പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ ശക്തമായി പ്രതിരോധിക്കാനുള്ള മുന്നൊരുക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും പ്രതിഷേധം ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് ഒരു വശത്ത്. ഇന്റര്‍നെറ്റ് വിഛേദിച്ച് ആശയപ്രചരണത്തെ തടങ്കലിലാക്കുന്ന പ്രക്രിയ മറുവശത്തും തുടരുന്നു. ഇന്നലെ ഡല്‍ഹിയില്‍ മാത്രം മൂന്നിടത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുമ്പൊരിക്കലുമുണ്ടാകാത്ത വിധം രാജ്യതലസ്ഥാനം അര്‍ധ സൈനികരുടെ വലയത്തിലായിരുന്നു. ഉത്തര്‍പ്രദേശിലും സമാനമായ സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. യു.പിയിലെ 21 ജില്ലകളില്‍ ഇന്റര്‍നെറ്റും മൊബൈലും വിഛേദിച്ചു. അപ്രഖ്യാപിത കര്‍ഫ്യൂ ആയിരുന്നു മിക്കയിടത്തും. തുടര്‍ച്ചയായി ഇന്റര്‍നെറ്റ് വിഛേദിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഷട്ട് ഡൗണുകള്‍ നിരീക്ഷിക്കുന്ന സംഘടനയായ ആക്സസ് നൗ’ന്റെ റിപ്പോര്‍ട്ട് പ്രകാരം 2018 -ല്‍ 134 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിഛേദിക്കപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ നൂറിലേറെ തവണ ഇന്റര്‍നെറ്റ് വിഛേദിക്കപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് കശ്മീരില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചത്. ഇപ്പോഴും പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇന്നലെ കാര്‍ഗിലില്‍ പുന:സ്ഥാപിച്ചെങ്കിലും കശ്മീരില്‍ സ്ഥിതി പഴയതുതന്നെ.
നിരോധനാജ്ഞ കൊണ്ടും ഇന്റര്‍നെറ്റ് സൗകര്യം നിഷേധിച്ചും പ്രതിഷേധത്തെ ദുര്‍ബലമാക്കാമെന്ന ധാരണയെ തിരുത്തുന്നതായിരുന്നു ഇന്നലെ ഡല്‍ഹിയില്‍ നടന്ന സമരം. ഡല്‍ഹിയിലെ മുഴുവന്‍ പൊലീസുകാരെയും കൂടാതെ 15 കമ്പനി അര്‍ധ സൈനികരേയും വിന്യസിച്ച് നഗരത്തെ തന്നെ തടവറയാക്കിയിട്ടും ആളിപ്പടരുന്ന സമരവീര്യത്തെ കെടുത്താന്‍ സര്‍ക്കാരിനായില്ല. നേതാക്കളേയും വിദ്യാര്‍ത്ഥികളടക്കമുള്ള പ്രതിഷേധക്കാരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിട്ടും കടുംശൈത്യത്തിലും സമരജ്വാലയില്‍ ഡല്‍ഹി ചൂടുപിടിച്ചു. പെണ്‍കുട്ടികളെ റോഡിലൂടെ വലിച്ചിഴച്ചും വഴിയാത്രക്കാരെ പോലും അറസ്റ്റ് ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ് മനുഷ്യാവകാശങ്ങള്‍ വകവെച്ചു നല്‍കില്ലെന്ന ശാഠ്യമാണ് പുലര്‍ത്തിയത്.