ജനാധിപത്യപരമാകണം പ്രതിഷേധങ്ങളും

രാജ്യം അതിസങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യവ്യാപകമായി കാമ്പസുകളിലും തെരുവുകളിലും സമരം കത്തിപ്പടരുകയാണ്. രാജ്യത്തെ പൗരന്മാരെ വിവേചനപരമായി വിഭജിക്കുന്ന പൗരത്വഭേദഗതി നിയമം പിന്‍വലിക്കുന്നതു വരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം. കൂടുതല്‍ കാമ്പസുകളിലേക്ക് സമരം ആളിപ്പടരുകയാണ്. വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തിയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചും പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ബംഗാളില്‍ മമതയും തമിഴ്‌നാട്ടില്‍ ഡി.എം.കെയും വലിയ പ്രക്ഷോഭത്തിനാണ് ഒരുങ്ങുന്നത്. മതേതര പാര്‍ട്ടികളുടെ യോജിച്ച പോരാട്ടത്തിന് തമിഴ്‌നാട്ടില്‍ അരങ്ങൊരുങ്ങിക്കഴിഞ്ഞു. കേരളമാണ് ഇക്കാര്യത്തിലും മാതൃക.

രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും മന്ത്രിമാരും സാമൂഹിക, സാസ്‌കാരിക, മത നേതാക്കളും ഉള്‍പ്പെടെ മതേതര മൂല്യബോധം ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനതയുടെ പരിഛേദമാണ് കഴിഞ്ഞ ദിവസം തലസ്ഥാനനഗരിയില്‍ സംയുക്ത സത്യഗ്രഹ സമരത്തില്‍ അണിചേര്‍ന്നത്. രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ആര്‍.എസ്.എസ് അജണ്ടക്കെതിരായി കേരളം ഒരു മനസ്സോടെ അണിനിരക്കുമെന്ന സന്ദേശമാണ് സമരം ലോകത്തിന് നല്‍കിയത്. ജാതി, മത, ഭാഷ അതിര്‍വരമ്പുകളില്ലാതെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ജനാധിപത്യ, മതേതര ഇന്ത്യക്കായാണ് നിലകൊള്ളുന്നത്. ദേശീയതലത്തില്‍ പ്രതിഷേധത്തിന്റെ അഗ്നിജ്വാലകള്‍ ഉയര്‍ത്തുന്നതും ഈ നിലയില്‍ തന്നെ. ഭരണഘടനയുടെ അന്ത:സത്തയെ തകര്‍ക്കുന്ന കരിനിയമങ്ങളെ ഇന്ത്യന്‍ ജനത ഒന്നായി എതിര്‍ക്കുമ്പോള്‍ വിഭാഗീയതയുടെ അജണ്ടകള്‍ കൊണ്ട് തടയിടുന്നവര്‍ ആരായാലും തത്വത്തില്‍ സഹായിക്കുന്നത് സംഘപരിവാരത്തിന്റെ രാഷ്ട്രീയത്തെയാണ്.

ഇന്നലെ കേരളത്തില്‍ ഏതാനും സംഘടനകള്‍ ചേര്‍ന്ന് നടത്തിയ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന പല കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. സമാധാനപരമായിരിക്കുമെന്ന പ്രഖ്യാപനത്തോടെ ഹര്‍ത്താലില്‍ ഉറച്ച് നിന്നവര്‍ക്ക് ആ വാക്ക് യഥാവിധി പാലിക്കാന്‍ കഴിഞ്ഞതുമില്ല. ഒറ്റപ്പെട്ട അക്രമങ്ങളാണ് ഉണ്ടായതെങ്കിലും ജനങ്ങളെ പ്രയാസപ്പെടുത്തി സമരത്തില്‍ ഭാഗമാക്കാമെന്ന ധാരണ ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങള്‍ ഹനിക്കുന്ന, മത വിവേചനപരമായ നിയമത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സന്ദര്‍ഭത്തില്‍ മതേതര കേരളത്തെ ഭിന്നിപ്പിക്കാനിടയാക്കുന്ന നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറിനില്‍ക്കേണ്ടതായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായി സംഘപരിവാരത്തിന് അഭിപ്രായ രൂപീകരണം നടത്താന്‍ വഴിയൊരുക്കി കൊടുക്കുന്നത് അഭിലഷണീയമല്ല. ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരായ പ്രക്ഷോഭത്തിന് മതപരമായ മാനമല്ല ശരിയായ സമര പാത. കേന്ദ്ര ബി.ജെ.പി ഭരണകൂടത്തിന്റെ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പ്രബല ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ളതാണെന്ന് വ്യക്തമാണ്.

