ലൈഫ് മിഷനിലെ രാഷ്ട്രീയ മിഷന്‍


സ്വന്തമായി യത്‌നിക്കാനോ നേടാനോ കഴിയാത്തവര്‍ അന്യരുടെ ചുമലിലും തണലിലും ചാരിനിന്നുകൊണ്ട് പലതും നേടുന്നതും എന്നിട്ട് അവരെത്തന്നെ കുറ്റപ്പെടുത്തുന്നതും സമൂഹത്തില്‍ അപൂര്‍വമായി കണ്ടുവരാറുണ്ട്. വ്യക്തികളുടെ കാര്യത്തില്‍ ഇത് ശരിയാകാമെങ്കിലും ഒരു ഭരണകൂടത്തിനിത് ഭൂഷണമാണോ. അതും ജനാധിപത്യക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്. അതാണ് കേരളത്തിലെ ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ ‘ലൈഫ്മിഷന്‍’ ഭവനപദ്ധതിയുടെ കാര്യത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയ ലൈഫ് ഭവനപദ്ധതിയിലെ 2.14 ലക്ഷം വീടുകളുടെ കാര്യത്തില്‍ നടന്നുവരുന്ന പ്രചാരണം യാഥാര്‍ത്ഥ്യവുമായി പുലബന്ധംപോലും പുലര്‍ത്തുന്നില്ലെന്ന് കണക്കുകളിലൂടെ ബോധ്യമായിക്കഴിഞ്ഞു. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് 2,14,262 വീടുകളാണ് പാവപ്പെട്ടവര്‍ക്കായി സംസ്ഥാനത്ത് പണിതുനല്‍കിയതെന്നായിരുന്നു സര്‍ക്കാരിന്റെയും പിന്തുണക്കുന്നവരുടെയും മേനിപറച്ചില്‍. എന്നാല്‍ മുഖ്യമന്ത്രി പാലുകാച്ചി ഉദ്ഘാടനം നടത്തിയ വീടുകളില്‍ പലതും മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പണിതതും ഭാഗികമായി പൂര്‍ത്തിയായവയുമാണെന്ന വിവരങ്ങള്‍ കണക്കുകള്‍ സഹിതം പ്രതിപക്ഷം ജനസമക്ഷം പുറത്തുവിട്ടതോടെ ജനങ്ങളുടെ മുമ്പില്‍ തലയില്‍മുണ്ടിട്ട് ഓടേണ്ട അവസ്ഥയിലാണിന്ന് ഇടതുമുന്നണിക്കും സര്‍ക്കാരിനും.
വാസ്്തവത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് കേരളത്തിന്റെ പാര്‍പ്പിട പ്രശ്‌നത്തിന് ചരിത്രപരമായ പരിഹാരദൗത്യം നിര്‍വഹിച്ചത്. അഞ്ചുവര്‍ഷംകൊണ്ട് 4,37,282 വീടുകള്‍ പണിതതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണക്കുകള്‍ ഉദ്ധരിച്ച് വാര്‍ത്താമാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തിയതോടെ അതിനെ ഭാഗികമായി ശരിവെക്കേണ്ടിവന്നിരിക്കുകയാണ് സര്‍ക്കാരിലെ ആളുകള്‍ക്കും ഇടതുമുന്നണിക്കും ഇപ്പോള്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഭവനപദ്ധതിയുള്‍പ്പെടെയാണ് (പി.എം.എ.വൈ) ലൈഫില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇതിന് കേന്ദ്രം നാലുലക്ഷം രൂപ വരെ വായ്പ നല്‍കുന്നുണ്ട്. മൂന്നു ഘട്ടമായാണ് ലൈഫ്പദ്ധതിയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ ഭവനപദ്ധതികള്‍ കൂട്ടിച്ചേര്‍ത്തു. കൂട്ടിച്ചേര്‍ക്കപ്പെട്ടതില്‍ മറ്റൊന്ന് മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ 54,173 വീടുകള്‍ കൂടിയാണ്. ഇതില്‍ തങ്ങളാണ് 52,050 വീടുകള്‍ പൂര്‍ത്തിയാക്കിയതെന്ന് പറഞ്ഞുകൊണ്ടുതന്നെയാണ് തങ്ങളുടെ 2.14 ലക്ഷത്തിന്റെ കണക്കിലെ വീരവാദങ്ങള്‍. ഈ സര്‍ക്കാരിനെ വിശ്വസിക്കുന്നവര്‍ കാണിച്ചുതരേണ്ടത്, സംസ്ഥാനത്തെ ആയിരത്തിലധികം പഞ്ചായത്തുകളോരോന്നിലും 200 ഓളം വീടുകളും #ാറ്റുകളും പണിതതാണ്. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ കെ.ജെ മാക്‌സിയുടെ ചോദ്യത്തിന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി മൊയ്തീന്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്, സംസ്ഥാനത്ത് ആകെയുള്ളത് 1,00,618 ഭവനരഹിതരാണെന്നാണ്. ഇത്രയും പേരേ ഉള്ളൂവെന്ന് സമ്മതിക്കുമ്പോള്‍തന്നെയാണ് 2.14 ലക്ഷം പേരുടെ പട്ടിക സര്‍ക്കാരുണ്ടാക്കിയതെന്നതില്‍തന്നെ കിടപ്പുണ്ട് ഇവയില്‍ പലതും മുന്‍സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച വീടുകളാണെന്ന്. ഈ സര്‍ക്കാര്‍ വെറും 1,30,000 വീടുകളേ പൂര്‍ത്തിയാക്കിയിട്ടുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുമ്പോള്‍ ബാക്കിയുള്ളവയുടെ പിതൃത്വം എന്തിന് പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് അവര്‍ തന്നെയാണ് മറുപടി പറയേണ്ടത്. സര്‍ക്കാരിന്റെ കണക്കില്‍തന്നെ പറയുന്ന വീടുകളില്‍ ഇടുക്കി ജില്ലയില്‍മാത്രം പൂര്‍ത്തീകരിക്കാനായത് പകുതിയില്‍ താഴെ മാത്രമാണ്.
സംസ്ഥാനത്തെ ദുര്‍ബല ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ രൂപം നല്‍കിയ സുപ്രധാന പദ്ധതിയാണ് ലൈഫ് എന്നാണ് ഇടതുമുന്നണിയുടെയും പ്രത്യേകിച്ച് സി.പി.എമ്മിന്റെയും അവകാശവാദം. ഈ തള്ള് യു.ഡി.എഫ് നേതാക്കള്‍ വസ്തുതകളുടെ പിന്‍ബലത്തിലൂടെ പൊളിച്ചടുക്കി. ഇടതു സര്‍ക്കാര്‍ നല്‍കിയെന്ന് പറയുന്നതും പട്ടികയില്‍ പേരുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും കാര്യത്തില്‍ അവയില്‍ മിക്കവയും പൊള്ളയാണെന്നാണ് വ്യക്തമായിരിക്കുന്നത്. പല കുടുംബങ്ങള്‍ക്കും അങ്ങനെയൊരു വീട് ലഭിച്ചതായി വിവരമില്ല. പാലക്കാടുള്‍പെടെ സര്‍ക്കാരിനെ വിശ്വസിച്ച് താമസം മാറിയവരെ വഞ്ചിച്ചു. താമസ യോഗ്യമല്ലാത്തതുമൂലം ഇടുക്കി അടിമാലിയിലുള്‍പ്പെടെ പലയിടത്തും സര്‍ക്കാര്‍ നല്‍കിയ വീടുകളില്‍നിന്ന് പല കുടുംബങ്ങളും താമസം മാറി. പലര്‍ക്കും വീട് വേണ്ടെന്ന് എഴുതി നല്‍കേണ്ടിവന്നു. കൊടുത്തവയാകട്ടെ ബഹുഭൂരിപക്ഷവും സി.പി.