി തുടരുന്നതിനൊപ്പം ചെറിയ രോഗലക്ഷണമുള്ളവര്‍ക്കും ടെസ്റ്റ് നിര്‍ബന്ധമാക്കണം. കാരണം അപകടകരമായ ഒരവസ്ഥയിലേക്ക് നാട് എത്തിപ്പെടുന്നതിന് മുമ്പുള്ള മുന്‍കരുതല്‍, കുറച്ചു പേര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിലും അതുപേക്ഷിക്കുന്നത് സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കും.
വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍, ജീവനക്കാര്‍, വ്യാപാരികള്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലയിലുള്ളവരും ആശങ്കയിലാണ്. ഏഴാം ക്ലാസ് വരെയുള്ളവര്‍ക്ക് പരീക്ഷകള്‍ ഒഴിവാക്കിയെങ്കിലും മറ്റുള്ളവര്‍ക്കെല്ലാം പരീക്ഷ എഴുതേണ്ടതുണ്ട്. ചില ജില്ലകളില്‍ കൊറോണ ഭീതി അതിരുവിട്ട് പ്രചരിക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കേണ്ടത് തന്നെയാണ്. പ്രത്യേകിച്ചും നിയമസഭ പോലും നിര്‍ത്തിവെച്ച സാഹചര്യത്തില്‍. തങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആലോചിച്ചവര്‍ ഭാവി തലമുറയുടെ സുരക്ഷിതത്വത്തെ അവഗണിക്കരുത്. ഇതിനൊപ്പം പ്രധാനമാണ് കൊറോണ സൃഷ്ടിച്ചിട്ടുള്ള സാമ്പത്തിക സ്ഥിതിവിശേഷം. ഇതിനെ മറികടക്കാന്‍ കുറുക്കു വഴികളില്ല. ഈ മഹാവിപത്തിനെ പ്രതിരോധിച്ച്, രോഗഭയത്തില്‍നിന്ന് നാടിനെ മോചിപ്പിച്ചാല്‍ മാത്രമേ സാധാരണ ജനജീവിതം മടങ്ങിയെത്തൂ. അതിന് കൂട്ടായ പരിശ്രമങ്ങളുണ്ടാക്കുന്നതിന് മുന്‍കയ്യെടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്.

SHARE