നാട്യങ്ങളില്ലാത്ത കര്‍മ്മയോഗി

പി.കെ കുഞ്ഞാലിക്കുട്ടി
ദീര്‍ഘകാലമായി മത-സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ നിറ സാന്നിധ്യമായിരുന്ന കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ വിയോഗം സമുദായത്തിന് തീരാ നഷ്ടമാണ്. സമസ്തക്കും സ്ഥാപനങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട സംഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും വിശ്രമമില്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. ഊര്‍ജ്ജ സ്വലനായി കര്‍മ്മ രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴാണ് രോഗം വന്ന് ആസ്പത്രിയിലായതും ആകസ്മിക വിയോഗവും. പിതാവ് കോട്ടുമല അബൂബക്കര്‍ ഉസ്താദിന്റെ പിന്‍ഗാമിയായി വരികയും അതേ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒട്ടേറെ സംരംഭങ്ങളാണ് കേരളത്തിന് അകത്തും പുറത്തുമുള്ളത്. കര്‍മ്മ രംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമായൊരു ഘട്ടത്തിലുണ്ടായ വിടവാങ്ങല്‍ പരിഹരിക്കാനാവാത്ത നഷ്ടമാണെന്നതില്‍ സംശയമില്ല.
മുസ്‌ലിം പൊതു പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്വ ബോധത്തോടെ കാര്യങ്ങളെ സമീപിക്കുകയും നേതൃപരമായ പങ്കു നിര്‍വഹിക്കുകയും ചെയ്ത ഒട്ടേറെ അവസരങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍, ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ യോജിച്ച് നീങ്ങുന്നതിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ക്രിയാത്മകമായാണ് അദ്ദേഹം നിലകൊണ്ടത്. മത രംഗത്തു മാത്രമല്ല, സാമൂഹ്യ-മാധ്യമ-വിദ്യാഭ്യാസ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കടമേരി റഹ്മാനിയയും പട്ടിക്കാട് ജാമിഅ നൂരിയയുടെ എഞ്ചിനീയറിങ് കോളജ് ഉള്‍പ്പെടെ ഒരു പിടി അനുബന്ധ സ്ഥാപനങ്ങളും നമുക്ക് മുമ്പില്‍ തെളിഞ്ഞു നില്‍ക്കുന്നു. അറബിക്കോളജ് മുതല്‍ എഞ്ചിനീയറിങ് കോളജ് വരെയും മഹല്ലു ഖാസിയും മഹല്ലു പ്രസിഡന്റും മുതല്‍ സമസ്തയുടെ സംസ്ഥാന ഉപ കാര്യദര്‍ശി വരെയും അദ്ദേഹം തന്റേതായ ഉത്തരവാദിത്വം നിര്‍വഹിച്ചു.
കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ കാലം തൊട്ടേ അദ്ദേഹവുമായി വളരെയേറെ വ്യക്തി ബന്ധമുണ്ട്. പൊതു രംഗത്ത് സജീവമായി, മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായ കാലം ഞാനോര്‍ക്കുന്നു. അന്ന് ഞാന്‍ ചെയര്‍മാനാവണമെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ എന്നോടുള്ള ആ താല്‍പര്യം ജീവിതാവസാനം വരെ ഉണ്ടായിരുന്നു. എന്റെ വലിയൊരു ശക്തിയായിരുന്നു സഹോദര തുല്യനായ അദ്ദേഹം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനം വകുപ്പ് മന്ത്രി എന്ന നിലയില്‍ ഞാന്‍ അടുത്തുനിന്ന് കണ്ടതാണ്. ഹജ്ജ് യാത്രയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് കോട്ടുമലയുടെ കാലത്തെ പറയുന്നത് അതിശയോക്തിയല്ല.
