പട്ടിണിക്കാരെ പോക്കറ്റടിക്കുന്ന രാഷ്ട്രീയ ദാസന്മാര്‍


രണ്ട് മഹാ പ്രളയങ്ങള്‍ കേരളത്തെ അടിമുടി മാറ്റിമറിച്ചിരുന്നു. പെരുമഴപ്പെയ്ത്തില്‍ പാഞ്ഞെത്തിയ മലവെള്ളം മണ്ണിനേയും മരങ്ങളേയും ഭൂപ്രകൃതിയേയും മാത്രമല്ല, മലയാളിയുടെ മനസ്സിനേയും മാറ്റിമറിച്ചു. വെട്ടിപ്പിടിക്കുന്ന, കെട്ടിപ്പടുക്കുന്ന കോട്ടകൊത്തളങ്ങള്‍ക്ക് ഒരു പേമാരിയെ അതിജയിക്കാനാകില്ലെന്ന തിരിച്ചറിവ് നേടി ഒരുപാട് പേര്‍. മനുഷ്യരെ കള്ളികളിലാക്കി വേര്‍തിരിച്ചവര്‍ ഒരേ പാത്രത്തില്‍, ഒരേ കൂരയ്ക്കുള്ളില്‍ ഉണ്ടുറങ്ങി. മനുഷ്യത്വം വീണ്ടും മലയാളിയുടെ മനസ്സിലേക്ക് പടി കടന്നെത്തിയ ദിനങ്ങളായിരുന്നു അത്. ജാതി മത ഭേദങ്ങള്‍ മാത്രമല്ല, രാഷ്ട്രീയ വേര്‍തിരിവുകളും പെരുമഴയില്‍ ഒലിച്ചുപോയി. എങ്കിലും വീട് കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ വെറുതെയിരുന്നില്ല. ക്യാമ്പുകളില്‍നിന്ന് അരിയും മുളകും പഞ്ചസാരയും കട്ടുകടത്തി ചിലര്‍. ഇങ്ങനെ കട്ടുകടത്തിയവരെല്ലാം ഒരു പാര്‍ട്ടിയില്‍ പെട്ടവരായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. നാട് മഹാ പ്രളയത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇടമില്ലെന്ന വിലക്ക് വന്നു. അരിയും മുളകും കട്ടുകടത്തിയവരുടെ പ്രതിരോധ രോദനമായിരുന്നു ഈ വിലക്കെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുകയാണ്.
പ്രളയ ദുരിതാശ്വാസ ഫണ്ട് മുക്കിയ കേസില്‍ തുടര്‍ അറസ്റ്റ് നടക്കുകയാണിപ്പോള്‍. എറണാകുളം കലക്ടറേറ്റിലെ ഭരണാനുകുല സംഘടനാനേതാവായ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിന്റെ സഹായത്തോടെ സി.പി.എം പ്രാദേശിക നേതാക്കള്‍ പ്രളയ ഫണ്ട് തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്. പ്രളയത്തില്‍ ജീവിതംകൊണ്ട് സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ട നിസ്സംഗരായ മനുഷ്യര്‍ക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഹാമനസ്‌കരായ മനുഷ്യര്‍ നല്‍കിയ പണമാണ് സി.പി.എം നേതാക്കളുടെയും ബന്ധുക്കളുടേയും അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടത്. സി.പി.എം നേതാവും ഭാര്യയും ഉള്‍പ്പെടെ ജയിലില്‍ കഴിയുമ്പോള്‍ ഭരണകക്ഷി നേതാക്കള്‍ മൗനവ്രതം തുടരുകയാണ്. രാഷ്ട്രീയ കോമാളിത്തമല്ലാതെ മറ്റെന്താണ് ഈ മൗനം പകര്‍ന്നുനല്‍കുന്നത്. സി.