അരുത്, മരട് ആവര്‍ത്തിക്കപ്പെടരുത്

ജലം, വായു, മണ്ണ്, അഗ്നി, ആകാശം എന്നിവ പഞ്ചഭൂതങ്ങളെന്നാണ് ഭാരതീയസങ്കല്‍പം. മലിനീകരണം അക്രമമാണെന്ന് പഠിപ്പിച്ചത് പ്രവാചകതിരുമേനിയാണ്. ജീവികളുടെ ആവാസത്തിനും നിലനില്‍പിനും പ്രകൃതിയുടെ സന്തുലിതത്വത്തിന്റെ അനിവാര്യത ഏറെചര്‍ച്ചചെയ്യപ്പെടുന്ന ഘട്ടമാണിത്. ആവാസവ്യവസ്ഥക്ക് നേരിയൊരു അപഭ്രംശം സംഭവിക്കുമ്പോള്‍പോലും അതിലെ ജീവജാലങ്ങള്‍ക്കാകെ ഭീഷണി നേരിടേണ്ടിവരുന്നുവെന്നത് പുതിയഅറിവല്ല. എന്നിട്ടും എന്തുകൊണ്ടാണ് നാം ഓരോനിമിഷവും സ്വയംനശിപ്പിക്കുന്ന പരിസ്ഥിതിനാശവും മലിനീകരണവും നടത്തിക്കൊണ്ടിരിക്കുന്നതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ: ഒടുങ്ങാത്ത ധനാര്‍ത്തി. മേല്‍സന്ദേശങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതിനുള്ള അപൂര്‍വസന്ദര്‍ഭമാണ് ഇന്നത്തെദിവസം. എറണാകുളത്തെ മരടിന്റെ കായല്‍പരപ്പിന്റെ കുളിരേറ്റുകിടക്കാന്‍ കെട്ടിപ്പൊക്കിയതും, മനുഷ്യരുടെ കഠിനാധ്വാനവും കോടിക്കണക്കിന് രൂപയും വൃഥാവിലായതുമായ ബഹുനിലകോണ്‍ക്രീറ്റ് സൗധങ്ങള്‍ മണ്ണടിയുന്ന സമ്മിശ്രവികാരങ്ങളുടെ ദിനം.

നീതിപീഠത്തിന്റെ കൂലങ്കഷവും നൈരന്തര്യവുമായ പരിശോധനകളിലൂടെ കണ്ടെത്തിയ ചട്ടലംഘനങ്ങള്‍ക്കൊടുവിലാണ് ഇന്നും മറ്റന്നാളുമായി നാല് ആഢംബരഫഌറ്റുകള്‍ സര്‍ക്കാര്‍ഏറ്റെടുത്ത് തകര്‍ക്കുന്നത്. ഇന്ന് രാവിലെ 11നും 11.10നുമായി കുണ്ടന്നൂര്‍ എച്ച്2ഒ ഹോളിഫെയ്ത്തിലും നെട്ടൂര്‍ ആല്‍ഫസെറിനിലും യഥാക്രമം സ്‌ഫോടനങ്ങള്‍ നടത്തും. 12ന് രാവിലെ11ന് ജെയിന്‍കോറലിലും ഉച്ചക്ക്2ന് ഗോള്‍ഡന്‍ കായലോരത്തിലുമാണ് സ്‌ഫോടനങ്ങള്‍ നടത്തുകയെന്നാണ് അറിയിപ്പ്. ഇതിനായി കരാറുകാരുടെ ജോലിക്കാര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചുകഴിഞ്ഞു. സമീപവാസികളുടെ പരാതികളും ആശങ്കകളും കണക്കിലെടുത്തുകൊണ്ടും അവരെ മാറ്റിത്താമസിപ്പിച്ചുമാണ് ഓപ്പറേഷന്‍ നടത്തുന്നത്. കേരളത്തിലെന്നല്ല, രാജ്യത്തുതന്നെ ഇതാദ്യമായാണ് ഇത്തരമൊരുനടപടി എന്നതുകൊണ്ട് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ സര്‍ക്കാരും കരാറുകാരും പൂര്‍ണമായും തള്ളിക്കളയുന്നില്ല. സമീപവാസികള്‍ക്കും സ്വത്തിനും ഇന്‍ഷൂറന്‍സ് ഏര്‍പെടുത്തിയാണ് സ്‌ഫോടനങ്ങള്‍ നടത്തുന്നത്.

