മരടില്‍ പാഠം പഠിക്കാതെ വീണ്ടും സര്‍ക്കാര്‍

എറണാകുളത്ത് മരടില്‍ അനധികൃതമായി ഫ്‌ലാറ്റ്‌സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത് ആരാണെന്ന് അറിയില്ലെന്ന് കൈമലര്‍ത്തുന്ന സി.പി.എം സര്‍ക്കാരിന്റെയും ആ പാര്‍ട്ടിയുടെയും നിലപാട് തികഞ്ഞ ജനവഞ്ചനയും ആത്മവഞ്ചനയുമെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. എല്ലാകാലത്തും സി.പി.എം സ്വീകരിക്കുന്ന രാഷ്ട്രീയ രീതിയുടെ ഭാഗംതന്നെയാണ് ഇവിടെയും ഇപ്പോഴുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ നാല് പടുകൂറ്റന്‍ ഫ്‌ലാറ്റ ്‌സമുച്ചയങ്ങള്‍ സുപ്രീംകോടതി വിധിയനസുരിച്ച് സര്‍ക്കാരിന് പൊളിക്കേണ്ടിവന്നെങ്കിലും കോടതിയില്‍ തുടര്‍ന്നും കള്ളം പറയുകയാണ് സംസ്ഥാനത്തെ ഇടതു മുന്നണി സര്‍ക്കാര്‍. തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ലാറ്റ്‌സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത് ഇടതുപക്ഷം ഭരിച്ച മരട് പഞ്ചായത്തായിരുന്നുവെന്നത് പകല്‍പോലെ വ്യക്തമാണ്. ഇക്കാര്യം രേഖകളിലും തെളിഞ്ഞുകിടപ്പുണ്ട്. എന്നിട്ടും രാജ്യത്തിന്റെ ഉന്നത നീതിപീഠത്തിനുമുന്നില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്, ആരാണ് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് അറിയില്ലെന്നാണ്. ഇതല്ലേ തനി പിതൃശൂന്യത?

കഴിഞ്ഞ സെപ്തംബറിലാണ് നാല് ഫ്‌ലാറ്റ്‌സമുച്ചയങ്ങളില്‍ കായല്‍ തീരത്ത് നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയതായി കണ്ടെത്തിയതായി കോടതി തെളിവുകള്‍ സഹിതം വിധിച്ചത്. എന്നാല്‍ സി.പി.എം നേതാക്കള്‍ ഫ്‌ലാറ്റുടമകള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അവസാനം ചീഫ്‌സെക്രട്ടറിയെ വിളിച്ചുവരുത്തി കര്‍ശന താക്കീത് നല്‍കിയ ശേഷമാണ് പൊളിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്. ഇതിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഫ്‌ലാറ്റുടമകള്‍ക്ക് കോടിക്കണക്കിനു രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുകയുംചെയ്തു. ജഡ്ജി ജസ്റ്റിസ് അരുണ്‍മിശ്ര തിങ്കളാഴ്ച ഇക്കാര്യത്തില്‍ ചില താക്കീതുകള്‍ വ്യംഗ്യമായി നല്‍കിയത് ഈ സര്‍ക്കാരിനെതിരായി താക്കീതായി കാണണം. ചിലത് നടക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് ജസ്റ്റിസ് പറഞ്ഞത്. ‘ആദ്യം പൊടിയടങ്ങട്ടെ എന്നിട്ട് മറ്റു നടപടികള്‍’ എന്ന് അദ്ദേഹം ദ്വയാര്‍ത്ഥത്തില്‍ പറഞ്ഞതിനെ തീര്‍ച്ചയായും മുഖവിലക്കെടുക്കേണ്ടതുണ്ട്. അനധികൃതനിര്‍മാണക്കേസില്‍ ചില ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ബോധപൂര്‍വം ഒഴിവാക്കിയതിനെയാണ് കോടതി പരോക്ഷമായി പരാമര്‍ശിച്ചത്. എന്താണ് സംഭവിച്ചതെന്ന് കോടതിക്ക് വ്യക്തമായി ബോധ്യപ്പെട്ടുവെന്നര്‍ത്ഥം. വേദനയോടെയാണ് പൊളിക്കാന്‍ ഉത്തരവിട്ടതെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞത് കോടതിയുടെ ഇക്കാര്യത്തിലെ ആത്മാര്‍ത്ഥത ഒരിക്കല്‍കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

