ദേവീന്ദറിന്റെ കാക്കിക്ക് കാവി വര്‍ണമോ?

എല്ലാ മുസ്്‌ലിമും ഭീകരവാദിയല്ലെന്നും എന്നാല്‍ ഭീകരവാദികളെല്ലാം മുസ്്‌ലിംകളാണെന്നുമുള്ള കുടിലസിദ്ധാന്തം ലോകത്ത് പ്രചരിപ്പിച്ചുതുടങ്ങിയിട്ട് വര്‍ഷങ്ങളായി. പാശ്ചാത്യമാധ്യമങ്ങളാണ് ആദ്യം ഇതിനുപിന്നിലുണ്ടായിരുന്നത്. ഇന്ത്യയിലും ഇതിന് വേരുകളുണ്ട്. ലോകത്തെ ആദ്യ ഭീകരപ്രവര്‍ത്തനമായി ചൂണ്ടിക്കാട്ടപ്പെടുന്നത് തമിഴ്‌നാട്ടില്‍ മൂന്നുപതിറ്റാണ്ടുമുമ്പ് മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ നേര്‍ക്കുനടന്ന ചാവേര്‍ കൊലപാതകമാണ്. തമിഴ് ഭീകരരായിരുന്നു അതിനുപിന്നില്‍. ശേഷം എണ്ണമറ്റ ഭീകരാക്രമണങ്ങള്‍ ലോകത്തെമ്പാടുമായി നടന്നു; ഇപ്പോഴുമത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. കൊല്ലപ്പെടുന്നവരിലും കൊല്ലുന്നവരിലും ഏതെങ്കിലും പ്രത്യേക മതക്കാര്‍ മാത്രമാണുള്ളതെന്ന് ഇനിയുമാരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മറ്റുള്ളവരുടെ വാക്കുകള്‍ വിഴുങ്ങുന്നവരോ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ അന്ധത ബാധിച്ചവരോ ആണ്. ബാബരി മസ്ജിദ് തകര്‍ക്കലും നൂറുകണക്കിന് ആള്‍ക്കൂട്ടവും അല്ലാത്തതുമായ കൊലപാതകങ്ങളും സ്‌ഫോടനങ്ങളും അക്രമങ്ങളും കലാപങ്ങളും നടത്തിയവരിപ്പോഴും സമാധാനകാംക്ഷികളും ഇരവാദികളും! ഈവൈരുധ്യം കുറച്ചുകൂടി തുറന്നുകാട്ടപ്പെടുന്ന സംഭവമാണ് കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ ലോകജനതക്ക് മുമ്പിലെത്തിനില്‍ക്കുന്ന ദേവീന്ദര്‍സിങ് എപ്പിസോഡ് അഥവാ കാക്കിക്കുള്ളിലെ ഭീകരവാദം.

ഇക്കഴിഞ്ഞ ജനുവരി 11ന് ദക്ഷിണ കശ്മീരിലെ ദേശീയപാതയില്‍വെച്ച് പിടിയിലായ ഭീകരവാദികളുടെ കൂടെ കാറിലുണ്ടായിരുന്നത് ജമ്മുകശ്മീര്‍ പൊലീസ് ഡിവൈ.എസ്.പി ദേവീന്ദര്‍സിങ് ആണെന്ന വാര്‍ത്തയാണ് വലിയ ഭയാശങ്കകള്‍ക്ക് വഴിമരുന്നിടുന്നതും അധികാര കാവിരാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചംവീശുന്നതും. ജമ്മുകശ്മീര്‍ പൊലീസും സൈന്യവും രാജ്യവും ഭീകരരായി കാണുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം പിടിയിലായത് എന്നതാണിതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത. ഇന്ത്യയില്‍ നിരവധി സ്‌ഫോടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണക്കാരായ പാക് ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ പ്രമുഖ നേതാവാണ് ദേവന്ദറോടൊപ്പം കാറിലുണ്ടായിരുന്ന നവീദ് ബാബു. അല്‍ത്താഫ് ഹുസൈന്‍ എന്ന മറ്റൊരു ഭീകരനും ഇവരുടെ അഭിഭാഷകനായ റഫി അഹമ്മദും കൂടെയുണ്ടായിരുന്നുവെന്നാണ് പൊലീസ് ഐ.ജി വിജയകുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുള്ളത്്. കാറില്‍നിന്ന് നിരവധി ആയുധങ്ങളും ദേവീന്ദറിന്റെ വസതിയില്‍നിന്ന് സ്‌ഫോടക വസ്തുക്കളടക്കവും കണ്ടെടുത്തതായും വിവരമുണ്ട്. എന്തിനാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഭീകരവാദികളോടൊപ്പം യാത്ര ചെയ്തത് എന്നാരായുന്നവര്‍ക്ക് പൊലീസ് നല്‍കുന്ന മറുപടി ദേവീന്ദര്‍ മുമ്പും ഇത്തരം കേസുകളില്‍പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഭീകരരെ നേരിടുന്നതില്‍ മിടുക്കനായതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ്. ജമ്മുകശ്മീരിലെ ഭീകരവാദത്തിനെതിരായ പ്രത്യേക ഓപ്പറേഷന്‍ വിഭാഗത്തില്‍ അംഗമാണ് ദേവീന്ദര്‍സിങ് എന്ന ഈ പുല്‍വാമ സ്വദേശിയായ 57കാരന്‍. എന്നാല്‍ ദേവീന്ദര്‍ എന്തിനാണ്, ആര്‍ക്കുവേണ്ടിയാണ് രാജ്യത്തെ ഒറ്റുകൊടുക്കുന്ന ദേശദ്രോഹപ്രവൃത്തിക്ക് കൂട്ടുനിന്നതെന്നതിന് സര്‍ക്കാരുകള്‍ വ്യക്തമായ ഉത്തരം നല്‍കുന്നില്ല. അതിനുള്ള മറുപടി പക്ഷേ കുറച്ചുകാലമായി ഇന്ത്യയുടെ രാഷ്ട്രീയനഭസ്സില്‍ ഉണ്ടുതാനും.