സംസ്ഥാനത്തു നിന്ന് ഹജ്ജിന് പോകുന്നവരിലേറെയും മലബാര്‍ ഭാഗത്തുള്ളവരാണല്ലോ. കരിപ്പൂര്‍ വിമാനത്താവളത്തിലെ അറ്റകുറ്റ പണിമൂലം ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതമായതും കഴിഞ്ഞ രണ്ടു വര്‍ഷമായുള്ള വെല്ലുവിളിയായിരുന്നു. എന്നാല്‍, ഹജ്ജ് യാത്രികര്‍ക്ക് അതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടാതെ നോക്കിയതില്‍ ബാപ്പു ഉസ്താദിന്റെ പങ്ക് വളരെ വലുതാണ്. എയര്‍പോര്‍ട്ടിന്റെ ജോലി ഏറെക്കുറെ തീര്‍ന്നതിനാല്‍, ഇത്തവണ ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ തന്നെ നടത്താനാവുമെന്ന ആത്മവിശ്വാസം അദ്ദേഹം പങ്കുവെച്ചിരുന്നു. അതിനായുള്ള ശ്രമങ്ങളിലായിരുന്നു ഞങ്ങള്‍. അല്ലാഹുവിന്റെ അതിഥികളായ ഹജ്ജാജികള്‍ക്ക് മികച്ച സൗകര്യവും സുഗമമായ യാത്രയും ഒരുക്കുമ്പോള്‍ ഔദ്യോഗിക പദവി എന്നതിന് അപ്പുറമുള്ള നിര്‍വൃതിയാണ് പ്രകടമാവുക. പരാതികള്‍ക്കോ പരിഭവങ്ങള്‍ക്കോ ഇടനല്‍കാതെ ടേം പൂര്‍ത്തിയാക്കിയപ്പോള്‍ എതിരില്ലാതെയാണ് അദ്ദേഹം വീണ്ടും ഹജ്ജ് കമ്മിറ്റി ചെയര്‍മാനായത്. ഞങ്ങളുടെ മുമ്പില്‍ ആ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ മറ്റധികം പേരുകളില്ലാത്തവിധം അദ്ദേഹം തന്റെ റോള്‍ ഭംഗിയാക്കിയെന്നതാണ് ശരി. ഏതു ഉത്തരവാദിത്വങ്ങളും കണിശവും ചടുലവുമായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിന്റെ സിദ്ധി എടുത്തു പറയേണ്ടതാണ്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ സമസ്തയെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്തെത്തി ഭരണാധികാരികളെ കണ്ടപ്പോഴൊക്കെ അദ്ദേഹം പ്രകടിപ്പിച്ച നയചാതുരി സുവ്യക്തമായി കാര്യങ്ങളെ ബോധ്യപ്പെടുത്താന്‍ ഉതകുന്നതായിരുന്നു. സമസ്തയുടെ പ്രവര്‍ത്തനങ്ങളിലും സമ്മേളനങ്ങളിലും ബാപ്പു മുസ്‌ലിയാര്‍ക്കായിരുന്നു യഥാര്‍ത്ഥ നിയന്ത്രണം. സമസ്തക്ക് അദ്ദേഹത്തിന്റെ വിയോഗം മൂലമുണ്ടായ നഷ്ടം അത്ര വേഗം നികത്താനാവുമെന്ന് കരുതുന്നില്ല. സര്‍വശക്തന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ നല്‍കുമെന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയുമല്ലാതെ നമുക്ക് എന്തു ചെയ്യാനാവും.
മുസ്‌ലിം ലീഗിനും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ്. മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും ആശയങ്ങളില്‍ അടിയുറച്ച് നില്‍ക്കുകയും പരസ്പര പൂരകമായി വര്‍ത്തിച്ച് സമുദായത്തിന് ദിശാബോധം നല്‍കുകയും ചെയ്ത അദ്ദേഹത്തിന്റെ കര്‍മ്മ കുശലത വാക്കുകള്‍ക്ക് അതീതമാണ്. അടിയുറച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായി ആദര്‍ശ നിഷ്ഠയോടെ നിലയുറപ്പിച്ച അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് ഞങ്ങള്‍ക്ക് വലിയ ബലമായിരുന്നു.
കോട്ടുമല അബൂബക്കര്‍ ഉസ്താദിന്റെ കാലം തൊട്ടേ പാണക്കാട്ടെ രാഷ്ട്രീയ ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും ഉപദേശവും ഉണ്ടായിരുന്നു. പൂക്കോയ തങ്ങളും ബാപ്പു മുസ്‌ലിയാരുടെ പിതാവും തമ്മിലുണ്ടായിരുന്ന അടുത്ത ബന്ധം എല്ലാവര്‍ക്കും അറിയാം. പില്‍ക്കാലത്ത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അദ്ദേഹത്തിനും ആ സ്‌നേഹം സ്ഥാപിക്കാനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സഹപാഠി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അടുപ്പവും സമുദായത്തിന്റെ അനുഗ്രഹമായിരുന്നു. ആദര്‍ശ നിഷ്ഠയില്‍ നാട്യങ്ങളില്ലാത്ത കര്‍മ്മയോഗിയായി അദ്ദേഹം മുന്നില്‍ നിന്നു.
സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഒരു മത പണ്ഡിതന് സമൂഹത്തില്‍ എത്രത്തോളം പരിവര്‍ത്തനം സൃഷ്ടിക്കാനാവുമെന്നതിന്റെ ഉദാഹരണമാണ്. ഒരു നേതാവിനുണ്ടാവേണ്ട എല്ലാ ഗുണങ്ങളും മേളിച്ച സംഘടനാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാഠപുസ്തകമായി അദ്ദേഹമെന്നത് വര്‍ഷങ്ങളായി അടുത്തു പരിചയമുള്ള എനിക്ക് തീര്‍ത്തു പറയാനാവും. ഏക സിവില്‍കോഡ്, അസഹിഷ്ണുത തുടങ്ങിയ ഒട്ടേറെ ജീവല്‍ പ്രശ്‌നങ്ങള്‍ രാജ്യത്തെ ഗ്രസിച്ച കാലത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം കൊതിച്ചുപോവും. അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം വിജയപ്രദമാക്കുകയും പകരക്കാരനെ നല്‍കി സമുദായത്തെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.