സെന്‍സസും എന്‍.പി.ആറും ആശങ്ക അകറ്റണം

പിണറായി സര്‍ക്കാരിന് മോദി-അമിത്ഷാ ദ്വന്ദങ്ങളെ പേടിയാണോയെന്ന ചോദ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ ചൂണ്ടിക്കാട്ടിയാണ് ഇക്കാലമത്രയും തങ്ങളുടെ ബി.ജെ.പി-ആര്‍.എസ്.എസ് വിരുദ്ധത സി.പി.എം വിശദീകരിക്കുന്നത്. കണ്ണൂരിനെചൊല്ലി ഫാസിസ്റ്റ് വിരുദ്ധത നടിക്കുമ്പോള്‍, മടിയില്‍ കനമുള്ളവര്‍ക്കേ വഴിയില്‍ പേടിക്കേണ്ടതുള്ളൂവെന്ന പഴംചൊല്ല് സി.പി.എമ്മിനെ പിന്തുടരുകയാണ്. ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിയോട് കൂട്ടുകൂടിയ ചരിത്രം വല്ലാതെ വേട്ടയാടുകയാണ് സി.പി.എമ്മിനെ. കോണ്‍ഗ്രസ് വിരുദ്ധതകൊണ്ട് ബി.ജെ.പിയുടെ വളര്‍ച്ചക്ക് വളവും പുല്ലും നല്‍കിയ ദേശീയ തലത്തിലെ ബദല്‍ രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമേ ഉള്ളൂ. ഇപ്പോള്‍ ബദല്‍ രാഷ്ട്രീയത്തിന്റെ അവശിഷ്ടങ്ങള്‍പോലും ശേഷിക്കുന്നില്ല. പശ്ചിമ ബംഗാളിലും ത്രിപുരയിലും ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ടതോടെ കൊച്ചു കേരളത്തില്‍ മാത്രം ശേഷിപ്പുകളുള്ള ഇടതുമുന്നണിയിലെ വല്യേട്ടന്‍ ഇപ്പോള്‍ നാളികേരത്തിന്റെ നാട്ടിലെ ദേശീയ പാര്‍ട്ടിയാണ്.

പാര്‍ലമെന്റില്‍ അംഗസംഖ്യ ഉണ്ടായിരുന്ന കാലത്തൊക്കെ പരോക്ഷ പിന്തുണ ബി.ജെ.പിക്കായിരുന്നു-ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്തൊഴികെ. ബി.ജെ.പിക്ക് തനിച്ച് അധികാരത്തിലെത്താന്‍ സി.പി.എമ്മിന്റെ സംഭാവന ചെറുതുമായിരുന്നില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഇപ്പോഴും പഴയ ബദല്‍ രാഷ്ട്രീയത്തിന്റെ ഹാങ്ഓവറിലാണ്. മതേതരത്വവും ജനാധിപത്യവും ഉരുവിടുന്നുണ്ടെങ്കിലും എസ്.എഫ്.ഐ കൊടിയിലെ മുദ്രാവാക്യങ്ങള്‍ പോലെ എല്ലാം ഷോയാണെന്ന് കരുതേണ്ടി വന്നിരിക്കുകയാണിപ്പോള്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സി.പി.എം സമരം ഏതാണ്ട് അവസാനിച്ച മട്ടാണ്. ഭരണഘടനയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള റോഡ് ഷോ ആക്കി മാറ്റിയതോടെ ഇടതു സര്‍ക്കാരിന് ഏറെ നേട്ടങ്ങളുണ്ടായി. ഭരണ സ്തംഭനവും കിഫ്ബിയിലെ അഴിമതിയും ഉള്‍പ്പെടെ സംസ്ഥാന ഭരണ പരാജയങ്ങള്‍ കുറച്ചുകാലത്തേക്കെങ്കിലും പൊതുജനങ്ങളുടെ ശ്രദ്ധയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞു. രണ്ടാമത്തേത് ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന മേല്‍വിലാസം അണിയാന്‍ നടത്തിയ ശ്രമമാണ്. രണ്ട് കാര്യങ്ങളിലും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് റോഡ് ഷോ അമ്പേ പരാജയമായിപ്പോയി. എങ്കിലും കുറച്ചു പേരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. അത്തരം തെറ്റിദ്ധാരണകള്‍ താല്‍ക്കാലികം മാത്രമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു കഴിഞ്ഞു.

ബി.ജെ.പി എന്ന ഫാസിസ്റ്റ് ഭരണകക്ഷിയേയും മോദി-അമിത് ഷാ അച്ചുതണ്ടിനേയും സി.പി.എമ്മിന് ഭയമാണോ എന്ന ചോദ്യം ഉദിക്കുന്നത് ഈ സാഹചര്യത്തിലാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനങ്ങളുടെ കൂട്ടായ പ്രക്ഷോഭത്തിന്റെ ഓരത്ത് വന്നുനില്‍ക്കുകയും പിന്നീട് ഈ ഉത്തരം താങ്ങുന്നത് തങ്ങളാണെന്ന് മേനി നടിക്കുകയും ചെയ്ത ശേഷം ഇപ്പോള്‍ സി.പി.എം സമരമുഖത്ത്‌നിന്ന് ഒളിച്ചോടിക്കഴിഞ്ഞു. കേരളത്തിന്റെ തെക്ക് വടക്ക് കൈകോര്‍ത്ത്‌നിന്ന ശേഷം എന്തിനാണ് സി.പി.എം പിന്തിരിഞ്ഞ് നടക്കുന്നത്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്ന് കരുതാനാകില്ല. സമരം വിജയിച്ചുവെന്ന തെറ്റിദ്ധാരണ സി.പി.എമ്മിനെ ഗ്രസിച്ചിട്ടുണ്ടെന്നും വിശ്വസിക്കാനാകില്ല.

