ജാഗ്രത നിര്‍ബന്ധം

കോവിഡ് 19 എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളം മുതല്‍ ലോകത്തെ 162 രാജ്യങ്ങളെ ഇതിനോടകം സാരമായി ബാധിച്ചു കഴിഞ്ഞു. ചൈനയിലെ ഹൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നും നവംബര്‍ അവസാന വാരത്തില്‍ തുടങ്ങി മാര്‍ച്ച മധ്യത്തിലെത്തിയിട്ടും പിടിച്ചു കെട്ടാനാവാതെ കോവിഡ് എന്ന മഹാമാരി കൂടുതല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. നമ്മുടെ രാജ്യത്തിനു പുറമെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിനോദോപാധികള്‍ക്കുമടക്കം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍ എന്നിവയും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതു ഗതാഗതം കുറക്കാനും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണമെന്നാണ് നിര്‍ദേശം.

ഈ മാസം 31 വരെ ഒരു മീറ്റര്‍ അകലെ നിന്നു മാത്രമേ ആളുകള്‍ തമ്മില്‍ ഇടപഴകാവൂ എന്നാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. യൂറോപ്പിലെ 32 രാജ്യങ്ങളില്‍ നിന്നുള്ള യാത്ര പൂര്‍ണമായും കേന്ദ്രം വിലക്കിയിരിക്കുന്നു. ഇന്നു മുതല്‍ യു.എ.ഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് സമ്പര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്തു കൊണ്ട് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്ന് നാം ആലോചിക്കണം. കോവിഡ് പടരുന്നത് പ്രതിരോധിക്കാനുള്ള ശ്രമമെന്ന നിലയില്‍ വരുത്തുന്ന ഇത്തരം നിയന്ത്രണങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതിന് പകരം ഇത്തരം നിയന്ത്രണങ്ങള്‍ക്കൊപ്പം നിന്ന് രോഗത്തെ പ്രതിരോധിക്കാനുള്ള ബാധ്യത നാം ഓരുരുത്തര്‍ക്കുമുണ്ട്. പ്രാഥമിക തലത്തില്‍ നിന്നും സെക്കന്ററി തലത്തിലേക്ക് രോഗ വ്യാപനം മാറിയതിനാല്‍ ഇനിയുള്ള ദിനങ്ങള്‍ രോഗ വ്യാപനത്തില്‍ അതി നിര്‍ണായകമാണ്.
ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിച്ചേ മതിയാവൂ. നമ്മുടെ സംസ്ഥാനത്ത് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നത് ആശാവഹമായ വാര്‍ത്തയല്ല.

മലപ്പുറത്തും കാസര്‍കോടും പുതുതായി കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 27 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടുണ്ട് കേരളത്തില്‍ മൂന്നു പേര്‍ രോഗ വിമുക്തി നേടിയതൊഴിച്ചാല്‍ 24 പേര്‍ ഇപ്പോഴും രോഗത്തിന്റെ പിടിയില്‍ തന്നെയാണ്. 12470 പേര്‍ വീടുകളിലും 20 പേര്‍ ആശുപത്രിയിലും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കോവിഡ് വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാല്‍ രോഗിയെ മറ്റുള്ളവരില്‍ നിന്നും മാറ്റി ഐസോലേറ്റ് ചെയ്താണ് ചികിത്സ നല്‍കുന്നത്. ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും.

ഈ കാരണങ്ങള്‍ കൊണ്ടാണ് 14 ദിവസത്തെ സമ്പര്‍ക്ക വിലക്ക് നിര്‍ദേശിക്കുന്നത്. എന്നാല്‍ പലപ്പോഴും കാര്യ ഗൗരവം പരിഗണിക്കാതെ താക്കീതുകള്‍ നിസാര വത്കരിക്കുന്ന പ്രവണത നമ്മള്‍ക്കിടയിലുണ്ട്. കോവിഡ് പോലുള്ള രോഗത്തെ പ്രതിരോധിക്കാന്‍ ഈ അലസത മാറ്റിയേ മാതിയാകൂ. അല്ലാത്ത പക്ഷം നമ്മളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ക്ക് നാം നല്‍കേണ്ടി വരുന്ന വില വലുതായിരിക്കും. ഏത് നിര്‍ദേശങ്ങളും തങ്ങള്‍ക്ക് ബാധകമല്ലെന്ന് കരുതുന്ന ഒരു ചെറു ശതമാനം ഏത് കാര്യത്തിലെന്ന പോലെ കോവിഡിലും നമ്മള്‍ക്ക് കാണാം. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥിക്ക് ആരാധകര്‍ നല്‍കിയ സ്വീകരണം. കടുത്ത നിയന്ത്രണങ്ങളും വിലക്കുകളുമൊക്കെ ഏര്‍പ്പെടുത്തി ജനം അതീവ ജാഗ്രത തുടരുമ്പോഴാണ് യാതൊരു സുരക്ഷയും കൂടാതെ നിരവധി പേര്‍ ഒരുമിച്ച് കൂടിയത്.

