വികാരത്തിന് മുകളില്‍ വിവേകം വിജയിക്കട്ടെ

സഹസ്രാബ്ദങ്ങളുടെ സാമൂഹിക സഹവര്‍തിത്വത്തിനും മാനവികമായ ആദാനപ്രദാനങ്ങള്‍ക്കും മതനിരപേക്ഷതക്കും പുകഴ്‌പെറ്റ ഭൂമിയിലെ മഹത്തായ മണ്ണാണ് ഇന്ത്യ. പുരോഗമന ചിന്താധാരകളുടെയും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെയും ഉത്തുംഗതയുടെ യുഗത്തിലെത്തിനില്‍ക്കുന്ന മനുഷ്യരെ സംബന്ധിച്ച് സഹജീവികളെ തെരുവില്‍ തല്ലിക്കൊല്ലുന്നതിലും കേവല അന്ധവിശ്വാസങ്ങളിലും അഭിരമിക്കേണ്ടതല്ല ഓരോരുത്തരുടെയും ശാരീരികവും മാനസികവുമായ ജീവനും ജീവനവും. സകല ഉത്കൃഷ്ട ചിന്തകളുടെയും ബഹുസ്വര സാംസ്‌കാരികതകളുടെയും വിളനിലമായ ഇന്നാട്ടില്‍ നിര്‍ഭാഗ്യവശാല്‍ കുറച്ചുകാലമായി അസ്വസ്ഥതകളുടെ വിഷവിത്തുകള്‍ ചിലര്‍ പാകിത്തുടങ്ങിയിട്ടുണ്ട്. അന്യര്‍ക്ക് ഉതകുമാറ് ജീവിക്കാനാണ് എല്ലാമതങ്ങളും ഇസങ്ങളും പഠിപ്പിച്ചിട്ടുള്ളത്. ഒരുതരം വിഷവിത്തുകള്‍ക്കും മുളച്ചുവളരാന്‍ അവസരമില്ലാത്തവിധം, മഹനീയമായ സഹജീവനമാവണം ലോകത്തെ ആറിലൊന്ന് മനുഷ്യര്‍ അധിവസിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം വരുംകാലത്തേക്കുള്ള ദിശാപാത.

അഹിംസക്കും സത്യഗ്രഹത്തിനും അവയുടെ ഉപജ്ഞാതാവിനും ജന്മംനല്‍കിയ മഹാത്മാവിനെതന്നെ വെടിവെച്ചുകൊലപ്പെടുത്തുംവിധം നമ്മുടെ നാട് ഇതേസമയംതന്നെ സങ്കുചിത ചിന്തകളില്‍ അധ:പതിച്ചുവെന്നത് നേരാണ്. സമാനമായ സംഭവമാണ് ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ 27 കൊല്ലം മുമ്പത്തെ ഒരുകറുത്ത ഞായറാഴ്ച അഞ്ഞൂറാണ്ട് പൈതൃകമുള്ള ആരാധനാലയം-ബാബരി മസ്ജിജ്- തച്ചുകര്‍ക്കപ്പെടുന്നത്. 1949ലാണ് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്കുകീഴെ ഇരുട്ടിന്റെ മറവില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവെച്ച കുല്‍സിത സംഭവം ഉണ്ടാകുന്നത്. അതിന്റെ എഴുപതാം വാര്‍ഷികം കൂടിയാണിത്. മസ്ജിദ് ധ്വംസനത്തിന്റെ ഫലമായി രാജ്യത്തുടനീളം രക്തച്ചാലുകള്‍ ഒഴുകിയെങ്കിലും കേരളവും തെക്കേഇന്ത്യയും പൊതുവില്‍ അത്തരം ക്രൂരതകളില്‍നിന്നെല്ലാം വേറിട്ടുനിന്നു. പള്ളി തകര്‍ത്തുവെന്ന കാരണത്താല്‍ സഹോദര മതക്കാരുടെ ഒരൊറ്റ ആരാധനാലത്തിനുമേലും ചെറുകല്ലുപോലും വീഴരുതെന്ന് കല്‍പിച്ച മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെപോലുള്ളവരാണ് നാടിനന്ന് വഴികാട്ടിയായത്. മാനവികസൗഹാര്‍ദവും രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും പ്രവര്‍ത്തനരീതിയും സകല തീവ്രചിന്താഗതികള്‍ക്കും മുന്നില്‍ വന്‍മതിലായി നിലകൊണ്ടു.

