ഇന്ത്യക്കുവേണ്ടി ലോകം ശബ്ദിക്കുമ്പോള്‍


അമേരിക്കയിലും യൂറോപ്പിലുമാണ് ഉരുവപ്പെട്ടതെങ്കിലും ലോകത്തെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണവുമായ ജനാധിപത്യമാണ് ഇന്ത്യയുടേത്. ഇവിടെ ഉണ്ടാകുന്ന സാമൂഹികവും രാഷ്ട്രീയവുമായ ഓരോ ചെറുഅനക്കവും ലോകത്തെ സകലവിഭാഗം ജനങ്ങളുടെയും സജീവ ശ്രദ്ധയാകര്‍ഷിക്കുന്നത് ഡിജിറ്റല്‍ യുഗത്തില്‍ തികച്ചും സ്വാഭാവികംമാത്രം. 20 കോടിയോളം മുസ്‌ലിംകളും ഭൂമിയിലെ സകല മതവിശ്വാസികളും അധിവസിക്കുന്ന രാജ്യം. ലോകത്തെ ഏറ്റവും വലുതും മഹത്തരവുമായ ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന അഭിപ്രായ,ആരാധനാസ്വാതന്ത്ര്യം, തുല്യനീതി, ന്യൂനപക്ഷ-കീഴാള സംരക്ഷണം തുടങ്ങിയവയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലുകള്‍. തദനുസൃതമായി തേജോമയമായ ഒരു ഭൂതകാലമുണ്ടായിരുന്നു ഇന്ത്യക്ക്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ഇന്ത്യയില്‍ തുറന്ന അഭിപ്രായപ്രകടനത്തിനും പ്രവര്‍ത്തനത്തിനും ഭക്ഷണത്തിനും വസ്ത്രത്തിനും പ്രതിഷേധത്തിനുമൊക്കെയുള്ള സ്വാതന്ത്ര്യത്തിനുനേര്‍ക്കുയരുന്ന വെല്ലുവിളികളെ ലോകം അതീവ ആശങ്കയോടെയാണ് ഇന്ന് നോക്കിക്കാണുന്നത്. ഇതിനു തെളിവാണ് ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെയും പല രാജ്യാന്തര നിരീക്ഷണ സംഘടനകളുടെയും റിപ്പോര്‍ട്ടുകളിലൂടെ അടുത്ത കാലത്തായി വെളിച്ചത്തുവരുന്നത്. അതിലൊന്നാണ് പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടും റോഹിംഗ്യന്‍മുസ്്‌ലിംകളുടെ കാര്യത്തിലുള്ള നയംസംബന്ധിച്ചും കശ്മീരിനെ സംബന്ധിച്ചും ഏറ്റവുമൊടുവില്‍ ഡല്‍ഹിയിലെ വംശീയ കൂട്ടക്കുരുതി സംബന്ധിച്ചുമൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ലോക സമൂഹത്തിന്റെ അഭിപ്രായപ്രകടനങ്ങളും ഉപദേശനിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമെല്ലാം.
കഴിഞ്ഞ 23 മുതല്‍ 27 വരെ ഡല്‍ഹിയില്‍ നടന്ന മുസ്്‌ലിംവിരുദ്ധ കലാപത്തിനുത്തവാദികളായവരെ പിടികൂടി ശിക്ഷിക്കണമെന്നും മതസ്വാതന്ത്ര്യം അനുവദിക്കണമെന്നും മുസ്‌ലിംകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കീഴാളര്‍ക്കും സ്വാതന്ത്ര്യവും സംരക്ഷണവും നല്‍കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്, ഐക്യരാഷ്ട്ര മനുഷ്യാവകാശസംഘടന, അമേരിക്കന്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സംഘടന, മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളിലായി തുറന്ന അഭിപ്രായപ്രകടനങ്ങളുമായി രംഗത്തുവരികയുണ്ടായി. പൗരത്വ ഭേദഗതിനിയമം ഇന്ത്യന്‍ മുസ്‌ലിംകളുടെ പൗരത്വനിഷധത്തിനും മുസ്‌ലിംകളെ നാടുകടത്തുന്നതിനും തടങ്കലില്‍ പാര്‍പ്പിക്കുന്നതിനും കാരണമാകുമെന്ന് അമേരിക്കന്‍ മതസ്വാതന്ത്ര്യകാര്യ സംഘടന (യു.എസ്.സി. ഐ.ആര്‍.എഫ് )ചൂണ്ടിക്കാട്ടിയത് ഏതാനും ദിവസം മുമ്പായിരുന്നു. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞമാസം 24, 25 തീയതികളില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചതിനെയും ലോക സമൂഹം ഏറെ കുതൂഹലത്തോടെയാണ് വീക്ഷിച്ചത്. ട്രംപ് ഇന്ത്യന്‍ ഭരണകൂടത്തോട് തങ്ങളുടെ ഇക്കാര്യത്തിലെ ഉത്കണ്ഠ പ്രകടിപ്പിക്കുമെന്ന് പലരും വിലയിരുത്തുകയും വൈറ്റ്ഹൗസ് തന്നെ അത് സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹിയിലെ കൂടിക്കാഴ്ചക്കുശേഷം ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, പൗരത്വനിയമം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും, മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷസ്വാതന്ത്ര്യത്തിനും നരേന്ദ്രമോദി പ്രതിജ്ഞാബദ്ധമാണെന്ന് തന്നോട് വ്യക്തമാക്കിയതായും പറഞ്ഞുകൊണ്ട് സ്വന്തം രാജ്യത്തിന്റെ കീര്‍ത്തിയെതന്നെ പ്രഹസനമാക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ പൗരത്വനിയമം പാസാക്കിയതു മുതലിങ്ങോട്ട് അതിനെതിരായ പ്രതിരോധങ്ങളെ അനാവശ്യമായ കാര്‍ക്കശ്യംകൊണ്ടും താന്തോന്നിത്തംകൊണ്ടും അധികാരമുഷ്‌ക് കൊണ്ടും വായ്ത്താരികള്‍കൊണ്ടും നേരിട്ടുവരികയായിരുന്നു മോദി ഭരണകൂടം. ട്രംപിന് ചുവപ്പുപരവതാനി വിരിച്ചുകൊണ്ടും കെട്ടിപ്പിടിച്ചുകൊണ്ടും മോദി കാട്ടിക്കൂട്ടിയ പ്രകടനപരതയെല്ലാം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചാമ്പലാവുകയായിരുന്നു രാജ്യ തലസ്ഥാനത്തെ സ്വന്തം അണികളുടെ അക്രമപേക്കൂത്തിലൂടെ.