എം സ്വാധീനം നോക്കിയും. പാവപ്പെട്ടവരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും കദനകഥ വിളമ്പുന്ന സര്‍ക്കാരിന്റെതന്നെ പട്ടികയില്‍ വയനാട് പോലെ ആദിവാസി മേഖലയില്‍ നല്‍കിയ ലൈഫ് വീടുകളുടെ സംഖ്യ വെറും 629 മാത്രമാണ്. മുമ്പ് അട്ടപ്പാടിയിലെ ആദിവാസികളുടെ ശിശുമരണക്കണക്കിനെക്കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍, മരണങ്ങളധികവും ‘നിങ്ങളുടെ കാലത്താണുണ്ടായ’തെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ച് പ്രതിപക്ഷത്തെയും ആദിവാസി സമൂഹത്തെയും അപമാനിച്ച പട്ടിക വിഭാഗ ക്ഷേമമന്ത്രിയുടെ വാക്കുകളാണ് ഇപ്പോള്‍ ഓര്‍മയില്‍വരുന്നത്. തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം ‘നിങ്ങള്‍ക്കും’ നേട്ടങ്ങള്‍ എല്ലാം ‘ഞങ്ങള്‍ക്കും’ എന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ നയമാണ് നിര്‍ഭാഗ്യവശാല്‍ ഒരുഭരണകൂടം ഇപ്പോള്‍ സാക്ഷര കേരളത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
നേട്ടങ്ങള്‍ കൊണ്ടാടാനും പ്രചരിപ്പിക്കാനുമുള്ള സര്‍ക്കാര്‍ പ്രചാരണ സംവിധാനങ്ങളുടെയും ഭരണകക്ഷിക്കാരുടെയും അവകാശത്തെ ആരും ചോദ്യംചെയ്യില്ല. എന്നാല്‍ ഇതര സര്‍ക്കാരുകളും പാര്‍ട്ടികളും അതിലും ആത്മാര്‍ത്ഥതയോടെയും അമര്‍പ്പണ ബോധത്തോടെയും നിര്‍വഹിച്ച യജ്ഞത്തെ സ്വയം ചുമലിലേറ്റി മേനിനടിക്കുന്നത് ശുദ്ധ ഭോഷ്‌കാണ്. കേരളത്തില്‍ മുസ്‌ലിംലീഗ് മാത്രം പണിതുനല്‍കി ബൈത്തുറഹ്്മ വീടുകളുടെ സംഖ്യ പതിനായിരങ്ങള്‍ വരും. ആ ജാള്യതയാണ് ഇന്ന് സി.പി.എമ്മിന്റെയും സര്‍ക്കാരിലെ ഉന്നതരുടെയും മുഖത്ത് പ്രതിഫലിക്കുന്നത്. പാലുകാച്ചല്‍ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ നടത്തിയ കടന്നാക്രമണം അദ്ദേഹത്തിന്റെ ഭരണഘടനാപദവിക്ക് ഒട്ടും യോജിച്ചതായില്ലെന്ന് വിനയത്തോടെ പറയട്ടെ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ഇടതുമുന്നണിയുടെയും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുന്നിലുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ലൈഫ് പദ്ധതിയുടെ ഈ ഘട്ടത്തെ പ്രഖ്യാപനം. വസ്തുതകളെ തലനാരിഴകീറി സ്വന്തം നിഗമനങ്ങളിലെത്താന്‍ കഴിവുള്ളൊരു ജനതയുള്ളപ്പോള്‍ അവരുടെ ബുദ്ധിയെ കുറച്ചു കാണുകയാണ് ഇടതുമുന്നണിയും സര്‍ക്കാരും ലൈഫ്മിഷന്റെ കാര്യത്തില്‍ ചെയ്തിരിക്കുന്നത്. റോസാപുഷ്പത്തെ മറ്റൊരു പേരുവിളിച്ചതുകൊണ്ട് അതിന്റെ സൗരഭ്യം കൂടുകയോ കുറയുകയോ ചെയ്യില്ലെന്ന് ഭരണക്കാര്‍ തിരിച്ചറിഞ്ഞാല്‍ നല്ലത്. സ്വന്തമായ കിടപ്പാടം ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. അതിനെ പരിഹസിക്കുന്ന പണിയായിപ്പോയി ഇടതുസര്‍ക്കാരിന്റെ ലൈഫ് മിഷനിലെ രാഷ്ട്രീയമിഷന്‍.

SHARE