മുസ്ലിംകളെമാത്രം ഒഴിവാക്കി ഹിന്ദുക്കളുള്‍പ്പെടെ ആറ് മതവിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൗരത്വഭേദഗതി നിയമം പാസാക്കിയെടുത്ത അതേദിവസ(ഡിസംബര്‍ 11)മാണ് ഇന്ത്യാചരിത്രത്തിലെ പ്രമാദമായ ഒരു വംശീയകൂട്ടക്കൊലക്കേസിലെ ജുഡീഷ്യല്‍ അന്വേഷണറിപ്പോര്‍ട്ട് പുറംലോകത്ത് പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ ഇക്കാര്യം പലരും അറിയാതെ പോകുകയോ വേണ്ടത്ര ചര്ച്ചചെയ്യപ്പെടാതെയോ പോയത് സ്വാഭാവികം. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്തുവെച്ച പ്രസ്തുതറിപ്പോര്‍ട്ട് പ്രകാരം 2002ലെ ഗുജറാത്ത് വംശീയകൂട്ടക്കൊലയില് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ആരുടെയും ആസൂത്രിതഗൂഢാലോചനയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജി.ടി നാനാവതിയുടെയും ഹൈക്കോടതി ജഡ്ജി അക്ഷയ് മേത്തയുടെയും സമിതിയാണ് വര്‍ഷങ്ങളെടുത്ത് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കിയത്.
റിപ്പോര്‍ട്ട് സംസ്ഥാനനിയമസഭയുടെ മേശപ്പുറത്തുവെച്ച ദിവസവും പൗരത്വബില്‍ രാജ്യസഭപാസാക്കിയ ദിവസവുംതമ്മില് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാകും പെട്ടെന്നുള്ള ഉത്തരമെങ്കിലും ഇരുസംഭവങ്ങളിലെയും കേന്ദ്ര സ്ഥാനത്തുള്ളത് പ്രധാനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയുമാണെന്നതിനാല് ആ ചോദ്യത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ടെന്ന് പറയേണ്ടിവരും. അഞ്ചുവര്‍ഷംമുമ്പ് അന്നത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ട് ഈദിവസം പുറത്തിറക്കിയതിനുപിന്നിലെ ദുരുദ്ദേശ്യം അപ്പോള്‍ പകല്‍പോലെ വ്യക്തം.
ജസ്റ്റിസ് ജി.ടി നാനാവതി -അക്ഷയ് മേത്ത കമ്മീഷന് പരിശോധിച്ച ഗുജറാത്ത് വംശീയകൂട്ടക്കൊലയില് 1,025 പേര് മരിച്ചെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സത്യത്തില്‍ ഇതിന്റെ ഇരട്ടിയിലധികംപേരാണ് മുസ്ലിംകള്‍ക്കെതിരായി സംഘ്പരിവാര്‍ നടത്തിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടിരുന്നത്. ഗുജറാത്തില്‍നിന്ന് അയോധ്യയിലെ രാമക്ഷേത്രപ്രക്ഷോഭത്തിനായിപോയ സംഘപരിവാര്‍ കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന തീവണ്ടിയിലുണ്ടായ തീപിടുത്തവും 59 മരണങ്ങളുമാണ് ഗുജറാത്ത്കലാപത്തിലേക്ക് വഴിമരുന്നിട്ടത്. ഗോധ്രറെയില്വെ സ്റ്റേഷനിലും പരിസരത്തും ഇതിന്റെപേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിനടത്തിയ രൂക്ഷമായ ആക്രമണങ്ങളില്‍ നൂറുകണക്കിന് നിരപരാധികളായ മുസ്ലിംകളാണ് കൊലചെയ്യപ്പെട്ടത്.