സത്യത്തില്‍ ഇന്ത്യയുടെ കറുത്ത നാളുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോക സമൂഹത്തിനുമുന്നിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 15 വര്‍ഷത്തോളം മോദിക്ക് അമേരിക്ക വിസ നിഷേധിച്ചത് ഗുജറാത്ത്കലാപത്തിലെ പങ്കാളിത്തംകൊണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂറും ബി.ജെ. പി നേതാവ് കപില്‍മിശ്രയും മുതല്‍ ഛോട്ടാ സംഘ്പരിവാറുകാര്‍വരെ കാര്‍ക്കിച്ചുതുപ്പിയ വര്‍ഗീയ വിഷമാണ് ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നാലഞ്ചു ദിവസം പരന്നൊഴുകി നാല്‍പതിലധികംപേരുടെ ജീവനും കോടിക്കണക്കിന് രൂപയുടെ ജീവനോപാധികളും കവര്‍ന്നെടുത്തത്. ഇതിനുത്തരവാദികളായവരെ തുറുങ്കിലടക്കുന്നതിനുപകരം രാത്രി മുഴുവന്‍ ഓരോ മിനിറ്റും ആഭ്യന്തര വകുപ്പു മന്ത്രി അമിത്ഷാ കലാപത്തെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവത്രെ. ഇതുവരെയും ഈ മന്ത്രിയുടെ കീഴിലെ പൊലീസിനെതിരെ കാര്യമായൊരു നടപടിയെടുക്കുന്നതിനോ അവിടമൊന്ന് സന്ദര്‍ശിക്കുന്നതിനോ സര്‍വതും നഷ്ടമായവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നതിനോ അമിത്ഷാ തയ്യാറാകാത്തതുതന്നെയാണ് എല്ലാത്തിനുമുള്ള ഉത്തരം. ചെറു സംഘര്‍ഷംപോലും ഉണ്ടാക്കാത്ത പ്രസംഗത്തിന്റെ പേരില്‍ യു.പിയിലെ ഡോ. കഫീല്‍ഖാനെ ദേശസുരക്ഷാനിയമം പ്രയോഗിച്ച് തടങ്കലിട്ടവര്‍തന്നെയാണിവര്‍.
അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡെമോക്രാറ്റിക് നേതാവ് ബേണി സാന്‍ഡേഴ്‌സിന്റെ വാക്കുകള്‍ ഇന്ത്യന്‍ ഭരണകൂടത്തിനെതിരായുള്ള വിമര്‍ശനമെന്നതിലുപരി തന്റെ എതിരാളി ട്രംപിനെതിരെയുള്ള താക്കീതാണ്. അതിനെതിരെ ബി.ജെ.പി നേതാവ് കെ.എല്‍ സന്തോഷ് പ്രതികരിച്ചതാകട്ടെ അതിരുവിട്ട് കുറ്റപ്പെടുത്തുന്ന രീതിയിലും. ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുടെയും മറ്റും വിമര്‍ശനങ്ങളെ അതിന്റേതായ അര്‍ത്ഥത്തിലും കാമ്പിലും എടുക്കേണ്ടതിനുപകരം അവരുടെ പ്രതികരണങ്ങള്‍ ‘അനുയോജ്യമല്ലാത്തതാ’ണെന്നാണ് വിദേശകാര്യ ന്ത്രാലയവും പ്രതിവചിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ സംഘടനകളുടെയുമെല്ലാം ലക്ഷ്യംതന്നെ ലോകത്തെ ഏതൊരിടത്തെയും മനുഷ്യത്വവിരുദ്ധ നടപടികളെ എതിര്‍ക്കുകയും വേണ്ടിവന്നാല്‍ നേരിട്ടിടപെട്ട് പരിഹാരം കാണുകയുമാണെന്ന് അറിയാത്തവരാണോ ഡല്‍ഹിയിലിരിക്കുന്നത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അതുയര്‍ത്തുന്നവരെയെല്ലാം അടിച്ചമര്‍ത്തുന്നവര്‍ ലോക സമൂഹത്തോടും അതുതന്നെ ചെയ്യുന്നത് ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും മറ്റും പൈതൃകത്തെ ഓരോനിമിഷവും കളങ്കപ്പെടുത്തുകയാണ്. ഓരോ ഇന്ത്യക്കാരുമാണ് ഇവിടെ വിവസ്ത്രരാക്കപ്പെടുന്നത് !

SHARE