2001ലെ വാജ്‌പേയി കേന്ദ്ര ഭരണകാലത്തുണ്ടായ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയെന്ന് മുദ്രകുത്തി തൂക്കിക്കൊന്ന അഫ്‌സല്‍ ഗുരുവിന്റെ ഒരു വെളിപ്പെടുത്തലില്‍ ഈ ദേവീന്ദര്‍സിങ് എന്ന പൊലീസുകാരനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. അന്ന് തന്റെ അഭിഭാഷകന് അഫ്‌സല്‍ഗുരു ജയിലില്‍നിന്നെഴുതിയ കത്ത് അഭിഭാഷകന്‍ പുറത്തുവിടുകയായിരുന്നു. ഒരുപാക് ഭീകരനെ ഡല്‍ഹിയില്‍ താമസിപ്പിക്കാന്‍ തന്നോട് ദേവീന്ദര്‍സിങ് ആവശ്യപ്പെട്ടിരുന്നുവെന്നും അത് താന്‍ അനുസരിച്ചുവെന്നും അഫ്‌സല്‍ പറഞ്ഞിരുന്നു. പാകിസ്താനില്‍നിന്ന് വരുന്ന ഭീകരരെ (അതോ കൊണ്ടുവരുന്നതോ) രാജ്യത്ത് താമസിപ്പിച്ച് ആക്രമണത്തിന് ഒത്താശ ചെയ്തുകൊടുക്കുകയും തിരിച്ച് അവരെ രക്ഷപ്പെടുത്തി വിടുകയുമാണ് ദേവീന്ദര്‍സിങ് ചെയ്തുവന്നതെന്നാണ് ഇതിലൂടെ അന്നുതന്നെ ഉയര്‍ന്നുവന്ന സംശയം. പാര്‍ലമെന്റ് പോലെ ഇന്ത്യയുടെ ജനാധിപത്യ ശ്രീകോവിലിനെ ആക്രമിച്ചത് രാജ്യത്ത് മാത്രമല്ല, ലോകത്ത് തന്നെ വലിയ ഞെട്ടലാണ് ഉളവാക്കിയത്.

അതിലെ പ്രതികളിലൊരാളെയും ഇതുവരെയും പിടികൂടുകയോ വിചാരണനടത്തി ശിക്ഷിക്കുകയോ ചെയ്തില്ലെന്നതോപോകട്ടെ, പ്രതികളാരാണെന്നുപോലും ഇപ്പോഴും വിവരമില്ല. മുംബൈ താജ് ഹോട്ടലില്‍ 2008ലുണ്ടായ ഭീകരാക്രമണത്തിന്പിന്നിലും ഹാഫിസ് സഈദും മസൂദ് അസറുമാണെന്നാണ് ഇന്ത്യ വാദിക്കുന്നത്. എന്നാല്‍ ദേവീന്ദര്‍സിങിനെ പോലുള്ള ഉദ്യോഗസ്ഥര്‍ ഇതിനൊക്കെ നിഴലായി പിന്നിലുണ്ടായിരുന്നുവെന്ന് അറിയുമ്പോള്‍ ആരിലേക്കാണ് യഥാര്‍ത്ഥത്തില്‍ ഇതിന്റെയെല്ലാം ഉത്തരവാദിത്തം ചെന്നെത്തുന്നതെന്നത് ചോദ്യചിഹ്നമാണ്. അപ്പോഴാണ് മലേഗാവ്, സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സ്‌ഫോടനങ്ങളും നന്ദേദ്, നഗ്രോട്ട, പത്താന്‍കോട്ട്, പുല്‍വാമ അടക്കമുള്ള ഭീകരപ്രവര്‍ത്തനവുമൊക്കെ നമ്മുടെ മുന്നില്‍ തെളിയുന്നത്.

