വരള്‍ച്ച: മുന്‍കരുതലിന് സമയമായി


രണ്ടുവര്‍ഷത്തെ തുടര്‍പ്രളയത്തിനിടെ മൂന്നാമതൊരു ദുരന്തത്തിന് കാതോര്‍ത്തിരിക്കുന്ന മലയാളിയുടെ മുന്നിലേക്ക് വരള്‍ച്ചയുടെയും കുടിവെള്ള ക്ഷാമത്തിന്റെയും ദുരിതദിനങ്ങളാണ് അധികമകലെയല്ലാതെ അണയാന്‍ പോകുന്നത്. കാലവര്‍ഷത്തിനുശേഷം ഇടക്ക് അല്‍പം മഴ ലഭിച്ചതല്ലാതെ കാര്യമായ ഇടമഴ കേരളത്തിന് ലഭിച്ചിട്ടില്ല. തുലാവര്‍ഷമഴ കുറവായതുംകൂടി കണക്കിലെടുക്കുമ്പോള്‍ പെട്ടെന്നൊരു വരള്‍ച്ചാദുരന്തംകൂടി എത്തുമെന്ന് കരുതിയിരിക്കുകതന്നെ വേണം. വരള്‍ച്ചയുടെ മുന്നറിയിപ്പായി കടുത്ത അന്തരീക്ഷ ചൂടിലാണിന്ന് കേരളം. ഇന്നലെയും മിനിഞ്ഞാന്നുമായി ആറുജില്ലകളില്‍ നാല്‍പതിനോടുത്ത സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്നലെ മൂന്നു ഡിഗ്രിവരെ അധികം ചൂടനുഭവപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇതിനുമുമ്പും താപനില കൂടുമെന്ന അറിയിപ്പുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. ഇത്തവണയും കഴിഞ്ഞ വര്‍ഷത്തേതുപോലെ ചൂടനുഭവപ്പെടുകയെന്നാല്‍ കടുത്ത കുടിവെള്ള ക്ഷാമത്തിനും കോടികളുടെ കൃഷിനാശത്തിനും അത് വഴിവെച്ചേക്കും. മുന്നനുഭവങ്ങള്‍വെച്ച് നോക്കുമ്പോള്‍ ഈ വര്‍ഷവും വീണ്ടുമൊരു പ്രളയത്തിലേക്ക് ചെന്നെത്തിച്ചേരാനുംമതി; അങ്ങനെ സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കാമെങ്കിലും.
കഴിഞ്ഞതവണത്തെ തുലാവര്‍ഷത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് കേരളത്തിലനുഭവപ്പെട്ടത്. ഇത് കാരണം പ്രളയകാലത്ത് ലഭിച്ച മഴവെള്ളംപോലും എളുപ്പത്തില്‍ ഭൂമിക്കടിയിലേക്ക് ഇറങ്ങിപ്പോകാന്‍ കാരണമായി. തണുപ്പ് പതിവിലും കുറവാണ് ഇത്തവണ ഡിസംബറിനും ഫെബ്രുവരിക്കും ഇടയില്‍ അനുഭവപ്പെടുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 35-37 ഡിഗ്രി സെല്‍ഷ്യസ് ചൂടനുഭവപ്പെട്ടിരുന്ന പലയിടത്തും ഇത്തവണ ഇത് 38 വരെയെത്തി നില്‍ക്കുകയാണ്. ഇത് ഭൂമിയുടെ ഉപരിതലത്തിലെ ജലാംശം വലിയതോതില്‍ കുറയാനിടയാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പല ജലസ്രോതസ്സുകളും വറ്റിത്തുടങ്ങുകയോ വറ്റുകയോ ചെയ്തു. ഭൂഗര്‍ഭ ജലത്തിന്റെ അളവിലും കാര്യമായ കുറവുണ്ടാകുമെന്നാണ് അതുമായി ബന്ധപ്പെട്ടവര്‍ തരുന്ന മുന്നറിയിപ്പ്. ഇത് താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതം പ്രയാസത്തിലാക്കും. ഇവിടങ്ങളില്‍ പ്രത്യേകിച്ച് കോഴിക്കോട് തുടങ്ങിയ മലയോര ജില്ലകളില്‍, ഒരു മീറ്റര്‍ വരെ ഭൂഗര്‍ഭ ജലവിതാനം താഴ്ന്നതായാണ് വിവരം.