2010 സെപ്തംബര്‍ 30ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിപ്രകാരം ബാബരിമസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ഭൂമി ഹിന്ദുക്കള്‍ക്കും (രാമജന്മഭൂമി ട്രസ്റ്റ്) മുസ്‌ലിംകള്‍ക്കും (സുന്നി വഖഫ് ബോര്‍ഡ്) നിര്‍മോഹി അഖോഡ സന്യാസിസഭക്കുമായി മൂന്നായി വിഭജിച്ച് നല്‍കണം. ഇതിനെതിരായ അപ്പീലുകളാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് രണ്ടു മാസത്തിലധികം നീണ്ട വിചാരണയിലൂടെ വിധി പറയാനിരിക്കുന്നത്. വിശ്വാസ കാര്യമായതിനാല്‍ പ്രത്യേക സമിതിയെ വെച്ചെങ്കിലും ഒത്തുതീര്‍പ്പ് വിജയപ്രദമായില്ല. വിധി ആര്‍ക്ക് അനുകൂലമായാലും എതിരായാലും രാജ്യത്തിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ ഭാരതീയനും കഴിയട്ടെ എന്നാണ് ഈഅവസരത്തില്‍ ഉണര്‍ത്തിക്കാനുള്ളത്. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ഗോഗോയ് വിരമിക്കുന്ന നവംബര്‍17ന് മുമ്പ് വിധി വരുമെന്ന് കണ്ടുള്ള മുന്‍കരുതലുകളാണ് കേന്ദ്ര സര്‍ക്കാരും യു.പി മുതലായവയിലെ സര്‍ക്കാരുകളും സ്വീകരിച്ചിട്ടുള്ളതെന്ന് പൊലീസ്-അര്‍ധ സേനാ വിന്യാസം വ്യക്തമാക്കുന്നു. മസ്ജിദ് നിലനിന്ന അയോധ്യയിലും പരിസരങ്ങളിലും മറ്റും 144 ഐ.പി.സി അനുസരിച്ചുള്ള കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പെടുത്തിയിരിക്കുന്നത്.

യു.പിയില്‍ കോളജുകളും സ്‌കൂളുകളും അടക്കം താല്‍കാലിക ജയിലുകളാക്കി മാറ്റിക്കഴിഞ്ഞു. ഇന്നലെ ചീഫ്ജസ്റ്റിസ് ഗോഗോയ് യു.പി ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ചേംബറിലേക്ക് വിളിച്ചുവരുത്തിയത് സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയാലാകണം. കഴിഞ്ഞ കാലങ്ങളില്‍ കോടതിക്ക് കൊടുത്ത ഉറപ്പുകള്‍ പാലിക്കാതെ ചില സംഘടനകളും അക്രമിക്കൂട്ടങ്ങളും ഇതര സമുദായക്കാര്‍ക്കെതിരെ അഴിഞ്ഞാടിയത് എല്ലാവരുടെയും മനസ്സിലുണ്ട്. കഴിഞ്ഞദിവസം കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പുമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി രാജ്യത്തെ വിവിധ മതസംഘടനാനേതാക്കളുടെ യോഗം ഡല്‍ഹിയില്‍വിളിച്ചുചേര്‍ത്ത് സമാധാനം പാലിക്കേണ്ട ആവശ്യകത ഉണര്‍ത്തുകയുണ്ടായി. ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വങ്ങളും ഇതര രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളും ആഘോഷങ്ങളും പ്രതിഷേധങ്ങളും മാറ്റിവെച്ചുള്ള സമാധാനപാലനത്തിന് ആഹ്വാനം ചെയ്തുകഴിഞ്ഞു. മുസ്്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ആത്മസംയമനം പാലിക്കേണ്ട ആവശ്യകത പ്രത്യേകം ഓര്‍മിപ്പിച്ചു. വിഷയത്തില്‍ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കരുതെന്ന് പ്രധാനമന്ത്രി തന്റെ മന്ത്രിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. മാധ്യമങ്ങളും പക്വതയോടെ വാര്‍ത്തകളും വിശകലനങ്ങളും പ്രസിദ്ധീകരണം ചെയ്യണമെന്നാണ് സര്‍ക്കാരിന്റെയും പ്രസ് കൗണ്‍സിലിന്റെയും നിര്‍ദേശം. ഭയക്കേണ്ടത് ജനങ്ങള്‍ക്ക് യഥേഷ്ടം സ്വാതന്ത്ര്യമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണമാണ്. ഇതെല്ലാം കാണിക്കുന്നത് എന്തുവന്നാലും രാജ്യത്ത് ഒരു ചോരത്തുള്ളിപോലും കോടതിവിധിയുടെ പേരില്‍ ഇറ്റുവീഴരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ബന്ധപ്പെട്ട എല്ലാവര്‍ക്കും ഉണ്ടെന്നാണ്.