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ കൈകാര്യം ചെയ്ത മട്ടിലാണ് മോദി സര്‍ക്കാരും നേരിടുന്നത്. ജര്‍മ്മനിയിലെ നാസി ഭരണകൂടം പോയ വഴികളിലൂടെയാണ് മോദിയും നീങ്ങുന്നുവെന്നത് ഇന്ന് യാഥാര്‍ത്ഥ്യമാണ്. പ്രതിഷേധിക്കുന്നവരെ കുറ്റവാളികളായി കാണുന്ന ഏകഛത്രാധിപതികളുടെ ഭാഷയും ഭാവങ്ങളുമാണ് മോദിയും അമിത്ഷായും പ്രകടിപ്പിക്കുന്നത്. പൗരത്വഭേദഗതി നിയമം വരാനിരിക്കുന്ന വലിയ ദുരന്തങ്ങളിലെക്കുള്ള വാതില്‍ മാത്രമാണെന്ന് കൂടുതല്‍ കൂടുതലായി വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കൃത്യമായ മുന്നൊരുക്കത്തോടെയാണ് പൗരത്വ ഭേദഗതി ബില്‍ നിയമമാക്കപ്പെട്ടത്. നിയമത്തിനെതിരായ പ്രതിഷേധത്തെ തല്ലിക്കെടുത്തുന്നതിനും വ്യക്തമായ മപദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിനും സംഘപരിവാരത്തിനുമുണ്ട്. പ്രതിഷേധിക്കുന്നവരെ കുറ്റവാളികളായി കണ്ട് നേരിടുന്നതാണ് ഒരു രീതി. പ്രതിഷേധം അനാവശ്യമാണെന്നും പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ ദുരാരോപണം ഉന്നയിക്കുകയാണെന്നും വ്യാപകമായി നുണപ്രചരണം നടത്തി ജനങ്ങളെ വിഭജിക്കുന്ന തന്ത്രമാണ് രണ്ടാമത്തെ പദ്ധതി. രണ്ട് കാര്യങ്ങളും സമാന്തരമായി നടത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തില്‍ ന്യൂനപക്ഷങ്ങളുടെ പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയുണ്ടെങ്കില്‍ തെളിയിക്കണമെന്ന അമിത്ഷായുടെ വെല്ലുവിളി സര്‍ക്കാരും സംഘപരിവാരവും നടത്തുന്ന നുണ പ്രചരണത്തിന്റെ ഉദാഹരണമാണ്. നിയമം ഭരണഘടനയുടെ മതേതര സ്വഭാവത്തെ റദ്ദാക്കുന്നുണ്ടെന്നും ഇതിനെതിരായ ജനകീയ പ്രതിഷേധമാണ് ഇന്ത്യയില്‍ ആളിപ്പടരുന്നതെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ തമസ്കരിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിയമം ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമായി സാമാന്യവല്ക്കരിക്കാനും സമരങ്ങളെ അസാധുവാക്കാനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
സര്‍ക്കാരും സംഘപരിവാരവും കള്ളപ്രചാരണങ്ങള്‍ കൊണ്ട് പൗരന്മാരെ കബളിപ്പിക്കുകയാണെന്നതിന്റെ തെളിവായി രണ്ട് സംഭവങ്ങളാണ് ഇന്നലെ ഉണ്ടായത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ക്രാന്തി മൈതാനിയില്‍ പൗരത്വ നിയമത്തേയും പൗര രജിസ്റ്ററിനേയും അനുകൂലിച്ച് നടന്ന ബി.ജെ.പി റാലിയാണ് ഒന്നാമത്തേത്. പൗരത്വ നിയമം സംബന്ധിച്ച് മോദിയും അമിത്ഷായും ഇതുവരെ നടത്തിയ പ്രസ്താവനകള്‍ പെരുംനുണകളാണെന്ന വിളംബരമായിരുന്നു ഫഡ്നാവിസിന്റെ റാലി.