എന്തായാലും ഇപ്പോള്‍ സി. എ.എ വിരുദ്ധ സമരമുഖത്ത് സി.പി.എം ഇല്ല. മാത്രമല്ല, ഇരയോടൊപ്പം ഓടിയ വേഗത്തേക്കാള്‍ വേട്ടക്കാരനൊപ്പം കൂടുകയാണ് സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍. സെന്‍സസിന്റെ മറവില്‍ എന്‍.പി.ആര്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന ഭരണകൂടം. സെന്‍സസിന്റെ മറവില്‍ എന്‍.പി.ആര്‍ (ദേശീയ ജനസംഖ്യ രജിസ്റ്റര്‍) തയാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്. ഇന്ത്യയില്‍ സ്ഥിര താമസമുള്ള എല്ലാ ആളുകളുടേയും വിവരങ്ങള്‍ ശേഖരിച്ച് തിരിച്ചറിയില്‍ രേഖ നല്‍കുകയെന്നതാണ് എന്‍.പി.ആര്‍. സെന്‍സസുമായി കാര്യമായ വ്യത്യാസമൊന്നും ഇതിലില്ല. ദേശീയ ജനസംഖ്യാരജിസ്റ്ററില്‍ പേരുള്ള, തിരിച്ചറിയല്‍ രേഖ ലഭിക്കുന്ന എല്ലാവരും ഇന്ത്യന്‍ പൗരന്മാരാകില്ലെന്നതാണ് എന്‍.പി.ആറിനെ ഭീഷണിയായി കാണാന്‍ ഇടനല്‍കുന്നത്.

സെന്‍സസിന്റെ മറവില്‍ എന്‍.പി.ആര്‍ തയാറാക്കുകയാണെന്ന് ഇടതു സര്‍ക്കാരിന് അറിയാത്തതു കൊണ്ടല്ല, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ തിട്ടൂരത്തിന് വഴങ്ങുന്നത്. സെന്‍സസ് നടത്തുന്നതിനെ ആരും എതിര്‍ക്കുന്നില്ല. സംസ്ഥാനത്തെ പ്രതിപക്ഷം ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. സെന്‍സസും ദേശീയ ജന സംഖ്യാ രജിസ്റ്ററും ഒന്നാണെന്ന മട്ടിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യത്തില്‍ വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നത്.

രണ്ടും ഒന്നാണെന്ന് ചില കേന്ദ്ര മന്ത്രിമാരെങ്കിലും വെട്ടിത്തുറന്നു പറയുന്നുമുണ്ട്. സെന്‍സസിന്റെ മറവില്‍ എന്‍.പി.ആര്‍ നടപ്പാക്കാന്‍ കൃത്യമായ ഗൂഢാലോചനയാണ് കേന്ദ്ര ഭരണകൂടം നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും എന്‍.പി.ആറിന് വേണ്ടി വന്‍ തുകയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. 4568 കോടി രൂപ നീക്കിവെച്ചിരിക്കുന്നത് സെന്‍സസ് നടത്താന്‍ വേണ്ടി മാത്രമല്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ ബജറ്റില്‍ 1121 കോടി രൂപ മാത്രമാണ് വകയിരുത്തിയിരുന്നത്. അതിവേഗത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

നെല്ലും പതിരും വേര്‍തിരിച്ചിട്ട് പോരെ കേരളത്തില്‍ സെന്‍സസെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരമല്ല മുഖ്യമന്ത്രി നല്‍കുന്നത്. കെ.എം ഷാജി ഇക്കാര്യം അടിയന്തര പ്രമേയമായി നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ മുഖ്യമന്ത്രി കൃത്യമായല്ല മറുപടി പറഞ്ഞത്. സി.എ.എ പോലെ തന്നെ മുസ്‌ലിംകളുടെ പ്രശ്‌നം മാത്രമല്ല എന്‍.പി. ആര്‍. ചില ചോദ്യങ്ങള്‍ ഒഴിവാക്കപ്പെട്ടതുകൊണ്ട് അവസാനിക്കുന്ന പ്രശ്‌നമല്ല മുന്നിലുള്ളത്.

രാജ്യത്തെ സമ്പൂര്‍ണമായി മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന സംഘ്പരിവാര്‍ ഗുഢാലോചനക്ക് കേരളത്തിലെ ഇടതുസര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്, എന്ത് പേടിയുടെ പേരിലായാലും. ഇല്ലെങ്കില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ബി.ജെ.പിക്കും സംഘ്പരിവാറിനും അധികാരത്തിലേക്കുള്ള ചുവന്ന പരവതാനി വിരിച്ചതിനേക്കാള്‍ വലിയ ചരിത്ര മണ്ടത്തരമാകുമത്. എന്‍.പി.ആര്‍ സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചുവരുന്ന സാഹചര്യത്തില്‍ അവധാനതയോടെ നടപടികള്‍ സ്വീകരിക്കുന്നതാകും ഉചിതം. സെന്‍സസിന്റെ മറവില്‍ എന്‍.പി.ആറിനായല്ല വിവരങ്ങള്‍ ശേഖരിക്കുന്നത് എന്നെങ്കിലും ഉറപ്പുവരുന്നതുവരെ നടപടികള്‍ നിര്‍ത്തിവെക്കണം. യൂണിഫോം സേനയെ പോലും നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തുമെന്ന് വങ്കത്തം പറഞ്ഞാല്‍ സ്വന്തം മനസ്സാക്ഷി പോലും അത് വിശ്വസിക്കില്ല.

SHARE