രാജ്യത്തിന് കരുത്ത് പകരുന്ന ജനവിധി

ഭരണഘടനയും മതേതരത്വവും ജനാധിപത്യവും ജനങ്ങളുമെല്ലാം കടുത്തവെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സന്നിഗ്ധഘട്ടത്തില്‍ ഗിരിവര്‍ഗക്കാര്‍ക്ക് ബഹുഭൂരിപക്ഷമുള്ള ഝാര്‍ഖണ്ഡ് സംസ്ഥാനത്തുനിന്ന് ഇന്നലെ പുറത്തുവന്ന തിരഞ്ഞെടുപ്പുഫലം രാജ്യത്തിന് എന്തെന്നില്ലാത്ത പ്രതീക്ഷയും ആത്മവിശ്വാസവും ധൈര്യവും കരുത്തും പകര്‍ന്നിരിക്കുകയാണ്. സംസ്ഥാനനിയമസഭയിലേക്ക് ഡിസം.12, 16, 20 തീയതികളില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നലെരാവിലെ പുറത്തുവന്നപ്പോള്‍ മുതല്‍ മതേതരജനാധിപത്യവിശ്വാസികളാകെ വലിയ ആവേശത്തിലായിരുന്നു. ഇഞ്ചോടിഞ്ച് മുന്നിട്ടുനിന്ന ബി.ജെ.പിയും പ്രതിപക്ഷമഹാസഖ്യവും വൈകീട്ടോടെ അതില്‍നിന്ന്മാറി പ്രതിപക്ഷത്തിന്റെ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കടന്നു. 81 അംഗ സഭയില്‍ 47 സീറ്റോടെയാണ് പ്രതിപക്ഷത്തെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ.എം.എം) നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസ്‌സഖ്യം ഭരണത്തിലേറുന്നത്. ബി.ജെ.പിക്ക് 27 സീറ്റുകളേ നേടാനായിട്ടുള്ളൂ. അഞ്ചുവര്‍ഷത്തെ ബി.ജെ.പി സഖ്യസര്‍ക്കാരിനെതിരായ കനത്ത ജനവിരോധമാണ് വിധിയെഴുത്തില്‍ പ്രതിഫലിച്ചതെന്ന് സാമാന്യമായി പറയാമെങ്കിലും രാജ്യത്തെ ബാധിച്ചിരിക്കുന്നതും ജനതയെയാകെ മുള്‍മുനയില്‍നിര്‍ത്തിയിരിക്കുന്നതുമായ വിഷയങ്ങളും ഈതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കപ്പെട്ടുവെന്ന് നിസ്സംശയംപറയാനാകും.

‘അക്രമികളുടെ വസ്ത്രം കണ്ടാല്‍ അവരാരാണെന്ന് അറിയാന്‍ കഴിയും, ആകാശംമുട്ടുന്ന രാമക്ഷേത്രം നാലുമാസത്തിനകം നിര്‍മിക്കും, അര്‍ബന്‍നക്‌സലുകളാണ് രാജ്യത്ത് അക്രമത്തിന് പിന്നില്‍, എന്തുവന്നാലും പൗരത്വഭേദഗതിനിയമത്തില്‍നിന്ന് പിറകോട്ട്‌പോകില്ല, ക്രിസ്മസിന്‌ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയാകാം’ തുടങ്ങിയ എത്രയെത്ര വമ്പന്‍വര്‍ഗീയഗിരിപ്രഭാഷണങ്ങളും വിടുവായിത്തങ്ങളും മലക്കംമറിച്ചലുകളുമാണ് ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി-ആഭ്യമന്ത്രിമാരില്‍നിന്ന് രാജ്യംകേട്ടത്. നരേന്ദ്രമോദിയും അമിത്ഷായും യഥാക്രമം ഒന്‍പതും 11ഉം റാലികളിലാണ് സംസ്ഥാനത്തുടനീളം പ്രസംഗിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയാകട്ടെ വെറുംഅഞ്ചുറാലികളിലും. വിഷം നിറച്ചവാക്കുകളാണ് ഇവിരിവിടെ തുടര്‍ച്ചയായി തട്ടിവിട്ടത്. രാജ്യത്തിനും സംസ്ഥാനത്തെ ജനതക്കും വേണ്ട അടിസ്ഥാനആവശ്യങ്ങളെക്കുറിച്ചോ അവരുടെ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ചോ യാതൊന്നും സംസാരിക്കാനില്ലാതിരുന്ന ബി.ജെ.പി നേതാക്കള്‍ ജനങ്ങളെ എങ്ങനെവര്‍ഗീയമായി ഭിന്നിപ്പിച്ച് വോട്ടുതട്ടാമെന്നതിന്റെ പരീക്ഷണശാലയാക്കുകയായിരുന്നു ഝാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പിനെ.