യു.എസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ കോണ്‍ഗ്രസ് റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടാണ് രണ്ടാമത്തേത്. രാജ്യാന്തര വിഷയങ്ങളില്‍ ആനുകാലിക റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന അമേരിക്കയുടെ ഔദ്യോഗിക വിഭാഗമാണ് സി.ആര്.എസ്. ഇന്ത്യയിലെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രമുഖരും പങ്കുവെച്ച ആശങ്ക ശരിവെച്ചിരിക്കുകയാണ് സി.ആര്.എസ് റിപ്പോര്‍ട്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ പൗരത്വ പ്രക്രിയയില്‍ മതം മാനദണ്ഡമായി ചേര്‍ത്തുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിയമം രാജ്യത്തെ വലിയ ന്യൂനപക്ഷങ്ങളായ 20 കോടിയോളം വരുന്ന മുസ്ലിംകളെ ബാധിച്ചേക്കുമെന്നും സി.ആര്.എസ് സംശയം ഉന്നയിക്കുന്നുണ്ട്. 1955ലെ പൗരത്വ നിയമത്തില്‍ വരുത്തിയ നിരവധി ഭേദഗതികളില്‍ ഒന്നിലും മതപരമായ വശങ്ങള് ഉള്ക്കൊള്ളിച്ചിരുന്നില്ലെന്നും ഇപ്പോഴത്തെ ഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവ ലംഘിക്കുന്നുവെന്നും സി.ആര്.എസ് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന നുണപ്രചരണങ്ങള്‍ കൊണ്ട് സത്യത്തെ മൂടിവെക്കാനാകില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്. സി.ആര്.എസ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നാണംകെട്ടിരിക്കുകയാണ് ഇന്ത്യ.
അലയടിക്കുന്ന പ്രതിഷേധങ്ങളെ തോക്കും ലാത്തിയും കൊണ്ട് എതിരിട്ട് ഇല്ലാതാക്കാന്‍ മാത്രമല്ല, നുണപ്രചരണങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച് രാജ്യത്തെ ജനങ്ങളെ വിഭജിക്കാനുമാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനെ കരുതലോടെ നേരിട്ടില്ലെങ്കിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമായിരിക്കും. സംഘ്പരിവാര്‍ നടപ്പാക്കുന്ന വിഭജന രാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന ആശയസംവാദങ്ങള്‍ക്ക് പ്രതിഷേധങ്ങളോടൊപ്പം പ്രാധാന്യമുണ്ടായില്ലെങ്കില് സംഘപരിവാര്‍ അജണ്ടകള്‍ ഒന്നൊന്നായി നടപ്പാക്കാനുള്ള പാതവെട്ടുകയാവും ചെയ്യുക. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ മുസ്ലിം പ്രശ്നമായി ചുരുക്കി കാട്ടുന്ന വിഭജന തന്ത്രത്തെ കരുതലോടെ നേരിടാനുള്ള വിവേകമാണ് മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹിക സാംസ്കാരിക, മത സംഘടനകളും കാട്ടേണ്ടത്. കെട്ട കാലത്തിലേക്ക് ഇന്ത്യയെ നയിക്കുന്ന ജനാധിപത്യ, മതേതര വിരുദ്ധ പദ്ധതികള്‍ക്ക് തലവെച്ചു കൊടുത്താല്‍ പ്രതിഷേധങ്ങള്‍ക്ക് പോലും ഇടമില്ലാത്ത നാളെകളെയാകും അഭിമുഖീകരിക്കേണ്ടി വരിക. ഭരണകൂട ഭീകരതയെ മാത്രമല്ല, ഭരണകൂടത്തിന്റെ നുണപ്രചരണങ്ങളേയും അതിജയിക്കാനുള്ള ബൗദ്ധിക ശേഷി ആര്ജ്ജിക്കാതെ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചെറുക്കാനാകില്ല. ജനാധിപത്യവും മതേതരത്വവും ഓര്‍മകള്‍ മാത്രമാകുന്ന കാലത്തിലേക്കുള്ള ദൂരം ഏറെ നീണ്ടതല്ലെന്ന് വീണ്ടും വീണ്ടും ഓര്‍ക്കപ്പെടേണ്ടതുണ്ട്. നുണകള്‍ കൊണ്ടുള്ള കൊട്ടാരങ്ങള്‍ ജനപഥങ്ങളെ അപ്പാടെ തടവിലാക്കപ്പെടുന്നതിന് മുമ്പ് ആശയം കൊണ്ട് വിമോചനത്തിന്റെ തേര് തെളിക്കുകയാണ് വേണ്ടത്.