2006ല്‍ കെ.എ ദേവസ്യ പ്രസിഡന്റായ ഇടതു ഭരണ സമിതിയാണ് ഫ്‌ലാറ്റുകള്‍ നിര്‍മിക്കാന്‍ അനുമതിനല്‍കിയത്. കേസില്‍നിന്ന് ഇടതുഭരണ സമിതിയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പല വഴികളാണ് പരീക്ഷിച്ച് നോക്കിയത്. വലിയ തോതിലുള്ള അഴിമതിയും ക്രമക്കേടുമാണ് ഇക്കാര്യത്തില്‍ നടന്നതെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. അവരില്‍ പലരും ഇപ്പോള്‍ പ്രതികളാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി സ്വന്തം തടി സലാമത്താക്കാമെന്ന വ്യാമോഹമാണ് സി.പി.എമ്മിന് ഇപ്പോഴുമുള്ളതെന്നതിന് തെളിവാണ് തിങ്കളാഴ്ചത്തെ സത്യവാങ്മൂലം. എന്തുവന്നാലും കെട്ടിയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തീരുമാനിക്കില്ലെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതീക്ഷ. മൂന്നാറില്‍ ഇതേ പാര്‍ട്ടിയുടെ ആളുകള്‍ കയ്യേറിയ റവന്യൂ ഭൂമിയും വനവും കെട്ടിപ്പൊക്കിയ സൗധങ്ങളും ഇപ്പോഴും നിയമങ്ങളെ പല്ലിളിച്ച് നില്‍ക്കുന്നുവെന്നതാണ് സി.പി.എമ്മിനെ ആശ്വസിപ്പിക്കുന്നുണ്ടാകുക. മരടിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ രണ്ടായിരത്തോളം അനധികൃത കെട്ടിടങ്ങളുടെമേല്‍ കരിനിഴല്‍ വീണിരിക്കുകയാണിപ്പോള്‍. കൊച്ചിയിലും തൃക്കാക്കരയിലുംമാത്രം മുപ്പതിലധികം അനധികൃത കെട്ടിടങ്ങള്‍ ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്. ആദ്യ ഘട്ടം മാത്രമാണ് കേസില്‍ ഇപ്പോള്‍ നടപടി പൂര്‍ത്തിയായിട്ടുള്ളത്. കേസിലെ തുടര്‍ വിചാരണയും ശിക്ഷാവിധിയും ഇനിയും ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാനസര്‍ക്കാരിന്‌വേണ്ടി കോടതിയില്‍ ഹാജരായ ദുഷ്യന്ത് ദവെ കോടതിയോട് വ്യക്തമാക്കിയത് ‘നിയമത്തിന്റെ ഗാംഭീര്യം’ എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്നാണ്. ആര്‍ക്കാണ് അത് കൂടുതല്‍ ബോധ്യപ്പെട്ടതെന്ന് എന്തുകൊണ്ടോ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞില്ല. അത് ബോധ്യപ്പെട്ടിരിക്കുന്നത് മറ്റാരെക്കാളും സ്വന്തം സര്‍ക്കാരിനും അവരുടെ പാര്‍ട്ടിക്കാര്‍ക്കുമാണെന്നതാണ് യാഥാര്‍ത്ഥ്യം. സി.പി. എം നേതാക്കളായ എം.വി ജയരാജന്‍, ശ്രീമതി തുടങ്ങിയവര്‍ മരടിലെത്തി സമരക്കാരായ ഫ്‌ലാറ്റുടമകളോട് പറഞ്ഞത് എന്തുവന്നാലും ഫ്‌ലാറ്റുകള്‍ പൊളിക്കില്ലെന്നും ആരും ആശങ്കപ്പെടരുതെന്നുമായിരുന്നു. പക്ഷേ കോടതിയില്‍സര്‍ക്കാരിന്റെ നിലപാട് മറിച്ചായിരുന്നു. ചീഫ്‌സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ ജയിലില്‍ പോകുമെന്ന് വന്നപ്പോഴായിരുന്നു പിണറായി സര്‍ക്കാരിന്റെ മനംമാറ്റം.

ജനവികാരവും ജനതയുടെ സ്വസ്ഥജീവിതവും കണക്കിലെടുക്കാന്‍ ഉത്തരവാദപ്പെട്ട ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തില്‍ തികഞ്ഞ ഇരട്ടത്താപ്പാണ് കാണിച്ചത്. നെല്‍വയലും തണ്ണീര്‍തടങ്ങളും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രാത്രി മുഴുക്കെ ഉറക്കമിളച്ചിരുന്ന് നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാര്‍ 20 വര്‍ഷം മുമ്പ് പാസാക്കിയ തീരദേശ പരിപാലന നിയമമാണ് മരടില്‍ നഗ്നമായി ലംഘിക്കപ്പെട്ടത്. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ നെറികെട്ട നീക്കമാണ് ഇപ്പോഴവര്‍ നടത്തിയിരിക്കുന്നത്. ഇതിനെ മറ്റൊരു നിയമ ലംഘനമായി മാത്രമേ കാണാനാകൂ. അതുകൊണ്ടുതന്നെയാരിക്കണം, ദുഷ്യന്ത്ദവെയുടെ വാക്കുകള്‍ കോടതിയെ ആശ്വസിപ്പിക്കാതെ പോയത്. അഭിഭാഷകന്റെ നിയമത്തിന്റെ ഗാംഭീര്യത്തെക്കുറിച്ചുള്ള വാക്കുകള്‍കേട്ട് അതിന് നന്ദി പറയുകയല്ല മറിച്ച് പൊടിയടങ്ങട്ടെ എന്ന് താക്കീത് നല്‍കുകയാണ് കോടതി ചെയ്തതെന്നത് കാണാതിരുന്നുകൂടാ. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും അധ്വാനഫലമാണിത്. ഇതിനെല്ലാം സി.പി.എമ്മും സര്‍ക്കാരും അവരോട് മറുപടി പറഞ്ഞേ തീരൂ. തെറ്റ് ഏറ്റുപറയുകയാണ് ചീഫ്‌സെക്രട്ടറിയെ പോലെ ഇടതുക്ഷം ചെയ്യേണ്ടത്. കുറ്റമാര് ചെയ്താലും സംസ്ഥാനത്തിന് വന്‍ സമ്പദ്‌നാശവും മാനിഹാനിയും വരുത്തിവെച്ചവരെ അഴിക്കുള്ളിലാക്കുകതന്നെ വേണം. അതിനെതിരായ സര്‍ക്കാര്‍ നിലപാട് നിയമലംഘനങ്ങള്‍ക്കുള്ള ഭരണകൂടത്തിന്റെ വീണ്ടും കുടപിടിക്കലാണ്.

SHARE