ഹൈക്കോടതി വിധി ശരിവെക്കുക, 1947ലെ കട്ട് ഓഫ്‌ഡേറ്റ് പാലിച്ച് പള്ളി പുനര്‍നിര്‍മിച്ചു നല്‍കുക, ശ്രീരാമക്ഷേത്രനിര്‍മാണം അനുവദിക്കുക, മറ്റൊരിടത്ത് പള്ളി നിര്‍മാണത്തിന് സൗകര്യം ചെയ്യുക, മറ്റു പള്ളികളുടെമേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കുക, തര്‍ക്ക സ്ഥലത്ത് അനാഥാലയമോ ആസ്പത്രിയോ നിര്‍മിക്കുക എന്നിവയാണ് പ്രതീക്ഷിക്കുന്ന വിധി പരാമര്‍ശങ്ങളില്‍ ചിലത്. അതെന്തുതന്നെയായാലും ജനപ്രതിനിധി സഭകളും ഭരണനിര്‍വഹണ സംവിധാനവും രാഷ്ട്രീയകക്ഷികളും മത സാംസ്‌കാരിക നേതാക്കളുമെല്ലാം പരാജയപ്പെട്ട ഒരുവിഷയത്തില്‍ രാജ്യത്തെ ഉന്നത നീതിപീഠത്തിന്റെ അന്തിമതീര്‍പ്പ് മനസാവാചാകര്‍മണാ അനുസരിക്കുകയാണ് ബന്ധപ്പെട്ട കക്ഷികളുടെയെല്ലാം രാജ്യത്തോടും ജനാധിപത്യത്തോടുമുള്ള കടമയും പ്രായോഗികതയും. മതേതര-സാംസ്‌കാരിക-പൗരാണിക പ്രതീകമായ മത ന്യൂനപക്ഷത്തിന്റെ തകര്‍ക്കപ്പെട്ട ഒരു ആരാധനാലയം പുനര്‍നിര്‍മിക്കുക തന്നെയാണ് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഏത് അളവുകോലുവെച്ചാലും അനിവാര്യം. എന്നാല്‍ മറ്റെന്തിനേക്കാള്‍ വലുത് മനുഷ്യജീവനാണ് എന്ന തിരിച്ചറിവിലൂടെ സര്‍വവിധ വികാരങ്ങളെയും മാറ്റിവെച്ച് വിവേകത്തിന്റേതായ ഭാഷ സ്വീകരിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഈയവസരത്തില്‍ കഴിയേണ്ടതുണ്ട്. അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ അഖണ്ഡതക്കും ഭാവിക്കും വലിയവില കൊടുക്കേണ്ടിവരും.

SHARE