ഞാന്‍ രാവണന്‍

എല്ലാസമൂഹവും പിറവിയെടുത്തത് നമ്മില്‍നിന്നാണ്. സത്യംപറഞ്ഞാല്‍ നാം തീവ്രവാദികളാകും. അവര്‍ നമ്മളെ അര്‍ബന്‍ നക്‌സലൈറ്റുകളെന്ന് വിളിക്കും. അംബേകറൈറ്റുകളാണ് നമ്മളെന്ന് നമുക്കവരോട് പറയാം. അവകാശങ്ങള്‍ നേടുംവരെ പൊരുതുമെന്നു പറയാം.’ കൂളിംഗ് ഗ്ലാസും പിരിച്ചുവെച്ച മീശയുമായി പൊരുതുന്ന ഇന്ത്യയുടെ പ്രതീക്ഷാബിന്ദുവാണ് സ്വാതന്ത്ര്യസമരസേനാനി ചന്ദ്രശേഖര്‍ആസാദിന്റെ പേരുള്ള ഈ യുവ അഭിഭാഷകന്‍. നിങ്ങള്‍ രാമന്റെ ആളുകളാണെങ്കില്‍ താന്‍ രാവണനാണെന്ന് ! സഹോദരി ശൂര്‍പ്പണഖയുടെ മൂക്കുമുറിച്ച രാമനോടുള്ള പ്രതികാരംവീട്ടാന്‍ ഭാര്യ സീതയെ തട്ടിക്കൊണ്ടുപോയ പത്തുതലയുള്ള രാവണന്‍! വാക്കുകളില്‍ മാത്രമല്ല, പെരുമാറ്റത്തിലും തീയുണ്ടെന്ന് കാണിച്ചുതന്നു ആസാദ് തന്റെ ഡിസംബര്‍ 20ലെ ഡല്‍ഹിസമരത്തിലൂടെ.

പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കാന്‍ ഡല്‍ഹിയില്‍ അനുയായികളോടൊപ്പം നടത്തിയ പ്രതിഷേധറാലിക്കിടെയാണ് ചന്ദ്രശേഖര്‍ആസാദ് ഒരിക്കല്‍കൂടി വാര്‍ത്തകളില്‍ നിറയുന്നത്. ഡല്‍ഹിജുമാമസ്ജിദിന് മുന്നിലെ പ്രകടനത്തിനിടെ അമിത്ഷായുടെ ഡല്‍ഹിപൊലീസ് ചന്ദ്രശേഖര്‍ആസാദിനെ അദ്ദേഹത്തിന്റെ ദളിത്ആര്‍മി പ്രവര്‍ത്തകരോടൊപ്പം പിടികൂടുന്നു. ഡല്‍ഹിപൊലീസ് രാജ്യത്തെ രണ്ടാമത്തെ മികച്ചപൊലീസ്‌സേനയാണ്. എന്തായിട്ടെന്താ. പൊലീസ് പിടികൂടപ്പെട്ട 32കാരനായ ആസാദ് തന്റെ തടിമിടുക്കിലൂടെ അവരെ വെട്ടിച്ചഴകടന്നുകളയുന്നു. സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ ഒളിച്ചിരുന്ന ആസാദിനെ പിന്നീട് പൊലീസ് കണ്ടെത്തുംമുമ്പെ പ്രദേശത്തെ മുസ്്‌ലിംകള്‍ കണ്ടെത്തി സംരക്ഷിച്ചു. പുലര്‍ച്ചെ പൊലീസിന് കീഴടങ്ങുമ്പോള്‍ ആസാദ് വീഡിയോസന്ദേശത്തിലൂടെ പറഞ്ഞു. ഇത് മുസ്്‌ലിമിന്റെ സമരമല്ല. മൊത്തം ഇന്ത്യക്കാരുടേതാണ് .

മുസ്്‌ലിംകളുടെ പൗരത്വം ഇല്ലാതാക്കുന്ന നരേന്ദ്രമോദിസര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെയായിരുന്നു വെള്ളിയാഴ്ചത്തെ ഡല്‍ഹി ജുമാമസ്ജിദിന് മുന്നിലെ സമരം. രാജ്യത്താകെ പ്രതിഷേധക്കടല്‍ അലയടിക്കുമ്പോള്‍ ദലിതുകളുടെയും പിന്നാക്കക്കാരുടെയുമൊക്കെ പ്രശ്‌നമാണിതെന്ന ഉറച്ചവിശ്വാസത്തോടെയാണ് അംബേദ്കറിസ്റ്റുകളുടെ നേതാവ് തെരുവിലേക്ക് ഇറങ്ങിത്തിരിച്ചത്. അതും ഇതേ ജുമാമസ്ജിദിലെ ഇമാം തന്റെ സ്വന്തംസമുദായത്തെ കൊല്ലാക്കൊല ചെയ്യുന്നവരുടെ മുമ്പില്‍ മുട്ടിലിഴയുമ്പോള്‍ . മുമ്പ് ദലിത്‌സാമൂഹികസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന ആസാദ് 27ാം വയസ്സില്‍ 2014 ലാണ് വിനയ് രത്‌നസിംഗിനൊപ്പം അവരുടെ അവകാശസംരക്ഷണപ്രവര്‍ത്തനരംഗത്തേക്ക് ചാടിയിറങ്ങിയത്. ഇന്ത്യയിലെ ദലിത്‌സംഘടനകളുടെ കൂട്ടായ്മയാണ് ചന്ദ്രശേഖറിലൂടെ ഇന്ന് ഭീം ആര്‍മിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്.

