പ്രിയപ്പെട്ട കൊലയാളി

കമ്മീഷണറുള്‍പ്പെടെ പത്തിലധികംവരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉയരംകുറഞ്ഞ് മെലിഞ്ഞൊട്ടിയ 20 വയസ്സുമാത്രംവരുന്ന പ്രതികള്‍ കല്ലുംവടിയുമായി ആക്രമിക്കുക. അവരിലൊരാള്‍ പൊലീസുകാരനില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങുക, വെടിവെക്കുക. ഒരൊറ്റ പൊലീസുകാരനും പരിക്കേല്‍ക്കാതിരിക്കുക. പൊലീസ് തിരിച്ചുവെടിവെച്ചതില്‍ നാലുയുവാക്കളും തല്‍ക്ഷണംകൊല്ലപ്പെടുക. പുതുതായി രൂപംകൊണ്ട തെലുങ്കാനസംസ്ഥാനത്തിലെ സൈബരാബാദ് പൊലീസ്‌കമ്മീഷണര്‍ വിശ്വനാഥ് ചന്നപ്പ സജ്ജനാരാണ് ഈ തിരക്കഥ വെള്ളിയാഴ്ചവൈകീട്ട് പുറംലോകത്തോട് വിളിച്ചുപറഞ്ഞത്. പ്രതീക്ഷിച്ചതുപോലെ നാട്ടിലെയും രാഷ്ട്രീയത്തിലെയും പലരും അതപ്പാടെ വിഴുങ്ങി. പിന്നാലെ പൊലീസുകാര്‍ക്കും കമ്മീഷണര്‍ക്കും മേലെ ജനങ്ങളുടെ പുഷ്പാഭിഷേകം. ഒരുനാടാകെ ആഹ്ലാദനൃത്തം.

  2019ലെ മറ്റൊരു കറുത്തഡിസംബര്‍ആറിനാണ് രാജ്യത്തെനടുക്കിയ കൂട്ടക്കൊലകളിലൊന്ന് ഹെദരാബാദില്‍നിന്ന് അറുപതുകിലോമീറ്റര്‍ അകലെ തരിശുപാടത്ത് അരങ്ങേറിയത്. ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍ കൃത്യംപത്തുദിവസംമുമ്പ് നടന്നൊരു മൃഗീയമായ ബലാല്‍സംഗത്തിന്റെയും കൊലപാതകത്തിന്റെയും പ്രതികളാണ് മേല്‍രംഗത്തിലെ യുവാക്കള്‍. ലോറിഡ്രൈവര്‍ മാത്രമാണ് ഇതില്‍ 24 വയസ്സുകാരന്‍. മറ്റ് മൂന്നുപേര്‍ക്ക് 20നുതാഴെ പ്രായം. എന്തുകൊണ്ടാണ് ഈ കമ്മീഷണര്‍ക്കും പൊലീസുകാര്‍ക്കും ജനം പൂച്ചെണ്ട്‌നല്‍കുകയും കൈയില്‍ രാഖികെട്ടിക്കൊടുക്കുകയും ചെയ്തതെന്ന ചോദ്യത്തിന് ഉത്തരംഒന്നേയുള്ളൂ: അവര്‍ക്ക് കോടതിയിലെ വര്‍ഷങ്ങള്‍ നീളുന്ന നിയമവ്യവഹാരങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. 

സ്ത്രീപീഡകരെ സജ്ജനാറിനെ പോലെ കയ്യോടെ വെടിവെച്ചുകൊല്ലുന്നവരെ ജനം ഇഷ്ടപ്പെടുന്നു. വിജനമായ പ്രദേശത്ത് കയ്യാമംവെക്കാതെ പുലര്‍ച്ചെ കൊലപാതകക്കേസിലെ പ്രതികളെ കൊണ്ടുപോയി തെളിവെടുത്തെന്നും അതിനിടെ പ്രതികള്‍ തങ്ങളെ ആക്രമിച്ചെന്നുംപറയുന്ന സജ്ജനാര്‍ഭാഷ്യം നീതിയും നിയമവും രാജ്യത്ത് നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്നവരാരും അംഗീകരിച്ചുകൊടുക്കില്ല. പ്രതികളെ ആക്രമിക്കാന്‍ തക്ക സാഹചര്യത്തില്‍ നിര്‍ത്തിയതിന് ഉത്തരവാദി ഈ ഓഫീസറല്ലാതെ മറ്റാരാണ്? പൊലീസുകാരുടെ തോക്ക് പൂട്ടിയിട്ട നിലയിലായിരുന്നില്ല എന്നുപറയുന്നതും പ്രതികളുടെ ചലനമറ്റ കൈകളില്‍ തോക്ക്കാണുന്നതും തിരക്കഥയെ അനുസ്മരിപ്പിക്കുന്നു.

