മെഡിക്കല്‍ കോളജുകള്‍ ലക്ഷ്വറി കോട്ടജാകരുത്

കേരളത്തിലെ എം.ബി.ബി.എസ്, ബി.ഡി.എസ് തുടങ്ങി പത്തോളം മെഡിക്കല്‍ പഠന മേഖലകളിലേക്കുള്ള പ്രവേശന നടപടികള്‍ പത്തു ദിവസത്തോളം വൈകി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് അഖിലേന്ത്യാറാങ്കു പട്ടിക പുറത്തുവന്ന് പതിനഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കിയ കേരളാ റാങ്കു പട്ടിക ഇത്തവണ പുറത്തുവന്നത് ഒരാഴ്ചയിലധികം വൈകിയാണ്. ശനിയാഴ്ചയാണ് പ്രവേശന നടപടികള്‍ ആരംഭിച്ചത്. ഇന്നത്തെ അവസ്ഥയില്‍ ആദ്യഘട്ട അലോട്ട്‌മെന്റ് പട്ടിക ജൂലൈ ഏഴിന് തയ്യാറാകുമെന്നാണ് അറിയിപ്പ്.

ഇത് നടന്നാല്‍തന്നെയും ഫീസിന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ തീരുമാനത്തിലെത്താന്‍ കഴിയാത്തത് വലിയ ആശങ്കയുണര്‍ത്തുന്നു. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് കഴിഞ്ഞദിവസം നിയമം പാസാക്കി ഫീസ് നിര്‍ണയ സമിതിയും പ്രവേശന മേല്‍നോട്ട സമിതിയും പുന:സംഘടിപ്പിച്ചിരിക്കുകയാണ്. ലക്ഷങ്ങള്‍ മാനേജ്‌മെന്റുകളുടെ ഇംഗിതമനുസരിച്ച് വര്‍ഷം തോറും വര്‍ധിപ്പിച്ചുകൊടുത്ത ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തവണയും ഫീസ് വര്‍ധനക്ക് മൗനസമ്മതം മൂളിയതായാണ് സൂചന.

ഒരാഴ്ചക്കകം ഫീസ് തീരുമാനിക്കുമെന്ന് സമിതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഫീസ് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്നാണ് സ്വകാര്യസ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തെ അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് തീ തിന്നേണ്ടിവന്നിരിക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് ഇതിനുകാരണമായത്.


എം.ബി.ബി.എസ്സിന് വാര്‍ഷിക ഫീസായി കഴിഞ്ഞവര്‍ഷം നിശ്ചയിച്ച അഞ്ചര ലക്ഷം രൂപയാണ് ഇത്തവണ 12 ലക്ഷമായി ഉയര്‍ത്തണമെന്ന് സ്വകാര്യകോളജുടമകള്‍ ആവശ്യപ്പെടുന്നത്; പ്രവാസികളുടെ മക്കള്‍ക്ക് 30 ലക്ഷവും. ബി.ഡി.എസ്, ആയുര്‍വേദം തുടങ്ങിയവയിലേക്കും ആനുപാതികമായ വര്‍ധന ആവശ്യപ്പെടുന്നു. കേരളത്തില്‍ പതിനായിരത്തിനുതാഴെ റാങ്കുള്ളവര്‍ക്ക് മാത്രമേ ഏതെങ്കിലും മെഡിക്കല്‍ കോഴ്‌സിന് ചേരാനാകു. മറ്റുള്ളവരെല്ലാം കുറഞ്ഞ ഫീസുള്ള വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ചേക്കേറുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ അതത് സംസ്ഥാനക്കാരുടെ കുട്ടികള്‍ക്ക് രണ്ടര ലക്ഷം രൂപ മാത്രമാണ് മെറിറ്റിലെഫീസ്. എന്‍.ആര്‍.ഐ, മാനേജ്‌മെന്റ്‌സീറ്റുകളില്‍ പണമുള്ളവരില്‍നിന്ന് വന്‍തുക വാങ്ങി സീറ്റ് നല്‍കാമെന്നിരിക്കെ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഫീസ്‌വര്‍ധനക്ക് ഒത്താശ ചെയ്യുന്നത്.

സാങ്കേതികവശാല്‍ സര്‍ക്കാരിനല്ല ഫീസ് നിര്‍ണയാധികാരമെങ്കിലും മാനേജ്‌മെന്റുകളെ വരുതിയില്‍ നിര്‍ത്തിയും വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതെന്തുകൊണ്ടാണ്?


1455 സീറ്റുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മുന്നാക്ക ജാതികളിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്കായി പത്തു ശതമാനം സീറ്റുകള്‍ ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ടെന്നത് അവരെ സംബന്ധിച്ച് ആശ്വാസകരമാണ്. എന്നാല്‍ മൂവായിരത്തോളം സീറ്റുള്ള 21 സ്വാശ്രയ കോളജുകളിലെ കുട്ടികള്‍ വര്‍ധിപ്പിച്ചഫീസ് നല്‍കണമെന്ന് പറയുന്നതിലെ യുക്തി നിരര്‍ഥകമായിരിക്കുന്നു. ജീവിതത്തില്‍ കഠിനാധ്വാനം ചെയ്ത് നേടിയ ഡോക്ടര്‍ സ്വപ്‌നം സര്‍ക്കാരിന്റെയും ലാഭക്കൊതിയന്മാരായ ചില വിദ്യാഭ്യാസ മുതലാളിമാരുടെയും ഒത്തുകളിമൂലം തുലയുന്നത് വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന ആഘാതം ചെറുതാവില്ല.