കൊച്ചിപോലെ രാജ്യത്തെ പ്രമുഖനഗരങ്ങളിലൊന്നിന്റെ വിരിമാറിലൂടെ ഒഴുകുന്ന കായലിനെ നാഗരികമനുഷ്യന്‍ അതിശയത്തോടൊപ്പം അനുഗ്രഹമായാണ് സത്യത്തില്‍ കാണേണ്ടിയിരുന്നത്. എന്നാല്‍ ആ കായലിന്റെ നിലനില്‍പിനെതന്നെ ചോദ്യംചെയ്യുന്ന നിലപാടാണ് മരടില്‍ സ്വീകരിക്കപ്പെട്ടത്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി വര്‍ഷങ്ങളെടുത്ത് നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് 2019 സെപ്തംബര്‍ 27ന് സുപ്രീംകോടതിയുടെ ജസ്റ്റിസ്് അരുണ്‍മിശ്ര അധ്യക്ഷനായബെഞ്ച് കെട്ടിടങ്ങള്‍ പൊളിക്കാന്‍ അസന്നിഗ്ധമായി കല്‍പനനല്‍കിയത്. 100 മീറ്ററിനുള്ളില്‍ നിര്‍മാണങ്ങള്‍ പാടില്ലെന്ന തീരനിയന്ത്രണമേഖലാ ( സി.ആര്‍.സെഡ്) നിയമമാണ് ഇവിടെ നഗ്നമായി ലംഘിക്കപ്പെട്ടത്. പലവിധതടസ്സങ്ങളാണ് നിര്‍മാതാക്കളും സംസ്ഥാനസര്‍ക്കാരും ഉന്നയിച്ചതെങ്കിലും അവയൊന്നും ചെവിക്കൊള്ളാന്‍ ന്യായാധിപരിലെ നിയമ-പരിസ്ഥിതിബോധം തടസ്സമായില്ലെന്നത് ആശ്വാസംതന്നെയാണ്. തീരപരിപാലനനിയമം ലംഘിച്ചാണ് ഫഌറ്റുകള്‍ പണിയുന്നതെന്ന് അറിഞ്ഞിട്ടും അതിന് അനുവാദംനല്‍കിയവര്‍ ചെയ്തത് അക്ഷന്തവ്യമായ അപരാധമാണെന്നകാര്യത്തില്‍ സംശയമില്ല. പണിപൂര്‍ത്തിയാക്കി കെട്ടിടത്തിലെ ഫഌറ്റുകളോരോന്നും ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതുവരെയും അവര്‍ വര്‍ഷങ്ങളോളം താമസിച്ചപ്പോഴും ഈതെറ്റിന് പരിഹാരമുണ്ടായില്ല എന്നതാണ് തികച്ചും വേദനാജനകം. വെള്ളംമുഴുവന്‍ ഒഴുകിപ്പോയശേഷം അണകെട്ടുന്നത് പോലെയായിരുന്നു അത്. ഹൈക്കോടതിതന്നെ ഒരുഘട്ടത്തില്‍ റെഗുലറൈസേഷന് അനുമതിനല്‍കി. ഒടുവില്‍ നിര്‍മാതാക്കള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്നെടുത്ത് 25ലക്ഷംരൂപവീതം അഞ്ഞൂറോളം ഫഌറ്റുടമകള്‍ക്ക് നല്‍കിയിരിക്കുകയാണ്. തുക നിര്‍മാതാക്കളില്‍നിന്ന് വസൂലാക്കണമെന്നാണ് കോടതിയുത്തരവ്. നിര്‍മാതാക്കളാകട്ടെ കേസില്‍ ജയിലിലും.

