ജമ്മുകശ്മീര്‍ ഇന്ത്യയുടെ നിശബ്ദ താഴ്‌വരയായിട്ട് വര്‍ഷം ഒന്ന് തികയുന്നു. രാഷ്ട്രീയ നേതാക്കളെ തുറുങ്കിലടച്ചും സ്വതന്ത്രമായ വാര്‍ത്തകള്‍ക്ക് താഴിട്ടും കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം കശ്മീര്‍ താഴ്‌വരക്കു ചുറ്റം ഇരുമ്പുമറ തീര്‍ത്തിരിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കപ്പെട്ടതിന്‌ശേഷം ജമ്മുകശ്മീര്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നു. ആ ഭൂ പ്രദേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും നിശ്ചലമായിരിക്കുകയാണ്. 2019 ആഗസ്ത് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെട്ടതിന് ശേഷമുള്ള ഒരു വര്‍ഷം ജനാധിപത്യ ധ്വംസനത്തിന്റേതായിരുന്നു. ജമ്മുകശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി കൂടുതല്‍ അടുപ്പിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം. പക്ഷേ, ഏകാന്തതയുടെ തടവറയിലാണ് കശ്മീര്‍ അകപ്പെട്ടിരിക്കുന്നത്. സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമായുള്ള പൊളിച്ചെഴുത്ത് ഭീകരമായ രാഷ്ട്രീയ ശൂന്യതയിലേക്ക് സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നു. മാത്രമല്ല, ഇന്ത്യയുടെ മുഖ്യധാരയില്‍നിന്ന് കശ്മീര്‍ ഒരുപാട് അകലുകയും ചെയ്തു. 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആഹ്ലാദാരവങ്ങള്‍ക്കിടയിലും പാരതന്ത്ര്യത്തിന്റെ കയ്പുനീര് കടിച്ചിറക്കുകയാണ് ഇന്ത്യയുടെ സുന്ദരഭൂമി.
ജമ്മുകശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം അസാധാരണ നീക്കത്തിലൂടെ റദ്ദാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്ന പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായ സാഹചര്യങ്ങളാണിപ്പോള്‍ അവിടെ രൂപംകൊണ്ടിരിക്കുന്നത്. സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‌പോലും കൂച്ചുവിലങ്ങിട്ട് ജനാധിപത്യത്തെ കശാപ്പു ചെയ്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കുറഞ്ഞത് രണ്ട് ഡസനോളം രാഷ്ട്രീയ നേതാക്കള്‍ ജയിലിലാണ്. വീട്ടുതടങ്കലില്‍ കഴിയുന്ന അനേകം പ്രമുഖര്‍ വേറെയുമുണ്ട്. മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി) അധ്യക്ഷയുമായ മെഹബൂബാ മുഫ്തിയുടെ തടവ് മൂന്ന് മാസത്തേക്കുകൂടി നീട്ടിയിരിക്കുന്നു. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സൈഫുദ്ധീന്‍ സോസ് തടങ്കലിലാണെന്ന റിപ്പോര്‍ട്ട്് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതി മുമ്പാകെ നിഷേധിച്ചിട്ടുണ്ടെങ്കിലും സ്വതന്ത്രമായി പുറത്തിറങ്ങാനോ അഭിപ്രായ പ്രകടനത്തിനോ അദ്ദേഹത്തിന് അനുവാദമില്ല. രോഗിയായ സഹോദരിയെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിരുന്നു.
പക്ഷെ, മകളെ കാണുന്നതില്‍നിന്ന് പൊലീസ് അദ്ദേഹത്തെ തടഞ്ഞു. ജയിലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളുടെ പട്ടികയോ എണ്ണമോ സര്‍ക്കാര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. നാഷണല്‍ കോണ്‍ഫറന്‍സിന്റെ പതിനാറും പി.ഡി.പിയുടെ എട്ടും നേതാക്കള്‍ വീട്ടുതടങ്കലിലാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് മേധാവിയുമായ ഷാ ഫൈസലും അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവ് എഞ്ചിനീയര്‍ റാഷിദും തടവിലാണ്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിനെ 360 ദിവസത്തിന്‌ശേഷം അടുത്തിടെ വിട്ടയച്ചു. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയും മാര്‍ച്ചിലാണ് മോചിതരായത്. രാഷ്ട്രീയ നേതാക്കളെ വേട്ടയാടി സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ബി.ജെ.പി ഭരണകൂടം വന്‍ ദുരന്തത്തിലേക്കാണ് കശ്മീരിനെ കൊണ്ടുപോകുന്നത്.
