ആയാഖാന്‍, ഗയാഖാന്‍


കോണ്‍ഗ്രസ്, ജനതാപാര്‍ട്ടി, ജനതാദള്‍, ജനമോര്‍ച്ച, ഭാരതീയ ക്രാന്തിദള്‍, ബി.എസ്.പി, ബി.ജെ.പി. ഇന്ത്യയില്‍ ആരിഫ്മുഹമ്മദ്ഖാന്‍ എന്നൊരാള്‍ അംഗമാകാത്ത കക്ഷികളുണ്ടോ എന്ന ഗവേഷണത്തിലാണ് രാഷ്ട്രതന്ത്രശാസ്ത്ര വിദ്യാര്‍ത്ഥികളിപ്പോള്‍. ഈ ആരിഫിനെ കണ്ടാകണം കേരളത്തിലെ എ.പി അബ്ദുല്ലക്കുട്ടിയും മൂന്നാമത്തെ പാര്‍ട്ടിയായ ബി.ജെ.പിയിലെത്തിയത്. അവസരവാദ രാഷ്ട്രീയത്തിന്റെ (ആയാറാം, ഗയാറാം) പര്യായമായി ആരിഫ് മുഹമ്മദ്ഖാന്‍ എന്ന പേര് കരുതുന്നവരുണ്ട്. ഒരുപാര്‍ട്ടിയില്‍ ചേര്‍ന്ന് അതിന്റെ മന്ത്രിയും എം.പിയും എം.എല്‍.എയുമൊക്കെ ആകുക. അടുത്ത അവസരത്തിന് എതിര്‍ പാര്‍ട്ടിയിലേക്ക് ചേക്കേറുക. ഒന്നുംരണ്ടുമല്ല, ഏഴെണ്ണം. മൂന്നര പതിറ്റാണ്ടുമുമ്പ് കോണ്‍ഗ്രസ്, ജനതാദള്‍ കേന്ദ്രമന്ത്രിസഭകളില്‍ അംഗമായ ആരിഫ്മുഹമ്മദ്ഖാന്‍ ഇപ്പോള്‍ കേന്ദ്ര ഭരണ പാര്‍ട്ടിവഴി കേരള ഗവര്‍ണറാണ്. അബ്ദുല്ലക്കുട്ടിയും സുരേഷ്‌ഗോപിയുമാകാനൊക്കെ പൗര സ്വാതന്ത്ര്യമുണ്ട്. സംഗതി അതല്ല. സംസ്ഥാന ഭരണഘടനാതലവനായി നിയമിക്കപ്പെട്ട വ്യക്തിയെക്കുറിച്ച് ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരുന്നത് ഭൂഷണമാണോ എന്നതാണ് പ്രശ്‌നം. ‘ട്രസ്റ്റ് ഡെഫിസിഫിറ്റ്’ അഥവാ വിശ്വാസച്ചോര്‍ച്ച എന്നിതിനെ പറയും. ഗവര്‍ണര്‍ തസ്തിക കിട്ടുന്നത് പാര്‍ട്ടിയിലെ തലമുതിര്‍ന്ന, എന്ന്വച്ചാല്‍ തല മുച്ചൂടും നരച്ച, പരിണതപ്രജ്ഞനായ ആള്‍ക്കാണ്. ഇദംപ്രഥമമായിട്ടുള്ള കീഴ്‌വഴക്കമാണത് . ഒരിക്കല്‍ ഏറ്റെടുത്തുകഴിഞ്ഞാല്‍ അതിന്റെ മഹത്വവും മാന്യതയും കാത്തുസൂക്ഷിക്കേണ്ടതിനാല്‍ പെട്ടെന്നാരും ആ പദവിയിലേക്ക് സമ്മതിക്കില്ല. അങ്ങനെയങ്ങ് ജീവിതം അവസാനിക്കാറാണ് പതിവ്.