സ്ത്രീകള്‍ക്ക് മാനഭംഗവും കൂട്ടബലാല്‍സംഗവും നേരിടേണ്ടിവന്നു. ഗര്‍ഭിണികളെ ശൂലംകൊണ്ട് കുത്തി ഭ്രൂണം പുറത്തെടുത്തു. ബെസ്റ്റ്ബേക്കറി, നരോദ പാട്യ, ഗുല്ബര്ഗസൊസൈറ്റി മുതലായ കൂട്ടക്കൊലകളുടെ ഇരകള്‍ക്ക് ഇനിയും നീതികിട്ടിയിട്ടില്ല. മോദിമന്ത്രിസഭയിലെ മന്ത്രി മായ കോട്നാനിയെപോലുള്ളവര്ക്കെതിരെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് കോടതികളില്‍ ഹാജരാക്കപ്പെട്ടത്. പ്രതികള്പലരും ഇപ്പോഴും പുറത്തിറങ്ങിവിലസുന്നു. സംഘപരിവാരവും സംസ്ഥാനസര്ക്കാര്നേതൃത്വവുമാണ് സംഭവപരമ്പരകള്‍ക്ക് കാരണമെന്ന് അന്ന് അവിടെ ഉദ്യോഗങ്ങളിലിരുന്ന ഉന്നതഉദ്യോഗസ്ഥരുള്പ്പെടെ വെളിപ്പെടുത്തിയിരുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന, ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ജയിലിട്ടിരിക്കുന്ന സഞ്ജീവ് ഭട്ട്, രാഹുല്‍ശര്‍മ, ആര്.ബി ശ്രീകുമാര്‍ തുടങ്ങിയ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പുറത്തും കമ്മീഷന് മുന്നിലും സര്‍ക്കാരിനും ഇപ്പോഴത്തെ പ്രധാനമന്ത്രിയായ മുന്‍മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെയുമൊക്കെ മൊഴിനല്‍കിയതാണ്.
സര്‍ക്കാരിന് അക്രമത്തില്‍ പങ്കുണ്ടെന്നായിരുന്നു അവരുടെ മൊഴി. ഗുജറാത്ത് കത്തുമ്പോള്‍ അനങ്ങാതിരിക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിര്ദേശംനല്കിയിരുന്നതായി ഓടിനടന്ന് സഞ്ജീവ്ഭട്ടും ശ്രീകുമാറും വിളിച്ചുപറഞ്ഞു. എന്നിട്ടും അവയെല്ലാം കളവാണെന്നാണ് കമ്മീഷന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിലൂടെസംഭവിക്കുന്നത് രാജ്യത്തെ മറ്റൊരുകൂട്ടക്കൊലകൂടി പ്രതികളും കുറ്റവാളികളുമില്ലാതെ മണ്ണിട്ടുമൂടുന്നുവെന്നതാണ്. ഭാവിയിലേക്കുള്ള ലൈസന്‍സും. ഗുജറാത്ത് കൂട്ടക്കൊലയില്‍ ബി.ജെ.പിക്കും മോദിസര്‍ക്കാരിനും പങ്കില്ലെന്ന് പറയാന്‍ മോദിക്കും ആര്.എസ്.എസ്സിനും ബി.ജെ.പിക്കുമല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. അന്നമുണ്ണുന്ന ഏതൊരുവ്യക്തിക്കും അറിയാവുന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനോ ഉത്തരവാദികളെ നിയമത്തിന്റെമുമ്പില്‍ ഹാജരാക്കാനോ കഴിയാത്തത് ഒരു റിട്ട.ജഡ്ജിക്കാണെങ്കില്‍ അദ്ദേഹത്തെപോലൊരു സംവിധാനത്തെ ഇതിനായിനിയോഗിച്ചവരാണ് വിജയിച്ചിരിക്കുന്നത്.
ആര്‍ക്കും കണ്ടുപിടിക്കാനോ കണ്ടെങ്കില്തന്നെ വിളിച്ചുപറയാനോ കഴിയാത്തവിധത്തില്‍ ഭീകരമായി തമസ്കരിക്കുകയും കുഴിച്ചുമൂടപ്പെടുകയും ചെയ്തിരിക്കുകയാവും ഗുജറാത്ത് കലാപത്തിനാധാരമായ തെളിവുകളെല്ലാം. മോദി മുതലിങ്ങോട്ട് ഭരിച്ചവരെല്ലാം ബി.ജെ.പിക്കാരോ മോദിയുടെ ശിങ്കിടികളോ ആയതിനാല്‍ ഒരുജഡ്ജിക്കും കലാപത്തിന്റെ യാഥാര്‍ത്ഥ്യം അതിന്റെ ഉള്ളറകളിലേക്ക് കടന്നുചെന്ന് കണ്ടെത്താന്കഴിയുമായിരുന്നില്ലെന്ന് ന്യായീകരണവുമാകാം.