കശ്മീരിന്റെ സ്വാതന്ത്ര്യത്തെ കടന്നാക്രമിച്ച സര്‍ക്കാര്‍ ആദ്യം കത്തിവെച്ചത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായിരുന്നു. അഞ്ച് മാസത്തിലേറെ നീണ്ട നിരോധനത്തിന് ശേഷമാണ് 2ജി സേവനം പോലും താഴ്‌വരയില്‍ ലഭിച്ചു തുടങ്ങിയത്. അതും ഭാഗികമായി മാത്രം. സര്‍ക്കാര്‍ അംഗീകരിച്ച 301 വെബ്‌സൈറ്റുകളാണ് ലഭ്യമായത്. ഇന്റര്‍നെറ്റ് വിലക്കുകളെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഘട്ടത്തിലാണ് അത്രയെങ്കിലും തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറായതെന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്. സാമൂഹമാധ്യമങ്ങള്‍ക്കുള്ള വിലക്ക് നീക്കിയിട്ടില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്‌ശേഷം കശ്മീരില്‍ 4ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ഇന്റര്‍നെറ്റ് വിലക്കുകള്‍ പൂര്‍ണമായും നീക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. ദേശീയ, പ്രാദേശിക സുരക്ഷയും അതിര്‍ത്തി ഭദ്രതയും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ നിരോധനം പിന്‍വലിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിലക്ക് നീക്കിയാല്‍തന്നെ കര്‍ശന നിരീക്ഷണവുമുണ്ടാകും. കശ്മീരില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇറങ്ങിയ സര്‍ക്കാര്‍ എന്തിനാണ് വിവര വിനിമയത്തെ ഭയക്കുന്നത്? സംസ്ഥാനത്ത് ഒളിച്ചുവെക്കാന്‍ എന്താണുള്ളതെന്ന ചോദ്യത്തിനും ബി.ജെ.പി സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്.
പ്രത്യേക ഭരണഘടനാപദവി എടുത്തുകളഞ്ഞതിന്‌ശേഷം പ്രാദേശിക മാധ്യമങ്ങളുടെ വായ അടയ്ക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. ടെലിവിഷന്‍ ചാനലുകള്‍ക്ക് സംപ്രേക്ഷണം നിര്‍ത്തിവെക്കേണ്ടിവന്നു. ആഴ്ചകളോളം പത്രങ്ങളെ അച്ചടിക്കാന്‍ അനുവദിച്ചില്ല. ടെക്സ്റ്റ് മെസേജുകള്‍ തടഞ്ഞു. ജനങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും ഭയപ്പെടുന്ന സാഹചര്യം ജനാധിപത്യ വ്യവസ്ഥിതിക്ക് ചേര്‍ന്നതല്ല. കശ്മീരില്‍ അനിഷ്ടകരമായി എന്തെങ്കിലും സംഭവിക്കുമ്പോഴെല്ലാം വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുന്നത് പതിവായിരിക്കുന്നു. കശ്മീരിന് പുറത്തുള്ള കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ കേവലം രണ്ട് മിനുട്ടാണ് അനുവദിച്ചിരുന്നത്. അതിനുതന്നെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്പുറത്ത് മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടിവരുന്നു. 12 മാസം പിന്നിട്ടിട്ടും സ്ഥിതി ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ല. മാധ്യമങ്ങളും അഭിപ്രായസ്വാതന്ത്ര്യവും ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിന്റെ പ്രതിഫലനങ്ങളാണ്. ഭരണകൂടത്തോട് വിധേയത്വമുള്ള ശബ്ദങ്ങള്‍ മാത്രമേ പുറത്തുവരാവൂ എന്ന് വാശിപിടിക്കുന്നത് ജനാധിപത്യപരമല്ല. ഏകാധിപത്യ ഭരണകൂടങ്ങളാണ് വിമര്‍ശനങ്ങളെ പേടിക്കുന്നത്. നിയമങ്ങളെയും നിയമപാലകരെയും ഉപയോഗിച്ച് സാധാരണക്കാരന്റെ ശ്വാസഗതി നിയന്ത്രിക്കാന്‍ നോക്കുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളെയും സ്വാതന്ത്ര്യത്തേയും മാനിച്ചുകൊണ്ട് മാത്രമേ ദേശീയ അഖണ്ഡത കാത്തുസൂക്ഷിക്കാനാവൂ.
കശ്മീരില്‍ ഏഴ് പതിറ്റാണ്ട് കാലത്തെ അനുഭവ പാഠങ്ങള്‍ സുവ്യക്തമാണ്. ജനാധിപത്യ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്ത ഘട്ടങ്ങളിലെല്ലാം കശ്മീര്‍ ജനത ഇന്ത്യന്‍ ദേശീയതയോടൊപ്പം നിന്നിട്ടുണ്ട്. അടിച്ചൊതുക്കിയും സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിച്ചും ഏറെക്കാലം മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് ഭരണകൂടം പ്രതീക്ഷിക്കേണ്ടതില്ല. രാഷ്ട്രീയ തടവുകാരെ വിട്ടയച്ച് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുകയാണ് ആദ്യം വേണ്ടത്. ജനങ്ങളുമായി തുറന്ന് സംസാരിച്ചും പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയും മുന്നോട്ടുപോവുകയാണ് സമാധാനം പുലരാനുള്ള പ്രധാന വഴി. അതോടൊപ്പം സംസ്ഥാന പദവി പുന:സ്ഥാപിക്കുകയും വേണം. മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന രാജ്യമെന്ന സല്‍പ്പേര് വീണ്ടെടുക്കാനും വിട്ടുവീഴ്ച കൂടിയേ തീരൂ.