ആദ്യ രണ്ടുസംഭവത്തിലും അത് ചെയ്തത് മുസ്‌ലിംകളാണെന്നായിരുന്നു ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും അന്വേഷണ ഏജന്‍സികളുടെയുമൊക്കെ വാദം. എന്നാല്‍ സത്യസന്ധതയും ആര്‍ജവമുള്ള ഉദ്യോഗസ്ഥരാണ് അതിലെ യഥാര്‍ത്ഥപ്രതികള്‍ ആര്‍.എസ്.എസ് അനുഭാവികളാണെന്ന് തെളിയിച്ചത്. മലേഗാവ് കേസില്‍ തന്നെ അറസ്റ്റ്‌ചെയ്തതിനാലാണ് ഹേമന്ദ്കര്‍ക്കറെ എന്ന മുംബൈ പൊലീസ് കമ്മീഷണര്‍ കൊല്ലപ്പെട്ടതെന്ന് അടുത്തിടെ പറഞ്ഞത് ഹിന്ദുത്വ ഭീകരവാദിനിയും ഇപ്പോള്‍ ലോക്‌സഭാംഗവുമായ പ്രജ്ഞസിങ്താക്കൂറാണ്.

ഈ കേസുകളിലൊന്നിലും പ്രതികള്‍ ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് നാം ഞെട്ടലോടെ അറിയുന്നു. ഇതോടനുബന്ധമായി വേണം ദേവീന്ദര്‍സിങ് എന്ന ഉദ്യോഗസ്ഥന്റെ പങ്കിനെയും കാണാന്‍. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ദേശീയ വികാരം ജ്വലിപ്പിച്ചുനിര്‍ത്തി വോട്ടുതട്ടാന്‍ കാട്ടിക്കൂട്ടിയ തന്ത്രമായിരുന്നു പുല്‍വാമയിലെ 42 സി.ആര്‍.പി ഭടന്മാരുടെ രക്തസാക്ഷിത്വവും ബാലക്കോട്ട് ആക്രമണവുമെന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയാണെന്ന് വരികയാണ്. പാകിസ്താനിലെന്നല്ല, സ്വന്തം രാജ്യത്തിനും പൗരന്മാര്‍ക്കും സൈനികര്‍ക്കെതിരെയും എന്തു നെറികേടും നടത്തി അധികാരം പിടിച്ചുനിര്‍ത്തുക എന്നതാണ് ഈ ഭീകര സംഭവങ്ങളുടെയൊക്കെ പിന്നിലുള്ളതെന്നാണ് വ്യക്തമാകുന്നത്.

ഒരുപക്ഷേ കശ്മീരില്‍വെച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരാല്‍ പിടികൂടപ്പെട്ടില്ലായിരുന്നുവെങ്കില്‍ രാജ്യതലസ്ഥാനത്ത് മറ്റൊരു വലിയ സ്‌ഫോടനമാകും നടന്നിരിക്കുക എന്നാണ് ദേവീന്ദറിന്റെയും മറ്റും അറസ്റ്റ് തെളിയിക്കുന്നത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് കളിയിക്കാവിള അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നിരപരാധിയായ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതിലുള്‍പ്പെടെ മുസ്്‌ലിം നാമങ്ങള്‍ ഉയര്‍ത്തിവിടുന്നതിലും ഈ ദേവീന്ദര്‍ബുദ്ധി വിജയകരമായി പ്രയോജനപ്പെടുത്തുന്നുണ്ടാകണം. ‘അനന്തമജ്ഞാതമവര്‍ണനീയം….നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടൂ…! ‘ എന്നേ ഇന്നത്തെ ഭരണകൂടരീതിയെപ്പറ്റി പറയേണ്ടതുള്ളൂ.

SHARE