കലാപത്തെക്കുറിച്ച് , നായ്ക്കുട്ടി കാറിന്റെ ടയറിനടിയില്‍പ്പെട്ടു മരിക്കുന്നത് പോലെ സ്വാഭാവികമെന്ന് പറഞ്ഞയാളാണ് മോദി. രാജ്യത്ത് പൗരത്വനിയമംസംബന്ധിച്ച സംവാദങ്ങളും വിവാദങ്ങളും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കൊടുമ്പിരിക്കൊണ്ടിരിക്കവെ നാനാവതി കമ്മീഷന്റിപ്പോര്ട്ട് അട്ടത്തുനിന്ന് പുറത്തെടുത്തതും തമസ്കരിക്കപ്പെട്ടതും യാദൃച്ഛികമെന്ന് കരുതാന്‍വയ്യ. മോദിയെയോ അദ്ദേഹത്തിന്റെ സര്‍ക്കാരിലെ മന്ത്രിമാരെയോ മാത്രമല്ല ഒരൊറ്റ ഉദ്യോഗസ്ഥനെതിരെപോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല എന്നതാണ് ഞെട്ടിപ്പിക്കുന്നവസ്തുത. പലരും നേരത്തെ ഇത് പ്രതീക്ഷിച്ചതാണെങ്കിലും നടപടിയെടുത്തില്ലെങ്കിലും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയെങ്കിലും റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിക്കുമെന്ന് കരുതിയിരുന്നു.
ഗുജറാത്ത് കലാപകാലത്ത് മോദിയെ ‘മരണത്തിന്റെ വ്യാപാരി’ യെന്ന് വിശേഷിപ്പിച്ചത് അന്നത്തെ മാധ്യമങ്ങളും പൊതുസമൂഹവുമാണ്. അന്നത്തെ ബി.ജെ.പിക്കാരനായ പ്രധാനമന്ത്രി എ.ബി വാജ്പേയിപോലും ‘രാജധര്‍മം പാലിക്കണ’ മെന്ന് മോദിയോട് ഉണര്‍ത്തിയത് ചരിത്രരേഖകളില്‍ കിടപ്പുണ്ട്. രാജ്യത്തിനകത്ത് മാത്രമല്ല, വിദേശത്തും അമേരിക്കയില്‍ വിശേഷിച്ചും, വിസപോലും മോദിക്ക് നിഷേധിക്കപ്പെട്ടു. മോദിയുടെ നേതൃത്വത്തില്‍നടത്തിയ കൂട്ടക്കൊല എന്നതിനേക്കാള്‍ സംസ്ഥാനത്തെ ജനങ്ങളെ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനിന്നു എന്ന തരത്തിലാണ് വിദേശമാധ്യമങ്ങളും ബി.ജെ.പിയിലെ ഒരുവിഭാഗവും കലാപത്തെകണ്ടത്.
മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനി, കേന്ദ്രമന്ത്രിമാരായിരുന്ന യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിംഗ്, രാംജത് മലാനി, അരുണ്‍ഷൂരി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ തുടങ്ങിയവര്‍ മോദിയുടെ നടപടിയെ കടുത്തഭാഷയിലാണ് അന്ന് വിമര്‍ശിച്ചത്. ഇക്കൂട്ടരില്‍ നിതീഷൊഴികെയുള്ളവരെല്ലാം (ഇപ്പോഴിദ്ദേഹം മോദിയുടെ കൂടെയാണ് ) ഇന്ന് രാഷ്ട്രീയത്തിന്റെയോ ജീവിതത്തിന്റെ തന്നെയോ യവനികക്കുള്ളില്‍ മറഞ്ഞു. നീതിന്യായസംവിധാനത്തിന്റെ വിശ്വാസ്യതക്ക് കളങ്കം ചാര്‍ത്തുന്നതാണ് റിപ്പോര്‍ട്ടെന്ന് പറയാതെ വയ്യ. മോദിതന്നെയാണ് കമ്മീഷനെ നിയമിച്ചതെന്നതും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ആളുകളാണ് ഇന്നും സംസ്ഥാനം ഭരിക്കുന്നതെന്നതും മതി ആരെയാണ് ഇവര്‍ ഭയപ്പെട്ടതെന്നതിന് തെളിവ്.