അവര്‍ക്ക് പക്ഷേ ഈപരീക്ഷണശാലയിലും പ്രതീക്ഷിച്ചതുപോലെ ഫലം മറിച്ചായിരിക്കുന്നു. ബി.ജെ.പി ഒറ്റക്കും പ്രതിപക്ഷത്തെ മിക്കവാറും കക്ഷികള്‍ ഒറ്റക്കെട്ടായും മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ വിജയം സ്വാഭാവികമായും പ്രതിപക്ഷത്തെജനാധിപത്യശക്തകള്‍ക്കായി. ജനത മിക്കവാറും ജനാധിപത്യ-മതേതരശക്തികളോടൊപ്പം നിലയുറപ്പിച്ചു.സംസ്ഥാനത്തെ ഗിരി-ഗോത്രവര്‍ഗ ജനതയില്‍ മഹാഭൂരിപക്ഷവും ബി.ജെ.പിയെ കൈയൊഴിഞ്ഞുവെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത. മുസ്്‌ലിം വിരോധം കുത്തിവെച്ച് ഹിന്ദുക്കളെ ഒന്നിപ്പിച്ച് വോട്ടുനേടി അധികാരത്തിന്റെ അന്ത:പുരങ്ങളില്‍ നിത്യമായിവാഴാം എന്ന അഹങ്കാരംനിറഞ്ഞ ബി.ജെ.പിയുടെ അമിതപ്രതീക്ഷയെ ഝാര്‍ഖണ്ഡ് ജനതയും കൂടി ചവറ്റുകൊട്ടയിലെറിഞ്ഞിരിക്കുന്നു. ജെ.എം.എമ്മിന്റെ പിന്തുണയോടെ കഴിഞ്ഞ തവണ പിടിച്ച സംസ്ഥാനാധികാരം ഹിന്ദുത്വവര്‍ഗീയതയുടെ ബലത്തില്‍ സ്വന്തം പോക്കറ്റിലാക്കാമെന്ന വിശ്വാസത്തിനാണ് അ്ക്കിടിപറ്റിയിരിക്കുന്നത്. ഏതാണ്ട് കഴിഞ്ഞമാസം മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലൊരു ഇരിട്ടടിയാണിത് ബി.ജെ.പിക്കും തന്ത്രജ്ഞനെന്ന് പലരാലും പുകഴ്ത്തപ്പെട്ട അമിത്ഷാക്കും.