പ്രതിവര്‍ഷം മൂവായിരം മില്ലിമീറ്റര്‍ മഴയാണ് ശരാശരി കേരളത്തില്‍ പെയ്തിരുന്നതെങ്കില്‍ ഇത്തവണ പ്രളയമുണ്ടായിട്ടും തുടര്‍ച്ചയായി മഴ വിട്ടുനിന്നതുമൂലം അതിന്റെ ഗുണം ലഭിക്കില്ല. മഴവെള്ളത്തെ പ്രധാനമായും ആശ്രയിച്ചുകഴിയുകയും അമിത ജലോപയോഗം ശീലിക്കുകയുംചെയ്ത മലയാളിയെ സംബന്ധിച്ചിടത്തോളം ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ഇനിയും ആലോചിച്ചുതുടങ്ങിയിട്ടുപോലുമില്ല. മഴവെള്ളം ശേഖരിച്ചുനിര്‍ത്തിയിരുന്ന പാടശേഖരങ്ങള്‍ നല്ലൊരു ശതമാനവും ഇപ്പോള്‍ മണ്ണിട്ടുനികത്തപ്പെട്ടുകഴിഞ്ഞു. വെള്ളം ഇല്ലാതാകുന്നുവെന്ന് മാത്രമല്ല, അവിടങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മുളച്ചുപൊന്തുന്നത്മൂലം അന്തരീക്ഷ താപനില ഉയരാനും ഭൂമിയിലെ ജലാംശം കുറയാനും അതിടയാക്കുന്നു. എട്ടു ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമുണ്ടായിരുന്ന കേരളത്തിലിപ്പോള്‍ രണ്ടുലക്ഷം ഹെക്ടറിലും താഴെയാണ്. മഴവെള്ളം ഇരുപത്തിനാലു മണിക്കൂറിനകം കടലിലേക്ക് ഒലിച്ചുപോകുന്നതിന് തടയിണകള്‍ പര്യാപ്തമാണെങ്കിലും അവയും പലതും ഇന്ന് നേര്‍രേഖയായി അവശേഷിക്കുകയാണ്. ഏറ്റവും വലിയ രണ്ടാമത്തെ പുഴയായ ഭാരതപ്പുഴയില്‍ പലയിടത്തും മണല്‍കൂമ്പാരമാണ് കാണാനാകുന്നത്. തടയിണകളില്‍ വെള്ളമില്ലാത്തതുമൂലം നിളയുടെ കരയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഇത്തവണ വെള്ളത്തിന് ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ടിവരും. കഴിഞ്ഞ പ്രളയ കാലങ്ങളില്‍ അധികമായി കിട്ടിയ മഴവെള്ളത്തിന്റെ അളവ് 53 ശതമാനത്തില്‍നിന്ന് കേരളത്തില്‍ 29 ശതമാനമായിരുന്നു. ഡിസംബറില്‍ അവസാനിച്ച തുലാവര്‍ഷം ചതിച്ചതുമൂലമാണിത്. ഒക്ടോബറിലാണ് കേരളത്തില്‍ തുലാവര്‍ഷം ഇത്തിരിയെങ്കിലും കനിവ് കാട്ടിയത്. പ്രളയത്തില്‍ ലഭിച്ച മഴവെള്ളം അണക്കെട്ടുകളില്‍ ശേഖരിക്കാനായതുമൂലമാണ് ഇപ്പോള്‍ പാലക്കാട് പോലുള്ള സ്ഥലങ്ങളില്‍ കൃഷിയെടുക്കുന്നത്. 2018ലെ മഹാപ്രളയത്തിലെയും 2019ലെ പ്രളയത്തിലെയും അനുഭവപാഠങ്ങള്‍ ഇനിയും പഠിച്ചിട്ടില്ലെന്നതിന് തെളിവാണ് വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ഇപ്പോഴും സര്‍ക്കാരിന്റെ പക്കല്‍ കുറേ കടലാസുകള്‍ മാത്രമേ ഉള്ളൂ എന്നത്. ക്രിയാത്മകമായ യാതൊരു നടപടിയും പ്രളയത്തിന്റെ കാര്യത്തിലെന്നതുപോലെ വരള്‍ച്ചയെ നേരിടുന്നതിനും ആവിഷ്‌കരിച്ചിട്ടില്ല. രണ്ടു പ്രളയത്തിലുമായി 650 ഓളം പേരുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ സ്വത്തു-കൃഷി നാശത്തിനും ഇടയാക്കിയെങ്കിലും ഇനിയും അതെങ്ങനെ തടയാമെന്നതിനെക്കുറിച്ച് അവ്യക്തമായ ചില ഫോര്‍മുലകള്‍ മാത്രമേ സര്‍ക്കാരിന്റെ പക്കലുള്ളൂ. പ്രകൃതിയെ തടുക്കാന്‍ മനുഷ്യന് കഴിയില്ലായിരിക്കാം. പക്ഷേ മുന്‍കൂട്ടിക്കണ്ട് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് കഴിയും. അതിനായി ഭരണാധികാരികളും ജനങ്ങളും രംഗത്തിറങ്ങിയേ തീരൂ.