എറണാകുളവും ആലപ്പുഴയുംപോലെ തീരദേശജില്ലകളുടെ കാര്യത്തില്‍ മാത്രമല്ല, ഇടുക്കി, വയനാട്, കോഴിക്കോട് പോലുള്ള മലയോരജില്ലകളുടെ കാര്യത്തിലും സമാനമായ പാരിസ്ഥിതികനിയമലംഘനങ്ങളാണ് നിരവധി ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ച് പണിത 1500 ലധികം കെട്ടിടങ്ങളുടെ കണക്ക് സര്‍ക്കാരിന്റെ പക്കലിപ്പോള്‍തന്നെയുണ്ട്. വനനശീകരണം നടത്തിക്കൊണ്ടുള്ള ആഢംബരറീസോര്‍ട്ടുകളും തണ്ണീര്‍തടങ്ങള്‍ കയ്യേറി കുട്ടനാടിലേതുപോലുള്ള നിര്‍മാണങ്ങളും ക്വാറികളുമെല്ലാം ഇത്തരം നിയമങ്ങളുടെയും സാമാന്യനീതിയുടെയും ലംഘനമാണ്. രണ്ടുതുടര്‍വര്‍ഷങ്ങളില്‍ കേരളം അനുഭവിച്ച നൂറ്റാണ്ടിലെ മഹാപ്രളയങ്ങളും വരള്‍ച്ചയുമെല്ലാം ഇത്തരത്തിലുള്ള അന്ധമായ പാരിസ്ഥിതികചൂഷണത്തിന്റെ ഫലമാണ്. പശ്ചിമഘട്ടമലനിരകള്‍ സംരക്ഷിക്കുന്നതിനായി ഡോ. മാധവ ്ഗാഡ്ഗില്‍, ഡോ കസ്തൂരിരംഗന്‍ എന്നിവരുടെ പഠനറിപ്പോര്‍ട്ടുകളും നിര്‍ദേശങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പക്കലുണ്ടായിട്ടും ഇന്നും അനധികൃതനിര്‍മാണങ്ങള്‍ അനസ്യൂതം തുടരുകതന്നെയാണ്. പ്രളയത്തിനിടയിലും സ്ഥാനസര്‍ക്കാര്‍ അനുമതിനല്‍കിയ 200ലധികം ക്വാറികളുടെ കാര്യത്തില്‍ ഇത് പകല്‍പോലെ വ്യക്തം.

പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് വായാടിത്തം പറയുമ്പോള്‍തന്നെയാണ് സമ്പന്നരില്‍നിന്ന് അച്ചാരംവാങ്ങി പരിസ്ഥിതിനാശത്തിനും മലിനീകരണത്തിനും അധികാരികള്‍ ചൂട്ടുപിടിച്ചുകൊടുക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തം കാര്യക്ഷമമാക്കേണ്ടതിന്റെ സൂചനകൂടിയാണ് മരട് നമ്മോട് വിളിച്ചുപറയുന്നത്. ഇന്നലെ വേമ്പനാട്ടുകായലിന് സമീപത്തെ ‘കാപികോ’ റീസോര്‍ട്ട് പൊളിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയതും പ്രശ്‌നത്തിന്റെ കാലികത വ്യക്തമാക്കുന്നു. ഒരുവശത്ത് പാരിസ്ഥികദോഷം സംഭവിക്കുമ്പോള്‍ മറുവശത്ത് പലരും അധ്വാനിച്ചുണ്ടാക്കിയ പണമാണ് മണ്ണടിയേണ്ടിവരുന്നതെന്നതാണ് ഇതിലെ തീരാവ്യഥ. ഇടത്തരം കുടുംബങ്ങളുടെ ജീവിതസ്വരുക്കൂട്ടലുകളാകെയാണ് കെട്ടിടം പൊളിക്കലിലൂടെ ശൂന്യമായിപ്പോകുന്നത്. ഇത്തരം കുടുംബങ്ങളിലുണ്ടാക്കുന്ന മാനസികാഘാതവും മുന്‍കൂട്ടിക്കാണണം. പരിസ്ഥിതിനാശത്തിന് അടിയന്തിരപരിഹാരം കണ്ടല്ലാതെ ഇനി കേരളത്തിനും ഭൂമിക്കാകെയും നിലനില്‍പില്ലെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. ജീവിതസൗകര്യം ആവശ്യമാണ്. ആഢംബരം അനിവാര്യമല്ല. നശിപ്പിക്കാനാകും; ഒരുതുള്ളിജലമോ ഒരിറ്റ് പ്രാണവായുവോ മനുഷ്യന് ഉത്പാദിപ്പിക്കാനാകില്ലെന്നത് ആരും മറന്നുപോകരുത്.

SHARE