2017ല്‍ യു.പി ചുട്മല്‍പൂരിലെ ഗാന്ധി ആശ്രമത്തിനടുത്ത ഐ.എച്ച്. പി ഇന്റര്‍കോളജില്‍ കുടിവെള്ളം നിഷേധിച്ചതിനെതുടര്‍ന്നുണ്ടായ നടത്തിയ ദലിത് അവകാശറാലി രജപുത്രരായ ഉന്നതകുലജാതര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആസാദ് ജയിലിലാക്കപ്പെട്ടു. മോചിതനായ അദ്ദേഹം പ്രഖ്യാപിച്ചു: 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഞങ്ങളൊരു പാഠം പഠിപ്പിക്കും. രാജ്യത്തെ 20കോടിയിലേറെ ദലിതരുടെ അവകാശക്കോട്ടകളുടെ പണിപ്പുരയിലാണ് ആസാദ്. രാജ്യം ഗതകാലത്തെ അഭിശപ്തമായ അയിത്തത്തിലേക്കും ജാതിവിവേചനത്തിലേക്കും തിരിച്ചുപോകുകയാണെന്ന ഭീതിയുയരുമ്പോള്‍ കയ്യുംകെട്ടിയിരിക്കാന്‍ ചന്ദ്രശേഖറിനാവുന്നില്ല. അതാണ് തന്റെ ഭീം ആര്‍മിയുമായി ഡല്‍ഹിയിലെത്തിയത്. ‘ ഭീം ‘ഇന്ത്യയുടെ ഭരണഘടനാശില്‍പി ഡോ. ഭീമറാവുഅംബേദ്കറുടെ പേരാണ്.

ഇന്ത്യയിലെ ദലിതുകളുടെയെല്ലാം രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യം തന്നെയാണ് ഈഅഭിഭാഷകന്റെ ലക്ഷ്യം. അറിവായിരിക്കണം ദലിതന്റെ കരുത്തെന്ന് തിരിച്ചറിഞ്ഞ ചന്ദ്രശേഖര്‍ ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ നിയമങ്ങള്‍ പൂര്‍ണമായും അറിഞ്ഞിരിക്കണമെന്ന വിശ്വാസത്തിലാണ് നിയമജ്ഞനാകുന്നത്. 2017ല്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടത്തിയ പടുകൂറ്റന്റാലിയിലൂടെ തന്റെ നീലസേനയെ രാജ്യത്തിന്റെ പോരാട്ടചരിത്രത്തിലെഴുതിച്ചേര്‍ത്തു. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഭരണഘടനാശില്‍പി അനുഭവിച്ച പൊതുസമൂഹത്തില്‍നിന്നുള്ള പീഡനങ്ങളില്‍ പലതും ഇന്നും തന്റെ സമുദായം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആസാദിന്റെ പക്ഷം. അതിന് ആക്കംകൂട്ടുന്നതാണ് ബി.ജെ.പിയുടെ ഹിന്ദുത്വവര്‍ഗീയത. യു.പിയിലെയും വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും മിക്കയിടത്തും ഭീം ആര്‍മിക്ക് ശാഖകളുണ്ട്. ഇങ്ങ് കേരളത്തിലും. ഉന്നതജാതിക്കാര്‍ മാത്രം നടത്തുന്ന മഹാപഞ്ചായത്ത് വിളിച്ചും ദലിത് വരന്മാരെ പതിവില്‍നിന്ന് വ്യത്യസ്തമായി കുതിരപ്പുറത്ത് കയറ്റിയും ഭീം ആര്‍മിയും ആസാദും ഇന്ന് സവര്‍ണരുടെ പേടിസ്വപ്‌നമായിരിക്കുകയാണ്. അമ്മ കമലേഷ്‌ദേവിയാണ് പേരിട്ടത്. മൂത്തമകന് ഭഗത്‌സിംഗെന്നും. ധീരരക്തസാക്ഷികളുടെ പേര്്. അമ്മയുടെ സ്വപ്‌നം പ്രാവര്‍ത്തികമാക്കാനുള്ള ഓട്ടത്തിലാണ് ഈ രണ്ടാംചന്ദ്രശേഖര്‍ആസാദ്.

SHARE