ന്യൂനപക്ഷങ്ങളെ പ്രകോപിതരാക്കുന്നതിലൂടെ രാജ്യത്ത് വര്‍ഗീയ വിഭജനം വേഗത്തിലാക്കാമെന്ന സംഘപരിവാര്‍ അജണ്ട കാണാതെ പോകരുത്. ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണമാണ് ബി.ജെ.പിയുടെ ലക്ഷ്യം. പുതിയ നിയമത്തെ എത്രത്തോളം എതിര്‍ക്കാമോ അത്രയും എതിര്‍ക്കാം, എന്നാലും നിയമവുമായി മുന്നോട്ടു പോകുമെന്ന അമിത് ഷായുടെ പ്രഖ്യാപനവും വസ്ത്രം കണ്ടാല്‍ സമരം നടത്തുന്നവര്‍ ആരാണെന്ന് തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശവും കൃത്യമായ സന്ദേശം നല്‍കുന്നുണ്ട്. ബി.ജെ.പിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി മതേതര പ്രസ്ഥാനങ്ങളുടെ ഐക്യപ്പെടലിനാണ് വര്‍ത്തമാന ഇന്ത്യ സാക്ഷ്യം നില്‍ക്കുന്നത്. മതേതര വാദികളായ മനുഷ്യ സ്‌നേഹികള്‍ ഫാസിസ്റ്റ് സര്‍ക്കാരിന്റെ വിവേചന നിയമത്തിനെതിരായി ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ജാമിഅ മില്ലിയയില്‍ സംഘപരിവാരത്തിന്റെ സഹായത്തോടെ പൊലീസ് തന്നെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ത്ഥികളെ കലാപ ശ്രമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത്, മതേതരത്വം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തെ സാമുദായിക കലാപമാക്കി മാറ്റിത്തീര്‍ക്കാനുള്ള ശ്രമമാണ് ജാമിഅയില്‍ അരങ്ങേറിയത്. കോണ്‍ഗ്രസും മതേതര പാര്‍ട്ടികളും നടത്തിയ ഇടപെടലാണ് പൊലീസിന്റെ ശ്രമത്തെ തകര്‍ത്തത്. ഭരണഘടനാ മൂല്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ജനാധിപത്യ, മതേതര ഇന്ത്യയെ തകര്‍ക്കാന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് സംഘ്പരിവാര്‍ മുന്നോട്ടു പോകുന്നത്. പാര്‍ലമെന്റിലെ ഭൂരിപക്ഷം കൊണ്ട് മതേതര ഇന്ത്യയെന്ന സങ്കല്‍പത്തെ തന്നെ തകര്‍ത്തെറിയാനുള്ള നീക്കത്തിന്റെ ഭാഗമാണ്് പൗരത്വ ഭേദഗതി നിയമം. ഹതഭാഗ്യരായ അഭയാര്‍ത്ഥികളില്‍ മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയുള്ള പൗരത്വ നിര്‍ണയം ഭരണഘടന മുന്നോട്ടുവെക്കുന്ന മാനവിക വീക്ഷണത്തിന് എതിരാണ്.

പൗരത്വ ഭേദഗതി നിയമത്തിന് തൊട്ടുപിന്നാലെ പൗരത്വ പട്ടിക പുതുക്കാനുള്ള നീക്കം ദേശീയതലത്തില്‍ നടപ്പാക്കുന്നതിലൂടെ കോടിക്കണക്കിന് മനുഷ്യരെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. നര്‍മ്മദ ഉള്‍പ്പെടെയുള്ള വമ്പന്‍ പദ്ധതികളുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട, പൗരത്വ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത വിധം അന്യവല്‍ക്കരിക്കപ്പെട്ട ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന് മേല്‍ വീണ്ടും ഭീതിയുടെ വിത്ത് വിതച്ച് അവരുടെ പൗരാവകാശങ്ങള്‍ പൂര്‍ണമായി കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

ശക്തമായ പ്രതിരോധം കൊണ്ട് മാത്രമേ ഭരണഘടനാ വിരുദ്ധ നടപടികളില്‍ നിന്ന് കേന്ദ്ര ബി.ജെ.പി സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ കഴിയൂ. രാജ്യത്തെ മതേതര വിശ്വാസികളായ ബഹുഭൂരിപക്ഷം ജനങ്ങളെ അണിനിരത്തിയാകണം പോരാട്ടത്തെ ശക്തിപ്പെടുത്തേണ്ടത്. ആ നിലയ്ക്ക് രാജ്യം ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍, വിഭാഗീയതയുടെ മുദ്രകള്‍ കൊണ്ട് ഇന്ത്യന്‍ ജനത നടത്തുന്ന അസ്തിത്വ പോരാട്ടത്തെ വികലമാക്കാന്‍ ശ്രമമുണ്ടാകരുത്. ജനാധിപത്യപരവും സമാധാനപരവുമായ പ്രതിഷേധങ്ങള്‍ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. ഹര്‍ത്താല്‍ പോലെ ജനവിരുദ്ധവും പൊതുജീവിതത്തെ ബാധിക്കുന്നതുമായ സമരമുറകള്‍ വഴി ഫാസിസ്റ്റുകള്‍ക്ക് സഹായകമാകുന്ന നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ല. അത് നീതിയുടെ മാര്‍ഗത്തിലുള്ള ശക്തമായ ബഹുജന പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താനിടയാക്കും.

SHARE