താരതമ്യേന മധ്യവര്‍ഗക്കാരായവരുടെ കുട്ടികളാണ് ഉയര്‍ന്ന മാര്‍ക്ക് നേടുന്നതില്‍ മുന്നില്‍. കേരളത്തില്‍ ഇത്തവണ നീറ്റ്‌യോഗ്യത നേടിയ 70,000 കുട്ടികളില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ഇവരോടാണ് പ്രതിവര്‍ഷം പത്തു ലക്ഷവും കോഴ്‌സ് തീരുമ്പോഴേക്ക് അറുപതു ലക്ഷവുമൊക്കെ ആവശ്യപ്പെടുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ലക്ഷങ്ങള്‍ എങ്ങനെയാണ് വഹിക്കാനാകുക. വിദ്യാഭ്യാസ വായ്പയെടുത്താല്‍തന്നെ ബാങ്കുകളുടെ തീട്ടൂരം സഹിക്കണം. സമ്പന്നര്‍ക്കു മാത്രമായി വൈദ്യ വിദ്യാഭ്യാസം മാറിയാല്‍ ഭാവിയില്‍ നാടിന്റെ പൊതുജനാരോഗ്യം എന്താകും. കൊടുക്കുന്ന ഫീസിന് ആനുപാതികമായി കഴുത്തറുപ്പന്‍ ചികില്‍സാഫീസ് വാങ്ങാനും ഡോക്ടര്‍മാര്‍ നിര്‍ബന്ധിതമാകില്ലേ?


മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ച രണ്ടര ലക്ഷം രൂപ വാര്‍ഷിക ഫീസാണ് പിണറായി സര്‍ക്കാര്‍ സ്വാശ്രയ മാനേജുമെന്റുകളുമായി ഒത്തുകളിച്ച് അഞ്ചരയും ആറരയുമൊക്കെ ലക്ഷമാക്കി വാങ്ങിക്കൊടുത്തത്. ഇതിനുപുറമെ പലയിനത്തിലായി പതിനായിരങ്ങളും ചില മാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് ഈടാക്കുന്നു. എന്‍ട്രന്‍സ്് കമ്മീഷണര്‍ എഴുതി നല്‍കിയ ഫീസുമായി കോളജുകളില്‍പ്രവേശനത്തിന് ചെല്ലുന്നവരോട് വീണ്ടും ലക്ഷങ്ങള്‍ പിഴിയുന്ന രീതിയും ഭരണകൂടത്തിന്റെ വീഴ്ചയാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ മുതലാളിമാര്‍ക്കാവരുത് തീരുമാനമെടുക്കാനുള്ള അന്തിമാധികാരം എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം; അതല്ല ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്.

പകര്‍ച്ചവ്യാധികളെ നേരിടാന്‍ കഠിനപരിശ്രമം നടത്തിയെന്നവകാശപ്പെടുന്ന ആരോഗ്യവകുപ്പിനും മന്ത്രിക്കും, ഉന്നതവിദ്യാഭ്യാസമന്ത്രിക്കും അത്തരം രോഗങ്ങളെ ഭാവിയില്‍ നേരിടാന്‍ പര്യാപ്തമാകേണ്ട ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് പ്രായോഗികവും സമയ ബന്ധിതവുമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുന്നില്ല? വന്‍തുക നിക്ഷേപിച്ചാണ് സമ്പന്നര്‍ ഈ രംഗത്തേക്ക് വരുന്നതെന്നതുകൊണ്ട് പെട്രോളിയംവില പോലെ ഫീസ് വര്‍ധിപ്പിക്കുന്നതിലെന്ത് യുക്തിയാണുള്ളത്. മതിയായ പഠന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ എട്ടു കോളജുകളുടെ അനുമതി കേരള ആരോഗ്യ സര്‍വകലാശാല റദ്ദാക്കിയിരിക്കുകയാണിപ്പോള്‍. കഴിഞ്ഞവര്‍ഷം കോടതി റദ്ദാക്കിയ ഫീസ് ഈടാക്കി കോഴ്‌സുകള്‍ എത്രയുംവേഗം തുടങ്ങാനും അതിന് സമ്മര്‍ദം ചെലുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വൈദ്യ രംഗം പൂര്‍ണമായും സമ്പന്നരുടെ ലക്ഷ്വറി കോട്ടജുകളാകരുത്. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും പ്രതിപക്ഷത്തെയും സമരരംഗത്തേക്ക് വലിച്ചിറക്കുന്നതാകരുത് ഇടതുപക്ഷ സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്.

SHARE