നീണ്ട രാഷ്ട്രീയ ഇടവേളക്കുശേഷം 2019 സെപ്തംബര്‍ ആറിനാണ് ഗവര്‍ണറായി ആരിഫ് കേരളത്തിലെത്തുന്നത്. പേരില്‍ ഖാനുള്ളപ്പോള്‍ കേരളമല്ലേ സുഖപ്രദം എന്ന് പാര്‍ട്ടി യജമാനന്മാര്‍ കരുതിക്കാണണം. സത്യത്തില്‍ മുക്താര്‍ അബ്ബാസ് നഖ്‌വിയെപോലെ കേന്ദ്ര മന്ത്രിയൊക്കെയായി പൊലീസിനെയും ഭരിച്ച് ശിഷ്ടകാലം വാഴാമായിരുന്നു. മോദി വിളിച്ചുചോദിച്ചപ്പോള്‍ കേട്ടപാതി ട്രിവാന്‍ഡ്രത്തേക്ക് വണ്ടികയറി. ഷാജിയും ചിലത് പറഞ്ഞേല്‍പിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ചുമതല അനിശ്ചിതത്വത്തിലായ സന്ദര്‍ഭവും കേരള സര്‍ക്കാരിനും മാര്‍ക്‌സിസ്റ്റ്, കോണ്‍ഗ്രസ്, മുസ്‌ലിംലീഗിനുമെല്ലാമെതിരെയാണ് ഗുളികന്‍ മുഴുവനും. സ്വാഭാവികമായും അവരുടെ അണികള്‍ കരിങ്കൊടികളുമായി തെരുവില്‍ തടയുന്നു. കണ്ണൂരിലെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ ് വേദിയില്‍ മുസ്‌ലിംകളെ അധിക്ഷേപിച്ച് പ്രസംഗം. ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ള ചരിത്ര പണ്ഡിതരും യുവാക്കളും വനിതകളും ഗവര്‍ണറുടെ പ്രകോപന പ്രസംഗത്തിനെതിരെ ചാടിയെണീറ്റു. തന്നെ അടിക്കാന്‍ വന്നെന്നായി ഗവര്‍ണര്‍. കേരള നിയമസഭ കേന്ദ്ര പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയപ്പോഴും കട്ട എതിര്‍പ്പുമായി രംഗത്തുവന്നു. രാജ്ഭവന്‍ വിട്ടാല്‍ രാഷ്ട്രപതി ഭവന്‍ വരെ കാത്തിരിക്കുന്നുണ്ട്. അപ്പോഴേക്കും കോണ്‍ഗ്രസിലേക്ക് തിരികെയെത്തുകയുമാകാം!

1951ല്‍ യു.പിയിലെ ബുലന്ദ്ഷഹറിലാണ് ജനനം. പഠനം ഡല്‍ഹി ജാമിഅ മില്ലിയ്യയിലും അലിഗഡിലും. അലിഗഡില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്. 1977ല്‍ എം.എല്‍.എയും യു.പി മന്ത്രിയുമായി. 78ല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ജോ.സെക്രട്ടറി. 1980ലും 86ലും കാണ്‍പൂരില്‍നിന്നും ബഹറൈച്ചില്‍നിന്നും എം.പിയായി. 82ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍, വ്യവസായം, ആഭ്യന്തരം വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1985ല്‍ സുപ്രീംകോടതി ഷാബാനു കേസില്‍ ജീവനാംശത്തിന് വിധിച്ചപ്പോള്‍ രാജീവ്ഗാന്ധി സര്‍ക്കാരിന്റെ മുസ്‌ലിം വ്യക്തിനിയമത്തില്‍ വിയോജിച്ച് കോണ്‍ഗ്രസ് വിട്ടു. 89ല്‍ ജനതാദളില്‍ നിന്നും 98ല്‍ ബി.എസ്.പിയില്‍നിന്നും വീണ്ടും എം.പി. 2004ല്‍ ബി.ജെ.പിയില്‍. ബി.എ, നിയമ ബിരുദധാരി. അല്‍പം കൃഷിയുണ്ട്. ‘ഖുര്‍ആനും സമകാലികവെല്ലുവിളികളും’ എന്നതടക്കം പുസ്തകങ്ങളെഴുതി. ആനുകാലികങ്ങളിലും പത്രങ്ങളിലും കോളമെഴുത്തുകാരനായി. ഭാര്യ സയ്യിദ് രേഷ്മയുമായി ചേര്‍ന്ന് വികലാംഗര്‍ക്കായി ‘സമര്‍പ്പണ്‍’ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നു. രണ്ട് ആണ്‍ മക്കള്‍.

SHARE