മുസ്്‌ലിംകളെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള ഒരു നിയമം രാജ്യത്തിതാദ്യമായി പാര്‍ലമെന്റിലെ മഹാഭൂരിപക്ഷത്താലും രാഷ്ട്രപതിയുടെപിന്തുണയാലും മതേതരഇന്ത്യയില്‍ നടപ്പാക്കാമെന്ന ബി.ജെ.പി മോഹത്തിന്റെ സന്തതിയാണ് കഴിഞ്ഞ 9ന് ലോക്‌സഭയും 11ന് രാജ്യസഭയും പാസാക്കുകയും 12ന് രാത്രി രാഷ്്്ട്രപതി രാംനാഥ് കോവിന്ദ് ഒ്്പ്പുവെക്കുകയും ചെയ്ത പൗരത്വഭേദഗതി നിയമം-2019. ഇതിന്റെ പേരില്‍12ന് തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പിന്നീട് പതുക്കപ്പതുക്കെയായി ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിച്ച പ്രതിഷേധം യു.പിയില്‍ മാത്രം ഇരുപതോളം മരണത്തിന് കാരണമായിരിക്കുകയാണ്. ഡല്‍ഹി, തമിഴ്‌നാട്, കേരളം, ഹൈദരാബാദ്, ബംഗളൂര്‍, മംലലാപുരം തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥലങ്ങളിലും വലിയ പ്രക്ഷോഭമാണ് ഇതിനെതിരെ ഉയര്‍ന്നുവന്നത്. ബി.ജെ.പി സംസ്ഥാനങ്ങളില്‍മാത്രമാണ് ആളുകളെ ഇതിന്റെ പേരില്‍വെടിവെച്ചുകൊന്നത്. വെടിവെച്ചുവെന്ന് പോലും സമ്മതിക്കാതെ ഉരുണ്ടുകളിക്കുന്ന യു.പി പൊലീസും ഭരണകൂടവും അന്താരാഷ്ട്രഭീകരസംഘടനകളെപോലും നാണിപ്പിക്കുകയാണ്. മംഗലാപുരത്തും ഡല്‍ഹിയിലും പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യം ഇതുവരെ കാണാത്ത വേട്ടയാണ് നടത്തിയത്.

ഈ സമയമത്രയും എന്തുവന്നാലും പിറകോട്ടില്ലെന്ന മുട്ടന്‍ന്യായവുമായി ഭരണാസനങ്ങളില്‍ ഇരിക്കുകയായിരുന്നു മോദിയും അമ്തിഷായും. കഴിഞ്ഞദിവസം ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദി പങ്കെടുത്തറാലിയിലും നിയമത്തെ ന്യായീകരിക്കുന്ന വിധത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. അമിത്ഷാ രാജ്യത്താകെ പൗരത്വനിയമവും ദേശീയപൗരത്വരജിസ്റ്ററും നടപ്പാക്കുമെന്ന ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കെ ,അത് ഔദ്യോഗികമായി ചര്‍ച്ചക്കെടുത്തിട്ടില്ലെന്ന വാദമാണ് മോദി ഉയര്‍ത്തിയത്. എന്നാല്‍ നടപ്പാക്കിയാലും ഇല്ലെങ്കിലും രാജ്യത്തെ പൗരന്മാരെല്ലാം ഒരേ മാലയില്‍ കോര്‍ക്കപ്പെട്ട മുത്തുകളായി നിലകൊള്ളുമെന്ന പ്രഖ്യാപനമാണ് ഇന്നലത്തെ ഝാര്‍ഖണ്ഡ് ജനവിധിയിലൂടെ സംഭവിച്ചിരിക്കുന്നത്.

ആറുമാസം മുമ്പ് മാത്രം നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ 14ല്‍ 12ഉം സീറ്റ് നേടിയത് ബി.ജെ.പിയായിരുന്നുവെന്നറിയുമ്പോഴാണ് ഈ ഫലത്തിന്റെ പ്രാധാന്യം ഉയരുക. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മുകശ്മീരിനെ വിഭജിക്കുകയും 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തതെങ്കില്‍ അതിന് ആ സംസ്ഥാനങ്ങളില്‍ കിട്ടിയ തിരിച്ചടി തിരിച്ചറിയാതെയായിരുന്നു ഝാര്‍ഖണ്ഡ് ആദ്യഘട്ടവോട്ടെടുപ്പിന്റെ അതേദിവസം വിവേചനപരമായ പൗരത്വനിയമം നിയമമാക്കിയത്. 2015ലെ ബീഹാര്‍ മുതല്‍ മധ്യപ്രദേശും മഹാരാഷ്ട്രയും പഞ്ചാബും ഹരിയാനയും രാജസ്ഥാനും ഇപ്പോഴത്തെ ഝാര്‍ഖണ്ഡുംവരെ രാജ്യത്തിന് നല്‍കുന്ന ഒരൊറ്റസന്ദേശം ഇതുമാത്രമാണ്: പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടായിനിന്നാല്‍ ബി.ജെ.പിയും മോദി-ഷാമാരും തൃണമാണ് !

SHARE