 വ്യാജ ഏറ്റുമുട്ടലെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലാണ് സജ്ജനാറിന് പ്രിയം. കണ്ടാല്‍ മാന്യനും മൃദുഭാഷിയുമാണ് പൊലീസുദ്യോഗസ്ഥന്റെ ആകാരവടിവൊന്നുമില്ലാത്ത 1996 ഐ.പി.എസ് ബാച്ചുകാരനായ കര്‍ണാടക ഹൂബഌ സ്വദേശി വി.സി സജ്ജനാര്‍. ഇയാള്‍മുമ്പും നിയമവും തന്റെ കൊലപാതകശൈലിയും കയ്യിലെടുത്തിട്ടുണ്ട്. കൊമേഴ്‌സ് ബിരുദത്തിന് ശേഷമാണ് സിവില്‍സര്‍വീസ് പരീക്ഷയെഴുതിയത്. എം.ബി.എയും ഇയാള്‍ക്കുണ്ട്. ടാക്‌സ് കണ്‍സള്‍ട്ടന്റാണ് പിതാവ് സി.ബി സജ്ജനാറുമൊത്ത് അല്‍പകാലം ജേലിചെയ്തിട്ടുണ്ട്. 2008ല്‍ വാറങ്കലില്‍ രണ്ടുവിദ്യാര്‍ത്ഥിനികളെ ആസിഡ് ഒഴിച്ചുകൊന്ന കേസിലെ മൂന്നുപേരെ 48 മണിക്കൂറിനകം വെടിവെച്ചുകൊന്നതാണ് സജ്ജനാറിന്റെ പൊലീസ്‌കരിയറിലെ ആദ്യസമാനസംഭവം.

രണ്ടാമത്തേത് 2016ല്‍ രഹസ്യാന്വേഷണ ഐ.ജിയായിരിക്കെ നക്‌സലൈറ്റ് നേതാവ് നഈമുദ്ദീനെ വെടിവെച്ചുകൊന്നതാണ്. സജ്ജനാര്‍ നേതൃത്വംനല്‍കിയ മൂന്ന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും തിരക്കഥയും ഒരേപോലുള്ളതാണ്. വാറങ്കല്‍ എസ്.പിയായിരിക്കവെയായിരുന്നു സജ്ജനാറിലെ ആദ്യഏറ്റുമുട്ടല്‍കൊലയാളി തന്റെ ഇംഗിതം നിവര്‍ത്തിച്ചതെങ്കില്‍ 2019ലും 27ന് രാത്രിനടന്ന വെറ്ററിനറി ഡോക്ടറുടെ ഹീനകൊലപാതകത്തിലെയും അന്വേഷണനേതൃത്വം ഇതേഓഫീസറില്‍ വന്നെത്തിയതിലും അത്ഭുതമുണ്ട്. പലരും ആവശ്യപ്പെട്ടിരുന്ന, ആശങ്കപ്പെട്ടിരുന്ന കൊലപാതകമാണ് ഇവിടെയും സംഭവിച്ചത്. അക്രമികളെ പിടികൂടുന്നതിനും അവരുമായി ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ പാലിക്കേണ്ടതുമായ ചിട്ടകള്‍ സുപ്രീംകോടതി ഒരുത്തരവിലൂടെ നല്‍കിയിട്ടുണ്ട്. എന്നിട്ടും സജ്ജനാരുംകൂട്ടരും പ്രതികളെ കാലില്‍പോലും വെടിവെക്കാതെ ഒറ്റയടിക്ക് കൊന്നതിലാണ് അത്ഭുതം. കയ്യടി തന്നെയായിരിക്കണം ഇവിടെയും കമ്മീഷണറെ കീഴടക്കിയത്.

സ്ത്രീകള്‍ കൈയില്‍ കെട്ടിക്കൊടുത്ത രാഖിയുമായാണ് സൗമ്യമായഭാഷയില്‍ സജ്ജനാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. സ്ത്രീപീഡകര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യം സമൂഹത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നതിനൊത്ത് തന്റെ ചുമതലയിലില്ലാത്ത ജോലി നിര്‍വഹിക്കുകയായിരുന്നു സജ്ജനാര്‍. രാഷ്ട്രീയ-ഭരണനേതൃത്വത്തിന്റെയും ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണയുണ്ടെന്നതാണ് ഈ ഐ.പി.എസ്സുകാരന്റെ ധൈര്യം. നാല് കാമവെറിക്കാരെ കാലപുരിക്കാനായി എന്ന ആത്മവിശ്വാസവും ഈ ഓഫീസറെ തുണക്കുന്നുണ്ടാവും. രാജ്യത്തെ നീതിന്യായസംവിധാനത്തിനപ്പുറം ഒരു സര്‍ക്കാര്‍സംവിധാനത്തിനും ചെറുവിരലനക്കാവില്ലെന്ന പാഠം വികാരത്തള്ളിച്ചയാല്‍ സജ്ജനാരിലെ മനുഷ്യസ്‌നേഹി പക്ഷേ മറന്നുകാണണം. അതുകൊണ്ടാണ് വി.സി സജ്ജനാര്‍ ഐ.പി.എസ് ആരാച്ചാറുടെ വേഷത്തിലും ഹീറോആകുന്നത്.

SHARE