പ്രളയത്തെക്കുറിച്ച് അപഗ്രഥിച്ച ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ നാമമാത്രമായവ പോലും ഇനിയും നടപ്പാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നത് ഖേദകരമാണ്. മുഖ്യമന്ത്രി കൊട്ടിഗ്‌ഘോഷിച്ച് പ്രഖ്യാപിച്ച ഭാരംകുറഞ്ഞ വീട് നിര്‍മാണശൈലി കടലാസിലൊതുങ്ങുകയാണ്. മഴവെള്ള സംഭരണികള്‍ ഓരോ വീടിനും നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് ഇനിയും സര്‍ക്കാരിന് ഒരു തിട്ടവുമില്ല, തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ പരിധിക്കകത്തുനിന്നുകൊണ്ട് ചെയ്യുന്നതല്ലാതെ. പ്രൊഫ. മാധവ് ഗാഡ്ഗില്‍, ഡോ. കസ്തൂരിരംഗന്‍ എന്നിവര്‍ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തുകയാണ് ക്വാറികളുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ കാലാവസ്ഥാദുരന്തം നേരിടാനായി ചെയ്തതെന്നത് അപമാനകാരമാണ്. അഞ്ഞൂറിലധികം ക്വാറികള്‍ക്ക് പുതുതായി അനുമതി നല്‍കിയതുവഴി കാലാവസ്ഥാഭീകരനെ കയറൂരിവിടാനാണ് ഇനിയും സര്‍ക്കാരിന്റെ ശ്രമമെന്ന് വ്യക്തം. എങ്ങനെയും ഖജനാവിലേക്കും കീശയിലേക്കും കാശ് വീഴ്ത്തുകമാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള നടപടികള്‍ കേരളംപോലെ ചെങ്കുത്തായ മലമ്പ്രദേശത്തെ ചരിത്രത്തിലേക്ക് തള്ളിവിട്ടാലും അത്ഭുതപ്പെടേണ്ടതില്ല. ജനങ്ങളുടെ ഉണര്‍ന്നെഴുന്നേല്‍പ്പ് മാത്രമേ കാലാവസ്ഥയുടെ കാര്യത്തിലിനി പ്രത്യാശക്ക് വകയുള്ളൂ. വരള്‍ച്ചയുണ്ടാകാനിടയുള്ള ഇടങ്ങളുടെ പട്ടിക പ്രത്യേകം തയ്യാറാക്കി വെള്ളമെത്തിക്കുന്നതിനുള്ള ചുമതല ജില്ലാകലക്ടര്‍മാരെ ഏല്‍പിക്കണം. ടാങ്കര്‍വെള്ളം ആവശ്യമുള്ള പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കി ടാങ്കുകള്‍ സ്ഥാപിക്കുന്നതിന് ഇനിയും അമാന്തവും പണദൗര്‍ലഭ്യവും ഉണ്ടായിക്കൂടാ. മാര്‍ച്ചിലെ പദ്ധതിപൂര്‍ത്തീകരിക്കുന്നതിന് കാത്തിരിക്കുകയല്ല വേണ്ടത്. തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കുന്നതിനും മണ്ണ്, മണലെടുപ്പ്, വനനശീകരണം, കാട്ടുതീ സാധ്യത മുതലായവ കണ്ടെത്തി ശിക്ഷാനടപടികള്‍ കൈക്കൊള്ളുന്നതിനും ഉദ്യോഗസ്ഥരെ ജാഗ്രവത്താക്കണം. ഇതിനൊക്കെ വേനലില്‍ മേലേനിന്നുള്ള ഉത്തരവിറക്കാനായി കാത്തിരിക്കുന്ന സ്ഥിതിയുണ്ടാകരുത്.

SHARE