തോക്ക് മന്ത്രി


വിവേചനപരമായ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടാണ് ‘ഗോലി മാരോ സാലോംകോ’ എന്ന വാചകത്തിന് രാജ്യത്ത് വലിയ പ്രചാരം ലഭിക്കുന്നത്. ‘രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലൂ’ എന്നാണ് ഇതിന്റെ അര്‍ത്ഥം. സമകാലിക ഇന്ത്യയില്‍ ഇത് അധികവും ഉപയോഗിക്കുന്നത് ഹിന്ദുത്വശക്തികളും സര്‍ക്കാര്‍ അനുകൂലികളും ഭരണാധികാരികളുമാണെന്നതാണ് കൗതുകകരം. മുഖ്യമായും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധകര്‍ക്കു നേരെയാണ് വെടിവെക്കാനുള്ള കല്‍പന. ഇത്തരമൊരു ആക്രോശം നിയമവശാലും ധാര്‍മികമായും ജനാധിപത്യപരമായുമൊക്കെ വലിയ തെറ്റാണെന്ന് അറിയാതെയല്ല ഇവര്‍ ഇത് പറയുന്നത്. ശരിക്കും ഭയപ്പെടുത്താനാണ്. ബി.ജെ.പിയുടെ ലോക്‌സഭാംഗവും കേന്ദ്ര ധനകാര്യ സഹമന്ത്രിയുമായ അനുരാഗ് സിങ് താക്കൂറാണ് ഇക്കഴിഞ്ഞ ജനുവരി 27ന് ഡല്‍ഹിയില്‍ തിങ്ങിക്കൂടിയ പൗരത്വ പ്രക്ഷോഭകരെ നോക്കി അണികളോട് ഗോലി മാരോ എന്ന് വിളിക്കാന്‍ ആവശ്യപ്പെടുന്നത്. ഇത് വിളിച്ചുകൊടുക്കുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഡല്‍ഹി തെരഞ്ഞെടുപ്പു കാലമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉണര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് അനുരാഗിന് വിലക്കേര്‍പ്പെടുത്തി. എന്നിട്ടും കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഡല്‍ഹി പൊലീസ് അനുരാഗിനെ തൊട്ടില്ല. കേസ് പോലുമെടുത്തില്ല. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ പോലും അനങ്ങിയില്ല. അത്രക്കുണ്ട് കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍.എസ്.എസ്സിന്റെയും സ്വന്തം അനുരാഗിന്റെ പിടിപാട്. എന്നാല്‍ അനുരാഗിന്റെ ഈ കല്‍പന അണികള്‍ അക്ഷരം പ്രതി അനുസരിച്ചുവരികയാണിപ്പോള്‍ ഡല്‍ഹിയിലെങ്കിലും. മുമ്പ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബീഫിന്റെ പേരില്‍ മുസ്‌ലിംകളെ കല്ലെറിഞ്ഞും മര്‍ദിച്ചും കൊലപ്പെടുത്തിയതിന് സമാനമാണ് ഇപ്പോള്‍ തോക്കുകൊണ്ടുള്ള കളി. ഫെബ്രുവരി 11ന് ബി.ജെ.പി ഡല്‍ഹി നിയമസഭയിലേക്ക് വിജയിച്ചാല്‍ പൗരത്വ പ്രക്ഷോഭം നടത്തുന്ന വനിതകളെ ഒഴിവാക്കി ഷഹീന്‍ബാഗ് തുടച്ചുനീക്കുമെന്നും അനുരാഗ് പ്രഖ്യാപിച്ചിട്ടുണ്ട്. അനുരാഗിന്റെ വെടിവെക്കുമെന്ന ഭീഷണി പിന്നീട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡല്‍ഹിയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിച്ചു.