പി.എം നേതാവായ അന്‍വറിന്റെ അക്കൗണ്ടിലേക്ക് മാത്രം പത്തര ലക്ഷം രൂപയാണ് മാറ്റിയത്. മറ്റ് അഞ്ച് അക്കൗണ്ടുകളിലേക്കും സമാനരീതിയില്‍ പണം മാറ്റി. എത്ര തുക ഇങ്ങനെ നഷ്ടപ്പെട്ടുവെന്ന് ക്രൈംബ്രാഞ്ചോ, സര്‍ക്കാരോ വെളിപ്പെടുത്തിയിട്ടില്ല. ഇതിനെ അഴിമതിയെന്ന് സാമാന്യവത്കരിക്കാന്‍ കഴിയില്ല. പട്ടിണി പാവങ്ങളെ കെട്ടിയിട്ട് കവര്‍ച്ച നടത്തുന്നതിന് തുല്യമായ പ്രവൃത്തിയാണ് ഈ സി.പി.എം നേതാക്കളും ഖജനാവില്‍നിന്ന് ശമ്പളം പറ്റി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന സംഘടനാ നേതാവായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ചെയ്തത്. എറണാകുളത്ത് മാത്രമാണോ ഇത്തരത്തില്‍ ഫണ്ട് തിരിമറി നടത്തിയതെന്ന് വ്യക്തമല്ല. മറ്റ് ജില്ലകളിലും സമാന തട്ടിപ്പ് നടന്നിരിക്കാന്‍ സാധ്യതയുണ്ട്. അന്വേഷണം നടത്തേണ്ട സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിക്കാര്‍ നടത്തിയ കൊള്ളയുടേയും പിടിച്ചുപറിയുടേയും വാലറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ കടത്തിയവരോട് ധാര്‍മികതയെക്കുറിച്ച് ഓര്‍മിപ്പിച്ചിട്ടെന്ത് കാര്യം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും സാധാരണക്കാരേയും പ്രളയ ഫണ്ടിന്റെ പേരില്‍ പിഴിഞ്ഞെടുത്തവര്‍, ആ ഫണ്ട് പ്രളയ ദുരിത ബാധിതര്‍ക്ക് എത്തിച്ചുനല്‍കാനുള്ള സാമാന്യ മര്യാദകൂടി കാട്ടേണ്ടതുണ്ട്. ഈ നാട് ഒന്നിച്ചൊന്നായാണ് മഹാദുരിതത്തെ നേരിട്ടത്. ഏതെങ്കിലും നേതാവിന്റെ മഹത്വത്തിന്റെ പേരിലല്ല, സഹായഹസ്തങ്ങള്‍ നീണ്ടത്. മനുഷ്യത്വത്തിന്റെ മഹാഗോപുരങ്ങളായി മാറാനുള്ള അലിവും കനിവും രക്തത്തില്‍ അലിഞ്ഞുള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് തെളിയിക്കുകയായിരുന്നു ഈ നാട്. ഉള്ളത് പങ്ക്‌വെച്ച് പ്രളയബാധിതരുടെ സങ്കടങ്ങള്‍ക്കൊപ്പംനിന്ന് സഹവര്‍ത്തിത്വത്തിന്റേയും സാഹോദര്യത്തിന്റേയും കെടാത്ത നാളങ്ങള്‍കൊണ്ട് മഹാദീപം തെളിയിക്കുകയായിരുന്നു പ്രളയനാളുകളില്‍ മലയാളി. എന്നാല്‍ മനസ്സില്‍ കരിന്തിരി കത്തുന്നവര്‍ മഹാദീപത്തിന്റെ പ്രഭ തങ്ങളുടേതാണെന്ന് മേനി നടിച്ചു. ക്യാമ്പുകളില്‍ മോഷണം നടത്തി. അതിനേക്കാള്‍ ഭയാനകമാണ് പ്രളയ ദുരിത ബാധിതര്‍ക്ക് കാരുണ്യ മനസ്സുകള്‍ നല്‍കിയ പണം കൈകാര്യം ചെയ്യുന്നതും ഇത്തരക്കാരാണെന്ന് വരുന്നത്.