ഇത്തരം സമീപനങ്ങളോട് അധികൃതര്‍ ഒരിക്കലും മൃതു സമീപനം കാണിക്കരുത്. ഇതു പോലെ ഗൗരവകരമായ മറ്റൊരു സംഭവമാണ് കോവിഡ് നിരീക്ഷണത്തിലിക്കെ ബൈക്കപകടത്തില്‍പെട്ടയാള്‍ മരിച്ചതും. ദുബൈയില്‍ നിന്നും എത്തിയ ചാലക്കുടി മേച്ചറി സ്വദേശി നിരീക്ഷണത്തിലിരിക്കെ ഇത് അവഗണിച്ച് പുറത്ത് പോയതാണ് അപകടത്തിലേക്ക് നയിച്ചത്. കോവിഡ് സംശയമുള്ളയാളായതിനാല്‍ ഇയാളുടെ സംസ്‌കാരം പോലും പ്രതിസന്ധിയിലാണ്. വിദേശ രാജ്യങ്ങളിലെ പ്രധാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് ബാധിച്ച് സമ്പര്‍ക്ക വിലക്കിന് തയാറാവുന്നത് നാം മനസിലാക്കണം. ഇവര്‍ സ്വയം വിട്ടു നിന്ന് മാതൃക കാണിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ വിദേശത്തു നിന്നും എത്തുന്നവര്‍ ഇത് മൂടിവെച്ച് അയാള്‍ പോലും അറിയാതെ കൂടുതല്‍ അപകടത്തിലേക്ക് നമ്മളെ തള്ളിവിടുകയാണ്. ഇതോടൊപ്പം കോവിഡ് തടയാന്‍ എളുപ്പമാര്‍ഗമെന്ന നിലയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളേയും നിലക്ക് നിര്‍ത്തേണ്ടതുണ്ട്.

സാധാരണ ജലദോഷപ്പനി മുതല്‍ മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ് ബാധകര്‍ക്ക് ഉണ്ടായേക്കാമെന്നതിനാല്‍ കാണുന്നവരെല്ലാം കോവിഡ് ബാധിതരാണെന്ന് കരുതേണ്ടതില്ല. എങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക. അല്ലാത്ത പക്ഷം നമ്മുടെ അലസത ഒരു സമൂഹത്തിനെ ഒന്നടങ്കം അപകടത്തിലേക്ക് തള്ളി വിടും. ഇത് ഓരോരുത്തരുടേയും നിലനില്‍പിന്റെ പ്രശ്‌നമാണ്. ഒപ്പം സമൂഹത്തോടുള്ള നമ്മുടെ കടമയുമാണ്. ഇറ്റലിയിലും ഇറാനിലും സ്‌പെയിനിലുമെല്ലാം ഓരോ ദിവസവും നൂറു കണക്കിന് പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി നമ്മള്‍ ഉണ്ടാക്കിയെടുത്ത നമ്മുടെ ആരോഗ്യ സംസ്‌കാരമാണ് നാം ഒരോരുത്തരേയും ഏത് മഹാമാരിക്ക് മുന്നിലും നെഞ്ച് വിരിച്ച് നില്‍ക്കാന്‍ സഹായിക്കുന്നത്. ഈ സംസ്‌കാരത്തിന് തുരങ്കം വെക്കുന്ന തരത്തില്‍ നമ്മുടെ ഭാഗത്തു നിന്നും ഒന്നും ഉണ്ടാവരുത്. ഓരോ പ്രദേശത്തും വിദേശത്തു നിന്നും എത്തുന്നവര്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ട നിര്‍ബന്ധിത സമ്പര്‍ക്ക വിലക്കിന് വിധേയമാകണം.

നിര്‍ദേശങ്ങള്‍ പാലിക്കാനുള്ളതാണ്. അത് സ്വീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ തയാറാവുക. ഓരോ ജീവനും വിലപ്പെട്ടതാണ്. നമ്മുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മറ്റുള്ളവരുടേതും. ഈ അവസരത്തില്‍ കോവിഡ് 19നെ പ്രതിരോധിക്കാന്‍ നാം സ്വയം സന്നദ്ധരായേ പറ്റൂ. രോഗത്തിനെതിരെ അനാവശ്യ ഭയം സൃഷ്ടിക്കുന്നതിന് പകരം ജാഗ്രതയോടെ സമൂഹ സഹകരണത്തോടെ നാം ഇതിനെ വേരോടെ പിഴുതെറിയാന്‍ കൂടെ നിന്നേ പറ്റൂ.

SHARE