അല്ലെങ്കിലും കളികളില്‍ എന്നും കേമനാണ് ഈ ഹിമാചല്‍പ്രദേശുകാരന്‍. ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിച്ച് നേരിയ പരിചയമുണ്ടെന്നതുവെച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബി.സി.സി.ഐ) തലപ്പത്ത് വരെ എത്തിയത്. 2000ല്‍ രഞ്ജിട്രോഫിക്ക് വേണ്ടി ജമ്മുകശ്മീരില്‍ കളിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ കാര്യമായ കരിയറൊന്നും ക്രിക്കറ്റിലില്ല കക്ഷിക്ക്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ചതുവെച്ചാണ് ബി.സി.സി.ഐ ബോര്‍ഡിലെത്തിയത്. 2015ല്‍ സെക്രട്ടറിയും 2016 മുതല്‍ 2017 വരെ പ്രസിഡന്റുമായി. പക്ഷേ 2017 ജനുവരി 2ന് ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് സുപ്രീംകോടതി പുറത്തിറങ്ങാനാവശ്യപ്പെട്ടു. രാഷ്ട്രീയക്കാര്‍ ക്രിക്കറ്റ് ഭരണത്തില്‍ വേണ്ടെന്ന ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ശിപാര്‍ശയിലായിരുന്നു ഇത്. പക്ഷേ കോടതിയുടെ തുടര്‍നിര്‍ദേശങ്ങളൊന്നും താക്കൂര്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ രാജിയായി. ഹിമാചല്‍പ്രദേശില്‍ രണ്ടുതവണ ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന പ്രേംകുമാര്‍ ധൂമാലിന്റെ പുത്രനായതാണ് ടിയാന് ഈ പിടിപാടിനെല്ലാം കാരണം. സാമാന്യവും അതില്‍കൂടുതലും ജീവിക്കാനും ഉല്ലസിക്കാനും വകയുണ്ടാക്കിയിട്ടുണ്ട്. ക്രിക്കറ്റ് എന്നാല്‍ പണത്തിന്റെകൂടി പര്യായമാണല്ലോ. 2016ല്‍ ലോക്‌സഭാംഗമായിരിക്കവെതന്നെ സൈന്യത്തിന്റെ ടെറിട്ടോറിയല്‍ വിഭാഗത്തില്‍ സ്ഥിരം കമ്മീഷന്‍ഡ് ഓഫീസറായും കയറിപ്പറ്റി റെക്കോര്‍ഡിട്ടു. ചാമ്പ്യന്‍ ഓഫ് ചേഞ്ച് അവാര്‍ഡും നേടിയെടുത്തു. രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡ് കൈമാറിയത്. ഇതേവര്‍ഷം പാര്‍ലമെന്റിലെ പ്രകടനത്തിന് സന്‍സദ്‌രത്‌ന അവാര്‍ഡും നേടി.
2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്ത് ബി.ജെ.പിയെ ഹിമാചലില്‍ അധികാരത്തിലെത്തിച്ചതാണ് രാഷ്ട്രീയത്തിലെ പുതിയ ഇന്നിംഗ്‌സിന് കാരണമായത്. 2008ല്‍ മുപ്പത്തിനാലാം വയസ്സില്‍ ഹിമാചലിലെ ഹാമിര്‍പൂര്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭാംഗമായതിനുശേഷം പിന്നീട് നാലു തവണയും തോല്‍വിയറിഞ്ഞിട്ടില്ല. 2018 ജൂലൈയില്‍ ലോക്‌സഭയില്‍ ബി.ജെ.പിയുടെ ചീഫ് വിപ്പാക്കി. ബി.ജെ.പിയുടെ യുവജനസംഘടനയായ യുവമോര്‍ച്ചയുടെ അധ്യക്ഷനുമായിട്ടുണ്ട്. ധനത്തിന് പുറമെ കമ്പനി കാര്യത്തിന്റെയും സഹമന്ത്രിയായി 2019 മേയില്‍ രണ്ടാം മോദി മന്ത്രിസഭയില്‍ കയറിപ്പറ്റി. ജലന്ധറിലെ ദയാനന്ദ് സ്‌കൂളിലും ദോബകോളജിലെ ബിരുദ പഠനത്തിനും ശേഷം ക്രിക്കറ്റില്‍ സജീവമായി. ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തേക്ക്. പിന്നീട് നേരെ രാഷ്ട്രീയത്തിലിറങ്ങുകയായിരുന്നു. ഭാര്യയാക്കിയത് പിതാവിന്റെ മന്ത്രിസഭാംഗമായിരുന്ന ഗുലാബ്‌സിംഗ് താക്കൂറിന്റെ പുത്രി ഷെഫാലിയെ. ജയാദിത്യയും ഉദയവീറും മക്കള്‍. ഇളയ സഹോദരന്‍ അരുണ്‍സിങ് താക്കൂര്‍ ബിസിനസില്‍.

SHARE