പ്രളയബാധിതര്‍ക്ക് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ വിതരണത്തിലും വ്യാപക ക്രമക്കേട് നടന്നിരുന്നു. ദുരിത ബാധിതരെ അവഗണിച്ച്, ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ പണം പാര്‍ട്ടിക്കാര്‍ വീതിച്ചുനല്‍കിയെന്ന ആക്ഷേപം കേരളം മറന്നിട്ടില്ല. പ്രളയം കേട്ടറിഞ്ഞവര്‍ക്ക്‌പോലും പണം കിട്ടിയപ്പോള്‍, എല്ലാം നഷ്ടപ്പെട്ടവര്‍ തെളിവുകളുമായി സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങേണ്ട ഗതികേട് കണ്ടതാണ്. പ്രളയ ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച തുടക്കം മുതല്‍ ദൃശ്യമായിരുന്നു. റീ ബില്‍ഡ് കേരളയും നവകേരളവും ഉള്‍പ്പെടെ സ്വപ്‌നപദ്ധതികള്‍ പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ ആരോപണങ്ങളെ മറികടന്നത്. എന്നാല്‍ ഇന്നും ആ പദ്ധതികള്‍ കടലാസില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല. നൂറ്റാണ്ട് കണ്ട മഹാപ്രളയത്തിന് മൂന്ന് വയസ്സാകാന്‍ ഇനി മാസങ്ങളേ ശേഷിക്കുന്നുള്ളൂ. വലിയ പദ്ധതികളും വാഗ്ദാനങ്ങളുംകൊണ്ട് കയ്യടി നേടിയവര്‍ പെരുമഴയില്‍ ജീവിതം ഒലിച്ചുപോയ മനുഷ്യരോട് ഇനിയെങ്കിലും നീതി പുലര്‍ത്തണം. രണ്ട് ലക്ഷം വീടിന്റെ പെരുംനുണ ആഘോഷമാക്കി, പ്രചരിപ്പിക്കുമ്പോള്‍ മഹാപ്രളയങ്ങളില്‍ പെരുവഴിയിലായിപ്പോയ ജീവിതങ്ങളെപോലും ചേര്‍ത്തുപിടിച്ചില്ലെന്ന മഹാസത്യം ഈ സര്‍ക്കാരിനെ നോക്കി പരിഹസിച്ച് ചിരിക്കുന്നുണ്ട്.
ദേശത്തും വിദേശത്തും നിന്നുമായി കോടികള്‍ ഒഴുകിയെത്തിയ ദുരിതാശ്വാസ ഫണ്ട് സംബന്ധിച്ച് കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഏഷ്യന്‍ ബാങ്കും ലോകബാങ്കും പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പണം എങ്ങനെ ചെലവഴിച്ചുവെന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഭരണ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും പാര്‍ട്ടി നേതാക്കളും ദുരന്തത്തെ ചാകരയാക്കിമാറ്റുന്ന കാഴ്ച ഇടതുപക്ഷത്തിന്റെ എല്ലാ അവകാശവാദങ്ങളുടെയും പൊള്ളത്തരം തുറന്നുകാട്ടുകയാണ്. പ്രളയ ഫണ്ട് വെട്ടിപ്പ് കേസ് ഏതാനും പേരെ മാത്രം ബലിയാടാക്കി അവസാനിപ്പിക്കേണ്ടതല്ല. സര്‍ക്കാരിന്റെ കണക്ക്പുസ്തകം സുതാര്യമാണെന്ന അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിനിയോഗവും ഉള്‍പ്പെടെ എല്ലാം സമഗ്രമായ ജനകീയ ഓഡിറ്റിങിന് വിധേയമാക്കണം. പ്രളയ ദുരിത ബാധിതര്‍ക്കായി നിര്‍മിച്ച് നല്‍കിയ വീടുകള്‍, അവര്‍ക്കായി ചെലവഴിച്ച പണം തുടങ്ങിയവ പൊതുരേഖയായി പ്രസിദ്ധീകരിക്കണം. പ്രളയബാധിതര്‍ക്കുള്ള ധനസഹായമായെത്തിയ കോടികള്‍ കയ്യില്‍ കറ പുരണ്ടവരല്ല കൈകാര്യം ചെയ്യേണ്ടത്. ഒരു സെക്ഷന്‍ ക്ലര്‍ക്കിന് ലക്ഷങ്ങള്‍ തിരിമറി നടത്താന്‍ കഴിയുംവിധം ദുര്‍ബലമായ സംവിധാനത്തിലൂടെയുമല്ല പണം ചെലവഴിക്കേണ്ടത്. പ്രളയ ഫണ്ട് തിരിമറിയുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. മറുപടി പറയേണ്ടതും സര്‍ക്കാരാണ്. അറസ്റ്റ് നാടകങ്ങള്‍ കൊണ്ട് മറുപടി പറയാനുള്ള ബാധ്യത ഇല്ലാതാകുന്നില്ല.

SHARE